കാറ്റിൻറെ ചാലു കീറുന്ന കവിതകൾ (ബിനു. എം. പള്ളിപ്പാട്ടിന്റെ കവിതകൾ )

1
694
binu m pallippaad roshni swapna athmaonline the arteria

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
ഡോ.രോഷ്നി സ്വപ്ന

“Where you used to be
, there is a whole in the world.
Which I find myself
constantly.
Walking around in the
daytime and feeling
in at night, “”

Edna st. Vincent Millay.

കവിതയുടെ വിഷം
ഒരിക്കല്‍ കുടിച്ചാല്‍ അനേകം മരണങ്ങള്‍ …..അനേകം ജന്മങ്ങള്‍ …..
കവിയുടെ ജീവന്‍ അത്തരത്തില്‍ ഉന്മത്തമാണ് .
അയാള്‍ക്ക് അഭയം കവിത മാത്രമാണ് .അതില്‍ത്തന്നെ
വളാഡിമീർ മയക്കോവ്സ്കി ഒരിക്കലെഴുതി.

I’m a poet. That’s what makes me interesting. That is what I write about.” കവിത ചിലപ്പോള്‍
മരണമായേക്കാം .പ്രണയമോ ഉന്മാദമോ ആയേക്കാം .മയകൊവ്സ്കിക്ക്
ഇതെല്ലാമായിരുന്നു കവിത .the book of images ല്‍ ഇത്തരം മാത്രകള്‍ ഏറെയുണ്ട് .

അഭയങ്ങളുടെ കരുതൽ നമ്മെ തനിച്ചാക്കുമെന്നും അറിവ് ഒരഭയമാണെന്നും
വിശ്വസിക്കുന്ന
ഒരു കവിയുടെ മുഴുവൻ കവിതകൾക്കും മുമ്പിലാണ് ഞാൻ.

തിയോ അഞ്ജലോ പൗലോയുടെ ഒരു സിനിമയിൽ ഒരു കഥാപാത്രം
പറയുന്നുണ്ട്-

“What do I want to happen? I simply. want our life here to become more human.
We need to return to those places to find much of what is still important and authentic
to our lives.”

കല മാനുഷികതക്കു മാറ്റ് കൂട്ടുന്നില്ലേ?
അല്ലെങ്കിൽ മനുഷ്യനായിരിക്കാനല്ലേ ഒരാൾ കലാകാരനാകുന്നത്?

കവിതയിൽ മാത്രമല്ല ബിനു എം. പള്ളിപ്പാട് ജീവിക്കുന്നത്. മുളന്തണ്ടിലെ
നേർത്ത സംഗീതത്തിലും ലോക സിനിമയുടെ മൈതാനങ്ങളിലും അയാൾ
അലഞ്ഞു നടക്കുന്നു.
അയാളെ വായിക്കുമ്പോൾ ചിലപ്പോൾ ഭാഷയുടെ അദൃശ്യതയിൽ
അപരിചിതമായ ഗന്ധങ്ങൾ പരക്കുന്നു .

വായനകളുടെ വൈവിധ്യങ്ങൾക്ക് ചിലപ്പോൾ നിയതമായ മാനങ്ങളുണ്ട്.
മറ്റു ചിലപ്പോൾ ഈ മാനങ്ങളെ കടന്നു വികസിക്കുന്ന തലങ്ങളുണ്ട്.അത്
അനുഭവങ്ങളിലൂടെ കടന്നു വരുന്ന അപൂർവമായ ആവിഷ്കാരങ്ങളെ പ്രതി
സംഭവിക്കുന്ന ആസ്വാദനത്തിന്റെ വൈബ്രേഷനുകളാണ്.

ഭാഷയിലും എഴുത്തിലും വിനിമയത്തിലും ചലനങ്ങളിലും എല്ലാമത് തിളങ്ങുo.

ഈ തിളക്കത്തെ ഒറ്റവാക്കിൽ, ഒറ്റവായനയിൽ നിർവചിക്കാനാവില്ല.
ബിനു എം പള്ളിപാടിന്റെ കവിതകൾ അത്തരത്തിൽ
സംവദിക്കപ്പെടുന്നവയാണ്.

പ്രത്യക്ഷത്തിൽ തന്നെ ആ കവിതകൾ ജീവിച്ചിരിക്കുന്നതിന്‍റെ
രാഷ്ട്രീയം വെളിപ്പെടുത്തും.
അതിന് മറവുകളില്ല. ഒഴിവുകഴിവുകളില്ല.

#പ്രാകൃത #കമ്മ്യൂണിസം എന്ന കവിതയിൽ നിന്ന് തന്നെ തുടങ്ങാം

“കാട് അതിൻറെ
ആദ്യത്തെ ഇരയെക്കൊണ്ട്
പുലിയെ ഊട്ടും
അവിടെ ഇനി സ്ഥിതിസമത്വം
കളിയാടും ”

എന്നാണ് ഈ കവിത തുടങ്ങുന്നത്.
ആധുനികതയ്ക്കു ശേഷം വന്ന ആഗോള ആധുനികതയ്ക്ക് സവിശേഷവും
സ്വത്വാധിഷ്ടിതവുമായ ചില സൂക്ഷ്മതകൾ
രൂപപ്പെട്ടു വന്നിട്ടുണ്ട്.സമൂഹത്തിൻറെ, സമൂഹരാഷ്ട്രീയത്തിൻറെ,
സാമൂഹ്യ നവീകരണത്തിന്റെ നിലനിൽപ്പിന്റെ ജാതിയുടെ വംശത്തിന്റെ
നിറത്തിന്റെ സമന്വയത്തിൻറെ കലഹത്തിന്‍റെ പലമാതിരി ദിശകളും
സ്വരങ്ങളും വിനുവിൻറെ കവിതകളിലുണ്ട്. അതുകൊണ്ടാണ് അയാൾക്ക്‌
ഇങ്ങനെ എഴുതാൻ ആകുന്നത്

