വട്ടം

1
655
sachu-p-jacob-athmaonline-the-arteria

കഥ

സച്ചു പി ജേക്കബ്

വട്ടം നിവാസികൾ ഓർമവെച്ച  കാലംമുതൽ കുട്ടച്ചൻ കവലയിലുണ്ട് . കവലയിലെ കുട്ടച്ഛനെപ്പോലെ തന്നെ ഒറ്റയ്ക്കിരിക്കുന്ന ഓരോറ്റമുറി പീടികയിൽ. അയാൾക്കെത്രവയസ്സായി എന്നാർക്കുമറിയില്ല.

“എന്റെ ചെറുപ്പംമുതൽ അയാൾ ഇതേപരുവത്തിൽ ആ മുറിക്കകത്തുണ്ട്. എനിക്കിപ്പം 50 വയസ്സായി, അതുകൊണ്ട് എങ്ങനെകളിച്ചാലും ആ കെളവന് 100 കഴിഞ്ഞുകാണും “

കുട്ടച്ചന്റെ പീടികക്ക് തൊട്ടടുത്ത്‌ ചായക്കട നടത്തുന്ന ഗോവിന്ദൻ പറഞ്ഞു.  കുട്ടച്ചൻ ഇരിക്കുന്ന പീടിക അയാളുടെ സ്വന്തമാണ് . അങ്ങനാണ് നാട്ടുകാർ കരുതുന്നത്. കാരണം അവരുടെ അറിവിൽ കുട്ടച്ചൻ ആർക്കും വാടക കൊടുക്കുന്നില്ല. കുട്ടച്ചൻ എവിടുന്ന് വന്നു എന്നവർക്കറിയില്ല, ആ പീടികയിൽ അയാൾ എന്താണ് വിൽപ്പനക്ക് വെച്ചിരിക്കുന്നതെന്ന് അവർക്കറിയില്ല . വട്ടം നിവാസികൾ ആരും എന്തായാലും അയാളുടെ അടുത്തേക്ക് ഒന്നും വാങ്ങിക്കാൻ ചെന്നിട്ടില്ല. അയാൾ തിരിച്ചും.  കുട്ടച്ചന്റെ പേരുപോലും കുട്ടച്ചൻ എന്നാണെന്ന് കുട്ടച്ചൻ പറഞ്ഞിട്ടില്ല, അതും നാട്ടുകാർക്ക് കൈമാറ്റം കിട്ടി വന്ന അറിവാണ്.

കുട്ടച്ഛനെപ്പറ്റി നാട്ടുകാർക്കറിയാവുന്നത് ഇത്രമാത്രം. അയാൾ സൂര്യൻ ഉദിക്കുന്നതിന് മുൻപ് എഴുന്നേൽക്കും , നേരെ കവലയുടെ പുറകിലുള്ള ദേവകിതോട്ടിലേക്ക് നടക്കും. ആ തോട്ടിൽ കുളിക്കും. സൂര്യൻ ഉദിക്കുന്നതിന് മുൻപ് തന്നെ തിരിച്ചു വരും. എന്നിട്ട് പീടികയുടെ ഉള്ളിലേക്ക് കയറും. പിന്നെ ഇറങ്ങുന്നത് സൂര്യൻ അസ്തമിച്ചതിന് ശേഷമാണ് . അപ്പോഴും നേരെ ദേവകിതോട്ടിലേക്ക് നടക്കും, കുളിക്കും, തിരിച്ചുവരും. പക്ഷെ അപ്പോൾ കടക്കുള്ളിലേക്ക് കയറിപോവില്ല. പുറത്തിരിക്കും. പിന്നെ അർധരാത്രി ആകുമ്പോഴേക്കും അകത്തുകയറും. ഇതുതന്നെ അയാൾ എല്ലാ ദിവസവും ചെയ്യും, മുടക്കമില്ലാതെ . കുട്ടച്ചൻ വട്ടം നിവാസികളെ ശല്യപ്പെടുത്താറില്ല , വട്ടം നിവാസികൾ തിരിച്ചും, ഒരാൾ ഒഴികെ.

തുപ്പൽ മത്തായി

മത്തായി  വട്ടം ഗ്രാമത്തിലെ ആദ്യത്തെ പ്രവാസിയാണ് . വർഷങ്ങൾക്കു മുൻപ് അവിടെനിന്നും ആഫ്രിക്കയിലേക്ക് ജോലി തേടി പോയ ആളാണ് . ഒന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞാണ് തിരിച്ചു വന്നത്. വന്ന കുറച്ചുകാലം വട്ടത്തിലെ കിരീടം വെക്കാത്ത രാജാവായിരുന്നു മത്തായി. മത്തായി എവിടെപ്പോയാലും കൂടെ ആൾക്കൂട്ടമുണ്ടായിരുന്നു. എവിടെ ചെന്നാലും ആഫ്രിക്കയിലെ വിശേഷങ്ങളയിരുന്നു നാട്ടുകാർക്കറിയേണ്ടിയിരുന്നത്, അയാൾക്ക് പറയാനുണ്ടായിരുന്നതും അതുമാത്രമായിരുന്നു. ഇടവകപ്പള്ളിയിൽ അടുപ്പിച്ച് നാലാഴ്‌ച്ച പ്രസംഗം നടത്തിയതുപോലും മത്തായിയായിരുന്നു. പക്ഷെ പ്രവാസി മത്തായി തുപ്പൽ മത്തായി ആയത് പെട്ടന്നയിരുന്നു.

