കഥ
സനൽ ഹരിദാസ്
മാസങ്ങൾക്കു ശേഷം ഇന്നലെയാണ് ഞാനാ പതിവു ചായക്കടയിലെത്തുന്നത്. സതീഷേട്ടൻ താടിയിൽ മാസ്ക് തൂക്കിയ മുഖത്തോടെ ചിരിച്ചു ( ചിരിച്ചോ ? ). അവിടെയാകെ നിരത്തിയിടാറുള്ള കസേരകളും സ്റ്റൂളുകളും ഒരറ്റത്ത് കൂനകൂട്ടി ഇട്ടിട്ടുണ്ട്. ഇടക്കിടെ തുടച്ചു സൂക്ഷിച്ചിരുന്ന അവ മഴയിൽ കുതിർന്ന് ചെളി പിടിച്ച് കിടപ്പാണ്. അംഗനവാടിയിൽ പഠിക്കുന്ന മോൾക്കായി പുതുതായി കൊണ്ടുവന്നിട്ട ചെറിയ ഈസി ചെയർ ആ കൂട്ടത്തിലുണ്ടോ എന്ന് നോക്കുകയായിരുന്നു ഞാൻ.
കൂനയിൽ നിന്നു മാറി നേർസ്ഥിതിയിൽ ഒറ്റപ്പെട്ട ഒരു കസേരയിൽ ഞാൻ ഇരിക്കാൻ തുടങ്ങി. അപ്പോഴേക്കും സതീഷേട്ടൻ അവിടേക്ക് പാഞ്ഞെത്തിയിരുന്നു
“ആരോ ഇട്ത്തിവിടെ ഇട്ടതാണ്. അട്ത്ത കടക്കാരാരെങ്ക്ലും കണ്ട് പറഞ്ഞ് കൊട്ത്താ പ്രശ്നാവും”
“അത് ശര്യാ. ആരെങ്കിലും പരാതി കൊട്ത്താ സീനാവും” – എന്ന് മറുപടി പറഞ്ഞ് ഞാൻ ആ സീൻ വിട്ടു. കടയുടെ പുറകിലെ പറമ്പിനും കടക്കും ഇടയിലുള്ള കമ്പിവേലിക്കിടയിലെ ഇടുക്കിലേക്ക് ഞാൻ കളം മാറ്റി.
പുതുതായെത്തിയ ഒരാൾ സ്റ്റൂളുകളിൽ ഒന്നെടുത്ത് പൊടി തട്ടുന്നത് കണ്ടു. ഞാൻ സതീഷേട്ടനെ നോക്കി. പഴം ജ്യൂസിലെ ചെറുപഴങ്ങൾ സ്പൂണുകൊണ്ട് തിടുക്കത്തിൽ ഞെക്കിയുടക്കുകയാണ് കക്ഷി. ഇലക്ട്രിക് കണക്ഷൻ ഇല്ലാത്തതുകൊണ്ട് ഇത്തരം അല്ലറ ചില്ലറ പരിപാടികളെല്ലാം കൈപ്പണി തന്നെയാണ്.
പൊടി തട്ടു കഴിഞ്ഞ അപരിചിതൻ ഇപ്പോൾ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.
അപരിചരോട് ഒരു തെരുവുകച്ചവടക്കാരന് പുറത്തെടുക്കുവാൻ കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ പരിമിതിയെക്കുറിച്ച് ഞാനോർത്തു.
അപരിചിതത്വം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും.
‘ഓവർ തിങ്കിങ്ങ്’, കോട്ടും ടൈയും കെട്ടിയ പുരുഷ രൂപത്തിൽ ഒരു പെൺകുട്ടിയെ പിൻതുടർന്ന് പീഡിപ്പിക്കുന്നതായി ഈയടുത്ത് ഒരു ഷോർട് ഫിലിമിൽ കണ്ടിരുന്നു.
കൂടുതൽ ചിന്തിക്കാതിരിക്കാൻ ഞാൻ വലിക്കുന്ന സിഗരറ്റിലും കുടിക്കുന്ന ചായയിലും കേന്ദ്രീകൃത ധ്യാനം പരിശീലിച്ചു.