ബിനു എന്ന കവിയുടെ ഭാവുകത്വ രൂപീകരണത്തിൽ പ്രധാന സാക്ഷ്യങ്ങളായ
ആത്മകഥാപരവും ഭാഷാ, ഭാഷണ ചരിത്രപരവുമായ രീതിശാസ്ത്ര
പദ്ധതികളിൽ ഏറ്റവും പ്രസക്തം ഭാഷതന്നെയാണ്.
ആ കവിതയിൽ ഒറ്റയ്ക്കായിപ്പോയ ഒരു ജീവ വ്യവസ്ഥയുണ്ട്

എത്തനോഗ്രാഫി എന്ന കവിത അത്തരത്തിലൊന്നാണ്

“വണ്ടി ഇറങ്ങിനടന്നു
തൊട്ടുമട ചാടി
കരിന്തലപ്പിൻ ഇടയിലെ
ഒറ്റ വീടാണ്”” ഈ കവിതയുടെ ആദ്യ കാഴ്ച.പിന്നീട് കവിതയുടെ
പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ ആ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന
ഭാഷയിലൂടെ കവിതയിൽ പടർന്നു പടർന്നു പോകുന്നു.

ചെമ്പരത്തിക്ക്
തിരിച്ചുകെട്ടിയ വേലി
നല്ല ചൊരിമണലുള്ള
മുറ്റം
പടിഞ്ഞാറൻ കാറ്റ്
കേറുന്നിടത്ത്
നല്ല തഴപ്പുള്ള
ഒരുപന്തി ചീര
ഒരുവാരം ചേമ്പ്
ഇറയത്ത്
എരച്ചുകെട്ടിയ
പാക്കുതെങ്ങ
വാതിലിൽ
ചാരിയ കോടാലി
അകത്തു വീഞ്ഞപ്പെട്ടിക്കു
പൊറത്ത്‌
നരച്ച പട്ടിൽ
പൊതിഞ്ഞ പറ*
അരക്കലം ചോറ്
മൂലയ്ക്ക് ഇരുട്ടിൽ
തൂങ്ങിയ റേഡിയോ
മുറിക്കകത്ത്
ഉത്തരത്തിൽ
കലപ്പക്കൊഴു
ബ്ലോക്കുപാര
പാട്ടുപുസ്തകം
തെക്കുവശം
പട്ടടക്കടുത്ത്
രണ്ടുനെര ചീനി
പുളിച്ചി മാവിൽ ചാരിയ
തകർന്ന
വള്ളക്കൊമ്പ്
അതിൽ ക്ലാവിച്ച
കുരിശ്
വടക്ക് കാഞ്ഞിരം
അതിൽ കാക്ക ചേക്ക
ഏര് പോത്ത്
വരവ് *മാല
കോഴി
കൂട്ടിലെ മൈന
അവയ്ക്ക് അതിശയിക്കും
നരച്ച കണ്‍ വളയങ്ങൾ
അനക്കങ്ങളെ
കുഴിച്ചിടുന്നവർ
എമ്പോക്കികൾക്ക്‌
എറിഞ്ഞു കൊടുക്കും
ഞായറാഴ്ച
പതിനാറേക്കറിന്
ഒലിച്ചിറങ്ങിയ
കൈപൊയങ്ങളോടെ
താഴാഴ്മ എന്ന
മീതി
പിടിയിണങ്ങിയ
പങ്കായം
ഒറ്റ വെട്ടിന്
ഒരോർമ….”
ഒടുവിൽ ഒറ്റവെട്ടിന് ഒരു ഓർമ്മ എന്നെഴുതുമ്പോൾ മനുഷ്യരാശിക്കു
വേണ്ടി ഈ കവി നിലനിൽക്കുന്നതിന് വലിയൊരു രാഷ്ട്രീയം വെളിവാകുന്നു.
കവിത അല്പാല്‍പ്പമായി എഴുതുക വയ്യ . വല്ലാതെ ചേര്‍ന്നിരിക്കുന്ന
ചങ്ങലയാണ് അതിന്റെ ശരീരം .
കവിതയുടെ അകക്കാമ്പുകളുടെ മുകളിലൂടെ ആഴത്തിൽ സഞ്ചരിച്ചാലേ
ബിനുവിന്റെ കവിതകളെ നമുക്ക് തെളിഞ്ഞു കിട്ടു. പാരമ്പര്യത്തിൽനിന്ന്
വിച്ഛേദിച്ചെടുത്ത വായനയുടെ പുതിയ രീതിശാസ്ത്രങ്ങളാണ് ഇത്
സാധ്യമാക്കുന്നത്.
ജാതിനിർണ്ണയം എന്ന കവിത ഇതിനുദാഹരണമായി പറയാം

വല്ലാതെ മുതിർന്ന
ഒരു ശബ്ദമായിരുന്നു
അവൻ്റെ പാട്ടുകൾക്ക്

അത് മനുഷ്യരെ
അനുഭവത്തിൻ്റെ
കനമുള്ളവരെ
പുരുഷാരങ്ങളാക്കി
നൃത്തം തുള്ളിച്ചും
നോവിച്ചും
കേൾവികളിൽ
പിതൃ ബോധമുണ്ടാക്കി
ബന്ധുത്വം കൂടി

കൃത്യമായ ഓർമ്മകളിൽ
ചെന്ന് കൊള്ളുന്നുണ്ട്
അവൻ പാടിയേൽപ്പിച്ച
ആ മുതിർന്ന
അപ്പൻ പാട്ടുകൾ,
അല്ല ചരിത്രം !