ഒരു ദിവസം ഗോവിന്ദന്റെ ചായക്കടയിൽ ഇരുന്ന് ആഫ്രിക്കയിലെ വിശേഷങ്ങൾ പറഞ്ഞതിനിടക്ക് മത്തായി ഒന്ന് ചുമച്ചു തുപ്പി. അതിലെ ഒരു തുള്ളി അറിയാതെ അവിടെ നിന്ന വർക്കിയുടെ കാലിൽ വീണു. ആരും അത് അത്ര കാര്യമാക്കിയില്ല. മത്തായി ആഫ്രിക്കയിലെ കുരങ്ങന്മാരുടെ കയ്യിൽ നിന്നും മനുഷ്യന് കിട്ടിയ പറയാൻ കൊള്ളാത്ത രോഗത്തെക്കുറിച്ച് വാചാലനായിക്കൊണ്ടിരുന്നു . പിറ്റേ ദിവസം വർക്കി കിടപ്പിലായി. മൂന്നാം ദിവസം വർക്കി നിര്യാതനായി.  അന്ന് മുതൽ മത്തായിയുടെ തുപ്പൽ കുപ്രസിദ്ധി നേടി. മത്തായിക്ക് പറയാൻകൊള്ളാത്ത രോഗമുണ്ടെന്നും , അത് ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്നതാണെന്നും വാർത്ത പറന്നു. മത്തായിക്ക് പുറത്തിറങ്ങാൻ പറ്റാതായി. ആൾക്കൂട്ടത്തിനിടയിലൂടെ മാത്രം നടന്ന മത്തായിയെ കാണുമ്പോൾ ആളുകൾ വഴിമാറി നടക്കാൻ തുടങ്ങി.
ഒടുവിൽ മത്തായിയെ പള്ളിയിൽ നിന്നും വിലക്കി. പീടികകളിൽനിന്നും പലചരക്ക് കൊടുക്കാതായി. മത്തായി പട്ടിണിയായി. വിശപ്പുകാരണം സഹികെട്ട മത്തായി ഒടുവിൽ വട്ടത്തിന്റെ കവലയിൽ ഇറങ്ങി ഭീഷണി മുഴക്കി

“എനിക്ക് കഞ്ഞി തന്നില്ലെങ്കിൽ ഞാനീ നടുമുഴുവനും തുപ്പി നശിപ്പിക്കും.”

അന്ന് മുതൽ മത്തായിക്ക് ആവശ്യമുള്ള സാധനങ്ങൾ ആരെങ്കിലും, കവലയിലുള്ള ആലിന്റെ ചുവട്ടിൽ കൊണ്ടുവെക്കും . മത്തായിയുടെ പട്ടിണി മാറി.  വട്ടം നിവാസികൾ എന്നും  രാവിലെ ഊഴമനുസരിച്ച് തുപ്പൽ മത്തായിക്ക് വേണ്ട സാധനങ്ങൾ കൊണ്ടുവെക്കും, അരി മുതൽ ചാരായം വരെ. എന്തെങ്കിലും പോരെന്ന് തോന്നിയെങ്കിലോ, എന്തെങ്കിലും സാധനം മോശമാണെന്ന് വന്നാലോ മത്തായി കവലയിൽ നിന്ന് ഭീഷണിപ്പെടുത്തും. അടുത്ത ദിവസം ആ പ്രശ്നം  പരിഹരിച്ചിരിക്കും.

ഇതിനിടയിൽ തുപ്പൽ മത്തായിക്ക് ഒരു തൊഴിലും തരപ്പെട്ടു, വാടക ഗുണ്ടാപ്പണി . ആദ്യത്തെ പണി കൊടുത്തത് രാമൻ നായരാണ് . രാമൻ നായരും അയൽക്കാരൻ  പരമു പിള്ളയും അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ശത്രുക്കളാണ്. അതിർത്തിത്തർക്കമാണ്. പരമുപിള്ളയുടെ വീടിനു മുൻപിൽ മത്തായി തുപ്പണം എന്നായിരുന്നു രാമൻ നായരുടെ ആവശ്യം.

“തുപ്പണ്ടാ ..ഒന്ന് ഭീഷണിപ്പെടുത്തിയാ മതി” രാമൻ നായർ പറഞ്ഞു. മത്തായി രാമൻ നായർ പറഞ്ഞപോലെ തന്നെ ചെയ്തു. പരമു പിള്ളയുടെ വീടിന് മുന്നിൽ പോയി നിന്ന് ഭീഷണി നടത്തി. മത്തായിയുടെ തുപ്പൽ ഭയന്ന് പരമുപിള്ള പുറത്തിറങ്ങാതായി .രാമൻ നായർ പറഞ്ഞ തുക അടുത്ത ദിവസം രാവിലെ ആലിന്റെ ചുവട്ടിൽ വെച്ചു . അങ്ങനെ തുപ്പൽ മത്തായി വട്ടം ഗ്രാമത്തിലെ ഔദ്യാഗിക ഗുണ്ടയായി.

നാട്ടിലെ ക്രെമസമാധാനം നിയന്ത്രിക്കുന്നത് തുപ്പൽ മത്തായി ആയി. മത്തായിക്ക് പ്രീയപ്പെട്ടവരും അല്ലാത്തവരും എന്ന രണ്ട് തട്ടിലേക്ക് വട്ടം ഗ്രാമം മാറി. കാശും ചാരായവും കൂടുതൽ കൊടുക്കുന്നവർ മത്തായിയുടെ പ്രീയപ്പെട്ടവരായി മാറി അല്ലാത്തവർ ശത്രുക്കളും.

