കഥ
റഹീമ ശൈഖ് മുബാറക്
‘ഇതൊരു ചരിത്രസംഭവമാണ്.
ഇതിന് മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവത്തിന് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടില്ല… ‘
നാട്ടിലെ പ്രായം ചെന്ന രാഷ്ട്രീയനേതാവ് വെള്ളകുട്ടിയേട്ടനും, എതിർപാർട്ടിയുടെ നെടുന്തൂണായ മൊയ്‌ദീനും ഈ കാര്യത്തിൽ ഒരേ അഭിപ്രായമായിരുന്നു.
വർക്കിയേ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വർക്കിയുടെ അമ്മച്ചി നേരിട്ട് ചെന്നാണത്രെ കേസ് കൊടുത്തിരിക്കുന്നത്.
അയാളെ പുറത്തിറക്കാൻ ഈ നേരമായിട്ടും ആരും മെനക്കെട്ടിട്ടില്ല.
ഇനി ആരാണ് ഈ വർക്കി..?
നാട്ടിലെ പേരെടുത്ത കുടിയനാണ് വർക്കി. പ്രായം നാൽപ്പത് പിന്നിട്ടിട്ടും അവിവിവാഹിതൻ, കുറെ പെണ്ണ് കണ്ടു നടന്നു. ഏത് പെണ്ണിന്റെ മുഖത്ത് നോക്കിയാലും ആദ്യം പെങ്ങളെ ഓർമ്മ വരും വർക്കിക്ക്. പെണ്ണ് ചായ നീട്ടുമ്പോ തന്നെ കുഞ്ഞോളെ കടിക്കാൻ വല്ലതും കിട്ടോടി എന്നൊരു നീട്ടി ചോദ്യാണ്. ആ ചോദ്യം വീട്ടിൽ പെങ്ങന്മാരോട് ചോദിച്ച് ചോദിച്ച് ശീലിച്ചതാണേ. ചോദ്യത്തിന് ശേഷം ആ പെണ്ണിനെ കെട്ടാൻ അയാൾക്ക് തോന്നാറില്ല. കുഞ്ഞോളെ നീ എന്റെ പെങ്ങളാടി എന്നും പറഞ്ഞ് വർക്കി അവിടെ നിന്ന് ഇറങ്ങും. അങ്ങനെ നാട് നീളെ പെങ്ങന്മാർ ഉള്ള മോന്റെ പെണ്ണുകാണൽ ചടങ്ങിന് പോകുന്ന ഏർപ്പാട് അമ്മച്ചി അങ്ങ് അവസാനിപ്പിച്ചു. അമ്മച്ചിടെ ഉത്സാഹം അവസാനിച്ചതോടെ പെണ്ണ് കാണുകയെന്ന കലാപരിപാടി വർക്കിയും ഉപേക്ഷിച്ചു.
പെണ്ണ് കെട്ടാത്ത കുടിയന്റെ അവസ്ഥ കഷ്ട്ടമാണ്. വയറ് നിറയെ കള്ളും മോന്തി അന്തിക്ക് വീട്ടിൽ ചെന്ന് കയറുമ്പോ അഞ്ചാറെണ്ണം പൊട്ടിക്കാനും വായിൽ തോന്നിയ നാല് തെറി വിളിക്കാനും, അടുക്കളയിൽ കയറി ചട്ടീം പാത്രവും എറിഞ്ഞു പൊട്ടിക്കാനും ആകെക്കൂടി സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ.
വർക്കിയുടെ ഷാപ്പ്മേറ്റ്സ് പറയാറുള്ളത് ഇങ്ങനെയാണ്, ‘ഡേയ്, വയറിനകത്ത് കള്ള് മാത്രം പോയ പോരാ. അങ്ങ് വീട്ടിൽ ചെന്ന് കയറി പെണ്ണുംപിള്ളയുടെ മുടികുത്തി പിടിച്ചു വലിച്ചു നാല് തൊഴി വച്ചു കൊടുക്കണം. അപ്പൊ അവളുമാർ ഭയങ്കരമായിട്ട് നിലവിളിക്കും. ആ സമയത്ത് വേണം നമ്മൾ അടുക്കളയിൽ കയറി ചട്ടീം കലോം എറിഞ്ഞു പൊട്ടിക്കാൻ. ഇതൊക്കെ ഇല്ലാണ്ട് എന്ത് സുഖാടോ ഈ കുടിച്ചു കേറ്റുന്നതിന് ഉള്ളത്… ‘
വാസുണ്ണി വർക്കിയുടെ ഏറ്റവും അടുത്ത ഷാപ്പ്മേറ്റ് ആണ്. വാസുണ്ണി രണ്ടെണ്ണം കെട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കള്ളുകുടി കഴിഞ്ഞുള്ള തല്ലിന്റെ കാര്യത്തിൽ കൂടുതൽ അനുഭവസമ്പത്ത് വാസുണ്ണിക്കാണ്. തന്റെ ഭാര്യമാർ തല്ലുകൊള്ളാൻ മത്സരിക്കാറുണ്ട് എന്നതിൽ വാസുണ്ണി എന്നും അഭിമാനം കൊള്ളുന്നു. ഭാര്യ മരിച്ചു പോയ ചന്തപ്പൻ ചേട്ടൻ, ഇപ്പോൾ ധൃതിയിൽ പെണ്ണ് അന്വേഷിച്ചു നടക്കുന്നത് പോലും കള്ള് കുടി കഴിഞ്ഞുള്ള കൈത്തരിപ്പ് മാറ്റാനാണെന്നാണ് പ്രാഥമിക നിഗമനം.
നാട്ടിൽ ആകെ മൊത്തം രണ്ട് ഷാപ്പ് ആണ് ഉള്ളത്. അതിൽ ഒന്ന് ചന്ദ്രൻചേട്ടന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. അയാൾ ആണെങ്കിൽ ഒരു വരുത്തനും. അതുകൊണ്ടു തന്നെ വർക്കിചേട്ടനും സുഹൃത്തുക്കൾക്കും കുഞ്ഞികണ്ണേട്ടന്റെ ഷാപ്പിലാണ് പറ്റുള്ളത്.
കുഞ്ഞികണ്ണേട്ടൻ പണ്ട് പണ്ട് മീരാൻ ആയിരുന്നു. അത് ഒരു പഴയ ചരിത്രം. വലിയപറമ്പിൽ മൂസകുട്ടിക്കാന്റെ മൂത്തമോനായിരുന്നു കുഞ്ഞിക്കണ്ണേട്ടൻ എന്ന മീരാൻ. നല്ല പൂത്ത കാശും സമ്പത്തും ഉള്ള കുടുംബം. പറഞ്ഞിട്ടെന്താ മൂപ്പർക്ക് തെക്കേലെ അമ്മുക്കുട്ടി ചേച്ചിയോട് അസ്ഥിക്ക് പിടിച്ച പ്രേമം. ജാതീം, മതോം പേരൊക്കെ മാറ്റി അമ്മുക്കുട്ടി ചേച്ചീനേം കെട്ടി ജീവിക്കുമ്പോ അമ്മുക്കുട്ടി ചേച്ചിക്ക് മരിക്കാൻ പൂതി. നല്ലൊരു സമയം നോക്കി അവരങ്ങ് കെട്ടി തൂങ്ങി ചത്തു.