അരികുവൽക്കരിക്കപ്പെട്ടവന്റെ കവിതകൾ അഗ്നിയേക്കാൾ ഉയരത്തിൽ
പറക്കുമെന്ന ഒരു ആഫ്രിക്കൻ നാടോടിക്കവിത ഓർമ്മ വരുന്നുണ്ട്
ബിനുവിനെ വായിക്കുമ്പോൾ.

a dream can be the highest point of a life
എന്ന്
Ben Okri, ദി ഫാമിഷ്ഡ് റോഡിൽ എഴുതുന്നത് വിശ്വസിക്കാൻ തോന്നും
ബിനുവിന്റെ കവിതകൾ വായിക്കുമ്പോൾ

വല്ലാതെ മുതിർന്ന
ഒരു ശബ്ദത്തിൽ പാടിയിരുന്ന ഒരുവൻ്റെ പാട്ടുകളെ കവിതയിലേക്ക് കവി
കോർത്തു വക്കുന്നു.
മനുഷ്യരെ അനുഭവത്തിൻ്റെ
കനമുള്ളവരാക്കിയതും
പുരുഷാരങ്ങളാക്കി
നൃത്തം തുള്ളിച്ചതും
നോവിച്ചതും
കേൾവികളിൽ
പിതൃ ബോധമുണ്ടാക്കി
ബന്ധുത്വം കൂടിയതും ഓർത്തെടുക്കുന്നു

കൃത്യമായ ഓർമ്മകളിൽ
ചെന്ന് കൊള്ളുന്ന
അവന്റെ പാട്ടുകൾ,
അല്ല ചരിത്രം…!!!

എന്ന് പറയാൻ കവിക്ക് കഴിയുന്നുണ്ട്.

ആ പാട്ടുകളിൽ
എൻ്റെ നാടുണ്ട്
പതഞ്ഞു പാറുന്ന
പാടങ്ങളുണ്ട്
അതിൻ്റെ ഓരത്ത്
ഒരു മങ്ങിയ വീടുണ്ട്
തുറന്നിട്ട വാതിലിൽ
തല വെച്ച ചെറുപ്പത്തിലെ
കിടപ്പുണ്ട്
എന്തിലും
കടുംനിറം വന്നു പോം
കാലമുണ്ട്
ദൂരെ ദൂരെയായ്
മാഞ്ഞു പോയ നാണമുണ്ട്
ആവി പാറും പുഴയിലവളെ
തൊടുവിച്ച വൃത്തങ്ങളുണ്ട്
നിലാവിൽ വെന്ത
അത്താഴമുണ്ട്
വിയർപ്പാറ്റാൻ
ചാഞ്ഞ മാന്തണലുകളുണ്ട്
ചിതറിയോടിയ
ചവുണ്ടപാതകളുണ്ട്
എന്നെന്നേക്കുമായുള്ളിൽ
പുതച്ച സങ്കടങ്ങളുണ്ട്
നിറഞ്ഞ് നിറഞ്ഞ് കവിയു-
മാപാട്ടിൽ ഇടറി മുറിഞ്ഞുപോം
മുതിർന്ന പാട്ടുകളുണ്ട്.

എന്ന് ഓർമ്മയുടെ കൊളുത്തുകൾ അടരാതെ പിടിച്ചെടുക്കുമ്പോൾ
അതിജീവനമെന്ന ജീവിതരാഷ്ട്രീയത്തെ ഉയർത്തികാട്ടുന്നു കവി.

“ചില്ലയില്‍ നിന്നെല്ലാം
മീനുകളനേകമനേകമായ്
താഴേക്കുതിര്‍ന്നെന്നെ
കഴുകിക്കുളിപ്പിച്ചു.”

എന്ന് എന്നെഴുതുമ്പോൾ വൈയക്തികതയെ എത്ര പ്രണയപൂർവ്വമാണ്
കവി കവിതയിലേക്ക് പകർത്തുന്നത്! ദൃശ്യഭാഷയുടെ സൌന്ദര്യത്തെ
എത്ര കൃത്യതയോടെയാണ് കവി വരച്ചു വക്കുന്നത് !
ബിനുവിന്റെ കവിതാ സങ്കൽപം ജീവിതത്തോടും ഭാഷയോടും
സംസ്കാരത്തോടും സ്വാഭാവികമായും ചേർന്ന് നിൽക്കേത്തന്നെ
ജീവിതത്തിലെ സമസ്ത അധികാരങ്ങളെയും നിരാകരിച്ചുകൊണ്ട് മറ്റൊരു
ലോകം പണിയുകയും. ചെയ്യുന്നു.

“മുഖം ഒരു കിളിയെ പോലെ കൂർത്ത വന്നു
ഉടലിലെ ചുരുങ്ങിയ തൊലിയിൽ
കൈ ഉരയുമ്പോൾ
ഇരണ്ടകളുടെ ഇരമ്പം കേട്ടു”

എന്ന് പക്ഷി ലോകത്തോട് താദാത്മ്യപ്പെട്ടും

പൂവിതളുകൾ
വീണഴുകിയ
മുട്ടോളം ചേറിന്ന്
മനുഷ്യൻ
ചീഞ്ഞതിനേക്കാൾ
മണമുണ്ട്

എന്ന ലോകത്തെ മുന്നറിയിച്ചുo

. ഈ ലോകം അങ്ങനെ പടരുകയാണ്.
ബിനുവിന്റെ കവിതകളിലെ ലോകം പ്രാദേശിക സംസ്കാരപഠനവും
ബന്ധപ്പെട്ടു വായിക്കുമ്പോൾ അന്തോണിയോ ഗ്രാംഷിയെ ഓർക്കേണ്ടി
വരുന്നു നമുക്ക്. രാഷ്ട്രീയവും സംസ്കാരവും ഒരുമിച്ച് കലരുന്ന ഗ്രാംഷിയുടെ
ചിന്തയിൽ പ്രാദേശിക ഭാഷാ സംസ്കാരത്തിന് തനതായ സ്ഥാനം ഉണ്ട്.
ആധുനികാനന്തര ലോകത്ത് പ്രാദേശിക /തനത് ഭാഷകളുടെ
അതിജീവനത്തിന് പ്രസക്തിയേറുന്നത് അതുകൊണ്ടാണ്.

