കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
ഡോ. രോഷ്നി സ്വപ്ന
We love the things we love for what they are.”
― Robert Frost
മരിച്ചതിനു ശേഷവും ഏകാകിയായി ഇരിക്കുന്ന ഒരാളാണ് കൽപ്പറ്റ നാരായണന്റെ കവിതകൾ എഴുതിക്കൊണ്ടിരിക്കുന്നത് എന്ന്
തോന്നും അത്രമേൽ പ്രണയവും അത്രമേൽ ഏകാഗ്രതയും അത്രമേൽ മൃത്യു ശൈത്യവും അവർക്കുമേലുണ്ട്.
വേർതിരിച്ചെടുക്കാൻ ആവാത്തവിധം വേരുകൾക്കിടയിൽ അറിയാതെ മുളക്കുന്ന പച്ചിലപ്പൊടിപ്പുകൾ ആണവ. നിശ്ചലമായ
ജലപ്പരപ്പിൽ ഒരു അരയന്നച്ചിറകടി മതിയാകും ഉള്ളിൽ ഉറക്കം നടിച്ചു കിടക്കുന്ന ഓളങ്ങൾക്ക് മുകളിലേക്ക് കുതിച്ചുയരാൻ എന്ന
സ്വപ്നം കാണും പോലെ ഗുപ്തമായാണ് കൽപ്പറ്റയുടെ കവിതകളിൽ പ്രണയവും മരണവും ഏകാന്തതയും ഒളിച്ചു കളിക്കുന്നത്.
“അടുത്തെത്തും തോറും
അകലം കൂട്ടിക്കൊണ്ടിരിക്കുന്ന
ഒരു ദൈവം വേണം പ്രണയത്തിൽ”
എന്ന പ്രാർത്ഥനപോലെ
“ഉറങ്ങുന്നവർ മരണം പരിശീലിക്കുകയാണോ”
എന്ന ആശങ്ക പോലെ
“നിത്യവും
പരിചയിച്ചില്ലെങ്കിൽ
മരണം മെരുങ്ങില്ലെന്നു
വരുമോ “
എന്ന ആധി പോലെ ഗുപ്തമാണ്.
ഈ വരികൾ ഒന്നുകൂടി വായിക്കേണ്ടതുണ്ട്. നിത്യവും നാം മരണത്ത കൂടുതൽ കൂടുതൽ അടുത്തു നിന്ന് അറിയാൻ പരിശീലിപ്പിക്കുകയാണ് എന്ന തിരിച്ചറിവ് കവിയെക്കൊണ്ട് തുടർന്ന് എഴുതിക്കുന്നത്
“”മരിച്ചവരെ നോക്കൂ
മരണവുമായി
എത്ര മൈത്രിയിൽ ആണവർ!” എന്നാണ്.
എത്രയേറെ മരണവുമായി മൈത്രിയിൽ ആകുമ്പോഴും
തുടിക്കുന്ന ജീവിതമാണ് ഈ കവിതകളെ ശ്രദ്ധേയമാക്കുന്നത്.
സ്വന്തം മണ്ണിനു മേൽ യാതൊരു ഉടമസ്ഥാവകാശവും ഇല്ലാത്ത ഒരു പ്രവാചകനും, സ്വന്തം ആളുകൾക്കിടയിൽ അപരിചിതനായി
പോകുന്ന കവിക്കും മരണം ഒരുപോലെയാണെന്ന ജിബ്രാന്റെ വരികൾ പോലെയാണത്.
കവി തിരക്കേറിയ ജീവിതപ്പാത മുറിച്ചു കടക്കാൻ കാത്തുനിൽക്കുകയാണ്. ബുദ്ധന് ഏറെ എളുപ്പം മുറിച്ചുകടക്കാൻ കഴിഞ്ഞ, തനിക്ക് മുറിച്ചുകടക്കാൻ ആവാത്ത ജീവിതം അയാളെ അമ്പരപ്പിക്കുന്നു. ഒരാൾക്കും ഉറങ്ങാൻ കഴിയാത്ത വെളിച്ചത്തിലും സ്ഥലത്തും സമയത്തും ഒച്ചപ്പാടിലും നിശ്ചിന്തമുറങ്ങാൻ കുറഞ്ഞ പരിശീലനം മതിയോ എന്ന് അയാൾ ഒരു നിമിഷം ആലോചിക്കുന്നു.