എന്തിനാ ചത്തേന്ന് ചോദിച്ചാ, ആ രഹസ്യം ഇന്നും ആർക്കും അറിയില്ല, കുഞ്ഞികണ്ണേട്ടനും..
കള്ള് വയറ്റില് ചെന്നാ വർക്കി ആദ്യം കരയുക, കുഞ്ഞികണ്ണേട്ടന്റെ പേര് പറഞ്ഞാണ്.
‘എന്നാലും നിങ്ങക്ക് ഈ ഗതി വന്നല്ലോന്റെ മീരാനിക്ക.. എന്നാലും എന്റെ മീരാനിക്ക..’
താൻ പണ്ട് മീരാൻ ആയിരുന്നെന്നത് ഇടക്കെങ്കിലും ഓർക്കുകയും അതിന്റെ പേരിൽ ദുഃഖിക്കുകയും ചെയ്യാറുള്ള വർക്കി ഇപ്പോൾ ജയിലിലാണെന്നതിൽ പ്രതിഷേധിച്ച് കുഞ്ഞികണ്ണേട്ടൻ ഷാപ്പ് തുറന്നിട്ടില്ല. ചിലപ്പോൾ ഷാപ്പ് അടപ്പ് പ്രതിഷേധം അനിശ്ചിതകാലത്തേക്ക് നീളാം.
സുഹൃത്തിന്റെ അന്യായ അറസ്റ്റിൽ ദുഃഖഭരിതരായ വർക്കിച്ചേട്ടന്റെ ഷാപ്പ്മേറ്റ്സിന് അതൊരു വലിയ തിരിച്ചടിയായിരുന്നു. വർക്കിചേട്ടനെ പുറത്തിറക്കുകയെന്നത് ഇപ്പോൾ നാട്ടിലെ കുടിയൻമാരുടെ നിർബന്ധ ബാധ്യതയായി തീർന്നിരിക്കുന്നു.
ആശയം ആദ്യം അവതരിപ്പിച്ചത്, വാസുണ്ണിയാണ്.
‘നമ്മൾ കുറച്ചുപേർ ചേർന്ന് വർക്കീടെ അമ്മച്ചിയെ ചെന്ന് കാണുന്നു. വർക്കിയുടെ മേലുള്ള കേസ് പിൻവലിക്കാൻ ആവശ്യപ്പെടുന്നു… ‘
വാസുണ്ണിയുടെ ആശയം മറ്റു കുടിയന്മാരിൽ ഞെട്ടൽ ഉളവാക്കി.
കൂട്ടത്തിൽ മറ്റൊരു ആശയം ഉയർന്നുവന്നു.
‘നമ്മൾ എത്ര മാന്യന്മാരായി അമ്മച്ചിടെ അടുത്ത് ചെന്നാലും അവർ നമ്മളെ മടല് വെട്ടി അടിക്കും. ആയത് കൊണ്ട് നമ്മളെ നയിക്കാൻ ഒരു മാന്യനായ നേതാവ് വേണം.’
‘എങ്കിൽ നമുക്ക് വെള്ളകുട്ടിയേട്ടനെ കൂടെ ചേർക്കാം, ഭരണപാർട്ടിയുടെ നേതാവ്. മാത്രമല്ല മാന്യൻ, കുലീനൻ.. ‘
ചന്തപ്പച്ചേട്ടൻ അഭിപ്രായം സാധുകരിച്ചു.
‘ഹോ, നിങ്ങളുടെ പാർട്ടിയുടെ കുലീനത ഒന്നും പറയണ്ട. അങ്ങനെയാണെങ്കിൽ മൊയ്‌ദീനെ കൂടെ കൂട്ടുന്നതാവും കുറച്ചൂടെ നല്ലത്. ഇപ്പോ ഭരണം കയ്യിൽ ഇല്ലായിരിക്കും എന്നാലും മൊയ്‌ദീനും ഞങ്ങളെ പാർട്ടിയും മാന്യതയിൽ ഭരണപക്ഷത്തെക്കാൾ മുന്നിൽ നിക്കും…’
ഇടയിലൂടെ ഇന്നലെ കുടിച്ചതിന്റെ ക്ഷീണം ഇനിയും തീർന്നിട്ടില്ലെങ്കിലും നിവർന്ന് നിന്നുകൊണ്ടു തന്നെ ജോസപ്പേട്ടൻ പ്രസംഗിച്ചു.
പ്രസംഗം അവസാനിപ്പിക്കാനുള്ള അവസരം പോലും നിഷേധിച്ചു കൊണ്ട് ചന്തപ്പച്ചേട്ടൻ ജോസപ്പേട്ടന്റെ മേത്തേക്ക് ചാടി വീഴുന്നു.
‘ഞങ്ങളെ പാർട്ടിക്ക് എന്താടാ മാന്യത കുറവ്…. ‘
പിന്നീട് നാട് സാക്ഷ്യം വഹിച്ചത് ഇന്നുവരെയും കാണാത്ത കോലാഹലങ്ങൾക്കായിരുന്നു.
കുടിയന്മാർ രണ്ട് രാഷ്ട്രീയപാർട്ടികളുടെ ചേരികളായി പിരിഞ്ഞു.
ചന്തപ്പൻ ചേട്ടന്റെ പല്ലാണ് ആദ്യം വീണത്.
മുൻനിരയിലെ പല്ല് തന്നെ വീണു എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടി. രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന വിവാഹത്തിന്റെ സാധ്യതകൾക്ക് മങ്ങലേറ്റത് ചന്തപ്പേട്ടനെ തളർത്തി.
ആദ്യം കയ്യിൽ കിട്ടിയ മുഴുത്ത കല്ലൊരെണ്ണം പെറുക്കി, ചന്തപ്പേട്ടൻ ലക്ഷ്യം വച്ചത് ജോസപ്പേട്ടന്റെ തലയാണെങ്കിലും അത് ചെന്ന് കൊണ്ടത് വാസുണ്ണിയുടെ നെഞ്ചത്തായിരുന്നു.
ഏറ് കൊണ്ടതിലും വേഗത്തിൽ വാസുണ്ണി പുറകിലേക്ക് മറിഞ്ഞു വീണു……
പ്രാദേശികചാനലിന്റെ ക്യാമറ ലൈവിലേക്ക് തിരിച്ചു.