The challenge of modernity is to live without Illusions, and without becoming disillusioned

എന്നാണ് ഗ്രാംഷി പറയുന്നത് വിനുവിൻറെ കവിതയിൽ മനുഷ്യരും ഭാഷയും
ഈ ഇല്ല്യൂഷന്റെ ഭാഗമാകുന്നുണ്ട്. ആധുനികതയിലോ
ഉത്തരാധുനികതയിലോ നാട്ടു നനചെടുക്കാത്ത
ഭാഷയുടെ വേരുകളാണ് ബിനുവിന്റെ കവിതകളില്‍
നിഷ്കൃഷ്ടമായ ഋതു,അഥവാ വള്ളംകടിയുടെ
കാലം എന്ന കവിതയിൽ അത് പ്രത്യക്ഷവുമാണ്
പ്രാദേശിക സംസ്കാരത്തിന്റെ ദൃശ്യഭാഷയിൽ എഴുതപ്പെട്ട കവിതയാണിത്.
കണ്ടമാനം കൈതക്കാട്
കൊളവാഴച്ചെടികളുടെ ചതുപ്പ്
വഴുക്കിതെന്നുന്ന വളം കടിക്കുന്ന ചെളി
പായൽപ്പറ്റങ്ങളുടെ മാറ്റ് ഇഫക്ടുള്ള പുഞ്ചയിറമ്പ്

അവർക്കിടയിൽ
അരൂപിയും എന്നാൽ ആവശ്യക്കാർക്കിടയിൽ
ഏതുനേരവും പ്രത്യക്ഷപ്പെടുന്ന കരുണയുള്ള കൊച്ചാട്ടൻ എന്ന
മനുഷ്യനെ പ്രതിഷ്ടിക്കുക വഴി പരിസ്ഥിതിയിൽ മനുഷ്യന്റെ
ശ്വാസം കൊണ്ടു തീർക്കുന്ന അതിജീവനത്തിന് ആക്കo കൂടുന്നു.

വിരൽത്തുമ്പിൽ മുക്കി ഇളംനീല തീ പടർത്തി
ഇരുട്ടിലേക്ക് കുടഞ്ഞ്…… കവിത നിറങ്ങളിൽ സഞ്ചരിക്കുന്നു.

ആകാശത്തുനിന്ന് ആരോ ഇട്ടതുപോലെ
തോർത്ത് വളഞ്ഞ് ചുരുണ്ട്
തലയിലിരുപ്പുണ്ട് മങ്ങിയ പ്രകാശത്തിൽ

താഴോട്ടായം കൊടുക്കുന്തോറും
മുകളോട്ടു നമ്മെ കുതിപ്പിക്കുന്ന
ഇന്ദ്രിയങ്ങളുടെ കൊതി
ഒരു ഗ്ലാസിലേക്കയാൾ ഒഴിച്ച് തരുന്നു.

കണ്ണും ചെവിയും തടിപ്പാലത്തിനപ്പുറമുള്ള
ഗ്രാവൽ റോഡിലിരിപ്പുണ്ട്
ജീപ്പിരമ്പവും കളിത്തോക്കുമായെത്തുന്ന
കാക്കിയെ നോക്കി .

ഒരു ഗ്ലാസ്സുകൂടി ചോദിക്കുമ്പോൾ
വെള്ളം ചേർത്തതല്ലെന്നു വിരട്ടുന്നു കൊച്ചാട്ടൻ
ബീഡിത്തീ കൊണ്ട് മൂന്നാല് പൊട്ടുകളുണ്ട്
ഇളംനീല വരവര ഷർട്ടിൽ
മടക്കിക്കുത്തിയ കൈലിയുടെ അഗ്രത്തേക്ക്
സൂക്ഷിച്ച് നോക്കിയാൽ
ഒരു ജീവ പ്രാണിയെക്കൂടി കാണാം

പിന്നെ നമ്മൾ പോകുന്നത് ഇരുട്ടുകൊണ്ടുണ്ടാക്കിയ
ഒരു വീട്ടിലേക്കാണ്
നീലപ്പടുതയും
മുളയും പ്ലാസ്റ്റിക്ക് ചരടു കൊണ്ട് കെട്ടിയുണ്ടാക്കിയ
വള്ളത്തിൽ മൂന്നു പേർ കയറി പാടത്തിനു നടുക്കുള്ള
വീട്ടിലെത്തുന്നു.
തുഴയുമെടുത്ത് മുന്നേ പോയ കൊച്ചാട്ടനെ
നോക്കു കൊണ്ടൊന്നു തള്ളിയിട്ട്
ചുവന്ന നൈറ്റിയിട്ട ഭാര്യ അകത്തേക്കു പോയി.

വിളിക്കുവെട്ടത്തിൽ പെറ്റിക്കോട്ടിട്ട മകൾ
ഉപ്പുറ്റി വരെ പുതയുന്ന ചെളിയിൽ കാൽപുതച്ച്
കുളത്തിൽക്കാടിൻ്റെ ഇടയിലേക്ക് ചൂണ്ടച്ചുള്ളികൊണ്ട്
അനക്കി ഒരു തടമുണ്ടാക്കി അതിലേക്ക് ചൂണ്ടയിടുന്നു.
അതിലേക്ക് ഒന്ന് നോക്കാൻ പോലും മുതിരാതെ.