ഗുണ്ടയായിക്കഴിഞ്, കിട്ടുന്ന ചാരയം  കുടിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ മത്തായി വട്ടം നിവാസികളെ തെറി പറയാറുന്ന ഒരാചാരം കൂടി മത്തായി തുടങ്ങി . തെറിയുടെ കാര്യത്തിൽ മത്തായി പക്ഷാഭേദം കാണിക്കാറില്ല. പള്ളീലച്ഛൻ മുതൽ കുട്ടച്ചൻ വരെ അതിൽപ്പെടും. പലപ്പോഴും സന്ധ്യാസമയത്ത് കുട്ടച്ചൻ ദേവകിതോട്ടിലേക്ക് പോകുന്ന സമയത്തായിരിക്കും മത്തായിയുടെ തെറിപ്പാട്ട്. കുട്ടച്ചൻ പക്ഷെ അതൊന്നും വകവെക്കാതെ തോട്ടിലേക്ക് നടക്കും, കുളിക്കും, തിരിച്ചുവരും.

പകൽ വേശ്യ

ദേവകി തോടിന് ഒരൈതീഹ്യമുണ്ട്. പത്തിരുന്നൂറ്‍ വർഷങ്ങൾക്ക് മുൻപ് വട്ടം ഗ്രാമത്തിലേക്ക് ഒരു വേശ്യ വന്നു. കൂടെ ഒരാണ് ഉണ്ടായിരുന്നെന്നും ഇല്ലായിരുന്നെന്നും അഭിപ്രായമുണ്ട് . വറുത്തെടുത്ത കുത്തരിയുടെ നിറമാണെന്ന് ചിലർ. നിലാവ് പോലെയിരുന്നിരുന്നതെന്ന് ചിലർ . പൊക്കത്തിന്റെ കാര്യത്തിലും പല അഭിപ്രായമുണ്ട്.  മുടി തോൾ വരെയേ ഉണ്ടണ്ടായിരുന്നോള്ളുവെന്നും അല്ല മുട്ടറ്റം വരെയുണ്ടായിരുന്നെന്ന് ചിലരും. ദേവകിയുടെ രൂപത്തിൽ മാത്രമേ അഭിപ്രായവ്യത്യാസമുണ്ടായിരുന്നൊള്ളു . വട്ടത്തിലെ ചില ആണുങ്ങൾക്കും, ചില പെണ്ണുങ്ങൾക്കും ദേവകി എന്തായിരുന്നെന്ന് രണ്ടഭിപ്രായമില്ല. ദേവകിയുടെ സൗന്ദര്യം അവരുടെ ഉറക്കം കെടുത്തി. പക്ഷെ അവരുടെയൊന്നും ഉറക്കിത്തിന് ചൂടും ചൂരും കൊടുക്കാൻ ദേവകി തയാറായില്ല. കാരണം, കയ്യിൽ പത്തുപണമുള്ള ആർക്കും കയറിചെല്ലാവുന്ന ഒരു വേശ്യ അല്ലായിരുന്നു ദേവകി. ചിലർക്ക് മാത്രം. ചിലരെന്ന് പറഞ്ഞാൽ മറ്റാരുമല്ല. സൂര്യൻ ഉദിക്കുന്നതിനും അസ്തമിക്കുന്നതിനും ഇടയിൽ അങ്ങോട്ടേക്ക് കയറിച്ചെല്ലാൻ ധൈര്യമുള്ള ആർക്കും. പക്ഷെ പകൽ വെളിച്ചത്തിന്റെ നിഴലിൽ ദേവകിയെ സന്ദർശിക്കാൻ വട്ടത്തിലെ മാന്യന്മാർക്ക് ധൈര്യമുണ്ടായിരുന്നില്ല. പലരും രാത്രിയുടെ മറവിൽ ചെന്നെങ്കിലും അടഞ്ഞ വാതിലല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല. രാത്രി സന്ദർശകരെ അനുവദിക്കാത്ത വട്ടം ഗ്രാമത്തിന്റെ  പകൽ വേശ്യ.

വട്ടത്തിലെ മാന്യന്മാർക്ക് ദേവകി ഒരു കിട്ടാക്കനിയായി. ദേവകിയെ തിരക്കി അന്യനാട്ടിലെ മാന്യന്മാർ പക്ഷെ വട്ടത്തിലെത്തി. അവർ ദേവകിയുടെ സൗന്ദര്യം ആവോളം നുകർന്നു . വട്ടത്തിലെ ചില സ്ത്രീകളും വിറകിനായും, ഉപ്പിനായും, തൈരിന് ഒറ ഒഴിക്കാനും ഒക്കെയായി ദേവകിയെ സന്ദർശിച്ചു, അവർക്കും ദേവകി ചൂടും ചൂരും കൊടുത്തു.

നട്ടുച്ചക്ക് പോലും ദേവകിയെ തേടിയെത്തുന്ന അന്യനാട്ടുകാരെ നോക്കി വട്ടത്തിലെ പകൽമാന്യന്മാർ വെള്ളമിറക്കി. ചേലയുടുത്ത് വട്ടത്തിലൂടെ നടന്നുപോകുന്ന ദേവകിയെക്കണ്ട് അവർ വിയർത്തു.
രാത്രി ചൂട്ടുകറ്റ കത്തിച്ച് അവളുടെ അടുത്തേക്ക് ചെന്ന മാന്യന്മാരുടെ മുൻപിൽ ദേവകി വാതിൽ തുറന്നില്ല. രാത്രി ചെന്ന എല്ലാ മാന്യന്മാരെയും അവൾ തിരിച്ചയച്ചു. തിരിച്ചയച്ചതല്ലായിരുന്നു , ദേവകി വാതിൽ തുറക്കാത്തതിനാൽ അവർ ഗെതികെട്ട് തിരിച്ച് പോരുന്നതാണ്. എത്ര നേരം മുട്ടിയാലും, എന്തൊക്കെ കൊടുക്കാമെന്ന് പറഞ്ഞാലും, ദേവകിയുടെ വാതിൽ തുറന്നില്ല . ചൂട്ടുകറ്റ കത്തിത്തീരുംമ്പോൾ മാത്രമാണ് മാന്യന്മാർ തിരിച്ചു പോരുന്നത്. അങ്ങനെ ഇരുട്ടത്ത് നടന്ന് വഴിതെറ്റിപ്പോയ മാന്യന്മാരുടെ എണ്ണം വട്ടത്തിൽ അനുദിനം കൂടിവന്നു.