അപ്രതീക്ഷിതമായിട്ടാണ് മരണം ചില കവിതകളിൽ കടന്നുവരുന്നത്.
‘പുത്രൻ ‘എന്ന കവിതയിൽ മരണം എന്ന വാക്കേ ഉച്ചരിക്കുന്നില്ല. അച്ഛന് കൊടുക്കേണ്ട മരുന്നുമായി വരുമ്പോൾ ദൂരെ നിന്നു വരുന്ന
ബന്ധുക്കളാണ് മരണത്തെ അനുഭവിപ്പിക്കുന്നത്. അവനാണ് മരിച്ചതിനു ശേഷവും ഏകാകിയായി അലയുന്നവൻ!
ജീവിച്ചിരുന്നപ്പോൾ ഇത്ര സുവ്യക്തമായി അയാൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം.
“ഒരിക്കൽ മരിച്ചുകഴിഞ്ഞാൽ
ഒന്നും പഴയതു പോലെ
ആവില്ലല്ലോ.”
വിശപ്പ് ഭൂമിയിൽ വെച്ച് മറന്നുപോയവരെക്കുറിച്ചാണ് “നരകത്തിലെയും സ്വർഗ്ഗത്തിലെയും ജീവിതം” എന്ന കവിത.
ജീവിതത്തിൻറെ അവ്യവസ്ഥിതങ്ങളെ കോർത്ത് കെട്ടുകയാണ് ഈ കവിത.
ഏകാന്തതയും ആത്മാവിനെ കാർന്നു തിന്നുന്നത് എന്തുകൊണ്ടാണ്
ഈ കവിതകളിൽ?
Labirynth of solitude ൽ ഒക്ടോവിയ പാസ് പറഞ്ഞ ഏകാന്തത അല്ല ഇത്.
ഏകാന്തതയുടെ തുരുത്താണ് അത് .
“”solitude is the profoundest
fact of the human conditions “” എന്നാണ് പാസ് പറയുന്നത്.
മനുഷ്യാവസ്ഥയുടെ ഏറ്റവും ഗഹനമായ സത്യമെന്നത് ഏകാകിത ആണത്രേ! അങ്ങനെയെങ്കിൽ മനുഷ്യൻ അതേക്കുറിച്ച് ബോധവാനാകേണ്ടതുണ്ട്. കവിതയിൽ കവി ഏകാന്തതയെക്കുറിച്ച് പറയുകയാണ്. അത് കേൾക്കുന്നതും ഏകാകിയായ താൻ
തന്നെയാണ്. അതേക്കുറിച്ചുള്ള ബോധം മരണത്തെ പ്രണയത്തോളം എത്തിക്കാൻ സഹായിക്കുന്നു. മരണഭയം മാറ്റുന്നു. മരണശേഷവും
ഏകാകിയായി ഇരിക്കാൻ അയാളെ പ്രാപ്തനാക്കുന്നു. ഈ ഏകാകിതയിൽ അയാൾ സംതൃപ്തനാണ്.
”വീണപ്പോൾ താങ്ങിയ അപരിചിതൻ
എന്നിലുള്ള ശങ്ക
തീർത്തു തന്നില്ലേ “?
എന്ന ബുദ്ധൻറെ ചോദ്യത്തിൽ മുഴങ്ങുന്ന ഏകാന്തതയല്ലേ സത്യത്തിൽ കൽപ്പറ്റ നാരായണൻറെ കവിത?
ഏകാന്തതയുടെ ഏറ്റവും നിഗൂഢമായ ഒരു അബോധത്തിൽ നടന്നിട്ടല്ലേ അയാൾ വീഴുന്നതും, അപരിചിതൻ അയാളെ
താങ്ങുന്നതും? ഈ അപരിചിതനെ തിരയലല്ലേ, ഒറ്റക്ക് തിരയലല്ലേ കവിത?
