ധനുഷിന്റെ ഹോളിവുഡ് സിനിമ എത്തി

0
111

തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം ദ എക്‌സ്‌ട്രാഓര്‍ഡിനറി ജേർണി ഓഫ് ദി ഫക്കീർ ജൂൺ 21ന് റിലീസ് ചെയ്യും. ഇന്ത്യക്ക് പുറമേ അമേരിക്ക, ക്യാന‍ഡ, ബ്രിട്ടൺ, സിംഗപ്പുർ, മലേഷ്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലും ചിത്രം പ്രദർശനത്തിനെത്തും. ധനുഷിന്റെ തെന്നിന്ത്യൻ ആരാധകർക്കായി ചിത്രത്തിന്റെ തമിഴ് പതിപ്പും ഒരുക്കിയിട്ടുണ്ട്. പക്കീരി എന്ന് പേരിട്ട ചിത്രം ഇതേദിനത്തിൽ തെന്നിന്ത്യ കീഴടക്കാനെത്തും. ഫ്രഞ്ച് എഴുത്തുകാരൻ റോമിൻ പ്യൂർടോളാസിന്റെ ജനപ്രിയ നോവലിന്റെ ചലച്ചിത്രാഖ്യാനം വൻ പ്രതീക്ഷയോടെയാണ് യൂറോപ്യൻ ആരാധകരും കാത്തിരിക്കുന്നത്. കനേഡിയൻ തിരക്കഥാകൃത്തും സംവിധായകനുമായ കെൻ കോട്ട് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈക്കാരനായ അജാതശത്രു ലാവാഷ് പട്ടേൽ തന്റെ അജ്ഞാതനായ പിതാവിനെത്തേടി പാരീസിലേക്ക് നടത്തുന്ന യാത്രയാണ് സിനിമ രസകരമായി അവതരിപ്പിക്കുന്നത്.

ഫ്രാൻസ്, യുകെ, സ്പെയിൻ, ഇറ്റലി, ലിബിയ വഴിയാണ് അജാതശത്രു പാരീസിലെത്തുന്നത്. മെൽബൺ ഇന്റർനാഷണൻ ചലച്ചിത്രോത്സവത്തിലായിരുന്നു സിനിമയുടെ ആദ്യ പ്രദർശനം. കഴിഞ്ഞവർഷത്തെ കാൻ മേളയിലായിരുന്നു സിനിമയുടെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തത്. ഇതിനോടകം സ്പെയിനിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം സൃഷ്ടിച്ചിരുന്നു. സിനിമയുടെ ഇന്ത്യൻ റിലീസ് ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ധനുഷ് ട്വിറ്ററിൽ കുറിച്ചു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ നിരവധി താരങ്ങൾ സിനിമയിൽ ധനുഷിനൊപ്പം അഭിനയിക്കുന്നു.

ധനുഷിന് ദേശീയപുരസ്കാരം നേടിക്കൊടുത്ത സംവിധായകൻ വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോൾ. അസുരൻ എന്ന് പേരിട്ട ചിത്രത്തിൽ ധനുഷ് അച്ഛനായും മകനായും എത്തുന്നു. മഞ്ജുവാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here