ഗ്രാമസഭ കൂടി. കാര്യങ്ങൾ കൈവിട്ടുപോകുന്നതായി അവർ കണ്ടു, നടപടിയെടുക്കാൻ തീരുമാനിച്ചു. വ്യക്തമായി പറഞ്ഞാൽ, തങ്ങൾക്ക് അനുഭവിക്കാൻ കഴിയാത്തത് അന്യനാട്ടുകാർക്കും വേണ്ടാ എന്നവർ തീരുമാനിച്ചു. അതിനവർ വട്ടത്തിലെ നശിച്ചുപോയ ക്രമസമാധാനത്തെ കൂട്ടുപിടിച്ച് ഒരു രാത്രി തീപ്പന്തങ്ങളുമായി ദേവകിയുടെ കുടിൽ വളഞ്ഞു. ചുറ്റും നിന്ന് തീയിട്ടു.  അകത്തുനിന്നും വെന്തെരിയുന്ന ദേവകിയുടെ നിലവിളിക്കായി കാത്തുനിന്നു. പക്ഷെ പുലർച്ചെ അവസാനത്തെ കഴുക്കോലും കത്തിത്തീർന്നപ്പോഴും അതിൽനിന്നും ഒരു ഞരക്കം പോലും കേട്ടില്ല. ചിലർ ചാരം തട്ടിനിരത്തി നോക്കി, ഒന്നും കിട്ടിയില്ല. തലേദിവസം ദേവകി അതിനുള്ളിലുണ്ടെന്ന് പലർ ചേർന്ന് ഉറപ്പാക്കിയതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ മാന്യന്മാരുടെ കൂട്ടം തോട്ടിലേക്ക് കുളിക്കാനായി നടന്നു. അവിടെ ചെന്നപ്പോൾ അവർ കാണുന്നത് തോട്ടുവക്കിൽ നിൽക്കുന്ന ദേവകിയെയാണ്. അവർ നോക്കി നിൽക്കെ ദേവകി പതിയെ തോട്ടിലേക്ക് നടന്നിറങ്ങി. വെള്ളത്തിൽ താഴ്ന്നു. മാന്യന്മാർ പുറകെ എടുത്തു ചാടി. പക്ഷെ ആറടി മാത്രം ആഴമുള്ള ആ തോട്ടിൽനിന്നും അവർക്ക് ദേവകിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസങ്ങളുടെ തിരച്ചിലിനു ശേഷവും നിരാശയായിരുന്നു ഫലം.
ദേവകി മുങ്ങി താഴ്ന്നു പോയ ആ തോടാണ് ഇന്ന് വട്ടം ഗ്രാമത്തിലെ ദേവകി തോട്.

ദേവകി

ഇന്നും വട്ടം ഗ്രാമത്തിൽ ദേവകിയുണ്ട്. അവിടെ പിന്നീട്  വന്നു താമസമാക്കിയ എല്ലാ ഗ്രാമവേശ്യകളെയും നാട്ടുകാർ വിളിക്കുന്നത് ദേവകിയെന്നാണ്. പക്ഷെ അവരാരും ദേവകിയെപ്പോലെ പകൽ മാത്രം സന്ദർശകരെ അനുവദിക്കുന്നർ ഒന്നുമല്ല
എന്ന് മാത്രം. കുളിച്ചു വൃത്തിയായി കയ്യിൽ പത്തുപണവുമായി വരണം എന്ന് മാത്രം. പകൽ സന്ദർശകർ കുറവാണ് .കുറവാണെന്നല്ല , ഇല്ലെന്ന് തന്നെ പറയാം. ഇരുനൂറ് കൊല്ലത്തിനിപ്പുറവും വട്ടം ഗ്രാമത്തിലെ മാന്യന്മാരുടെ സ്വഭാവത്തിന് മാറ്റമൊന്നും വന്നിട്ടില്ല.  വട്ടത്തിലെ മാന്യന്മാർ രാത്രി ദേവകിയെ സന്ദർശിക്കും, രാവിലെ മാന്യന്മാരായി വിലസും.

മത്തായിയുടെ തിരോധാനം

അങ്ങനെയിരിക്കെ ഒരു ദിവസം മത്തായി പതിവ് തെറിപ്പാട്ട് കവലയിൽ നിന്ന് നടത്തിക്കൊണ്ടിരുന്നു. പതിവുപോലെ കുട്ടച്ചനും സന്ധ്യ ആയപ്പോൾ ദേവകി തോട്ടിലേക്കുള്ള നടത്തത്തിനിറങ്ങി. മത്തായി സാധരണയായി അത് ശ്രദ്ധിക്കാറുള്ളതല്ല പക്ഷെ അന്ന് ചാരായത്തിന്റെ മൂപ്പിൽ മത്തായി കുട്ടച്ചനെ വഴി തടഞ്ഞു.

“എങ്ങോട്ടാഡോ കേളവാ  ഈ രാത്രിയിൽ ?”

കുട്ടച്ചൻ മറുപടിയൊന്നും പറഞ്ഞില്ല . അയാൾ കീഴോട്ട് നോക്കി ത്തന്നെ നിന്നു.
മത്തായിക്ക് കുട്ടച്ചന്റെ നിൽപ്പത്ര ഇഷ്ടപ്പെട്ടില്ല. അയാൾ കുട്ടച്ചന്റെ മുഖത്തേക്ക് തുപ്പി. വട്ടം നിവാസികൾ ആ കാഴ്ച്ച കണ്ട് വാ പൊളിച്ചു നിന്നു . പക്ഷെ കുട്ടച്ചൻറെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും വന്നില്ല. അയാൽ മുഖത്ത് പറ്റിപ്പിടിച്ച തുപ്പൽ തുടച്ചുകളഞ്ഞു . എന്നിട്ട് മത്തായിയുടെ മുന്നിൽ നിന്നും മാറി നടപ്പു തുടർന്നു .

