റിനത് രാജേന്ദ്രൻ
പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായവിപ്ലവത്തിന് ശേഷം ബ്രിട്ടനായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി.
സാമ്രാജ്യത്വ അധിനിവേശങ്ങൾ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടനെ വളർത്തി. ഒന്നാം ലോകമഹായുദ്ധം പോലും ബ്രിട്ടൻ കാര്യമായ പോറൽ ഏൽക്കാതെ തരണം ചെയ്തുപോന്നു.
പക്ഷെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അക്ഷരാർത്ഥത്തിൽ തകർത്തത് രണ്ടാംലോക മഹായുദ്ധമായിരുന്നു.
യുദ്ധാന്ത്യം വിജയക്കൊടി പാറിച്ചു ആത്മാഭിമാനത്തോടെ തലയുയർത്തി പിടിച്ച ബ്രിട്ടീഷ് ജനത പിന്നീട് അഭിമുഖീകരിച്ചത് കൊടും ദാരിദ്ര്യമായിരുന്നു.
ഡൊമനിക് ലാപിയറും ലാരി കോളിന്സും ചേർന്ന് എഴുതിയ ‘Freedom at midnight ‘ എന്ന പുസ്തകത്തിന്റെ ആദ്യ പേജിൽ യുദ്ധാനന്തര ബ്രിട്ടീഷ് ജനതയുടെ ജീവിതത്തെ ലളിതമായ് വിവരിക്കുന്നുണ്ട്. 1947ലെ ലണ്ടൻ നഗരത്തിന്റെ പുതുവർഷ പ്രഭാതത്തിലെ അവസ്ഥ വിവരിക്കുന്നത് ഇങ്ങനെയാണ്. “ആ ഉത്സവദിനപ്രഭാതത്തിൽ മരംകോച്ചുന്ന തണുപ്പിൽ ഒരു പുരുഷന് മുഖം ക്ഷൗരം ചെയ്യാനോ ഒരു സ്ത്രീയ്ക്ക് കുളിത്തൊട്ടിയുടെ അടിത്തട്ട് നനയ്ക്കാനോ മതിയാവുന്നത്ര ചൂട് വെള്ളം ലഭ്യമാകുന്ന വീടുകൾ ഇല്ലായിരുന്നെന്ന് പറയാം… തെരുവുകളിൽ യുദ്ധാനന്തര ലണ്ടന്റെ പ്രത്യേകതയായ ദുർഗന്ധം വിങ്ങി നിന്നു. ബോംബ് വീണു തകർന്ന ആയിരക്കണക്കിന് കെട്ടിടങ്ങളുടെ കരിഞ്ഞ അവശിഷ്ടങ്ങളിൽ നിന്ന് ശീതകാല മൂടൽ മഞ്ഞു പോലെ വീർപ്പു മുട്ടിക്കുന്ന മണം ഉയർന്നു പരന്നു….
ബ്രിട്ടന്റെ വ്യവസായങ്ങൾക്ക് മുടന്തേറ്റു. ഖജനാവ് പാപ്പരായി. ഇരുപത് ലക്ഷം ബ്രിട്ടീഷ്കാർ തൊഴിൽരഹിതരായി മാറി.. ” അതായിരുന്നു പിന്നീട് കണ്ട ബ്രിട്ടൻ. യുദ്ധക്കെടുതിയിൽ വിറങ്ങലിച്ച ബ്രിട്ടൻ.
സോവിയറ്റ് യൂണിയൻ എന്ന വലിയ ശക്തിയെയാണ് പിന്നീട് അങ്ങോട്ട് ലോകം കണ്ടത്. യുദ്ധത്തിൽ സോവിയറ്റു യൂണിയനായിരുന്നു ഏറ്റവും കൂടുതൽ ആൾനാശം ഉണ്ടായിരുന്നത്. പട്ടാളക്കാരും തദ്ദേശീയരും ഉൾപ്പെടെ ഏകദേശം 20മില്യൺ മനുഷ്യർ ആ യുദ്ധത്തിൽ ജീവൻ വെടിഞ്ഞു. പക്ഷെ ആ രാജ്യം തിരിച്ചു വന്നു. സൈനിക ശക്തി കൊണ്ടും സാങ്കേതികവിദ്യ കൊണ്ടും ലോകത്തിലെ വലിയ അധീശത്വ ശക്തിയായി അത് മാറി.
പിന്നീട് 1991ൽ പൂർണമായ അർത്ഥത്തിൽ സോവിയറ്റു യൂണിയൻ തകർന്നു.