അങ്ങനെ നിൽപ്പു തുടരവേയാണ് പെട്ടെന്നൊരാൾ കേറി മുട്ടിയത്. ഹൈവേക്കരികിലുള്ള ഈ കടയ്ക്കു പുറകിൽ വലിയൊരു പറമ്പാണ്. വർഷങ്ങൾക്കു മുൻപ് ഇവിടമെല്ലാം പാടമായിരുന്നു. പാടം നികന്ന് പിന്നീട് പറമ്പായതാണ് (‘നികത്തി’ എന്നു പറയേണ്ടതില്ല. ഭൂതകാലത്തെ അനീതികളോട് എനിക്ക് കാര്യമായ പ്രതിപത്തിയില്ലാത്തതിനാൽ) ഇപ്പോഴീ ഭൂമിക്ക് കോടികളാണ് വില. അതുകൊണ്ടു തന്നെ ഗേറ്റും കാവലുമെല്ലാമുണ്ട്.
കാവൽക്കാരന്റെ ഏകാന്തതയും വിരസതയുമായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്ന വിഷയം. പൊതുജനത്തെക്കൊണ്ട് മാന്യനെന്ന് പറയിപ്പിക്കുന്ന ആകാരമുള്ള ഒരാൾ. പഴകിദ്രവിച്ച ക്യാബിനിനുള്ളിലും പുറത്തുമായി സർവിലയൻസ് എന്ന ചുമതല മാത്രം നിർവഹിക്കാനുള്ളവന് ചെയ്യാൻ പണിയൊന്നുമില്ലാത്തതിൽ പ്രയാസമുണ്ടാകുമെന്ന പക്ഷം എന്നിൽ അൽപം അലോസരമുണ്ടാക്കി. ദരിദ്രർക്ക് ഒഴിവുസമയം ഉണ്ടാവുക എന്നത് സമ്പന്നർക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തതാണെന്ന ബെർട്രാർഡ് റസ്സലിന്റെ പ്രസ്താവനയോ ‘അലസതക്ക് സ്തുതി’ എന്ന ലേഖനമോ അന്നേരം ഓർത്തതുകൊണ്ടായിരുന്നില്ല അത്. ”വെറുതേര്ന്നാ പുസ്തകം വായിക്കാലോ, ടെലഗ്രമ്ണ്ടെങ്കെ സിനിമ കാണാലോ” – ഞാൻ പറഞ്ഞു. സംഭാഷണം അതിന്റെ പരിണാമ ശരാശരിയിൽ പിരിഞ്ഞു. തൊട്ടടുത്തുള്ള മാളിൽ നിന്ന് ഈയടുത്ത് വാങ്ങിയ മെറ്റൽ ഫ്രെയ്മും യെല്ലോ ഏന്റിക്ലെയറുമുള്ള കണ്ണട എനിക്കൊരു സ്വികാര്യതാ പരിവേഷം (അതോ മറ്റെന്തെങ്കിലുമോ!) നൽകുന്നോ ആശങ്ക നേരത്തേ ഉണ്ടായിരുന്നതാണ്.
‘നല്ല’തെന്ന നിലയിലുള്ള ഇത്തരം പ്രതിബിംബിക്കലുകൾ ഒരു വേശ്യയുടെ കഥയാണ് ഓർമിപ്പിക്കാറ്. ‘മുഖം വടിച്ചവനാകയാലും പഠിച്ചവനെന്നു തോന്നിക്കയാലും പറയാൻ കൊള്ളാത്ത വിധം പറ്റിക്കാമെന്നാലോചിക്കുന്ന’ ഒരു ശരീര വ്യാപിരി ഇത്തരം ഘട്ടങ്ങളിൽ എന്നെ നിരന്തരമായി ഉൾച്ചിരികളിലേക്ക് നയിച്ചു പോന്നു.