തങ്ങളുടെ പിതാക്കന്മാർക്ക് പോലും കാണാൻ കിട്ടാഞ്ഞ കുട്ടച്ചന്റെ മരണം തങ്ങൾക്ക് കാണാൻ പറ്റും എന്ന് വട്ടം നിവാസികൾ ഉറപ്പിച്ചു.

കുട്ടച്ചൻ പിറ്റേ ദിവസം പുറത്തിറങ്ങിയില്ല. പുറത്തിറങ്ങാത്ത കുട്ടച്ചനെപ്പറ്റിയായിരുന്നു അന്നത്തെ ദിവസം വട്ടം നിവാസികളുടെ പ്രധാന  ചർച്ച
.എല്ലാവരും കാര്യമായി ചർച്ച ചെയ്‌തെങ്കിലും ആരും കുട്ടച്ചന്റെ പീടികക്ക് ഉള്ളിൽ കയറി നോക്കാൻ തയാറായില്ല. ദിവസം ഒന്ന് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, കുട്ടച്ചൻ മരിച്ചു എന്ന് വട്ടം നിവാസികൾ ഉറപ്പിച്ചു. ശവം ചീയുന്ന മണത്തിനായി അവർ മൂക്കുതുറന്നിരുന്നു. മണം വരുന്നുണ്ടോന്ന് അറിയാനായി അവർ ഗോവിന്ദന്റെ ചായക്കടയിൽ തമ്പടിച്ചു. ദിവസങ്ങൾ കഴിഞ്ഞെങ്കിലും ആരും പക്ഷെ അകത്തു കയറി നോക്കാൻ തയാറായില്ല . ഒടുവിൽ മത്തായി തന്നെ ആ ദൗത്യം ഏറ്റെടുത്തു.

“ഏതായാലും ഞാനായിട്ട് വരുത്തിവെച്ചതല്ലേ ..ഞാനായിട്ട് ശരിയാക്കാം “ വട്ടം നിവാസികൾ മത്തായിയുടെ മഹാമനസ്ക്കത ചർച്ചയാക്കി.

“അടുപ്പിക്കാൻ കൊള്ളാത്തവൻ ആണെങ്കിലെന്താ ..അവനാപ്പണി ചെയ്യാൻ തയാറായെല്ലോ “ അവർ പലരും ഒരേപോലെ പറഞ്ഞു.

അങ്ങനെ കുട്ടച്ചനെ കാണാതായതിന്റെ  ഏഴാം ദിവസം, ഒരു ഞായറാഴച്ച, മത്തായി തോളത്ത് ഒരു ചാക്കും, കയ്യിൽ ഒരു പന്തവുമായി കുട്ടച്ചന്റെ പീടികയുടെ മുന്നിൽ വന്നു നിന്നു. ഒട്ടുമിക്ക നാട്ടുകാരും അവിടെയെത്തിയിരുന്നു. പള്ളിയിൽ പോകാനിറങ്ങിയ മറിയാമ്മ കവലയിൽ തങ്ങി നിന്നു. അവരും ഏഴു ദിവസം പഴകിയ ശവം കാണാനായി വെയിലത്ത് കാത്തുനിന്നു.
വട്ടം ഗ്രാമത്തിലെ എല്ലാ കോണുകളിൽനിന്നും ഒരാളെങ്കിലും ഈ കാഴച്ച കാണാൻ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മത്തായി തീയാളുന്ന പന്തവുമായി കുട്ടച്ചന്റെ പീടികയിലേക്ക് നടന്നടുത്തു. അയാൾ പീടികയുടെ വാതിൽ ചവുട്ടി തുറന്നു. അകത്ത് കുറ്റാക്കുറ്റിരുട്ടാണ്. മത്തായി ശ്രദ്ധിച്ച്, പതിയെ കാലുകൾ അകത്തേക്ക് എടുത്തുവെച്ചു. വലിയ തീപ്പന്തമായിരുന്നെങ്കിൽപോലും അതിനുള്ളിലെ ഇരുട്ട് ആ തീയേ ആർത്തിയോടെ വിഴുങ്ങാൻ തുടങ്ങി.  മത്തായി ഉള്ളിലേക്ക് നടന്നകന്നു , ഇരുട്ടിൽ അപ്രത്യക്ഷനായി.

അവിടെ കൂടിനിന്ന വട്ടം നിവാസികൾ ഒരക്ഷരം മിണ്ടാതെ ആകാംഷയോടെ ആ ഇരുട്ടിലേക്ക് കണ്ണുംനട്ടിരുന്നു. കുറെ നേരം കഴിഞ്ഞെങ്കിലും അകത്തുനിന്നും അനക്കമൊന്നും കേട്ടില്ല. രാവിലെ പതിയെ ഉച്ചയായി. പക്ഷെ മത്തായിയെയോ, മത്തായി കൊണ്ടുപോയ പന്തത്തിന്റെയോ ഒരനക്കവും  ഉള്ളിൽ നിന്നും കേട്ടില്ല. ഒടുവിൽ ക്ഷമകെട്ട ഗോവിന്ദൻ  വിളിച്ചു ചോദിച്ചു..” എടാ മത്തായി…. “ ഒരു പ്രതികരണവും അവിടെനിന്നും വന്നില്ല. എന്നിട്ടും അവിടെ കൂടിനിന്ന ഒരു വട്ടം നിവാസി പോലും അകത്തേക്ക് കയറിച്ചെല്ലാൻ ധൈര്യപ്പെട്ടില്ല. സന്ധ്യയായി, കാത്തുനിന്ന സൂര്യനും ക്ഷമകെട്ട് താഴെയിറങ്ങാൻ തുടങ്ങി. കൂടിനിന്ന ആളുകൾ ഓരോന്നായി മടങ്ങിത്തുടങ്ങി, വിരലില്ലെണ്ണാവുന്നർ മാത്രം അവിടെ തങ്ങി നിന്നു.

