RIFFK: നാളത്തെ ചിത്രങ്ങള്‍

0
500

ശരണ്യ. എം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യന്തര ചലച്ചിത്ര മേളയിൽ 8 ചിത്രങ്ങളാണ് നാളെ (ശനി) പ്രദർശിപ്പിക്കുന്നത്. ലോകസിനിമ വിഭാഗത്തിൽ 14 ജൂലൈ, അറോറ ബോറിലിസ്, ക്യാൻഡിലേറിയ, എന്നീ 3 ചിത്രങ്ങളും മലയാളം സിനിമാ ഇന്ന് വിഭാഗത്തിൽ അതിശയങ്ങളുടെ വേനൽ, രണ്ട് പേർ, ഇന്ത്യൻ സിനിമാ ഇന്ന് വിഭാഗത്തിൽ ത്രീ ആൻഡ് ആ ഹാഫ്, ത്രീ സ്മോക്കിങ് ബാരൽസ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. നെക്രോപോളിസ് സിംഫണി എന്ന ബ്രസീലിയൽ ചിത്രമാണ് കൻട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. 

1980 ൽ സൈനിക അട്ടിമറിയിലൂടെ തുർക്കി കുർതുകളുടെ ഭരണം പിടിച്ചെടുക്കുകയും അവരെ ക്രൂര പീഡനങ്ങൾക്ക് വിധേയരാക്കുകയും ചെയ്യുന്നു. 1982 ജൂലൈ 14 മുതൽ കുർത് വിപ്ലവകാരികൾ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു. തുർക്കി ഭരണകൂടത്തിന്റെ ക്രൂരതകളും അമേദ് ജയിലിലെ കുർത് പോരാളികളുടെ ധീരമായ ചെറുത്തു നിൽപ്പിനേയും ചർച്ച ചെയ്യുന്ന തുർക്കിഷ് സിനിമയാണ് ഹശിം ഐദമീർ സംവിധാനം ചെയ്ത 14 ജൂലൈ.

ഒരമ്മയും മകളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് അറോറ ബോറിലിസ്. അവിചാരിതമായി കോമയിലായ അമ്മ മരിയയിൽ നിന്നും അവർ അത് വരെ ഒളിപ്പിച്ച ഒരു രഹസ്യം കണ്ടെത്തി മകൾ വോൾക അതിന് പിറകെ അന്വേഷണം നടത്തുന്നു. സ്വത്വ പ്രതിസന്ധിയും യുദ്ധാനന്തര യൂറോപ്പിന്റെ മുറിവുകളും ചർച്ച ചെയ്യുന്ന ഈ ഹങ്കേറിയൻ ചിത്രം വാർസോ ചലച്ചിത്രോത്സവം, സിൻ ഈസ്റ്റ് ചലച്ചിത്രോത്സവം, ചിക്കാഗോ ചലച്ചിത്രോത്സവം എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മാൾട്ടാ മിസാറോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. 

90 കളുടെ മധ്യത്തിൽ ശക്തമായ വ്യവസായ നിരോധനം നിലനിന്നിരുന്ന ക്യൂബൻ പശ്ചാത്തലത്തിൽ, 70 വയസ്സ് കഴിഞ്ഞ കാൻഡിലേറിയയുടെയും വിക്ടർ ഹ്യൂഗോയുടേയും പരസ്പര സ്നേഹത്തിന്റെയും കഥപറയുന്ന ചിത്രമാണ് ജോണി ഹെൻഡ്രിക്‌സ് സംവിധാനം ചെയ്ത കാൻഡിലേറിയ എന്ന സ്പാനിഷ് ചിത്രം. 

കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ബ്രസീലിയൻ ചിത്രമായ നെക്രോപോളിസ്‌ സിംഫണി, ശവക്കുഴി നിർമ്മിക്കുന്ന അപ്രന്റീസ് തൊഴിലാളിയുടെ കഥ പറയുന്നു. പകരക്കാരൻ എത്തിയത് കൊണ്ട് ഇയാൾക്ക് ഉപേക്ഷിക്കപ്പെട്ട ശ്മശാനങ്ങൾ കണ്ടെത്തുന്ന ചുമതല ലഭിക്കുന്നു. ചില അപ്രതീക്ഷിത സംഭവങ്ങൾ മരിച്ചവരുടെ കാര്യങ്ങളിൽ ഇടപെടുന്നതിനെ കുറിച്ച് ഇയാളെ ചിന്തിപ്പിക്കുന്നു. ജൂലിയാനാ റോജസ് സംവിധാനം ചെയ്ത ഈ ചിത്രം ഗ്രമാഡോ ഫിലിം ഫെസ്റ്റിവൽ, ജനേല ഡോ റെസിഫ് എന്നീ മേളകളിൽ പ്രദർശിപ്പിക്കുകയും സിനിമാ ബ്രസീൽ ഗ്രാൻഡ് പ്രൈസ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മലയാള സിനിമ ഇന്ന് വിഭാഗത്തിൽ അതിശയങ്ങളുടെ വേനൽ, രണ്ട് പേർ എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ത്രീ ആൻഡ് എ ഹാഫ്, ത്രീ സ്മോക്കിങ്‌ ബാരൽസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഒൻപത് വയസ്സുകാരന്റെ മനസ്സിലെ വിചിത്രമായ ആഗ്രഹങ്ങളും, അദൃശ്യനാവാനുള്ള ആഗ്രഹത്തിൽ നിന്നും അവന്റെ അവന്റെ ചിന്താ ലോകത്തിൽ ഉണ്ടാകുന്ന അത്ഭുത കാഴ്ച്ചകളുടേയും കഥ പറയുന്ന ചിത്രമാണ് അതിശയങ്ങളുടെ വേനൽ. ഭയാശങ്കയും മുറിവുകളും അതിശയവും നിറഞ്ഞ ചിത്രം പുതുമുഖ സംവിധായകൻ പ്രശാൻദ് വിജയ് ആണ് സംവിധാനം ചെയ്തത്.

നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിൽ നിന്നും അവിചാരിതവും വിശദീകരണമില്ലാതെയുമുള്ള വേർപിരിയൽ പ്രമേയമായ ചിത്രമാണ് പ്രേം ശങ്കർ സംവിധാനം ചെയ്ത രണ്ട് പേർ. പ്രണയ നഷ്ടത്താൽ അസ്വസ്ഥനാകുന്ന നായകൻ പ്രതിസന്ധി മറികടക്കാൻ ആ രാത്രി ദൃശ്യങ്ങൾ ഒളി ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്നതും, അപ്രതീക്ഷിതമായി ഉണ്ടായ നോട്ട് നിരോധനം പോലെ, അതേ രാത്രിയിൽ പ്രതീക്ഷിക്കാതെ പലതും അവനിൽ സംഭവിക്കുന്നതും ചിത്രത്തിന്റെ പ്രമേയമാണ്.

ഒരിയ ഗൈകോലോവ സംവിധാനം ചെയ്ത ത്രീ ആൻഡ് എ ഹാഫ് ഒരു വീടിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥ പറയുന്ന സിനിമയാണ്.

സഞ്ജീബ് ഡേ സംവിധാനം ചെയ്ത ത്രീ സ്മോക്കിങ് ബാരൽസ് എന്ന ചിത്രം വടക്ക് കിഴക്കൻ ഇന്ത്യയിലെ രാഷ്ട്രീയ പ്രശ്നങ്ങളാൽ കലുഷിതമായ വിവിധ മേഖലകളിൽ 2 വർഷം സമയമെടുത്ത് ചിത്രീകരിച്ച ജീവിതത്തിന്റെ 3 ഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ്. ശൈശവം, ബാല്യം, യൗവനം എന്നിവ ചർച്ച ചെയ്യുന്ന സിനിമ മാനാവ സമ്പർക്കം പ്രമേയമാക്കിയാണ് ആദ്യാവസാനം അവതരിപ്പിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here