ഏതുകാലാവസ്ഥയിലും സൈന്യത്തെ സഹായിക്കും; ‘റിസാറ്റ് 2-ബി’ ഭ്രമണപഥത്തിൽ

0
139
ചെന്നൈ: ഭൗമനിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ‘റിസാറ്റ് 2-ബി’ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പുലര്‍ച്ചെ 5.27 നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. പി.എസ്.എല്‍.വി.യുടെ 48-ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഉപയോഗിക്കാതെയുള്ള പി.എസ്.എല്‍.വി.യുടെ 14-ാം ദൗത്യമെന്ന സവിശേഷതകൂടി ഇതിനുണ്ട്.
ഏതുകാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്നതിന് ഉപകരിക്കുന്ന റിസാറ്റ് 2-ബി ഉപഗ്രഹം പുതിയ സാങ്കേതികവിദ്യകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആകാശനിരീക്ഷണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ഈ പുതിയ ദൗത്യത്തിലൂടെ രാജ്യാതിര്‍ത്തിയിലെ ഭീഷണികള്‍ നിരീക്ഷിക്കാനാവും.
ഉപഗ്രഹത്തിലെ സിന്തറ്റിക് അപാര്‍ച്ചര്‍ റഡാര്‍ രാപകല്‍ഭേദമില്ലാതെ, കാലാവസ്ഥാവ്യത്യാസമില്ലാതെ മിഴിവുള്ള ചിത്രങ്ങള്‍ പകര്‍ത്തും. പാക്കധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിന് ഉപഗ്രഹം സഹായകമാകും. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുനല്‍കുന്നതിനൊപ്പം കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായകമാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 615 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 2009 ഏപ്രില്‍ 20-നാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here