‘ഇതാ, വർക്കിയുടെ അറസ്റ്റിൽ, രാഷ്ട്രീയ ഇടപെടൽ നടന്നിരിക്കുന്നു എന്ന സത്യത്തിലേക്കാണ് weshow യുടെ ക്യാമറ കണ്ണുകൾ ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്.
നമുക്കൊപ്പം പ്രതിപക്ഷപാർട്ടിയുടെ നേതാവ് മൊയ്‌ദീൻ ചേരുന്നു… ‘
‘സർ, പറയൂ, വർക്കിയുടെ അറസ്റ്റിൽ ഭരണപക്ഷത്തിന്റെ ഇടപെടൽ എത്രത്തോളമുണ്ടെന്നാണ് നിങ്ങൾ കരുതുന്നത്…?’
‘പ്രതിപക്ഷ പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന വർക്കിച്ചേട്ടനെതിരെ ഭരണപക്ഷം നടത്തിയ നാണംകെട്ട നാടകത്തിന്റെ ഫലം മാത്രമാണ് ഈ അറസ്റ്റ്. നോക്കൂ, ഇപ്പോൾ ഞങ്ങളുടെ പാർട്ടിയുടെ മറ്റൊരു അംഗവും സർവ്വോപരി സജീവപ്രവർത്തകനുമായ വാസുണ്ണി മരണത്തോട് മല്ലടിച്ചു കിടക്കുകയാണ്….’
മൊയ്‌ദീൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
‘അതെ അതെ ഭരണപക്ഷത്തിന്റെ നാണംകെട്ട കളിയാണിതെങ്കിൽ അതിനെക്കുറിച്ച് നേതാവ് വെള്ളക്കുട്ടിയേട്ടൻ തന്നെ സംസാരിക്കുന്നതാകും ഉചിതം’
ചാനലിന്റെ റിപ്പോർട്ടർക്ക് ഒറ്റ ശ്വാസത്തിൽ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അയാൾ നാലോ അഞ്ചോ ശ്വാസം വലിച്ചു വിട്ടു.
‘പറയൂ സർ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളത്..? ‘
‘ഭരണപക്ഷത്തെ കരിവാരിതേക്കാൻ അവർ നടത്തുന്ന പൊറോട്ട നാടകം മാത്രമാണിത്.
നഷ്ട്ടം അവർക്ക് മാത്രമല്ല, ഞങ്ങളുടെ പ്രവർത്തകരിൽ പലരും ഗുരുതരാവസ്ഥയിലാണ്……’
വെള്ളക്കുട്ടിയേട്ടനും തിരിച്ചടിച്ചു.
രണ്ട് പാർട്ടികളുടെയും നേതാക്കന്മാരും അണികളും ചേരിതിരിഞ്ഞ കുടിയന്മാരും ഉൾപ്പടെ വലിയൊരു സംഘം ആളുകൾ വർക്കിയുടെ വീടിന് മുന്നിൽ വർഷങ്ങളായിട്ടും കെട്ടിപ്പൊക്കാതെ കിടക്കുന്ന അസ്ഥിവാരത്തിന്റെ ശവപ്പറമ്പിൽ കയറി സ്ഥാനം പിടിച്ചു.
വെള്ളചട്ടയും മുണ്ടും മുട്ടിന് മുകളിലേക്ക് കയറ്റികുത്തി അമ്മച്ചി തുണി കുടഞ്ഞു അയയിൽ ഇട്ടു.
‘ഉം….. ‘
വെള്ളക്കുട്ടിയേട്ടൻ തങ്ങളുടെ വരവിനെ കുറിച്ചുള്ള അറിയിപ്പെന്നോണം ഒന്നമർത്തി മൂളി.
അമ്മച്ചിയൊന്ന് തലയുയർത്തി നോക്കി…
വീണ്ടുമവർ അടുത്ത തുണി കുടയുകയും അയയിൽ ഇടുകയും ചെയ്തു. തുണി ഒഴിഞ്ഞപ്പോൾ അലുമിനിയം ബക്കറ്റ് വലിയ ശബ്ദത്തിൽ ഉയർത്തുകയും അതിൽ ബാക്കി ഉണ്ടായിരുന്ന വെള്ളം ദൂരേക്ക് വീശി ഒഴിക്കുകയും ചെയ്തു.
അലുമിനിയം ബക്കറ്റിന്റെ ശബ്ദം പണ്ടേ ഇഷ്ടമല്ലെന്ന നിലപാടിൽ ചന്തപ്പേട്ടനും ജോസപ്പേട്ടനും അസ്ഥിവാരത്തിൽ നിന്നും ഇറങ്ങി താഴേക്ക് നിന്നു.
ഇറങ്ങിയതിലും വേഗത്തിൽ രണ്ടാൾക്കും തിരികെ കയറേണ്ടി വരുമ്പോ, അവർക്കൊപ്പം കയറി നിൽക്കാൻ വർക്കിയുടെ അയൽവാസി മണിയമ്മയും, അവരുടെ നാല് പേറ് കഴിഞ്ഞും യൗവനം കൊഴിഞ്ഞു പോകാത്ത കല്യാണി പശുവുമുണ്ടായിരുന്നു.
Weshow യുടെ ക്യാമറ വീണ്ടും അമ്മച്ചിയുടെ നേർക്ക് തിരിഞ്ഞു.
ബക്കറ്റ്, മണ്ണ് തേച്ച മുഴച്ചും ഉയർന്നും വികൃതമാക്കപ്പെട്ട മൺചുമരിനോട് ചേർത്ത് വച്ച് തന്റെ കൈരണ്ടും മുണ്ടിന്റെ മൂല കൊണ്ട് തുടച്ചതിന് ശേഷം അമ്മച്ചി ഉമ്മറത്തേക്ക് വന്നു നിന്നു.
എന്തെ?
വിഷയത്തിന്റെ ഗൗരവം ആദ്യം അറിയിച്ചത് നേതാവ് മൊയ്‌ദീനാണ്.
‘അമ്മച്ചിക്ക് അറിയാല്ലോ
വർക്കിയുടെ അപ്പൻ ചാക്കോചേട്ടൻ മരണം വരേയും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ആളായിരുന്നു. ഇപ്പോൾ വർക്കിയും പാർട്ടിക്ക് വേണ്ടി അല്ലറചില്ലറ പ്രവർത്തനങ്ങൾ ചെയ്യുന്നു. അമ്മച്ചി ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളിൽ വീണ് വർക്കിക്ക് എതിരെ സ്വീകരിച്ച അന്യായ നടപടി പിൻവലിക്കണം…’
അമ്മച്ചി പാതി വെള്ളപൂശിയ മൺതിട്ടയിൽ കയറി ഇരുന്നു.
