സി.ടി തങ്കച്ചൻ
മട്ടാഞ്ചേരി കൊച്ചങ്ങാടി മുതൽ പരദേശി സിനഗോഗ് വരെ നീണ്ടു കിടക്കുന്ന റോഡിനിരുവശവും ഒരു കാലത്ത് നിരവധി യഹൂദ കുടുംബങ്ങൾ താമസിച്ചിരുന്നു. കറുത്ത ജൂതരും വെളുത്ത ജൂതരും കൊച്ചിയിലുണ്ടായിരുന്നു’ കൊച്ചങ്ങാടിയിലായിരുന്നു കറുത്ത ജൂതരുടെ സിനഗോഗ്. അതിപ്പോൾ അന്യാധീനപ്പെട്ട് ഒരു ഗോഡൗണായി മാറി. എന്നാൽ ജൂസ്ട്രീറ്റിന്റെ വടക്കേ അറ്റത്തുള്ള സിനിഗോഗ് കൊച്ചിയുടെ പൗരാണികതയുടെ ഈടുവെയ്പ്പുകളിലൊന്നായ് ഇന്നും തുടരുന്നു.
ഈ സിനഗോഗിനു സമീപമാണ് സാറാ ജേക്കബ് കോഹൻ കഴിഞ്ഞ 97 വർഷങ്ങളും ജീവിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന യഹൂദരിൽ ഭൂരിപക്ഷം പേരും തങ്ങളുടെ മാതൃരാജ്യമായ ഇസ്രായേലിലേക്ക് തിരിച്ചു പോയപ്പോൾ സാറയും ഭർത്താവും വിരലിലെണ്ണാവുന്ന കുടുംബങ്ങളും മാത്രമാണ് കൊച്ചിയിൽ അവശേഷിച്ചത്.
“എല്ലാരും ഇസ്രായേലിലേക്ക് പോകുന്നല്ലോ സാറ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നില്ലേ?”
എന്നു ചോദിച്ചവരോട് സാറ ഉച്ച ശബ്ദത്തിൽ പറഞ്ഞു “ഇതാണ് എന്റെ മാതൃരാജ്യം എന്റെ മാതാപിതാക്കളും പ്രപിതാമഹൻമാരെല്ലാം കൊച്ചിയിൽ ജനിച്ചു വളന്നവരാണ് അവരെയെല്ലാം കബറടക്കായിരിക്കുന്നതും ഇവിടെത്തന്നെ, എനിക്കും ഈ മണ്ണിൽ ലയിച്ചുചേരണം.”
ബന്ധുക്കളും അയൽവക്കക്കാരും ഒന്നൊഴിയാതെ കൊച്ചിയുപേക്ഷിച്ചു പോയപ്പോഴും സാറയും ഭർത്താവ് ജേക്കബ് കോഹനും ജൂതത്തെരുവിലെ വീട്ടിൽത്തന്നെ തുടർന്നു. സാറയ്ക്കും ജേക്കബ്ബിനും മക്കളില്ലായിരുന്നു. സാറ ജനിച്ചതും കൊച്ചിയിൽത്തന്നെ. സാറയുടെ അമ്മ കൂട്ടക്കാലത്തെ മരിച്ചു പോയിരുന്നു. മുത്തശ്ശിയാണ് സാറയെ വളർത്തിയത്. ഇൻകം ടാക്സ് ഓഫീസറായിരുന്നു ഭർത്താവ് ജേക്കബ് കോഹൻ. ഭർത്താവിന്റെ മരണശേഷം ഒറ്റക്കായ സാറയ്ക്ക് ഹാൻഡ്സ് എബ്രായ്ഡറി വർക്കുകളും തുന്നൽപ്പണികളും ചെയ്യുന്ന ഒരു കടയുണ്ടായിരുന്നു. കൊച്ചി സിനഗോഗിലെ കർട്ടനുകളും തൂവാലകളും തുന്നുന്നതും സാറ തന്നെയായിരുന്നു. കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകൾക്കായി തൊപ്പിയും തുവാലയും വിൽക്കുന്നതായിരുന്നു സാറായുടെ കട. ഇതായിരുന്നു ഭർത്താവിന്റെ പെൻഷൻ പുറമെയുള്ള വരുമാനം.
ഭർത്താവ് ജീവിച്ചിരുന്ന കാലത്താണ് ഭർത്താവിനോടൊപ്പം ത്വാഹ ഇബ്രാഹിം എന്ന മട്ടാഞ്ചേരിക്കാരൻ സാറയുടെ വീട്ടിലെത്തുന്നത് ആദ്യമൊന്നും സാറ ത്വാഹയെ മൈൻറു ചെയ്യുമായിരുന്നില്ല. എന്നാൽ ഹൃദ്യമായ പെരുമാറ്റവും സത്യസന്ധതയും ലാളിത്യവും കൊണ്ട് വളരെ പെട്ടെന്നു തന്നെ ത്വാഹയെ സാറയ്ക്ക് ഇഷ്ടമായി. പിന്നെ പല കാര്യത്തിനും സാറ ത്വാഹയെയാണ് സഹായിയായിക്കണ്ടത്. ഭർത്താവ് ജേക്കബ് മരിച്ചതിനു ശേഷം ത്വാഹ ദിവസവും സാറയുടെ വീട്ടിലെത്തി ഒരോ സഹായങ്ങൾ ചെയ്തു കൊടുത്തു. ഒരു പ്രതിഫലവും വാങ്ങാതെയാണ് ആ മുസ്ലീം മതവിശ്വാസി യഹൂദവിശ്വാസിയായ സാറാമുത്തശ്ശിക്ക് താങ്ങും തണലുമായത്. സാറയ്ക്ക് ഒട്ടും വയ്യാതായ കാലത്ത് സ്വന്തം അമ്മയോട് മകൻ ചെയ്യുന്ന കടമ പോലെയാണ് ത്വാഹ സാറയെ പരിചരിച്ചിരുന്നത്. അത് സാറയുടെ മരണം വരെ തുടർന്നു.
ഇനി ബന്ധുക്കളും സമുദായാംഗങ്ങളുമെത്തിയ ശേഷം ഞായറാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്കാണ് സാറാ കോഹന്റെ കബറടക്കം..
തന്റെ അച്ചനേയും അമ്മയേയും ഭർത്താവിനേയും പ്രപിതാമഹൻമാരേയും ഏറ്റുവാങ്ങിയ മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിലേക്ക് സാറാ കോഹൻ മടങ്ങുമ്പോൾ ഒരു കാലഘട്ടത്തിന്റെ ദീപ്തമായചരിത്രത്തിനാണ് തിരശ്ശീല വീഴുന്നത്.