എത്ര തിരഞ്ഞിട്ടും കിട്ടാത്ത അയാളെ ആവിഷ്കരിക്കലല്ലേ കവിത? അപരിഹാരിയായ ഈ ഏകാന്തത അനുഭവിക്കാത്ത ആരുണ്ട്
ഭൂമിയിൽ? കുമാരനാശാൻ അനുഭവിച്ചിട്ടുണ്ടായേക്കാവുന്ന ഏകാന്തത ആയിരിക്കാം ഒരു പക്ഷേ ‘ചിന്താവിഷ്ടയായ സീത’യായി പിറന്നത്.
എത്ര ആഴത്തിലാണ് സീതാകാവ്യം ഏകാന്തതയെ
അടയാളപ്പെടുത്തുന്നത്!
“” രവി പോയി മറഞ്ഞതും
സ്വയം ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും.
അവനീശ്വരിയോർത്തതില്ല
പോന്നവിടത്താൻ
തനിയെ ഇരിപ്പതും “”
ഈ തനിച്ചിരിപ്പിന്റെ ആഴം അളക്കതല്ല. സൂര്യൻ മറഞ്ഞു നിലാവും പരന്നത് അറിയാത്ത വണ്ണം തനിയെയാണ്
അത്. ഒറ്റയ്ക്ക് എന്ന വാക്കിനപ്പുറം ഏകാന്തം ആണ് ‘തനിയെ’ എന്ന വാക്ക്. മാത്രവുമല്ല
“സ്വയമിന്ദ്രിയമദഹേതുവാo
ചിലഭാവങ്ങളൊഴിഞ്ഞു പോകയാൽ
ദയതോന്നിടുമാറു മാനസം
നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടു പോൽ” ആണ് സീത.
‘ഒഴിച്ചിൽ’ ആണ്ഇവിടെ.
ഇന്ദ്രിയങ്ങളെ ആനന്ദിപ്പിക്കുവാൻ കാരണമായ ഭാവങ്ങൾ ഒഴിഞ്ഞ ശൂന്യതയിൽ ആണ് ഈ തനിച്ചിരിപ്പ്. ഈ തനിച്ചിരിപ്പിന്റെ ദൈർഘ്യം കൂടുമ്പോൾ
“കരണക്ഷതിയാർന്നു
വാഴ്വിലും
മരണം നല്ലൂ മനുഷ്യനോർക്കുകിൽ”
എന്ന് ചിന്തിക്കുന്നുണ്ട് സീത. സീത മാത്രമല്ല ഏകാന്തത അനുഭവിക്കുന്നത്. സീതയെ പിരിഞ്ഞ രാമനും കൂടിയാണ്.
“വിരഹാർത്തിയിൽ
വാടിയേകനായ്
കര കാണാത്ത മഹാ വനങ്ങളിൽ
തിരിയും രഘു നാഥൻ”
എന്ന് ആശാൻ പറയുന്നുണ്ട്. ഏത് കവിയിലുമ ള്ള ഏകാന്തതയുടെ പരകോടിയിൽ ആയിരിക്കാം ആശാൻ ഇത്തരത്തിൽ ഒരു കവിത എഴുതിക്കാണുക.! എഴുതിയശേഷം കവിക്ക് ഏകാന്തതയെ മറികടക്കാൻ കഴിഞ്ഞിരിക്കുമോ?
മറികടന്നാൽ പിന്നെ കവിത ഉണ്ടാവില്ലല്ലോ! ബുദ്ധൻ ചോദിക്കുന്നതും ഈ ചോദ്യമായിരിക്കാം. ബുദ്ധൻറെ ചോദ്യത്തിനുള്ള ഉത്തരം ആയാണ് കൽപ്പറ്റയുടെ കവിത എന്ന് കരുതാം.
“എപ്പോഴും കയറിചെല്ലാവുന്ന
മുറിയിലിരുന്നല്ല.
ഏതാവശ്യത്തിനും
അവിടെയുള്ള
മുറിയിലിരുന്നല്ല.
