കവിത
രതീഷ് ടി ഗോപി
ലോകം നമിക്കുന്ന വിജ്‍ഞാനസൂര്യാ
നിൻ മുന്നിലെന്നുടെ ശതകോടി ആദരം.
നീ എൻ വിമോചകൻ, മാർഗദർശി
നീ എന്റെ വിധി മാറ്റി എഴുതിയോനും.
നീ വിശ്വമാനവൻ, ക്രാന്തദർശി
മാനവിക മൂല്യത്തിനാദ്യ പാഠം.
മർത്യരായി മണ്ണിൽ പിറന്നിട്ടുമീ-
നാട്ടിൽ മൃഗതുല്യരായി കരുതിയോരെ
വീണ്ടെടുക്കാൻ പോരിനിറങ്ങിയോൻ
വിജ്ഞാനമായുധം ആക്കിയോൻ നീ.
ആണ്ടുകൾ അന്ധകാരത്തിൽ മറഞ്ഞവർ
നീതിയുടെ തിരിനാളം അങ്ങിൽ കണ്ടു.
അറിവിന്റെ നിറകുടം നീയാം വെളിച്ചം
പിൻപറ്റുവോർക്കന്ധകാരമില്ല…..
മർദിത ജനതയ്ക്കൂർജ്ജമായി
നീതിയായി ഈ വിശ്വമാകെ
നിറയുവോനെ….
മാനവമോചന മാർഗം മുടക്കിയ
മനുനിയമ സംഹിത ചാരമാക്കി
മാനവനീതിയ്ക്കാധാരമായി
സമത്വമെന്നാശയം ഉലകിനേകി.
ദൃഢമായുറച്ച മത-ജാതി ബോധത്തിൽ
അടിമയായി അവശരായി മാറ്റിയോരെ
വീണ്ടെടുക്കുന്നു നീ കൂടെ നടത്തി
ജനായത്ത രാജ്യ നിർമ്മിതിക്കായ്.
ജന്മശാപങ്ങളല്ലീ ജനതയ്ക്ക് നരകം
കൊടുക്കുന്നതീനാട്ടിൽ
ഉത്തുംഗശ്രേണിയിൽ ഉപവിഷ്ടനാകുവാൻ
പൂണൂൽ ചമച്ചതാണാ കുടിലത.
ജാതിയായി പലതാക്കി ചിതറിച്ച്-
ചിതറിച്ച് മ്ലേച്ഛനായി നിന്ദ്യനായി
ആട്ടിമാറ്റി,സർവ്വസംഹിതകളും മാറ്റിക്കുറിച്ചവർ
മാനവിക ബോധത്തെ തടവിലാക്കി.
അധികാരം അവരിലേയ്ക്കത്തുവാൻ
തന്ത്രത്തിൽ ചാതുർവർണ്ണ്യത്തിന്റെ മറ-
തീർത്തവർ നാടിന്റെ മക്കളെ അകലെ
നിർത്തുവാൻ പഞ്ചമരാക്കി നാവുകെട്ടി.
ആണ്ടുകൾ നീണ്ടയാ അന്ധകാരത്തീന്ന്
വീണ്ടെടുക്കാൻ ഒരു മർത്യസ്‌നേഹി..
അറിവിന്റെ റാന്തലിൽ തനിയെ വഴി
തീർത്ത് അടിമകൾക്കരികിൽ രക്ഷയായി.
നീ നിയമകർത്താവ് നാടിന്റെ നിയതി
നീതി പങ്കിട്ടു തുല്യമായി നാട്ടിൽ .
ജനപീഡയേറിയ മനുനിയമം ചുട്ട്
സമത്വം ഉദ്ഘോഷിച്ച നിയമശിൽപി.
നിൻ വിശ്വദർശനം..മാനവസ്നേഹം
ഈ നാടിനേകിയൊരു
സാഹോദര്യസംഹിത,ഉയിരുപറിക്കുന്ന
ഉച്ചനീചങ്ങളെ തടയാൻ ഉയർത്തി
സമത്വസ്വാതന്ത്യം.
നീ ശതകോടി ജനങ്ങൾക്കുയിര്
നീ ശതകോടിയ്ക്കറിവിൻ വെളിച്ചം
നീയേകി ആത്മാഭിമാനമവർക്ക്
നീയേകി ജീവിത പ്രത്യാശയവരിൽ.
കാലം നിനക്കൊരു പേരുനല്കി
ആട്ടിയകറ്റിയോർ ചേർത്തു പുൽകി
അന്ധകാരത്തിൽ ഉഴറിയ ജനതയ്ക്ക്
കാലം കടഞ്ഞിട്ട കമനീയമേ !
നീ മൂകമർത്യർക്ക് നാവായവൻ
നീ നൊന്തമർത്യർക്ക് കുളിരായവൻ
നീണ്ട പതിറ്റാണ്ട് അടിമയായി വാണവർ
നീ എന്ന നീതിയിൽ മോചിതരായി .
ചതുർവർണം കണ്ഠത്തി-
ലണിയിച്ച കുടവും അരയിലെ
ചൂലും ഇനി വേണ്ട വഴിയിൽ.
ചേറിലും ചിറയിലും ജീവനർപ്പിച്ച
പൂർവപിതാക്കൾ ചിരിക്കുന്നു നഭസ്സിൽ.
നീ ധമ്മപാലൻ നീ നീതിമാൻ
ജാതിപിശാചിനോടെതിരിട്ടവൻ.
അറിവിന്റെ ആഗ്നേയ അമ്പിൽ
തകർത്തു നീ കലിതുള്ളി എതിർ
വന്ന ജാതികുടുമ്മിയെ.
നീ വീണ്ടെടുത്തു ഒത്തുചേർത്തു
ചിതറിയ ജനതയ്ക്ക് ഊർജമേകി
മോചനത്തിൻ വഴി അധികാരമെന്നോതി
അധികാരിയാകാൻ അരുൾ ചെയ്തവൻ.
എവിടെ തിരിഞ്ഞാലും നിന്നെ തകർക്കുന്ന
ജാതിയെ എതിരിടാൻമുന്നേറുവാൻ….
അടിമയായി ഇനിയും തലകുമ്പിടാതെ
വോട്ടെന്ന ആയുധം തന്നുപോയോൻ.
ഈ നീല നഭസ്സിൽ നിറഞ്ഞു നിൽക്കട്ടെ
നാട്ടിൽ മുഴങ്ങും ജയ് ഭീം വിളി….
ആ നാദമൊരു കൊടുംക്കാറ്റ് തീർക്കും
മനുവാദ ശക്തികൾ കടപുഴകും….
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.