സൗദിക്കെതിരെ തിളക്കമുള്ളൊരു ജയം, ഒപ്പം ലോകഫുട്‍ബോളിലെ അജയ്യതയുടെ റെക്കോർഡിലേക്ക് ഒരു പടി കൂടി. ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പന്ത് തട്ടാനിറങ്ങുമ്പോൾ ഫുട്‍ബോൾ ലോകം ഇതിനപ്പുറമൊന്നും കരുതിക്കാണില്ല. കാല്പന്തിന്റെ അപ്രവചനീയ ലോകം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. സൗദിയുടെ പോരാട്ടവീര്യത്തിൽ വീണ അർജന്റീനയ്ക്ക് ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവി. നായകൻ ലയണൽ മെസ്സി ആൽബിസെലസ്റ്റകൾക്കായി ഗോൾ നേടിയപ്പോൾ, അൽഷെഹ്രി, അൽദൗസരി എന്നിവരാണ് അറേബ്യൻ ടീമിന് വേണ്ടി ലക്ഷ്യം കണ്ടത്.
അർജന്റീനിയൻ മുന്നേറ്റത്തോടെയാണ് കളിയാരംഭിച്ചത്. ലയണൽ മെസ്സിക്ക് രണ്ടാം മിനിറ്റിൽ തന്നെ തുറന്ന് കിട്ടിയ അവസരം പക്ഷേ സൗദി ഗോൾകീപ്പർ തട്ടിയകറ്റി. മധ്യവരയ്ക്കരികിലായിരുന്നു പിന്നീട് കളി. ഇരുനിരയിലെയും മിഡ്ഫീൽഡർമാർ പരുക്കൻ കളി പുറത്തെടുത്തതോടെ ഫൗളുകളനവധി വന്നു. എട്ടാം മിനിറ്റിൽ, അർജന്റീനയുടെ സെറ്റ് പീസ് പ്രതിരോധിക്കുന്നതിനിടെ പരേഡസിനെ അൽബുലയാഹി വീഴ്ത്തിയതിന്, അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത മെസ്സി പോസ്റ്റിന്റെ വലത് ഭാഗത്തേക്ക് തൊടുത്തുവിട്ട കാർപറ്റ് ഡ്രൈവിന് മുന്നിൽ ഗോൾകീപ്പർ നിസ്സഹായനായി. ഉണർന്നെണീറ്റ സൗദിയെയാണ് പിന്നീട് കളത്തിൽ കണ്ടത്. മുന്നേറ്റത്തിൽ കാര്യമായ നീക്കങ്ങൾ നെയ്യാനായില്ലെങ്കിലും, പ്രതിരോധം പതറാതെ തന്നെ നിലകൊണ്ടു. അർജന്റീനയുടെ മുന്നേറ്റത്തിന് വേഗത കുറവാണെന്ന് മുൻകൂട്ടി കണ്ട സൗദി, ഒന്നാന്തരം ഹൈലൈൻ ഡിഫൻസാണ് പ്രതിരോധതന്ത്രമായി തിരഞ്ഞെടുത്തത്. ലാറ്റിനമേരിക്കൻ ടീം നടത്തിയ മുന്നേറ്റങ്ങളൊക്കെയും ലൈൻ റഫറിയുടെ കൊടിയിൽ തടഞ്ഞുവീണു. ആദ്യപകുതിയിൽ മൂന്ന് വട്ടമാണ് അർജന്റീനയുടെ ഗോളുകൾ ഓഫ് സൈഡ് വിസിലാൽ നിഷേധിക്കപ്പെട്ടത്. സൗദി നടത്തിയ ഒറ്റപ്പെട്ട നീക്കങ്ങൾ ഫിനിഷിങ് പോരായ്മകൾ കാരണം എങ്ങുമെത്താതെ പോയതോടെ ആദ്യപകുതി അവസാനിച്ചു.
ആദ്യ 45 മിനിറ്റിന്റെ നേർ വിപരീതമായിരുന്നു രണ്ടാം പകുതി. അർജന്റീനിയൻ പ്രതിരോധത്തിന്റെ അലസത മുതലെടുത്ത സൗദി സ്‌ട്രൈക്കർ അൽഷെഹ്രി, പന്ത് വലയിലെത്തിച്ചു. റൊമെറോയെ അനായാസം മറികടന്ന അൽഷെഹ്രി, പോസ്റ്റിന്റെ വലതുമൂലയിലേക്കാണ് പന്ത് പായിച്ചത്. അല്പം വൈകി റിയാക്റ്റ് ചെയ്ത മാർട്ടിനസിന് കാര്യമായൊന്നും ചെയ്യാനായില്ല. ആദ്യഗോളിന്റെ ആഘാതമടങ്ങും മുൻപ് സൗദി വീണ്ടും അർജന്റീനയുടെ പ്രതിരോധത്തെ കാഴ്ചക്കാരാക്കി വലകുലുക്കി. അൽ ദൗസരിയുടെ വലംകാലനടി മാർട്ടിനസിന്റെ കൈകളിലുരുമ്മി വലയിൽ വിശ്രമിച്ചു. ഹെഡറുകളും ഷോട്ടുകളും വലയ്ക്ക് നേരെ തുടരെ പായിച്ച് അർജന്റീന തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും, സൗദി ഗോൾക്കീപ്പർ അൽ ഒവൈസിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ടീം പതറി. 27 ന് മെക്സിക്കോയുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.