ചിലപ്പോൾ മാത്രം
കണ്ടെത്താൻ കഴിയുന്ന
നിഗൂഢമായ
ഒരു മുറിയിലിരുന്നാണ്
കവിത എഴുതുന്നത്’’
എന്ന് കവി മുന്നേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കോളറിഡ്ജിന്റെ ഡയറിയിൽ പറയുന്നത്
“ഒരാൾക്ക് സ്വപ്നത്തിൽ സ്വർഗ്ഗം മുറിച്ചുകടക്കാൻ ആകുന്നെങ്കിൽ,….
ഒരു പൂവ് സമ്മാനിക്കപ്പെടുന്നെങ്കിൽ…. അയാളുടെ ആത്മാവ്
തീർച്ചയായും അവിടെ ഉണ്ടാവും.
ഉറങ്ങിക്കിടക്കുന്ന അവനെ ഉണർത്താൻ ആ പൂവിനാവും എന്നാണ് “”
‘അവർ വളരുകയാണ്’ എന്ന കവിതയിൽ മരിച്ചുപോയ കുഞ്ഞുങ്ങളെ കുറിച്ച് എഴുതുന്നുണ്ട് കവി.മരിച്ച കുഞ്ഞുങ്ങൾ വീണ്ടും വളരുകയാണ് അവർ മരിച്ചപ്പോൾ തെളിഞ്ഞുവന്ന ശൂന്യത വളരുകയാണ്. അവരുടെ ഓർമ്മകൾ വളരുകയാണ്.
time grows with my memories എന്ന് ചാൾസ് ബോദ്‌ലെയർ തന്റെ മറവിയോട് പറയുന്നത് ഓർക്കുക. ഒരേ ഭ്രമം കൊടുക്കുന്ന ആത്മാരാധകർ മുങ്ങിത്താഴ്ന്ന തടാകം എന്ന വിശേഷണമുള്ള, എത്ര വായിച്ചാലും മടുക്കാത്ത പുസ്തകം പോലെയല്ലേ ….
കണ്ണെടുക്കാൻ തോന്നാത്ത കണ്ണാടിയുടെ ഏകാന്തത പോലെയല്ലേ!നമ്മൾ നോക്കിക്കൊണ്ടിരുന്നാൽ മാത്രം ചലനാത്മകമായ ഒന്ന്! നമ്മൾ
അനക്കം നിർത്തിയാൽ നിശ്ചലമാകുന്ന ഒന്ന്! വഴിയിൽ കണ്ടാലറിയാത്ത അത്രയ്ക്ക് അപരിചിതമാകും അത്, ഉറപ്പ്.
നടത്തവും ദൂരവും എത്തലും വൈകലും ഒക്കെ ഈ ഏകാകിത മൂലമാണ്. ഒറ്റക്ക് മുടന്തി എത്താൻ അത്രയ്ക്ക് കഷ്ടമത്രേ ഇയാൾക്ക്.
“എനിക്ക് ഓടി മുകളിൽ എത്താനാവില്ല
മുകളിലെത്താൻ ആവില്ല.
ഏറി മുകളിലെത്താനാവില്ല.
പെട്ടെന്ന് അപ്രത്യക്ഷനാകാനാവില്ല.
പിന്നിലായവന്റെ
താഴെയായവൻറെ ഒറ്റയ്ക്കായവൻറെ
നിശബ്ദത
എന്നിലുണ്ട് “
എന്ന് അയാൾ ഉറപ്പിച്ചു പറയുന്നുണ്ട്
“അതെൻറെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമായിരുന്നു. അത്
എന്താണെന്ന് എനിക്കറിയില്ല എങ്കിലും”
എന്ന് ഓർഹാൻ പാമുക്ക് വരച്ചിടുന്നുണ്ട് ഈ നിശബ്ദതയെ.
“മ്യൂസിയം ഓഫ് ഇന്നസെൻസ്” ആരംഭിക്കുന്നതുതന്നെ നിശബ്ദതയിൽ
ആണ്. അങ്ങനെ നിശബ്ദമായി നോക്കി നിൽക്കുമ്പോഴാണ് “വളർച്ച അകന്നു പോവൽ ആണ്” എന്നു കവിക്ക് തോന്നുന്നത്.