വെള്ളകുട്ടിയേട്ടൻ തന്റെ പാർട്ടിയുടെ ഭാഗം വിശദീകരിക്കാൻ മുന്നിലേക്ക് കയറി നിന്നു.
‘അതായത് അമ്മച്ചി,
അമ്മച്ചി ഈ ചെയ്തിരിക്കുന്ന കാര്യത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെങ്കിലും, പാർട്ടിയുടെ വളർച്ചയിൽ അസൂയാലുക്കളായ ആളുകൾ നടത്തുന്ന ദുഷ്പ്രചരണം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാൽ അമ്മച്ചി എത്രയും വേഗം ഈ കേസ് പിൻവലിക്കണം. ഇനി വർക്കിയുടെ ഭാഗത്ത് നിന്നും വന്ന വീഴ്ച എന്തുതന്നയായാലും അതിന്റെ ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കാൻ തയ്യാറാണ്.. ‘
മൊയ്‌ദീന്റെ ഇടപെടൽ നടന്നത് പെട്ടന്നായിരുന്നു.
‘അങ്ങനെ നല്ലപിള്ള ചമയുക എന്നത് എന്നും ഇവരുടെ രാഷ്ട്രീയ കുതന്ത്രമാണ്.
അതുകൊണ്ടുതന്നെ ഈ നിർദേശം അംഗീകരിച്ചു കൊടുക്കാൻ ഞങ്ങൾ തയാറല്ല. ഞങ്ങളുടെ പ്രവർത്തകൻ ചെയ്ത അപരാധത്തിന്റെ ബാധ്യത ഞങ്ങളുടെ പാർട്ടി ഏറ്റെടുത്തതായി അറിയിക്കുന്നു.’
ഏതു പക്ഷത്ത് നിന്ന് കൈകൊട്ടണം എന്നതിൽ നേരിയ സംശയം ബാക്കിയുണ്ടായിരുന്ന ചില കുടിയന്മാർ കൈകൊട്ടി രംഗം കൊഴുപ്പിച്ചു.
എല്ലാം കേട്ടിരുന്ന അമ്മച്ചി,
പതിയെ എഴുന്നേറ്റു നിന്നു. പണ്ട് ചാക്കോചേട്ടനൊപ്പം വലിയപള്ളില് ധ്യാനം കൂടാൻ പോയപ്പം മാത്രമാണ് രണ്ടുവാക്ക് പ്രസംഗിക്കാൻ അമ്മച്ചിക്ക് അവസരം കിട്ടിയത്. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു പ്രസംഗവേദിയിൽ എന്നപോലെ എഴുന്നേറ്റ് നിന്നുകൊണ്ട് അമ്മച്ചി പ്രഖ്യാപിച്ചു…
‘എന്നാൽ, നിങ്ങള് എല്ലാവരും പറയും പോലെയാകട്ടെ
ഞാൻ വർക്കീടെ കേസ് പിൻവലിക്കാം. എന്നാൽ അതിന് മുൻപ് രണ്ട് പാർട്ടിക്കാരും ചേർന്ന് വീടിന്റെ മൂലക്കുള്ള പറമ്പില് ഇരുപത്തിനാല് വാഴ നടണം.’
വാഴയോ….. !!!!
ജാതിമതവർണ്ണവർഗ്ഗരാഷ്ട്രീയകുടിയ
ഭേദമന്യേ എല്ലാവരും ഒരേ ശബ്ദത്തിൽ തിരിച്ചു ചോദിച്ചു.
‘അതെ, വാഴ..’
അമ്മച്ചി വീണ്ടും മൺതിട്ടയിൽ കയറി ഇരുന്നു.
മൊയ്‌ദീൻ ആകെയും തകർന്നു പോയിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഭാര്യ സീനത്ത് വാഴ നടൻ ഒരു കുഴിയെടുത്തുതരാൻ പറഞ്ഞ സന്ദർഭത്തിലേക്ക് അയാളുടെ ചിന്തകൾ സഞ്ചരിച്ചു.
പെണ്ണുങ്ങൾ കൈക്കരുത്തിലും, ഞങ്ങൾ പുരുഷൻമാർക്കൊപ്പം ഉയരണം എന്നതാണ് ഞങ്ങളുടെ പുതിയ രാഷ്ട്രീയ ലക്ഷ്യം.
ആയതുകൊണ്ടു പ്രിയപ്പെട്ടവളെ സീനത്തെ, ഈ കുഴി ആരേയും ആശ്രയിക്കാതെ നീ തന്നെ വെട്ടണം.
ഭാര്യ വാഴ നട്ട് കാണുമോ? അയാൾ ഓർത്തു.
എങ്കിലും ഈ വാഴ നടുന്നതിന്റെ പിന്നിലെ ഉദ്ദേശത്തെ കുറിച്ച് വെള്ളകുട്ടിയേട്ടൻ ആകുലതയിലായി. വെള്ളേം വെള്ളേം ധരിച്ചു നടക്കാൻ തുടങ്ങിയതിൽ പിന്നെ വീട്ടിലെ പറമ്പിന്ന് ഒരു പുല്ല് പോലും പറിച്ചു മാറ്റിയിട്ടില്ലെന്ന സത്യം അയാളുടെ ഹൃദയത്തെ മദിച്ചു.
ചാനലിന്റെ ക്യാമറ വർക്കിച്ചേട്ടന്റെ പറമ്പിൽ ചുറ്റിക്കറങ്ങി.
‘നാടിന്റെ അഭിമാനങ്ങളായ നേതാക്കൾ ഇരുപത്തിനാല് വാഴകൾ നടാൻ പോകുകയാണ്…’
എന്ന ഫ്ലാഷ്ന്യൂസ്, ചാനലിന്റെ വരമ്പിൽ ഒഴുകി തുടങ്ങി.
വെറും സമൂഹനന്മ മാത്രമായി വാഴ നടുന്നതിനെ കണക്കാക്കിയാൽ മതിയെന്നായിരുന്നു കുടിയന്മാരുടെ അഭിപ്രായം.
എന്നാൽ വാഴ നടുന്നതും വർക്കിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയാനുള്ള തങ്ങളുടെ അവകാശത്തെ കുറിച്ച് മൊയ്‌ദീൻ വാചാലനായി.
തികച്ചും ന്യായമായ ആവശ്യത്തിന് മുന്നിലേക്ക് അമ്മച്ചി ഇരുപത്തിനാല് വാഴകളുടെ കഥയെടുത്തിട്ടു.
പൊള്ളാച്ചിയിലേക്ക് കെട്ടികൊടുത്ത മൂത്തമോള് സാറാമ്മ കഴിഞ്ഞ അവധിക്ക് നാട്ടില് വന്നപ്പോൾ കൊണ്ടുവന്ന വാഴകന്നുകളിലാണ് കഥ തുടങ്ങിയത്.