പെട്ടെന്ന് വിളക്കുമായി അകത്തുനിന്നൊരു വിളിവന്നു
ഒരു പാത്രം നിറയെ തേങ്ങ പൂളിയതും
പുതിയ ഒരു കുപ്പിയുമായ് കൊച്ചാട്ടൻ.

വീശിയടിക്കുന്ന കാറ്റത്ത്
കാലിൽ ചെളിയുമായ്
പലയിറക്കുകളാവർത്തിച്ചു
അപ്പുറത്തെ അടുക്കളയുടെ ഒച്ചയും
ചേച്ചിയുടെ അമർഷ വർത്താനവും
റേഡിയോയിലെ സിലോൺ പ്രക്ഷേപണം പോലെ
അടുത്തുമകലയുമായി അങ്ങനെ കിടന്നു .

വെള്ളമിറങ്ങി കുതിർന്ന തറ
സംഭാഷണങ്ങൾ അന്തരീക്ഷത്തിൽ
എഴുതി കാണിക്കുന്നതു പോലെ ഒരു തോന്നൽ
ചിലരൊക്കെ മാഞ്ഞു പോയ് തെളിഞ്ഞ് വരുംപോലെ

വാക്കുകൾ വലുതായി പ്രതിവചനങ്ങൾക്ക്
കാതോർത്തിരുന്നു
കുപ്പി തീരാറായ് കുട്ടലിൽ നിന്ന്
തലച്ചോർ വഴി ഒരു മരണക്കിണർ വന്നു തുടങ്ങി
ഓടിക്കുന്നവനോ , കാഴ്ച്ചക്കാരനോ,കുലുക്കങ്ങളോ, തലകറക്കമോ
വിയർപ്പോ , വെപ്രാളമോ …..
ബെഞ്ചിലെ പിടി വിട്ട് ഞങ്ങളെഴുന്നേറ്റു
കാലിലെചെളി ഉണങ്ങി കട്ടപിടിച്ചു
തിരികെ വള്ളത്തിൽ കയറി
പുള്ളിനെപ്പോലെ വെട്ടി വെട്ടിയിരുന്ന്
ഒരു പരുവത്തിനക്കരെയെത്തി
കൊച്ചാട്ടൻ്റെ ചിരി മാത്രം അന്തരീക്ഷത്തിൽ അങ്ങനെ
ഞാന്ന് കിടന്നു

ഒരു മനുഷ്യനെക്കൊണ്ട് ആവിഷ്കരിക്കാനാവുന്ന ആവാസ വ്യവസ്ഥയുടെ
വൈവിധ്യങ്ങൾക്ക് ഈ കവിതയേക്കാൾ മറ്റൊരു ഉദാഹരണമില്ല

സ്ക്രീൻ പ്രിൻറിങ്ങിൻ്റെ
ടെക്നോളജി അറിയാത്ത
ഒരാൾക്ക് അതുണ്ടാക്കിയിടം കാണുമ്പോൾ
തോന്നുന്ന മാനസികാവസ്ഥ തന്നെയാണ്
ഒരു വാറ്റുകാരൻ്റെ വീടു കാണുമ്പോൾ
സത്യസന്ധനായ ഒരു കുടിയനും തോന്നുക.

എന്നെഴുതുന്നത്തോടെ വൈരുധ്യങ്ങളുടെ കാവ്യനീതികൾ അടിത്തട്ട്
ജീവിതത്തിൽ ഇടപെടുന്ന വിധം തെളിഞ്ഞു കാണുന്നു.

“കടലിൽ മുങ്ങിമരിച്ചൊരു
മുക്കുവനമ്പലവെളിയിൽക്കണ്ടു
പിശാചു
കുഴിച്ച് കിണറ്റിൽ പൊന്തി
പച്ചവെളിച്ചം മെഴുകിയ പകലിൻ
പിച്ചളമുറ്റം
തീണ്ടി

എന്ന്
ആൾമാറാട്ടം എന്ന കവിതയിൽ കടമ്മനിട്ട രാമകൃഷ്ണൻ എഴുതുന്നുണ്ട്.

ഈ ആവേശത്തെ അപര ദംശനമായോ, ശബ്ദതിന്റെയോ താളത്തിന്റെയോ
ഭാവദർശനമായി കാണാനാകില്ല.

എഴുത്തച്ഛൻ മുതലിങ്ങോട്ടുള്ള
കവികളിൽ എറിയകൂറും ചിതറിയ, ബഹുസ്വരമായ
കാക്വ്യ ബിംബങ്ങൾ നമുക്ക് കണ്ടെടുക്കാനാകും
ഓരോ കാലവും ഓരോ കവികളും ഓരോ കവിതയും ബഹുസ്വരതയെ
പലമട്ടിൽ കവിതയിൽ ആവിഷ്കരിക്കാൻ ശ്രമിക്കുന്നുണ്ട്.

“നമ്മള്‍, ഗോതമ്പ് പാടത്തിന്റെ
കരയ്ക്ക്, ബലാല്‍സംഗം
ചെയ്തിട്ടും മതിവരാതെ
കൊന്ന് നാക്കറുത്ത പെണ്‍കുട്ടിയെ
ചുട്ടു തിന്നുന്നത്
കാണുന്നു.”

