കവിത
റീന വി
വെയിൽ തട്ടി
ഉറച്ച ഭാഷയിൽ
മണ്ണിൽ
ഒരു പുതിയകവിത വിരിയുന്നു.
ചെളി പുരണ്ട
ഉപ്പൂറ്റികൾ നടന്ന് നടന്ന്
വരമ്പ് താണ്ടുന്നു.
വിയർപ്പ്
സ്വപ്നങ്ങൾ എന്ന്
നനഞ്ഞ്
കുതിരുന്നു.
അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ
മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു.
അവരുടെ
നോട്ടങ്ങളിൽ
മഴ മേഘങ്ങളിലെന്നപോലെ
ഉടക്കി നിൽക്കുന്നു.
ഉറവ വറ്റാത്ത
കണ്ണുകൾ
ദാഹങ്ങളെക്കെടുത്തുന്നു.
സൂര്യനെ
മാനത്തെ പൂവ്
എന്ന് ഓമനിക്കുന്നു
ശൈത്യത്തെ
ശിരസ്സിലണിഞ്ഞ്
തലപ്പാവാക്കുന്നു.
ഭൂമിയിലെ
നെൽച്ചെടികൾ
മുഴുവൻ
ആദിനങ്ങളിൽ
ഉയിർപ്പിനായി
കോട്ട കെട്ടി.
വെന്തു പോയ
നൂറ്റിമുപ്പത്ദിനങ്ങളെ
മഴവില്ല്
എന്ന് തിരുത്തിയെഴുതിച്ച്,
ഇനിയവർ
ഭൂമിയിൽ
ജലമെന്ന പോലെ
ആഴത്തിൽ നിറയും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.