അമേരിക്ക എന്ന സാമ്രാജ്യത്വ ശക്തിയുടെ പൂർണവും ഏകപക്ഷീയവുമായ വളർച്ചയാണ് പിന്നീട് ലോകം കണ്ടത്. സോവിയറ്റു യൂണിയൻ ഒപ്പം തന്നെ കിടപിടിച്ചു മത്സരിച്ചു പോന്ന അമേരിക്കയ്ക്ക് പിന്നെ കാര്യമായ എതിരാളികൾ ഇല്ലായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. ആയുധ വ്യാപാരങ്ങളും പശ്ചിമേഷ്യൻ യുദ്ധങ്ങളും അമേരിക്കയെ വീണ്ടും വീണ്ടും സമ്പന്നരാക്കി. അമേരിക്ക ലോക പോലീസ് ആയി.
ലോകപൊലീസ് ചമയുന്ന ഈ അമേരിക്കയെയാണ് ഞാൻ ഉൾപ്പെടെയുള്ള തലമുറ കണ്ട് വളർന്നത്. ഇനി എത്ര നാൾ ആ കിരീടമില്ലാത്ത രാജാവായി അമേരിക്കയ്ക്ക് നിലനിൽക്കാൻ കഴിയും എന്നതാണ് ചോദ്യം. ഇനിയുള്ള തലമുറ ലോകശക്തിയായ് കാണുക അമേരിക്കയെ തന്നെയാകുമോ.!
കോവിഡ് എന്ന മഹാമാരി ലോകത്തെ ഒരുപക്ഷെ മാറ്റി മറിക്കുന്നത് അങ്ങനെയും കൂടിയാവാം. ലോകചരിത്രം എന്തായാലും ഇനി രണ്ടായി വിഭജിക്കപ്പെടും. കോവിഡിനു മുൻപും ശേഷവും.
കോവിഡ് ഏല്പിച്ച ആഘാതം ഒരു രാജ്യത്തെ സംബന്ധിച്ചും ചെറുതല്ല. പ്രത്യേകിച്ച് ലോകശക്തിയായ അമേരിക്കയെ. ട്രംപ് എന്ന ഒട്ടും ദീർഘദർശിയല്ലാത്ത ഒരു ഭരണാധികാരി കൂടെ ചേരുന്നതോടെ അമേരിക്കയുടെ കോവിഡ് പതനം ഏറെക്കുറെ സുനിശ്ചിതവുമാണ്. അവർ പൂർണമായും തകർന്നു തരിപ്പണമാകും എന്ന് കരുതുക വയ്യ. പക്ഷെ, ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന പട്ടം, ഒരു പക്ഷെ ഈ അവസരത്തിൽ ചൈന കൈക്കലാക്കിയേക്കാം. അമേരിക്കയുൾപ്പെടെ ലോക രാജ്യങ്ങൾ സ്വന്തം ജനതയുടെ നിലനിൽപിന് പോരാടുന്ന ഈ നേരത്ത്, ആ പോരാട്ടം നേരത്തെ അവസാനിച്ച ചൈന അവരുടെ സാമ്രാജ്യം വികസിപ്പിക്കാനുള്ള ഒരുക്കത്തിൽ കൂടെയാണ് . ഉല്പാദനമേഖല കാര്യമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏക രാജ്യം പോലും ചൈനയാവാം. അതുകൊണ്ട് തന്നെ ലോകം തിരിച്ചു വരുമ്പോൾ ചൈനയുടെ ലോകം അമേരിക്കയ്ക്കു മുന്നിൽ ഒരു ചുവടെങ്കിലും അധികം വെച്ചു കാണും.
സോവിയറ്റ് യൂണിയന്റെ പതനവും അമേരിക്കയുടെ കാലിടർച്ചയും ഒരുപോലെ കണ്ട് പഠിച്ചതാണ് ചൈനയെന്ന മുതലാളിത്ത കമ്മ്യുണിസ്റ്റ് രാജ്യം. പിഴവുകളിൽ സ്വയം തിരുത്താൻ ആ മാതൃകകൾ അവരെ സഹായിച്ചേക്കും. ചുവട് പിഴച്ച അമേരിക്കയും നിലയില്ലാതെ ഉഴലുന്ന യൂറോപ്പും കടന്ന് ലോകത്തിന്റെ അച്ചുതണ്ട് ഇനി ഏഷ്യയിലേക്ക് വന്നെത്തിയാലും അദ്‌ഭുതപ്പെടാനില്ല. സമഗ്രാധിപത്യത്തിന്റെ പുതിയ ചരിത്രം ചൈന രചിക്കുമോ എന്ന് കാത്തിരുന്നു കാണാം.