എന്നെഴുതുമ്പോൾ കവി പൊളിച്ചെഴുതാൻ ആഗ്രഹിക്കുന്ന ഒരു
വ്യവസ്ഥയുണ്ട്. നമ്മൾ എല്ലാവരും ഞെരിഞ്ഞമരുന്ന വ്യവസ്ഥ!
കവിതക്കൂർമ്പ് കൊണ്ടു അതിനെ കുത്തി മലർത്താനാണ് കവി
ആഗ്രഹിക്കുന്നത്

ആധുനികതയ്ക്ക് ലോകമാകമാനം, സാഹിത്യത്തിലും കവിതയിലും
സിനിമയിലും നാടകത്തിലും ദേശം ഭാഷ സംസ്കാരം നിലപാടുകൾ
എന്നീനഭേദങ്ങൾക്കനുസരിച്ചു പല മട്ടിലുള്ള മുഖങ്ങളും ആവിഷ്കാരരങ്ങളും
സംഭവിക്കുന്നുണ്ട്.എങ്കിലും സ്വത്വാധിഷ്ഠിതമായ ചിന്തകളിൽ കാലം ഇടം സ്ഥലം
ദേശം എന്നീ സങ്കൽപ്പങ്ങളിൽ മനുഷ്യർ എല്ലായിടത്തും സമാനമായ
ചിന്തകൾ പുലർത്തുന്നുണ്ട്, അത് സങ്കീർണ്ണവുമാണ് എന്നതാണ് വാസ്തവം.
പുതിയ ലോകത്ത്, പുതിയ ചിന്തയിൽ സ്വത്വം തനിമ മണ്ണ് തുടങ്ങിയ
ബോധങ്ങൾ മനുഷ്യനിൽ നിലനിൽപ്പുമായി ബിന്ധപ്പെട്ടാണ് കടന്നു വരുന്നത്.
അതോടൊപ്പം ആത്മത്തെയും അപരത്വത്തെയും അപരനെയും ആണ്
ചിന്തയുടെ ഭാഗമാക്കുകയും ചെയ്യുന്നുണ്ട്.
ഇടിമുഴങ്ങി
വിളിക്കിനെ കാറ്റ്‌
വിരട്ടുമ്പോള്‍
തിളങ്ങും കൊള്ളിയാന്‍
വെട്ടത്തില്‍
ഞങ്ങള്‍ക്കൊരു
കുടുംബഫോട്ടോയുണ്ട്.
(സ്കൂള്‍)
എന്ന് സമാന്തരജീവിതത്തിന്റെ ഉപ്പുകാറ്റുകള്‍ കവിതയില്‍ കൊളുത്തിയും

അവിടുത്തെ
മാന്തണലുകളില്‍
ഉച്ചകയറിയ കൊയ്ത്തുകാര്‍
കാറ്റിലുതിര്‍ന്ന
മാമ്പഴവും ചേര്‍ത്ത് പിഴിഞ്ഞ്
ചോറുണ്ട്
അവിടങ്ങളില്‍ തന്നെ കിടന്നു.
(കനി വീഴ്ത്തിയ കാറ്റുകള്‍)

എന്നു പ്രകൃതിയില്‍ നിന്നു മനുഷ്യനെ പറിച്ചെടുക്കാതെയും

‘’അഭയങ്ങളുടെ
കരുതൽ
നമ്മെ തനിച്ചാക്കും

കുറച്ച് മുമ്പ്
നോട്ടം കൊണ്ട്
കുഴച്ചു വച്ച
അകലങ്ങളിലൂടെ
വണ്ടി ജമന്തിപ്പാടം
പിന്നിടും

നേരം അതിന്റെ
വേഗം കൊണ്ടും
കണ്ണിന്റെ
ആഴം കൊണ്ടും
സന്ധ്യയേവരത്തും

പോകെപ്പോകെ
കാറ്റ് ആ പാടം നിറച്ച
പൂക്കളേയും
അവയുടെ
നിറത്തിന്റെ
മതിപ്പിനേയും
പച്ചയിൽ നിന്ന്
മുകളിലേക്ക്
കുലുക്കി കുലുക്കി
തെറിപ്പിക്കും’’(കൺമതിപ്പ്)
എന്ന് ചലനത്തിനെ കാഴ്ചയിലേക്ക് കൊളുത്തിയിട്ടും കവി സഞ്ചരിക്കുന്നു .
ഈ ജീവിതം സങ്കീര്ണ്ണമാണ് .കവിക്കതറിയാം .അതുകൊണ്ടാണ്
ചുറ്റുമുള്ള മനുഷ്യര്‍ അയാളുടെ ആവലാതികളിലേക്ക് കടന്നിരിക്കുന്നത് ,
ഒരു സെന്‍ കഥ കൊണ്ട് ഞാന്‍ ഇന്നയാലെ കുഴിച്ചിടും എന്നാണു കവി
ഒരിക്കല്‍ പറയുന്നത് .
മഹമുദ് ദർവിഷിന്റെ കവിതകളിൽ മനുഷ്യജീവിതത്തിന്റെ ഈ
സങ്കീർണ്ണതയും ഉൾവലിച്ചിലും അഭി സംബോധന ചെയ്യപ്പെടുന്നുണ്ട്
I come from there and I have memories
Born as mortals are, I have a mother
And a house with many windows,
I have brothers, friends,
And a prison cell with a cold window.
Mine is the wave, snatched by sea-gulls,
I have my own view,
And an extra blade of grass.
Mine is the moon at the far edge of the words,
And the bounty of birds,
And the immortal olive tree.