അപ്പോൾ ആ മുറിയിൽനിന്നും ഒരു ശബ്ദം . നാട്ടുകാർ നോക്കിനിൽക്കെ കുട്ടച്ചൻ ആ മുറിയിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി . ഒരു മാറ്റവുമില്ല. പതിവ് രൂപം, ,ഭാവം. ഏഴുദിവസം പുറത്തേക്കിറങ്ങാത്തത്തിന്റെ ഒരു ലക്ഷണവും അയാളുടെ മുഖത്ത് കണ്ടില്ല. കുട്ടച്ചൻ പുറത്തേക്കിറങ്ങി പീടികയുടെ വാതിലടച്ചു, ദേവകി തോട്ടിലേക്ക് നടന്നു. വട്ടം നിവാസികൾ ആ  കാഴച്ച കണ്ട് വാ പൊളിച്ചു നിന്നു.

തുപ്പൽ മത്തായി ആ മുറിയിൽ നിന്നും  പുറത്തുവന്നില്ല. ഇതിനുമുൻപ് ചിലരെങ്കിലും ചിലപ്പോഴെങ്കിലും കുട്ടച്ചൻറെ പീടികയുടെ മുന്നിലൂടെ നടക്കാറുണ്ടായിരുന്നു.അതിലൂടെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു. പക്ഷെ ഇന്ന് , കുട്ടച്ചൻ തോട്ടിലേക്ക് പോയതിന് ശേഷവും ആരും ആ വാതിൽ മുട്ടി, “മത്തായി”എന്നൊന്ന് ഉച്ചത്തിൽ വിളിക്കാൻ തയാറായില്ല. പകരം, അവിടെ കൂടിനിന്ന മാന്യന്മാർ പരസ്പ്പരം മുറുമുറുത്തുകൊണ്ട് അവരവരുടെ ഇരുട്ടിലേക്ക് നടന്നകന്നു.

ക്രമസമാധാനം

കുട്ടച്ചന്റെ ദേവകി തോട്ടിലേക്കുള്ള നടത്തം തുടർന്നു.
പതിയെ പതിയെ തുപ്പൽ മത്തായിയെ വട്ടം നിവാസികൾ മറന്നു തുടങ്ങി, ചിലരൊഴികെ. ആ ചിലർ മത്തായിയെ സ്നേഹിച്ചവരായിരുന്നില്ല. അവർ മത്തായിയെക്കൊണ്ട് ഗുണ്ടാപ്പണി ചെയ്യിപ്പിച്ചിരുന്നവരും, മത്തായിയുടെ ഭീഷണിയുടെ ഇരകളും ആയിരുന്നു. മത്തായിയുടെ ഭീഷണിയോടുള്ള പേടി  അയാൾ തിരിച്ചുവരാതിരുന്ന ഓരോ ദിവസവും കുറഞ്ഞുവന്നു. ഒരു മാസം കഴിഞ്ഞപ്പോൾ അത് തീരെയില്ലാതായി. തുപ്പൽ മത്തായി ചത്തുപോയി എന്ന് വട്ടം നിവാസികൾ ഉറപ്പിച്ചു.

“നീ ആ നാറിയെക്കൊണ്ട് നീ എന്റെ നേരെ തുപ്പിക്കും….അല്ലേടാ…”എന്ന വാചകം ഒരു പോർ വിളിയായി വട്ടത്തിൽ പല  തവണ ഉയർന്നു. ആ പോർ വിളികളിൽ ചിലത് കയ്യാങ്കളിയിൽ കലാശിച്ചു. ചിലത് കൊലപാതകത്തിലും. വട്ടത്തിന്റെ ക്രമസമാധാനം ആകെ തകരാറിലായി. എതിരാളിയെ കയ്യൂക്കുകൊണ്ട് നേരിടാൻ കെൽപ്പില്ലാത്തവർ അന്യനാട്ടിൽ ഗുണ്ടകളെ അന്വേഷിച്ചു പോയി. പലരും ഗുണ്ടകളുമായി തിരിച്ചുവന്നു.

മത്തായി മരിച്ചെന്നുറപ്പായപ്പോൾ പരമുപിള്ള രാമൻ നായരുടെ വീടിനുമുന്നിൽ വന്ന് തെറിപ്പാട്ട് നടത്തി. രാമൻനായർ പരമു പിള്ളയെ തല്ലിക്കാനായി അയൽനാട്ട്ടിൽ  പോയി ഒരു ഗുണ്ടയെ കൊണ്ടുവന്നു. അപ്പോൾ തന്നെ പരമു പിള്ളയും ഗുണ്ടയെ തപ്പിയിറങ്ങി . പരമുപിള്ള രണ്ടു ഗുണ്ടകളെ കൊണ്ടുവന്നു നിർത്തി. ഇങ്ങനെ തുപ്പൽ മത്തായിയെ വെച്ച് വൈരാഗ്യവും വിധ്വെഷവും തീർത്തിരുന്നവർ ഗുണ്ടകളെ ഇറക്കുമതി ചെയ്തു. അങ്ങനെയങ്ങനെ വട്ടം ഗ്രാമത്തിലെ ആകെ ജനസംഖ്യയുടെ അത്രതന്നെ ഗുണ്ടകളും എത്തി.