മരിക്കും മുന്നേ ചാക്കോച്ചേട്ടൻ വിറ്റ് കുടിച്ചതിന്റെ ബാക്കിയായുള്ള ഏഴ് സെന്റ് സ്ഥലത്തിലാണ് വീടും പറമ്പും നിൽക്കുന്നത്.
ഇത്തിരിപ്പോന്ന പറമ്പില് കപ്പയോ ചേനയോ ചേമ്പോ അങ്ങനെ എന്തെങ്കിലുമൊക്കെ വച്ചു പിടിപ്പിക്കുന്ന പതിവ് അമ്മച്ചിക്കെന്നുമുണ്ട്.
പതിവിൽ മാറ്റമില്ലാതെ പറമ്പ് വൃത്തിയാക്കി, ഒറ്റക്ക് പെടാപാട് പെട്ടാണ് അമ്മച്ചി വാഴകന്നുകൾ മുഴുവൻ നട്ടത്. ഒരു കൈസഹായത്തിന് വർക്കിചേട്ടനെ വിളിച്ചാൽ അയാൾ ഇരുന്ന് കരയും.
പെറ്റിട്ട കുഞ്ഞിനെ പരിചരിക്കുന്ന ശ്രദ്ധയോടെ ഓരോ ദിവസവും പലവക വളങ്ങൾ നൽകിയും, അയല്പക്കത്തെ കിണറ്റീന്ന് വെള്ളം കൊണ്ടുവന്നുമൊക്കെയാണ് അമ്മച്ചി വാഴയെ തീറ്റിപോറ്റിയത്.
വാഴകൾ വളർന്നു. കുലച്ചു….
കണ്ണിന് ഇമ്പമായി അവരങ്ങനെ നിന്നു.
വർക്കി നാലുകാലിൽ വന്നു കയറും വരേ ചാക്കോച്ചേട്ടൻ ഉപേക്ഷിച്ചു പോയ എവറടി ടോർച്ചും തെളിയിച്ച് വാഴകളെ നിരീക്ഷിച്ച് അമ്മച്ചി ഉമ്മറത്ത് ഇരിക്കും.
മൂന്നും നാലും കാട്ട്പന്നികളുടെ സഞ്ചാരമുള്ള സ്ഥലമാണ്. ഉമ്മറത്ത് എപ്പോഴും ആള് വേണം.
വാഴ ഇപ്പോൾ ഋതുമതിയായ പെണ്ണിനെ പോലെയായിരിക്കുന്നു. അവളിൽ ശ്രദ്ധ വേണം.
വർക്കി വന്ന പിന്നെ അമ്മച്ചിക്ക് ആശ്വാസമാകും, അവര് പോയി കിടന്നുറങ്ങും.
വർക്കി യേശുവിനെ കുറിച്ച് സംസാരിച്ചു തുടങ്ങും. ശേഷം അമേരിക്ക, ജപ്പാൻ, നേപ്പാൾ, സംസാരം ഇന്ത്യയിലെത്തുമ്പോഴേക്കും അകത്ത് അമ്മച്ചി ഉറങ്ങിക്കാണും.
അന്നത്തെ പ്രഭാതം അമ്മച്ചിയിൽ ഇടിത്തീപോലെ വന്ന് പതിച്ചു.
ഇരുപത്തിയെട്ട് വാഴകളിൽ പതിനാലെണ്ണം അകാലമൃത്യു വരിച്ചിരിക്കുന്നു. തെക്കെന്നോ വടക്കെന്നോ കിഴക്കെന്നോ നിശ്ചയമില്ലാതെ വാഴകൾ കിടന്നു. ഉമ്മറത്തിണ്ണയിൽ ഉടുമുണ്ട് പുതച്ചു സുഖനിദ്രയിലായിരുന്ന വർക്കിയെ അമ്മച്ചി തട്ടി വിളിച്ചു.
താൻ അമേരിക്കൻ മാർക്കറ്റിൽ പുകയും വലിച്ചിരിക്കുന്ന മധുരസ്വപ്നത്തിൽ നിന്നും വർക്കി ഞെട്ടിയുണർന്നു.
കർത്താവേ അമ്മച്ചിനേം അമേരിക്കക്ക് എടുത്തോ..?
അമ്മച്ചി ഏങ്ങലടിച്ചും പരാധീനതകൾ എണ്ണിയും അമേരിക്കയിലും തനിക്ക് മനസമാധാനം തരില്ലേ?
‘വർക്കിയെ പോയടാ പോയി.. അമ്മച്ചീടെ എല്ലാ കാത്തിരിപ്പും അവസാനിച്ചടാ… കാട്ടുപന്നികള് വന്ന് എല്ലാം തീർത്തടാ വർക്കിയേ തീർത്തു… ‘
ഉമിക്കരിയും വായ്യിൽ ഇട്ട്, പല്ല് തേക്കാൻ മറന്ന് വർക്കി മരിച്ചു കിടക്കുന്ന വാഴക്കൂട്ടങ്ങൾക്ക് ഇടയിൽ നിന്നു. അമ്മച്ചി നിർത്താതെ കരഞ്ഞുകൊണ്ടുമിരുന്നു.
‘കേസ് കൊടുക്കണം അമ്മച്ചി… ‘
വാഴകൾക്ക് അപ്പുറം ഉയർന്നു നിന്ന കരിങ്കല്ലിൽ കാല് കയറ്റി വച്ച് വർക്കി പ്രഖ്യാപിച്ചു.
‘ആർക്കെതിരെ?’
അമ്മച്ചി കരച്ചിൽ നിർത്തി.
‘പന്നികൾക്കെതിരെ… ‘
വർക്കി വീണ്ടും പ്രഖ്യാപിച്ചു.
അമ്മച്ചി കരച്ചില് തുടർന്നു…
നേരം ഇരുട്ടും വരേയും കരഞ്ഞു കൊണ്ടുതന്നെ അവർ പണികൾ ചെയ്‌തു. ഇടക്ക് തമിഴ്നാട്ടീന്ന് സാറാമ്മ വിളിച്ചപ്പോൾ, ആശ്വാസം എന്നോണം അയൽവീട്ടിലെ ശാന്തചേച്ചീടെയും കെട്ടിയോന്റെയും കുറ്റങ്ങൾ നാലെണ്ണം എണ്ണി പറഞ്ഞു.
പിന്നെയും രാത്രിയോട് അടുത്തപ്പോൾ അവശേഷിക്കുന്ന എട്ട് വാഴകൾ അമ്മച്ചിയെ ആശങ്കപ്പെടുത്തി. എവറടിയും തെളിയിച്ച് വർക്കി വരും വരേയും അവർ ഉമ്മറത്ത് ഇരുന്നു.
വർക്കി വന്നു.