ഈ ലോക ശക്തികളുടെ മത്സര കളരിയിൽ എന്നും മാറി നിന്ന് കളി കണ്ട ഇന്ത്യയുടെ ഭാവിയും ഇനിയെന്ത് എന്നതൊരു വലിയ ചോദ്യമാണ്. ഇന്ത്യയുടെ ചരിത്രം കോവിഡിനു മുൻപും ശേഷവും എന്നെഴുതുന്നതിനേക്കാൾ 2014ന് മുൻപും ശേഷവും എന്ന് എഴുതുന്നതാവും അഭികാമ്യം. മറ്റു രാഷ്ട്രീയവിഷയങ്ങളെ മാറ്റി നിർത്തി സാമ്പത്തിക മേഖല മാത്രം പരിഗണിച്ചാൽ പോലും അനിവാര്യമായ ഒരു തകർച്ചയെ അഭിമുഖീകരിക്കുകയാണ് ഇന്ത്യൻ ജനത. കോവിഡ് ഇന്ത്യൻ അധികാരിവർഗത്തിന് സാമ്പത്തിക തകർച്ചയ്ക്കു പഴി ചാരാൻ കിട്ടിയ കച്ചിത്തുരുമ്പ് ആണെന്ന് വിശേഷിപ്പിച്ചാൽ പോലും തെറ്റില്ല. സ്വാഭാവികമായി തകരാൻ പോകുന്ന ഒന്നിന്റെ ആക്കം കൂട്ടാൻ കാരണമായ കാറ്റലിസ്റ് മാത്രമാണ് കോവിഡ്. അതില്ലെങ്കിലും സാമ്പത്തികതകർച്ച സ്വാഭാവികമായ പ്രതിഭാസമായി കടന്ന് വരുന്നതാണ്.
ഇത് എന്തിനു ഇപ്പോൾ പറയുന്നു എന്ന് തോന്നുന്നുണ്ടോ? 400മില്യൺ ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് പോകുന്നു എന്ന് ഐക്യ രാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്ന ഈ കാലത്ത് അല്ലാതെ പിന്നീട് എപ്പോഴാണ് നമ്മളിത് സംസാരിക്കേണ്ടത് !
2016ലെ ഡെമോണെറ്റൈസഷൻ വിത്തിട്ടതാണ് ഈ സാമ്പത്തിക പ്രതിസന്ധിയ്ക്ക്. ഒട്ടും ആസൂത്രണമില്ലാതെ നടപ്പിലാക്കിയ ജി എസ് ടി അതിനു നന്നായി വളമൊരുക്കി. തുടർന്നങ്ങോട്ട് 45 വർഷത്തെ ചരിത്രത്തിൽ ഇല്ലാത്തത്ര ഭീകരമായ തൊഴിലില്ലായ്മ വന്നപ്പോഴും ഇന്ത്യൻ ജനതയ്ക്കു വലിയ കൂസൽ ഇല്ലായിരുന്നു. അതിർത്തിയും പാകിസ്ഥാനും സർജിക്കൽ സ്ട്രൈക്കും സമ്മാനിച്ച അതിതീവ്ര ദേശസ്നേഹത്തിൽ ജനത യഥാർത്ഥ പ്രശ്നങ്ങളെ വിസ്മരിച്ചു. അഴിമതികളും ഭരണപരാജയങ്ങളും വാർത്തയാകാതിരിക്കാൻ ഹിന്ദുത്വവും വർഗീയതയും പശുരാഷ്ട്രീയവും മുടങ്ങാതെ അവർ വിളമ്പി തന്നു. കണ്ണടച്ചു തൊണ്ട തൊടാതെ ഓരോന്നായി വിഴുങ്ങിയ കൂട്ടർ നേതാവിന്റെ വാഴ്ത്തുപാട്ടുകൾ പാടി നടന്നു. ഒന്ന് കഴിയുമ്പോൾ മറ്റൊന്നു എന്ന മുറയ്ക്ക് വാർത്തകൾ അധികാരികൾ തന്നെ നീട്ടിയെറിഞ്ഞപ്പോൾ അനുസരണയുള്ള ശുനകനായി ആ എച്ചിൽ കഷ്ണങ്ങളിൽ ആത്മസംതൃപ്തിയടഞ്ഞു പലരും.