ഒരു ദിവസം ഗോവിന്ദന്റെ ചായപ്പീടിക ചില ഗുണ്ടകൾ ചേർന്ന് ചായയിൽ പാൽ കുറഞ്ഞുപോയി എന്ന കാരണം പറഞ് തല്ലിത്തകർത്തു. കുളക്കടവിൽ സ്ത്രീകൾക്ക് കുളിക്കാൻ വയ്യാതായി. കുളി മുടങ്ങിയതുകൊണ്ട് അലക്കും മുടങ്ങി. ഇവ രണ്ടും മുടങ്ങിയതിനാൽ വട്ടം നിവാസികളെ നാറാൻ  തുടങ്ങി. ആദ്യമൊക്കെ ആ നാറ്റം അസഹനീയമായിരുന്നു. പക്ഷെ പതിയെ പതിയെ എല്ലവരെയും നാറാൻ  തുടങ്ങിയതോടെ ആ പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി.

ഗുണ്ടകളെക്കൊണ്ട് പക്ഷെ വട്ടം ഗ്രാമത്തിൽ ഒരാൾക്ക് ഒരുപാട് ഗുണമുണ്ടായി. മറ്റാർക്കുമല്ല, ഗ്രാമത്തിന്റെ നിലവിലെ ദേവകിക്ക്. പകലെന്നും രാത്രിയെന്നും വ്യത്യാസമില്ലാതെ അവർക്ക് സന്ദർശകർ വന്നുകൊണ്ടേ ഇരുന്നു. വട്ടത്തിലെ പരുക്കൻ മാന്യന്മാരിൽനിന്നും വളരെ വ്യത്യസ്തമായി നാട്ടിൽവെച്ച്‌കണ്ടാലും വീട്ടിൽവെച്ച് കണ്ടാലും ശൃംഗാരത്തോടെ പെരുമാറുന്ന ഗുണ്ടകളെ ദേവകിക്ക് ഒരുപാടിഷ്ടമായി. അവൾ പതിയെ വട്ടത്തിലെ മാന്യന്മാർക്ക് സന്ദർശനാനുമതി നിഷേധിച്ചു.

ആദ്യം ചായകുടി  മുടങ്ങി, പിന്നെ കുളിയും നനയും മുടങ്ങി, പിന്നെ ദേവകിയുടെ ചൂടും ചൂരും മുടങ്ങി. വട്ടത്തിലെ മാന്യന്മാർ ആകെ വിഷമത്തിലായി. വിഷമം മൂത്ത മാന്യന്മാർ ഒടുവിൽ ഗ്രാമസഭ കൂടി. വൈരാഗ്യത്തിലും, വിധ്വെഷത്തിലും , ആസൂയയിലും ഇരുന്നവർ കെട്ടിപ്പിടിച്ചു, ഉമ്മവെച്ചു , സുഹൃത്തുക്കളായി. വട്ടം ഗ്രാമത്തെ ഗുണ്ടകളിൽനിന്നും രക്ഷിക്കാനായി അവർ ഒരുമിച്ചു.

ദേവകിയുടെ വട്ടം

വട്ടത്തിലെത്തിയ ഗുണ്ടകളിൽ ഒന്നൊഴിയാതെ എല്ലാവരും ദേവകിയുടെ സന്ദർശകരായിരുന്നു. അവരെ ഓരോരുത്തരെയും ദേവകിക്ക് പരിചയമായി. ഗുണ്ടകൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവർ എത്തുന്നത് ദേവകിയുടെ അടുത്തേക്കാണ്. ദേവകിയുടെ മേൽനോട്ടത്തോട്ടിൽ അവർ പ്രശ്നം പരിഹരിക്കും. ഇതറിഞ് നാട്ടിലെ പല മാന്യന്മാരും രാത്രി ദേവകിയുടെ അടുത്തെത്താൻ തുടങ്ങി, സന്ദർശനത്തിനല്ല, പ്രശ്നപരിഹാരത്തിന്. അവരെ പലരെയും ദേവകി ആട്ടിപ്പായിച്ചു. എന്നാൽ ന്യായമെന്ന് തോന്നിയ ചിലത് പരിഹരിക്കാൻ അവർ തയാറായി. അതിനായി അനുയായികളായ ഗുണ്ടകളെയും ഏർപ്പാടാക്കി .  അങ്ങനെ ഗുണ്ടകൾക്കിടയിലെ മാത്രമല്ല വട്ടം ഗ്രാമത്തിന്റെ മൊത്തം ക്രമസമാധാന പാലകയായി ദേവകി മാറി.

ഇതെല്ലാം  കണ്ടുകൊണ്ട് കുട്ടച്ചൻ അയാളുടെ പതിവ് കൃത്യത്തിൽ വ്യാപൃതനായി . ഒരു വേശ്യ നാട് ഭരിക്കുന്നതിന്റെ യാതൊരു ഭാവ വിത്യാസവും അയാൾ കാണിച്ചില്ല .

പക്ഷെ വട്ടം ഗ്രാമത്തിലെ നിവാസികൾ അങ്ങാനായിരുന്നില്ല . സ്ത്രീകൾ പുരുഷന്മാരുടെ കഴിവില്ലായ്മയെ ഓർത്ത്  അലമുറയിട്ടുകരഞ്ഞു . പള്ളിയിൽ കൂട്ടപ്രാർത്ഥന നടത്തി. പ്രാർത്ഥനക്കു ശേഷം വിശ്വാസികൾക്ക് കൊടുക്കാൻ വെച്ചിരുന്ന കഞ്ഞി ഗുണ്ടകൾ കുടിച്ചു തീർത്തു. കുറച്ച് കഞ്ഞി എങ്ങോട്ടോ കൊണ്ടുപോയി.