വീടിനുള്ളിലേക്ക് പോകും മുന്നേ അമ്മച്ചി വർക്കിയെ ഓർമിപ്പിച്ചു.
മോനെ വർക്കി, ഇനീപ്പോ കൂട്ടിയാലും കുറച്ചാലും എട്ട് എണ്ണമേ തികച്ചു പറയാനുള്ളു. ശ്രദ്ധ വേണം.
ഈ വയസ്സ് കാലത്ത് ഈ തണുപ്പും കൊണ്ട് ഉമ്മറത്ത് കഴിയില്ലാത്തത് കൊണ്ടാണ്.
പിറുപിറുത്ത് കൊണ്ട് അമ്മച്ചി അകത്തേക്ക് നടന്നു.
വർക്കി ആകാശത്തേക്ക് നോക്കി കിടന്നു.
ഇന്ന് അമേരിക്കക്ക് പോകാൻ വയ്യാ. അമേരിക്ക തീരെ പോരാ. ഇസ്രായേൽ കൊള്ളാം…
ഇസ്രായേലിൽ വാഴ കാണുമോ? വർക്കി ഓർത്തു.
പിറ്റേന്നും നേരം പുലർന്നു.
മണിയമ്മയും കല്യാണി പശുവും അലറി കരയുന്ന അമ്മച്ചിക്ക് ഓരം നിന്നു.
പതിനാറും, ഏഴും ആകെമൊത്തം ഇരുപത്തിമൂന്ന് വാഴകൾ തലങ്ങും വിലങ്ങും കിടന്നു. കല്യാണിപശു വാഴകളെ മണപ്പിച്ചു നോക്കി. ഉള്ളില് ചെറിയ പൂതിയെന്നോണം മണിയമ്മയെ ചെരിഞ്ഞു നോക്കി.
മണിയമ്മ കണ്ണുരുട്ടി.
കല്യാണിക്ക് വീണ് കിടക്കുന്ന വാഴകൾ കഴിക്കാനുള്ള മുഴുവൻ അവകാശവുമുണ്ട്. ഇന്നുവരെ മണിയമ്മ ആ അവകാശങ്ങൾക്ക് നേരെ കണ്ണ് ഉരുട്ടിയിട്ടില്ല. കല്യാണി വാഴകളെ അവഗണിച്ചു കൊണ്ട്
ശാന്തചേച്ചിയുടെ വേലിയോരം മാറി നിന്നു.
ഗോപാലേട്ടൻ ചാര് കസേരയിൽ നീണ്ട് നിവർന്നിരുന്ന് മാതൃഭൂമി പത്രം വായിക്കുമ്പോഴും
ഇടക്കിടെ ശ്രദ്ധ തെറ്റി അമ്മച്ചിയുടെ കരച്ചലിൽ വന്നു പതിക്കുന്നത് കല്യാണി കണ്ടു.
‘ആണുങ്ങൾക്ക് ചേർന്ന സ്വഭാവം ആണോടെ ഇത്…. ‘
കല്യാണിക്ക് ദേഷ്യം കനത്തു.
അവളൊന്ന് മുരണ്ടു.
വാഴ നക്കാൻ കിട്ടാത്ത ദേഷ്യവും ഇതും ചേർത്ത് കല്യാണി ആഞ്ഞു തൊഴിച്ചു. ആടി ആടി നിൽപ്പ് തുടങ്ങി മാസങ്ങൾ പിന്നിട്ട മുള്ള് വേലി പൊളിഞ്ഞു വീണു.
മുള്ള് വേലിയുടെ ദാരുണാന്ത്യത്തോടെ
അമ്മച്ചി കരച്ചിൽ അവസാനിപ്പിച്ചു.
ശാന്ത ചേച്ചിയാണ് ആദ്യം പാഞ്ഞു വന്നത്. അടുക്കളയിൽ പൊരിഞ്ഞ പണികളിൽ മുഴുകിയിരുന്ന ശാന്തക്കെങ്ങനെ ഇത്രയും വേഗത്തിൽ വിവരം ലഭിച്ചെന്നുള്ളതിൽ ഗോപാലേട്ടന് അത്ഭുതം തോന്നി.
എന്റെ പെണ്ണുങ്ങളെ നിങ്ങൾ ഉറുമ്പുകളെക്കാൾ വേഗം മണത്തറിയുന്നു…
ഗോപാലേട്ടൻ കണ്ണട ഊരി അകത്തേക്ക് വച്ചു. ഇനി എന്തുവേണമെങ്കിലും സംഭവിക്കാം…..
അതിർത്തിയിൽ തെറിവിളികൾ കനത്തു. ആളുകൾ കൂടുകയും കുറയുകയും ചെയ്തു. മണിയമ്മയും കല്യാണിയും മേയാൻ പോയി.
ഇസ്രായേലിൽ യുദ്ധം തുടങ്ങി… ആരാണ് തോക്കിന്റെ ശബ്ദം പുറപ്പെടുവിച്ചത്. അമ്മച്ചി അലറി വിളിക്കുന്നു. കർത്താവേ നീ അമ്മച്ചിയെ ഇസ്രായേലിലേക്ക് കയറ്റി വിട്ടത് എന്തിന്…?
വർക്കിചേട്ടൻ കണ്ണുകൾ തുറന്നു. ഇസ്രായേൽ ഇല്ല. ബോംബുകളുടെ പുകമറയില്ല. വീടിന്റെ മുകൾചുമരിൽ മാറാലകളുടെ ദേശീയ സമ്മേളനം. അമ്മച്ചിയും ശാന്തചേച്ചിയും യുദ്ധം ചെയ്യുന്നു.
‘ഈ പെണ്ണുങ്ങൾക്ക് തൊണ്ടക്ക് റസ്റ്റ് കൊടുക്കണെ കർത്താവേ…’ അയാൾ പ്രാർത്ഥിച്ചു..
ശേഷം
ഉമ്മിക്കരിയും കയ്യില് എടുത്ത് നടന്നു.
അവശേഷിക്കുന്ന ഏക വാഴയിൽ കുലച്ചു നിക്കുന്ന വാഴക്കുലയെ നോക്കി പല്ലുകൾ തേച്ചു.
തൊട്ടപ്പുറത്ത് വേലിപ്പറമ്പിൽ യുദ്ധം കനത്തു. ശാന്തചേച്ചിയുടെ മുടികുത്തിൽ ആദ്യം പിടിച്ചത് അമ്മച്ചിയാണെങ്കിലും, ശാന്തച്ചേച്ചി മുടിയൊന്ന് ആഞ്ഞുവലിച്ചപ്പോൾ അമ്മച്ചി തെറിച്ചു വീണു. പഞ്ചായത്ത് പണിക്ക് ഇറങ്ങിയ കമലം ചേച്ചി അമ്മച്ചിയെ താങ്ങി നിർത്തി. രാവിലെ കാലി ചായയിൽ തുടങ്ങിയ അഭ്യാസങ്ങളാണ് പെണ്ണുങ്ങൾ ക്ഷീണിച്ചു. ശാന്തചേച്ചിയെ താങ്ങി ഗോപാലേട്ടൻ നടന്നു.