എന്നാണ് ദർവിഷിന്റെ കവിതയിൽ ദേശം കടന്നു വരുന്നത്.
ഇതൊരു വൈരുധ്യം കൂടി പങ്കു വക്കുന്നു. ദേശമെന്നത്
മനുഷ്യന്റെ ആത്യന്തികമായ സുരക്ഷയും സ്വപ്നവുമാണ്.അതേ സമയം
വിനാശത്തിന്റെ വിത്തുകൾ ഒളിഞ്ഞിരിക്കുന്ന മണ്ണ് കൂടിയാണിത്.
മരണം മണ്ണിലാണ്.
വരാനിരിക്കുന്ന ഭാവിയെക്കുറിച്ച് ദേശം നമ്മെ ഓർമിപ്പിക്കുന്നു
ബിനുവിന്റെ കവിതകളിൽ ദേശത്തേയും ദേശസങ്കല്പത്തെയും
ദേശബോധത്തെയും പരാമർശിക്കുമ്പോൾ,
മറാത്തി ദളിത്‌ കവി ശരണ്കുമാർ ലിംമ്പാലെയുടെ കവിതകളിലേതു
പോലുള്ള തീവ്രമായ അടയാളങ്ങൾ കണ്ടെടുക്കാനാകും

വാക്കുകളെ
നിങ്ങൾ എപ്പോഴെങ്കിലും.
നിങ്ങളുടെ ജീവിതം ഒരു കൈക്കുടന്ന
വെള്ളത്തിനു കൊടുത്തിട്ടുണ്ടോ
നഗ്നമായ, താന്തോന്നിയായ
ഒരു വഴിയിലൂടെ
അലഞ്ഞു തിരിഞ്ഞിട്ടുണ്ടോ
വിശപ്പിന്റെയും ദാഹത്തിന്റെയും
പകലുകൾ താണ്ടിയിട്ടുണ്ടോ

എന്ന് ലിംബാലെ ചോദിക്കുന്നത് ഒരു വംശത്തിന്റെ മുഴുവൻ
പ്രതിനിധിയായാണ്.
ബിനുവിന്റെ കവിതയിൽ ഇത്തരം മുഴക്കങ്ങളും ചോദ്യങ്ങളും
ഉയർന്നു കേൾക്കാം.

“”തിണിര്‍ത്ത ഞരമ്പുപോലെ
ഉണങ്ങിയ ചെമ്മണ്‍ പാതയ്ക്കപ്പുറം
ചോന്നുതുടുത്ത പട്ടത്തിനെ
ഇരുള് സംരക്ഷിക്കുന്നുണ്ട്
കാറ്റടങ്ങി നിശബ്ദമായ
ആ പകര്‍ച്ചയില്‍
രണ്ട് വലിയ പക്ഷികള്‍
അത്ര ദുഃഖികളല്ലാതെ
അതിനുള്ളിലേക്ക്
മെല്ലെ നീങ്ങുന്നുണ്ട്”
(ആമ്പലും തീയും)

“ഉത്സവം കഴിഞ്ഞ്
അടുക്കി നിര്‍ത്തിയ
അയ്യനാരുടെ
മണ്‍കുതിരകളുടെ
കണ്ണിലെ നീലയും
കഴുത്തിലെ ചെമ്പും
ഒലിച്ചിറങ്ങി””

(കുയില്‍ കുടി)

‘കവിതയും സംഗീതവും കലരുന്ന നിറങ്ങളിൽ നിന്ന് ബിനു എന്ന
കവി പകർത്തുന്ന ഭാഷയാണ് അയാളുടെ കവിതയുടെ സ്വത്വത്തെ
നിർണ്ണയിക്കുന്നത്.
ലോകമാകമാനം പുറത്താക്കപ്പെട്ടവർ എന്ന് മുദ്രകുത്തപ്പെട്ടവരുടെ
അനുഭയവങ്ങൾക്ക് സമാനതകൾ ഉള്ളത് കൊണ്ടു കൂടിയാവാം

കനത്ത് തൂങ്ങിയ ഇരുട്ടിൽ
ആർക്കും ആരുടേയും നിറങ്ങൾ മനസിലാവില്ല….
എന്ന് ശരൺ കുമാർ ലിംബാലേയുടെ കവിത നമ്മോട് ഇത്രമേൽ ആഴത്തിൽ
സംവദിക്കുന്നത്
“നെല്ലിന് മീതേ
പറക്കുന്ന കൊക്കുകള്‍ക്കൊപ്പം
ഓടുന്ന കുട്ടികള്‍
ആ കിളികളെ
നിശ്ചലമാക്കുന്നുണ്ട്”
(അന്വയം)

‘’’ചങ്ങാടമിറങ്ങി
ചേച്ചിയും മോളും അമ്മൂമ്മയും
എനിക്കുനേരെ നടന്നടുത്തു.
മൂന്നുപേരുടേയും മുഖങ്ങൾ
ഏതോ ജർമൻ എക്സ്പ്രഷനിസ്റ്റുകളുടെ
ഡ്രോയിങ്ങുപോലെ കൺതടങ്ങളിൽ
കരുവാളിച്ച കറുപ്പ്
വെളുത്ത സ്ട്രോക്കുകൊണ്ട്
കുഴിഞ്ഞു കിടന്നു.’’

എന്ന് പ്രശസ്ത ജർമൻ സംവിധായകൻ ഫാസ്ബിന്ററിന്റെ സിനിമയിൽ.
നിന്ന് ഉൾക്കൊണ്ടു എഴുതിയും.
“”പോകെപ്പോകേ..
കാറ്റ് ആ പൂക്കളെയും
അവയുടെ നിറത്തെയും
പച്ചയിൽ നിന്ന് മുകളിലേക്ക്
കുലുക്കി കുലുക്കി തെറിപ്പിക്കുo..

എന്ന് നിറങ്ങളെക്കുറിച്ച് കവിതയിൽ പടർത്തിയും ബിനു തന്റെ ലോകം
വിസ്തൃതമാക്കുന്നു.