ഏതുവിധേനയും ഗുണ്ടകളെ ആട്ടിപ്പായിക്കണമെന്നും, വട്ടത്തിന്റെ ഭരണം വേശ്യയുടെ കയ്യിൽനിന്നും തിരിച്ചെടുക്കണമെന്നും വട്ടത്തിലെ മാന്യന്മാർ ഉറച്ചു. അവർ ഓരോരുത്തരും അവരവർ കൊണ്ടുവന്ന ഗുണ്ടകളെ നേരിൽ കണ്ട് തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടു. ഗുണ്ടകൾ ആ ആവശ്യം വിനയപൂർവ്വം നിരസിച്ചു.
മാന്യന്മാർ വീണ്ടും ഒത്തുചേർന്നു. പണം കൊടുത്താൽ അവർ പൊയ്ക്കോളുമെന്ന് അഭിപ്രായം ഉയർന്നു. അവർ പണവുമായി ഗുണ്ടകളുടെ അടുത്തു ചെന്നു . ഗുണ്ടകൾ ദേവകിയുടെ അടുത്തു ചെന്നു. ദേവകിയുടെ നിർദേശപ്രകാരം  തിരിച്ചുപോകാമെന്ന വാക്കിൽ പണം വാങ്ങി പക്ഷെ അവർ തിരിച്ചുപോയില്ല. മാത്രവുമല്ല അപ്പോൾ കൊടുത്ത അത്രെയും പണം ഓരോ മാസവും കൃത്യമായി വീണ്ടും കൊടുക്കണമെന്നും മാന്യന്മാർക്ക് നിർദ്ദേശം കൊടുത്തു.

പിന്നീട്, ഗുണ്ടകൾ സ്വരൂപിച്ച പണംകൊണ്ട് അവർ വട്ടത്തിന്റെ ഒത്ത മധ്യത്തിൽ ഒരു മാളിക പണിതു. അതിലേക്ക് ദേവകി താമസം മാറി. ദേവകിയുടെ മാളിക വട്ടത്തിലെ ക്രമസമാധാനപാലന കേന്ദ്രമായി മാറി. ഗ്രാമവാസികൾ വരിവരിയായി മാളികയുടെ മുന്നിൽ നിൽക്കും. ദേവകി അവർ ഓരോരുത്തരുടെയും പരാതികൾ കേൾക്കും. എന്നിട്ട് വേണ്ട നിർദ്ദേശങ്ങൾ ഗുണ്ടകൾക്ക് കൊടുക്കും. അവർ വേണ്ടത് ചെയ്യും , കയ്യൂക്കുകൊണ്ടും പണം കൊണ്ടും.

തുപ്പൽ മത്തായി പോയതിനു ശേഷം നഷ്ട്ടപ്പെട്ട വട്ടത്തിലെ ക്രമസമാധാനം ദേവകിയും ഗുണ്ടകളും പുനഃസ്ഥാപിച്ചു. ഗോവിന്ദന്റെ ചായക്കട പണിതുകൊടുത്തു. രാമൻ നായരുടെയും പരമു പിള്ളയുടെയും വൈരാഗ്യം അവരുടെ രണ്ടുപേരുടെയും പുരയിടം ഗുണ്ടകൾ  ഏറ്റെടുത്ത് അവസാനിപ്പിച്ചു .
രണ്ടുപേരും  ഒരു വീട്ടിൽ വാടകയ്ക്കാണ് ഇപ്പോൾ താമസിക്കുന്നത്. വാടക ദേവകിയുടെ വക .

കുട്ടച്ചൻ

അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടച്ചൻ ദേവകി തോട്ടിൽ പോയില്ല. അയാൾ  പീടികയുടെ ,മുന്നിൽ തന്നെയിരുന്നു. രാവിലെ മുതൽ പതിയെ പതിയെ അന്തരീക്ഷം ഇരുളാൻ തുടങ്ങി. കാർമേഘങ്ങൾ വട്ടത്തിന്റെ മുകളിൽ വന്നുനിന്ന് സൂര്യനെ മറച്ചു. പകൽ രാത്രിയായി. ലോകാവസാനം എന്ന് നിലവിളിച്ചുകൊണ്ട് വട്ടം നിവാസികൾ വീടുകളിലേക്ക് ഓടി, ചിലർ പള്ളിയിലേക്ക് ഓടി, ചിലർ ദേവകിയുടെ മാളികയിലേക്കും.

എല്ലാവരും ഏതെങ്കിലുമൊരു മേൽക്കൂരക്ക് കീഴിലായപ്പോൾ കറുത്തുരുണ്ട് നിന്ന മേഘങ്ങൾ പൊട്ടിയൊഴുകി. മണിക്കൂറുകൾ നീണ്ട മഴ. ദേവകി തോട് പടി പടിയായി ഉയർന്നു . ഒടുവിൽ കരകവിഞ്ഞൊഴുകി. ഒഴുകി ഒഴുകി അത് വട്ടത്തിലെ എല്ലാ മുക്കിലും  മൂലയിലും കയറി. വീടുകളെ തുരുത്തുകളാക്കി. പേടികാരണം ആരും പുറത്തേക്ക് നൊക്കി പോലുമില്ല. വൈകുന്നേരം വരെ ആ മഴ പെയ്തു.

മഴ തോർന്നു, സൂര്യൻ മറനീക്കി പുറത്തുവന്നു. ദേവകിത്തോട് പിൻവാങ്ങി. ചെളിപൂണ്ട കിടക്കുന്ന കവലയിലേക്ക് ആളുകൾ പിച്ചവെച്ചിറങ്ങി.

അപ്പോഴവർ ആ കാഴ്ച്ച കണ്ടു. കുട്ടച്ചന്റെ ഒറ്റ മുറി പീടികയുടെ തറ  മാത്രം ബാക്കിയുണ്ട്. കുട്ടച്ചൻ ദേവകി തോടിനോപ്പം പോയിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here