ഈ വരി അത്രയേറെ ചലനാത്മകവും ദൃശ്യാത്മകവും ആണ്. തൻറെ വളർച്ച നോക്കി നിൽക്കുന്ന ഒരാൾ. അയാൾ കാണുന്നത്
തന്നിൽ നിന്ന് താൻ തന്നെ വളർന്നു അകന്നുപോകുന്ന ദൃശ്യമാണ്.
“ഞാൻ
എന്നെ
തരണം ചെയ്തില്ല”
എന്ന് കവി പറയുന്നതും നിശബ്ദമായാണ്. അതിനു കാരണവും കവിക്കുണ്ട്.
“ഭൂമിയിൽ ഞാൻ മാത്രം ദൈവത്തിൻറെ ച്ഛായയിലല്ല”
എന്നതാണ് ആ കാരണം.
“എൻറെത് തെറ്റിദ്ധരിക്കാനാവാത്ത ഏകാന്തത” എന്ന കൃത്യമായ അവബോധവും ഉണ്ട്. മനസ്സിന് മാത്രമല്ല ഈ ഏകാന്തത.
“കൂട്ടത്തിലിരിക്കുമ്പോൾ കൂടുതൽ ഏകാകിയായ
ഒരു അനാഥ ബാലനെപ്പോലെ എൻറെ പാദം”
കൂടുതൽ ഏകാകി ആവുന്നു കവി.അത് കൂട്ടത്തിൽ ഇരിക്കുമ്പോൾ മാത്രമല്ല. ഒറ്റയ്ക്കിരിക്കുമ്പോഴും ഉണ്ട്, ഞാൻ വൈകിയോ എന്നും ഞാൻ കഴിഞ്ഞു പോയോ എന്നും മറ്റുള്ളവർക്കില്ലാത്ത ഒരക്ഷമ ഉള്ളിലുണ്ട് കവിക്ക്.
“എന്നെക്കൊല്ലുന്ന
ഈ ഏകാന്തത
ആരെറിഞ്ഞതാണ്”
എന്ന് ഒരു സമയത്ത് പൊട്ടിത്തെറിക്കേണ്ടി വരുന്നുണ്ട് അയാൾക്ക്. ദുഃഖമേ എന്തെന്നറിയാത്ത രാജകുമാരന്റെ വഴിയിൽ നിന്ന്
മാറ്റിനിർത്തപ്പെടുമ്പോൾ, കവിയുടെ ആത്മഗതംഈ ഏകാന്തതയെ മരണത്തോട് ചേർത്തുവെക്കുന്നു.
“ജീവിതം
ക്ലേശകരമായ
ഒരു കാൽനടയാത്രയാണെന്ന്
നേരത്തെ അറിയുമായിരുന്നു.
നിരന്ന നിരത്തുകളും
നിരപ്പറ്റത് എന്നറിയുമായിരുന്നു.
മരണത്തേക്കാൾ കനമുള്ളവ
ഭൂമിയിലുഉണ്ടെന്ന്
അറിയുമായിരുന്നു.”
എന്നാണ് കവിയുടെ വെളിപ്പെടുത്തൽ മരണത്തേക്കാൾ കനമുള്ളത് മനുഷ്യൻറെ ഏകാന്തതയല്ലാതെ മറ്റെന്ത്! ഈ ഏകാന്തതയിൽ എത്ര കഷ്ടപ്പെട്ടാലാണ് സ്വയം നീങ്ങാനാവാത്ത ഒരു വസ്തു നമ്മുടെ മുന്നിലെത്തുക എന്ന് ആധി കൊള്ളേണ്ടി വരുന്നു.
യാൻ മാർഷൽ എന്ന കവി എഴുതുന്നു.
“എല്ലാ ജീവജാലങ്ങളിലും
ഉന്മാദത്തിന്റെ
ഒരംശമെങ്കിലും ഉണ്ടാവും.
പലപ്പോഴും അപരിചിതവും
വിശദീകരിക്കാനാവാത്തതുമായ
വഴികളിലൂടെ അത്
നമ്മെ നയിക്കും.”