വരാൻ ഇരിക്കുന്ന വലിയ വിപത്തിനെ കണ്ടില്ല, ചിലർ കണ്ടെന്നു നടിച്ചില്ല. അത് തൊണ്ട പൊട്ടുമാറ് വിളിച്ചു പറഞ്ഞവർ കോമാളികളായി. കളിയാക്കപ്പെട്ടു.പരിഹസിക്കപ്പെട്ടു.
ജനതയ്ക്കു അവരർഹിക്കുന്ന ഭരണാധികാരിയെ കിട്ടി.
പക്ഷെ അധികാരികളും ഭക്തജനങ്ങളും ഒരു കാര്യം മറന്നു . അഴിമതികൾ മൂടി വെയ്ക്കാം, പ്രതിപക്ഷ വിമർശനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാം, അജണ്ടകൾ സെറ്റ് ചെയ്തു വാർത്തകൾ സൃഷ്ടിക്കാം, ആവർത്തിച്ചാവർത്തിച്ചു ജനങ്ങളെ വിഡ്ഢികളാക്കാം. പക്ഷെ, നിങ്ങളെത്ര കള്ളകണക്കുകൾ നിരത്തി മറച്ചു വെച്ചാലും രാജ്യം കുതിക്കുകയാണെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ കോടികൾ മുടക്കി പരസ്യം ചെയ്താലും ദാരിദ്ര്യമെന്ന യാഥാർഥ്യം മറനീക്കി പുറത്തു വരും. അതിന്റെ ഒടുക്കം വിശപ്പാണ്. വിശപ്പടക്കാൻ നിങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ മതിയാകില്ല. നിങ്ങൾ അവതരിപ്പിക്കുന്ന വ്യാജസന്ദേശങ്ങളോ തെറ്റായ വളർച്ചാനിരക്കുകളോ വിശക്കുന്നവന്റെ വയറു നിറയ്ക്കില്ല.
ആ തിരിച്ചറിവ് ഇന്നല്ലെങ്കിൽ നാളെ ഈ ജനതയ്ക്ക് ഉണ്ടാകും.
സ്വയം വഞ്ചിക്കപ്പെടുകയായിരുന്നു എന്ന ഒരു ജനതയുടെ തിരിച്ചറിവിന്റെ പ്രതിഫലനം എന്താകുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.
മുകളിൽ പറഞ്ഞ എല്ലാ സാമ്രാജ്യങ്ങളും തകരാനുള്ള അടിസ്ഥാന കാരണം അതത് ജനതയുടെ ദാരിദ്ര്യമായിരുന്നു. അതിലേക്ക് എത്തിച്ചേർന്ന സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും വിശക്കുന്നവൻ നയിച്ച വിപ്ലവങ്ങൾ ഏത് വലിയ ശക്തിയെയും കടപുഴകി വീഴ്ത്തിയിട്ടുണ്ട്.
കോവിഡ് ഒരു മറ തീർത്താലും ഇല്ലെങ്കിലും തകർന്നു കൊണ്ടിരിക്കുന്ന ഒരു കൂരയ്ക്ക് കീഴിൽ അനിവാര്യമായ ഒരു വിധിയെ പ്രതീക്ഷിച്ചു കഴിയുകയാണ് നമ്മെളെന്ന യാഥാർഥ്യം വൈകിയെങ്കിലും മനസിലാക്കാൻ ശ്രമിക്കുക.
ഇനി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
എന്താണെന്നോ.?
കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലാതെ സുഗമമായ് ചലിച്ചു കൊണ്ടിരുന്ന ഒരു സാമ്പത്തികക്രമത്തെ ബുദ്ധിശൂന്യതകൊണ്ട് സാമ്പത്തികപ്രതിസന്ധിയിൽ കൊണ്ടെത്തിച്ച കൂട്ടർ, ഒരു ആഗോളസാമ്പത്തികപ്രതിസന്ധിയിൽ നിന്ന് നമ്മളെ കരകയറ്റുമെന്ന്.
ആശങ്കപെടേണ്ട കാര്യമില്ലൊട്ടും …
ഇനി നമുക്ക് ചെയ്യാൻ ഒന്നുമില്ലല്ലോ…
ആ അവസരം ഒരു വർഷങ്ങൾക്കപ്പുറം കഴിഞ്ഞു പോയിരിക്കുന്നു…!!!
കാത്തിരിക്കാം. കെട്ടകാലത്തിന്റെ ചരിത്രപുസ്തകത്തിൽ ഈ ജനത എങ്ങനെ എഴുതപ്പെടുമെന്ന്…
…