അമ്മച്ചിയും തിരികേ വന്ന് മറിഞ്ഞു കിടക്കുന്ന വാഴകൾക്ക് അരികിലെ കരിങ്കൽ തിട്ടിലിരുന്നു.
കേസ് കൊടുക്കണം അമ്മച്ചി….
വർക്കി മുഖം തുടച്ച് നിവർന്നു നിന്നു പറഞ്ഞു.
ആർക്കെതിരേ?
അമ്മച്ചി ചോദിച്ചു
പന്നികൾക്കെതിരെ……
ഇന്നത്തെ രാത്രി നിർണ്ണായകമാണ്. അവശേഷിക്കുന്ന ഒരേ ഒരു വാഴ, അത് വെറും വാഴയല്ല. രണ്ട് ദിവസം കൊണ്ട് മരണം വരിച്ച വാഴകളുടെ ഘാതകനിലേക്കുള്ള ചൂണ്ടുപലകയാണ്.
ഇന്ന് ഉറങ്ങരുത് എന്ന കഠിനമായ തീരുമാനത്തിലേക്ക് അമ്മച്ചിയെത്തിച്ചേർന്നു.
പതിവ് പോലെ നാല് കാലിൽ വർക്കി വന്നു കയറുന്നു. അമ്മച്ചി അകത്തേക്ക് പ്രവേശിക്കുന്നു.
വർക്കി ഇന്നത്തെ സംസാരം ആരംഭിച്ചത് ചൈനയിലായിരുന്നു.
വർക്കിയുടെ അഭിപ്രായത്തിൽ ലോകത്ത് ചൈന എന്നൊരു രാജ്യം തന്നെയില്ല. പണ്ട് പണ്ട് ജപ്പാനും ചൈനയും ചേർന്ന് ജചൈ എന്ന ഒറ്റ രാജ്യം ആയിരുന്നു.
ശേഷം ജചൈയിലെ രാജാവിന് വെറുതെ പോയും വന്നും ഉല്ലസിക്കാൻ ജചൈ പോലത്തൊരു സ്ഥലം വേണമെന്ന് തോന്നി. അങ്ങനെ നിർമ്മിച്ച ഡ്യൂപ്ലിക്കേറ്റ് ജചൈ ആണ് ചൈന…….
പതിയെ പതിയെ വർക്കിയുടെ ശബ്ദം താഴ്ന്നു. എല്ലാവരും ഉറങ്ങി കഴിഞ്ഞിരിക്കുന്നു..അമ്മച്ചി മാത്രം ഉണർന്നിരിക്കുന്ന മുഹൂർത്തം.
പുറത്ത് ആളനക്കം കേൾക്കാം. താഴെ വീണ് കിടക്കുന്ന വാഴകൾക്ക് മുകളിലൂടെ ആരോ നടക്കുന്നുണ്ടെന്ന് അമ്മച്ചിക്ക് തോന്നി.
മുൻവാതിൽ വഴി പോയാൽ വർക്കി ഉണരാനും അമ്മച്ചിയുടെ പ്ലാനുകൾ മുഴുവൻ പാഴാകാനും സാധ്യതയുണ്ട്.
അതുകൊണ്ട് അമ്മച്ചി എവറടിയുമെടുത്ത് പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി.
വാഴകൾക്ക് മുകളിൽ ഒരു മനുഷ്യരൂപം അവശേഷിക്കുന്ന ഏക വാഴയും ലക്ഷ്യം വച്ചു നടന്നു നീങ്ങുന്നു.
അമ്മച്ചിയുടെ ഉള്ളിൽ നേരിയ ഭയം വീണു.
അവർ അമ്മിക്കല്ലിന്റെ ഓരം മാറി നിന്നു.
വർക്കിയെ വിളിക്കണോ?
അവർ ചിന്തിച്ചു
ചിന്തകളെ തുളച്ചുകയറി കൊണ്ട് ആ ശബ്ദം കേട്ട് തുടങ്ങി ..
‘ഇങ്ങോട്ട് നോക്കെടി, എന്റെ മുഖത്തേക്ക് നോക്കടി…. നിവർന്ന് നില്ലെടി…
കുന്തം മിഴുങ്ങിയത് പോലെ നിക്കാതെ വായ് തുറക്കെടി…’
ശാന്തചേച്ചിയുടെ പര്യമ്പറത്ത് തെളിഞ്ഞു നിന്നിരുന്ന ലൈറ്റ് വെളിച്ചത്തിന്റെ മുറിയും കഷ്ണങ്ങളും ശബ്ദത്തിന്റെ ഉടമയിലേക്ക് കേന്ദ്രികരിച്ചു.
“വർക്കി…”
അമ്മച്ചി സ്വയം മറന്ന് പറഞ്ഞുപോയി.
നിന്റെ മുടി ഇങ്ങ് താടി.
വർക്കി വാഴയിലകളെ വളച്ചൊടിച്ചു. വാസുണ്ണിക്ക് കെട്ടിയോളെ തല്ലാമെങ്കിൽ ഈ വർക്കിക്കും തല്ലാം.
ഇങ്ങോട്ട് നോക്കെടി… ഇങ്ങോട്ട് വർക്കീടെ മുഖത്തോട്ട് നോക്കെടി…
വാഴ ഒന്ന് വളഞ്ഞു.
ആഹാ, നിവർന്ന് നിൽക്കെടി
വർക്കി വീണ്ടും ആഞ്ഞു ചവിട്ടി. വാഴ ഒടിഞ്ഞു തൂങ്ങി,
‘നീ ഉറങ്ങിയോ …
പെണ്ണാളേ എഴുന്നേക്കടി….. ഇച്ചായൻ ഒന്ന് തൊഴിച്ചാ നീ ചാവുന്നത് എന്നാത്തിനാ.. ‘
വർക്കി വാഴയെ കുലുക്കി വിളിക്കാൻ ശ്രമിച്ചു…
വാഴ ഉണർന്നില്ല. വർക്കി തിരികേ നടന്നു, ഉമ്മറത്ത് വിരിച്ചിട്ട പായയിൽ മലർന്നു കിടന്നു കർത്താവിനെ സ്തുതിച്ചു. കർത്താവേ ആശ്വാസമായി.
ഇതേസമയം അമ്മച്ചി അമ്മിയും ചാരി എന്തോ ഓർത്ത് നിന്നു.
‘കർത്താവേ..’