ഏകാന്തതയുടെ ഒരു വലിയ കുമിളയിൽ ഇരുന്നുകൊണ്ട് കവി സമയത്തെക്കുറിച്ച് ഉത്കണ്ഠാകുലനാകുന്നു. ഒറ്റയ്ക്ക്. അങ്ങനെയാണയാൾ റോഡ് മുറിച്ചുകടക്കുന്ന ബുദ്ധനെ കണ്ടുമുട്ടുന്നത്. അയാൾക്കോ തനിക്കോ വേണ്ടി ആരും കാത്തു നിൽക്കുകയോ വേഗം കുറക്കുകയോ ചെയ്യുന്നില്ല. ഒരു വാഹനവും വേഗം കുറയ്ക്കുന്നില്ല.
“സ്വാഭാവികവും
വിസ്തൃതവും
ഏകാന്തവുമായ….
പലപ്പോഴും അവിടെ ഉണ്ടായിരുന്ന”
ഒരു വഴിയിൽ അപരൻ തന്നെ കൂടാതെ ഒറ്റയ്ക്ക് വഴി മുറിച്ചു കടക്കുന്നത് അയാൾ കാണുന്നു.
“” മരണ മുറിയിൽ
എന്തെങ്കിലും
സാധാരണമാണോ? “”
എന്ന ചോദ്യത്തിന് നമുക്ക് ഉത്തരമില്ല. നിശബ്ദമാണ് മറുപടി(മഹസർ) ഈ നിശബ്ദത വേദനാജനകമാവുന്നു ചിലപ്പോൾ.
“” ഊഴം ആകാത്തതിന്റെ…
ഊഴമായിക്കൊണ്ടിരിക്കുന്നതിന്റെ ഏകാന്തത.
ഒപ്പമെത്താത്തതിന്റെ വേദന
ഒപ്പം മാത്രം എത്തുന്നതിന്റെ വേദന.
ഈ വേദന
മരണ തുല്യമാണ് “”
’സംസാരം’ എന്ന കവിതയിൽ അവസാനകാലത്ത് സംസാരശേഷി നഷ്ടപ്പെട്ട ഒരാളെ കുറിച്ച് പറയുന്നു. ഉത്തരങ്ങൾ വേണ്ട ചോദ്യങ്ങൾ
ആരും അയാളോട് ചോദിക്കുന്നില്ല. അയാൾ ചോദിച്ചത് ആരും കേട്ടിരിക്കില്ല. എന്തിന് സംസാരിച്ചു കൊണ്ടിരിക്കാൻ തോന്നുന്നതൊന്നും അയാൾക്ക് ആരും നൽകിയിട്ടില്ല. അത്രമേൽ ഏകാകിയാണയാൾ. അതുകൊണ്ടാണ് പൂർവികം എന്ന കവിതയിൽ അയാൾ ഇങ്ങനെ എഴുതുന്നത്.
“എത്ര ശരീരങ്ങൾ
കത്തിയ
വെളിച്ചത്തിൽ ഇരുന്നാണ്
നാം തർക്കിക്കുന്നത്
വായിക്കുന്നത്
സഞ്ചരിക്കുന്നത്”
മര്യാന മൂർ തന്റെ കവിതയിൽ എഴുതുന്നുണ്ട്.
“”the cure for loneliness is solitude “”
ഏകാന്തവും ഒറ്റയുമായുള്ള ചങ്ങലക്കൊളുത്തുകൾ കവിതയിൽ എത്തുമ്പോൾ കൂടുതൽ ചേർന്നുകിടക്കുന്നു.
അലക്സാണ്ടർ പോപ്പിന്റെ ഏകാന്തതയ്ക്ക് ഒരു ഗീതം എന്ന കവിതയിൽ ഈ ഒറ്റപ്പെടൽ വ്യത്യസ്തമാണ്.
Thus let me live
unseen, unknown
Thus unlmented let me die
steal from the world
and not a stone
tell where i lie
ഏകാന്തതയും മരണവും കൈകോർക്കുകയാണ് ഇവിടെ.
കൽപ്പറ്റയുടെ “ആമ” അവനവനിലേക്ക് ചുരുങ്ങുന്ന ഏകാന്തതയെ ആണ് ആവിഷ്കരിക്കുന്നത്.