മഴ ചെറുതായി പെയ്തു തുടങ്ങിയിരിക്കുന്നു. നാളെ പുലർച്ചെയും മഴയായിരിക്കുമോ. സ്കൂട്ടറിന്റെ താക്കോൽ വേണമെന്നു പറഞ്ഞ് അച്ഛൻ ഫോൺ ചെയ്തത് അൽപം മുൻപാണ്. ഇടക്കിടെ കതകിൽ തട്ടുന്നത് എനിക്ക് ഇഷ്ടമില്ലെന്നതിനെ ശരിവച്ചോ എണീറ്റു വരാനുള്ള മടിയോ ആയിരിക്കാം കാരണം. അതിരാവിലെ പാടത്തു പോവാനാണ് ചങ്ങാതിക്ക്. ഈ കാലമായാൽ നല്ല മീൻകോളുമാണ്. “പൊലർച്ച നേരത്തൊക്കെ ഒറ്റക്കങ്ങ്നേ പോണോ” എന്ന ചോദ്യം അനാവശ്യമെങ്കിലും ഞാൻ ചോദിച്ചു നോക്കി. “അത് പാടത്തൊന്നല്ലടാ, വരമ്പത്തൂട്യാ” എന്നു പറഞ്ഞ് അച്ഛൻ പതിരായ നിസ്സാരവൽക്കരണം നിരത്തി. തോട്ടയിട്ടുള്ള മീൻ പിടുത്തത്തിനിടയിൽ, ചീറ്റിപ്പോയെന്നു കരുതിയ തോട്ട മുങ്ങിത്തപ്പി ഒരു കൈ മുട്ടോളം പൊട്ടിത്തെറിച്ച രാമന്റെ മോനെ വെള്ളത്തിന്റെ ആഴവും രാത്രിയുടെ ഇരുട്ടും പറഞ്ഞ് പേടിപ്പിക്കാൻ എന്റെ ആർജിത അധൈര്യങ്ങൾക്ക് ശേഷിയുണ്ടാകുന്നതെങ്ങനെയാണ്. ഏതാനും വർഷങ്ങൾക്കു മുൻപിലെ അപൂർവ്വമായൊരു സ്നേഹത്തള്ളിച്ചയിൽ, “അച്ചനെ പണ്ട് പാടത്ത് വച്ച് തല്ല്യോരെ നമ്മക്ക് രണ്ടാള്ക്കും കൂടിപ്പോയി ഇടിച്ച് നെരത്ത്യാലോ” എന്നു ചോദിച്ച ‘ഞാൻ’ ഇന്നും ‘ഞാനുമായി’ പിരിഞ്ഞിരിക്കില്ലെന്നോർത്തപ്പോൾ എനിക്കെന്തോ അന്യമായ സ്വസ്ഥത തോന്നി.
ഇന്ന് പിന്നെയും കടയിലേക്കിറങ്ങിയിരുന്നു. സതീഷേട്ടന്റെ കടയിൽ തിരക്ക് കൂടുതലായതുകൊണ്ട് അടുത്തുള്ള ബീഹാറി ഭായിയുടെ കടയിൽ കയറി. അവന് മുൻപുണ്ടായിരുന്ന ആവേശമൊക്കെ നഷ്ടപ്പെട്ടതു പോലെ തോന്നി. കുരുമുളകുപൊടിയിട്ട കപ്പലണ്ടി കൊറിച്ചുകൊണ്ടിരുന്ന ഒരാൾ അതിന്റെ എക്സ്പെയറി ഡേറ്റിനെക്കുറിച്ച് സംശയം ചോദിച്ചപ്പോൾ അവന്റെ പതർച്ച വ്യക്തമായിരുന്നു. ലോക് ഡൗണിന്റെ ആദ്യ ആഴ്ചയിൽ പുറത്തിറങ്ങേണ്ടി വന്നപ്പോൾ പരിചയമുള്ളൊരു ഭിന്നലിംഗക്കാരിയെ കണ്ടിരുന്നു. സെക്സ് വർക് ചെയ്യുന്ന ആളല്ലെന്നാണ് അറിവ്. സ്വയം തൊഴിലിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് പരിധികൾക്കുള്ളിലെ പരമാവധി ആനന്ദങ്ങളുമായി കഴിഞ്ഞുപോന്നിരുന്നതാണ്. നിർബന്ധിതമായ ഈ അടച്ചിടപ്പെടലിൽ നീക്കിയിരിപ്പുകളൊന്നും ഉണ്ടാകാനിടയില്ലാത്ത അവളുടെ അലച്ചിൽ. ഞാനന്ന് അവളെ കണ്ടതായി ഭാവിച്ചില്ല. ഭായിയുടെ ദൈന്യതയേയും ആ നിലയിൽ തന്നെ അവഗണിക്കാനാണ് എനിക്കു തോന്നിയത്. പരിഗണിക്കാനാവാത്തവയോട് പുലർത്തുന്ന പ്രഛന്നമായ ഉദാസീനത ഒരു നിലയിൽ അവഗണനതന്നെയല്ലല്ലോ. ഞാൻ മുൾവേലിക്കപ്പുറത്തെ ‘ആഢംബര പറമ്പിലേക്ക്’ വെറുതേ കണ്ണോടിച്ചു. രണ്ടു മരങ്ങൾക്കിടയിൽ പുതുതായി കെട്ടിയ വലയൂഞ്ഞാലിൽ, എത്താത്ത കാലുകൾ മടക്കിവച്ച്, ശരീരത്തെ ആയാസപൂർവ്വം ചലിപ്പിച്ച് സെക്യൂരിറ്റി ആടിക്കിടക്കുന്നുണ്ടായിരുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.