അവരും വിളിച്ചു. തിരികേ അകത്ത് കയറി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മച്ചിക്ക് തോന്നി ഉറക്കം ഏതോ അന്യഗ്രഹജീവിയാണെന്ന്. കണ്ണടക്കാൻ മറന്ന് പ്രായം ചെന്ന മീനിനെ പോലെ അവർ ഉറങ്ങി തുടങ്ങി..
നേരം വെട്ടം വീണപ്പോൾ, അമ്മച്ചി ഉണർന്ന് വാഴകളെ ഓരോന്നായി മാറ്റിയിട്ട് പറമ്പ് വൃത്തിയാക്കി തുടങ്ങി. ഇന്നലത്തെ യാത്ര ജപ്പാനിലോ ചൈനയിലോ എന്ന് ഉറപ്പിക്കാൻ കഴിയാതെ ഉമിക്കരിയും കയ്യിലെടുത്ത് വർക്കി പറമ്പില് അമ്മച്ചിക്കൊപ്പം വന്നു നിന്നു.
മകനെ കണ്ടിട്ടും ഒന്നും സംസാരിക്കാൻ ഇല്ലാത്ത അമ്മച്ചി തന്റെ ജോലികൾ തുടർന്നു.
ഉമിക്കരിയുടെ അവസാനഭാഗം പല്ലിലേക്ക് പകർന്നു കൊണ്ട് വർക്കി പറഞ്ഞു,
“കേസ് കൊടുക്കണം അമ്മച്ചീ.. ”
അമ്മച്ചി നിവർന്ന് നിന്നു
ആർക്കെതിരെ?
പന്നികൾക്കെതിരെ….
അമ്മച്ചി കഥ പറഞ്ഞവസാനിപ്പിച്ചു.
കഥ തീരുമ്പോ മൊയ്‌ദീൻ താടിക്ക് കയ്യും കൊടുത്ത് കയ്യാലയിൽ ഇരിക്കുകയായിരുന്നു. വെള്ളക്കുട്ടിയേട്ടൻ മൺതിട്ടയിൽ ഇരുന്ന് പറമ്പ് വീക്ഷിക്കുകയായിരുന്നു. കുടിയന്മാരിൽ അഞ്ചാറെണ്ണം മുണ്ട് കുടഞ്ഞ് എഴുന്നേറ്റ് പോയി.
Weshow യുടെ ക്യാമറ അടുത്ത ദൃശ്യം പകർത്താൻ തയാറായി നിന്നു.
ഇനി തീരുമാനം പറയേണ്ടത് നേതാക്കന്മാരാണ്. അമ്മച്ചി ഓർമ്മിപ്പിച്ചു.
‘വർക്കി ജയില് കിടക്കട്ടെയമ്മച്ചി. വർക്കിയുടെ ജാമ്യത്തിന് വേണ്ടി ഞങ്ങൾ വാഴ നടുന്നില്ല… ‘
രണ്ട് നേതാക്കന്മാരും ഒന്നിച്ചു ഒത്തൊരുമയോടെ പറഞ്ഞു.
പെട്ടന്നാണ് weshow യുടെ ഇടപെടൽ ഉണ്ടായത്.
‘അത് നടക്കില്ല. കൃത്യം 3.30ന് നേതാക്കന്മാർ വാഴ നടുമെന്ന് ചാനലിൽ പരസ്യം വന്നു കഴിഞ്ഞു. ഇനി മാറ്റിയാൽ ചാനലിന്റെ നഷ്ടപരിഹാരം പാർട്ടികൾ നൽകേണ്ടി വരും.. ‘
‘അയിന് വാഴക്കന്നിനുള്ള പണം പോലും ഞങ്ങളുടെ കൈവശം ഇല്ലാല്ലോ..’
നേതാക്കന്മാർ ആശങ്ക പ്രകടിപ്പിച്ചു.
‘അത് പാർട്ടി ഫണ്ടിന്ന് എടുക്കാം… ഞങ്ങളുടെ കുറെ കൊല്ലത്തെ നഷ്ടപരിഹാര അനുഭവം വച്ച് പറയുന്നതാണ്. ചെലവ് കുറവ് വാഴക്കന്നിനു തന്നെയാണ്…’
കുടിയന്മാർ അഭിപ്രായം അറിയിച്ചു.
അങ്ങനെ, നാട്ടിലെ കർഷകശ്രീ അമ്പുവേട്ടന്റെ കയ്യിന്ന് വാഴക്കന്നുകൾ പാർട്ടിവകയിൽ എത്തി.
Weshow യുടെ ക്യാമറ കണ്ണുകൾ പ്രവർത്തിച്ചു തുടങ്ങി
ചാനലിന് മുമ്പിൽ തിക്കും തിരക്കും.
അഭിമാനത്തോടെ weshow റിപ്പോർട്ടർ ക്യാമറക്ക് മുന്നിൽ നിന്നു ചിരിച്ചു കാണിച്ചു.
ടീവിയിൽ തങ്ങളുടെ പൊളിഞ്ഞു കിടക്കുന്ന വേലിയിലെ ചില ഭാഗങ്ങൾ കാണിക്കുന്നതിൽ ശാന്തചേച്ചിയും ചന്ദ്രേട്ടനും അഭിമാനം കൊള്ളുന്നു…
നേതാക്കൻമാർ വാഴ നട്ടു തുടങ്ങി.
ഒന്നേ, രണ്ടേ, മൂന്നേ, നാലേ….
വാഴ നടുന്ന മഹത്തായ കർമ്മത്തിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അങ്ങിങ്ങായി ചിതറി കുടിയന്മാർ നിന്നു. അവർ വർക്കിയെ ഓർത്ത് ഉൾപുളകം കൊണ്ടു. വർക്കി നാട്ടിൽ ചരിത്രം രചിച്ചിരിക്കുകയാണ്. ഒരു പണിയും ഇല്ലാത്ത നേതാക്കമാരെ വർക്കി പറമ്പിൽ പണിയെടുപ്പിച്ചിരിക്കുന്നു. ഇതൊരു ചെറിയ കാര്യമല്ല. ശിക്ഷ കഴിഞ്ഞു മടങ്ങി വരുന്ന വർക്കിക്ക് വലിയൊരു സ്വീകരണം ഒരുക്കാൻ കുടിയന്മാർ ഏകകണ്ഡമായി തീരുമാനം എടുത്തു.
അതിനിടക്ക് ജോസപ്പേട്ടന്റെ ഉള്ളില് ഒരു സംശയം കേറി.
മുന്നില് നിന്ന വാസുണ്ണിയെ തോണ്ടി വിളിച്ച് ജോസപ്പേട്ടൻ ചോദിച്ചു,
‘ഇതിനെയാണോടെ പണ്ട് കാർന്നോർമാര് പറഞ്ഞത്
വാഴ നട്ട മതിയായിരുന്നൂന്ന്..’
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.