“ഒരു സങ്കേതത്തിലും
സമയത്തിന്
എത്താൻ കഴിയാത്തതിനാൽ,
ഞാൻ എൻറെ വീടും
ചുമന്ന് നടക്കുന്നു.””
ആരെയും വിശ്വാസമില്ലാത്ത ആണ് അയാൾ അത് ചെയ്യുന്നത്. ഒടുവിൽ ആൾതാമസമില്ലാത്ത വീടായി അയാൾ മാറുന്നു.
”ദുർവാശി” മരിച്ചവരെക്കുറിച്ചാണ് പറയുന്നത്.
“മരിച്ചവർ
ദുർവ്വാശിക്കാരാണ്.
അവർ ചെയ്യില്ല എന്ന്
ഉറപ്പിച്ചത്
ഇനി ചെയ്യില്ല
അത്രതന്നെ”
ജീവിച്ചിരിക്കുന്നവരെക്കാൾ ഏറെ ശാഠ്യം മരിച്ചവർക്ക് ആണ് ഈ കവിതയിൽ. മനുഷ്യനും നരഭോജിയും പറയുന്ന ഒരേ ഭാഷയാണു
അയാളുടെ പ്രശ്നം.കവി തന്നെത്തന്നെ നിർവചിക്കുന്നത് ഇങ്ങനെയാണ്.
“പുറത്തേക്കിറങ്ങാൻ
വാക്കിന്റേതല്ലാത്ത
വാതിലുണ്ടോ?
അകത്തേക്ക് കയറാൻ
വാക്കിന്റേതല്ലാത്ത
വാതിലുണ്ടോ?
വാക്കല്ലാതെ മറ്റൊരു വാതിലും ഇല്ലാത്ത ഒരു കോട്ടയിലാണ് മനുഷ്യൻ.കവിയെ അത് അറിയുന്നുള്ളൂ എന്തിനെയും വാതിൽ ആക്കി അയാൾ പുറത്ത് കടക്കുന്നു എന്തിനെയും വാതിലാക്കി അയാൾ അകത്തു കടക്കുന്നു(കവി).
കവിതയും ജീവിതവും ഒക്കെ കാത്തുനിൽപ്പായി മാറുമ്പോൾ ഏത് മറയും വാതിലാക്കാൻ കെൽപ്പുള്ളവനായി കവി മാറുന്നു.
കൽപ്പറ്റയുടെ കവിതകളിലെല്ലാം ഒരാളുണ്ട്. കൈവിലങ്ങിട്ട് ഏറെ നഗ്നനാണ് അയാൾ. അയാളോളം വരില്ല ആർക്കും വിദൂര ബന്ധങ്ങൾ.
ഇവിടെ ഇരുന്നു കൊണ്ട് തന്നെ ദൂരദേശത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ അയാൾക്ക് ആവുന്നുണ്ട്.
എത്ര വെള്ളം കോരിയിട്ടും വരാത്ത ആനന്ദനാണയാൾ. നേരത്തെ ഇറക്കങ്ങളായിരുന്നവ ഇപ്പോൾ കയറ്റങ്ങൾ ആയിരിക്കുന്നു എന്നയാൾ
തിരിച്ചറിയുന്നുണ്ട്. അയാളെക്കുറിച്ച് കവിക്ക് പറയാനുണ്ട്
“ഒരാൾ
ഉടനീളം
അയാളല്ല “
** * **
വാക്കിൻറെ കാണാ ഉടലിനെയാണ് കൽപ്പറ്റ നാരായണന്റെ കവിതകൾ വരച്ചു ചേർക്കാൻ ശ്രമിക്കുന്നത്.
അവിടെ സ്വന്തം അനുഭവങ്ങളും ഏകാകിതയും പ്രണയവും കാവ്യഹേതുക്കൾ ആയി വരുന്നു.
കവിയിൽ നിന്ന് കവിതയിലേക്കും കവിതയിൽനിന്ന് കവിയിലേക്കും നാം തിടുക്കപ്പെട്ടു ഓടുന്നു.
ഓരോ വായനക്കാരനും വായനക്കാരിയും അനുഭവിക്കുന്നത് ഇതേ ഏകാന്തത തന്നെയല്ലേ എന്ന് ആകാംക്ഷയോടെ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.