“”ഉരിഞ്ഞു പോകുമ്പോള്‍
തൊലിയുടെ ഉള്‍ഭാഗം
റോസ് നിറത്തില്‍
കാണുമ്പോള്‍
രക്തത്തില്‍
രാഷ്ട്രീയപ്പറ്റുള്ളവര്‍ക്ക്
ഒരിത് തോന്നാതിരിക്കില്ല””(ജംപേ)
എന്ന് എഴുതുമ്പോൾ കവി സാമൂഹ്യവിമർശനത്തിന്റെ മറ്റൊരു
തലത്തിലേക്ക് എത്തുന്നു ഈ കവിതകള്‍

കൊളമ്പിയന്‍ ബ്രൗണില്‍ കൊയ്ത്തുകാരെ കാത്തുകിടക്കുന്ന
ഗോതമ്പുപാടവും ,
(വിന്‍ഡ് ജേര്‍ണി)

പൊറത്ത് നെല്ലിരുന്ന് ചൊറിയുമ്പോള്‍
തോട്ടില്‍ താറാവിനൊപ്പം അരിവാളുമായി മുങ്ങിനിവരുന്നവരും .
(അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍)

വിളക്കുവെട്ടത്തില്‍പെറ്റിക്കോട്ടിട്ട മകള്‍ ഉപ്പൂറ്റിവരെ പുതയുന്ന
ചെളിയില്‍ കാല്‍പുതച്ച് കുളത്തില്‍ കാടിന്റെ ഇടയിലേക്ക്
ചൂണ്ടച്ചുള്ളികൊണ്ട് അനക്കി ഒരു തടമുണ്ടാക്കിയിടുന്ന ചൂണ്ടയും
അതിന്റെ അനക്കവും ഒരേ രാഷ്ട്രീയത്തിന്റെ വിഭിന്ന മുഖങ്ങളാകുന്നു .

അപ്പോഴും

‘’കണ്ണുകളടച്ച്
ചുണ്ടില്‍ കാറ്റുകൊണ്ടൊരു
സുഷിരമുണ്ടാക്കി
താഴെയുള്ള സുഷിരത്തിലേക്ക്
മൂശയിലേക്കെന്നപോലെ
പ്രാണനെ ഉരുക്കി ഒഴിക്കുന്നു’’
അയാള്‍ .

“It is a funny paradox of design:
utility breeds beauty.
There is elegance in efficiency,
a visual pleasure in things that just barely work.”

എന്നു ബെന്‍ ഒര്ലിന്‍ ( Ben Orlin,) പറഞ്ഞത് പോലെ
പൊടുന്നനെ വരികയും അദൃശ്യമാകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ആണ്
ബിനുവിന്റെ കവിതകളില്‍ കാണാനാകുക .

ഇപ്പോഴിരുട്ടും
ഇരുണ്ടവള്ളവും
അവരും ഒറ്റനിറത്തിന്റെ
ചിത്രമായ് നമുക്ക് നിശ്ചയിക്കാം.

തുഴയാല്‍ വാരിപ്പിടിക്കും
വെള്ളത്തിന്റെ മൂളലില്‍
വള്ളം പതുങ്ങിക്കുതിച്ചു.
(മരിച്ചയാള്‍)

എന്നപോലെയാണത് കവിതയില്‍ തെളിയുന്നത് .

‘’വിരൽത്തുമ്പിൽ മുക്കി ഇളംനീല തീ പടർത്തി
ഇരുട്ടിലേക്ക് കുടഞ്ഞ്
തെങ്ങിൻ തോപ്പിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു
ഒരു പോളിയസ്റ്റർ കൈലി .’’

എന്ന പോലെ ഒരാളെ വരഞ്ഞെടുക്കുകയുമാകാം .

. ‘’എക്സ്പ്രഷനിസ്റ്റിനോട്
പിറകിൽ കാണുന്ന
കുടിലിൻ്റെ ചെറ്റയിൽ
തിരുകിയിരിക്കുന്ന
അരിവാൾ കാണിച്ച് കൊടുക്കുന്നു’’

എന്ന പോലെ പ്രതിരോധരാഷ്ട്രീയത്തിന്റെ സൂചനയായും ആകാം .
ഈ പ്രതിരോധസ്വഭാവം തന്നെയല്ലേ ബിനു എം പള്ളിപ്പാടിന്റെ
കവിതകളെ നില നിര്‍ത്തുന്നത് !
* * * * * * **
ഒരു കഥാപാത്രം അതെഴുതിയ കടത്തുകാരന്‍ തന്റെ പേപ്പറില്‍ പകര്‍ത്തും
മുമ്പ് അയാളില്‍ നിന്ന് കൈവിട്ടു പോയി എന്ന് ബിനു തെരോണ്‍ എന്ന
കവിതയില്‍ എഴുതുന്നുണ്ട് .ഋതുക്കള്‍ പുഴയുടെ നിറം മാറ്റുന്നതും
മണ്ണിന്റെ തിട്ടു കുതിര്‍ത്ത് പല തട്ടില്‍ അടയാളം വച്ചു ഒഴുകുന്നതും
അയാള്‍ കണ്ടു .പിന്നീട് വന്ന മഴക്കാലത്ത് മലരിയും തുഴയുടെ കനവും
തണുപ്പും ഏറി വന്നപ്പോള്‍ അതിനെ അതിജീവിക്കാന്‍ അയാള്‍
തോണിയില്‍ വന്നു പോയവരിലേക്ക്
ആ കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചു എന്നാണ് ഈ കവിത അവസാനിക്കുന്നത് ,

ബിനു എം പള്ളിപ്പാട് എന്ന കവിയുടെ കവിതകലെക്കുറിച്ച്
എഴുതിത്തുടങ്ങിയപ്പോള്‍ , ഭൂമിയില്‍ അയാളുണ്ടായിരുന്നു .അവസാന
ഖണ്ഡിക എഴുതുമ്പോള്‍ കവിതകള്‍ മാത്രം അവശേഷിപ്പിച്ചയാള്‍
മാഞ്ഞു പോയി

അയാളില്ലാതെയും
മനുഷ്യരെക്കയറ്റിയ
വള്ളം
അയാളക്കരെയെത്തിച്ചു കാണും

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here