പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
റാഫി നീലങ്കാവില്‍
തൃശൂര്‍ ജില്ലയിലെ ഒരു സാധാരണ ഗ്രാമമായ പാവറട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സാഹിത്യദീപിക സംസ്കൃത കോളേജിനെപ്പറ്റി ജീവിതപ്പാത എന്ന ആത്മകഥയില്‍ പൂര്‍വ്വാദ്ധ്യാപകനായ ചെറുകാട് അനുസ്മരിക്കുന്നുണ്ട്. “എലിമെന്‍ററി ഒന്നുമുതല്‍ സാഹിത്യ ശിരോമണി ഫൈനല്‍ കൂടി പന്ത്രണ്ട് ക്ലാസ്സുകളും സംസ്കൃത വിദ്വാന്‍ നാല് ക്ലാസ്സുകളും മലയാള വിദ്വാന്‍ മൂന്നുക്ലാസ്സുകളും മലയാളം എന്‍ട്രന്‍സ് ഒരു ക്ലാസ്സും കൂടി ഇരുപതോളം ക്ലാസ്സുകളും അവര്‍ക്കുവേണ്ട അദ്ധ്യാപകരും അവിടെയുണ്ടായിരുന്നു”
“ഒമ്പതാം തരം മുതല്‍ പാവറട്ടിയിലെ സാഹിത്യദീപിക സംസ്കൃത കോളേജിലേക്ക് നടന്നു ഞാന്‍. ആ നടത്തം തന്‍റെ ജീവിതത്തിന്‍റെ രൂപാന്തരീകരണത്തിനു കാരണമായി” എന്നാണ് സാഹിത്യദീപികയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ കോവിലന്‍ എഴുതിയത്.
പി. ടി. കുര്യാക്കോസ് എന്ന നസ്രാണി സ്വന്തം ഭവനത്തില്‍ ആരംഭിച്ച സംസ്കൃത പാഠശാല കാലത്തിന്‍റെ കാലടിപ്പാടുകള്‍ പിന്‍പറ്റി, ക്രമത്തില്‍ ഉയര്‍ന്നുയര്‍ന്ന് വിദ്വാന്‍മാരേയും ശിരോമണികളേയും വിളയിക്കുന്ന ഒരു സംസ്കൃതമഹാപാഠശാലയായി പരിണമിച്ച കഥ ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്.
സംസ്കൃത കുലപതി കുര്യാക്കോസ്
അന്നത്തെ കാലത്ത് നാട്ടിന്‍പുറത്തെ ഒരു ക്രിസ്ത്യാനി സംസ്കൃത ഭാഷയും സാഹിത്യവും പഠിക്കുകയെന്നത് വളരെ അസാധാരണമായ സംഭവമായിരുന്നു. സംസ്കൃതഭാഷയുടെയും സാഹിത്യത്തിന്‍റേയും പ്രചാരണത്തിനും പ്രശസ്തിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച മഹല്‍വ്യക്തിയായിരുന്നു പി.ടി. കുര്യാക്കോസ്.
തുടക്കം
ഈ മഹാവിദ്യാലയത്തിന്‍റെ ബീജാവാപം 1909 ഏപ്രില്‍ മാസത്തിലാണ് സംഭവിച്ചത്. തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ വീടിന്‍റെ ഒരു ഭാഗത്ത് പത്തു പതിനഞ്ച് വിദ്യാര്‍ത്ഥികളുമായി കുര്യാക്കോസ് തന്‍റെ സംസ്കൃത അദ്ധ്യാപനം ആരംഭിക്കുന്നത്. ഒരു കൊല്ലം കഴി്യും മുന്‍പ് തന്നെ പരിമിതമായ ആ സ്ഥലം മതിയാകാത്തവിധം വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചു. 1911 ജൂലായിൽ വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ ‘സാഹിത്യ ദീപിക സംസ്കൃത പാഠശാല’ എന്ന പേരില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 1913 ല്‍ എലിമെന്‍ററി ക്ലാസ്സുകള്‍ക്കു മദിരാശി ഗവര്‍മെന്‍റില്‍ നിന്നു അംഗീകാരം ലഭിച്ചതോടെ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സുഗമമായി. പാഠശാലയ്ക്കു പ്രത്യേക കെട്ടിടം കൂടാതെ കഴിയില്ലെന്നു വന്നതോടെ 1915ല്‍ ഒരു സ്കൂള്‍ കെട്ടിടം പണിതു അതിലേയ്ക്കു മാറി. അതോടെ അഡ്വാന്‍സ്ഡ് കോഴ്സുകള്‍ ആരംഭിച്ചു.
സംസ്കൃത കോളേജ്
കുട്ടികളുടെ ഉപരിപഠനാര്‍ത്ഥം ബ്രഹ്മശ്രീ പുന്നശ്ശേരി നീലകണ്ഠശര്‍മ്മയുടെ ഉപദേശപ്രകാരം സംസ്കൃത വിദ്വാന്‍, സംസ്കൃത ശിരോമണി എന്ന രണ്ടു ക്ലാസ്സുകള്‍ കൂടി ആരംഭിച്ചു. 1934ല്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം മേല്‍പ്പറഞ്ഞവയ്ക്ക് ലഭിച്ചു, പിന്നീട് മലയാള എൻട്രൻസ് ക്ലാസ്സും മലയാള വിദ്വാന്‍ ക്ലാസ്സും ആരംഭിച്ചു.
കോളേജ് കെട്ടിടം
പുതിയ കോഴ്സുകള്‍ ആരംഭിച്ചതോടെ കോളേജിനു പറ്റിയ ഒരു കെട്ടിടം കൂടിയേ കഴിയൂ എന്ന യൂണിവേഴ്സിറ്റി നിബന്ധനപ്രകാരം നാട്ടുകാരുടെ അത്യൂദാരമായ സഹായസഹകരണത്താല്‍ 1939ല്‍ വിശാലമായ കോളേജ് കെട്ടിടം നിര്‍മ്മിക്കുകയുണ്ടായി. ഏറെ സാമ്പത്തിക ബാധ്യതകളോടെയാണ് പി.ടി. ഈ സ്ഥാപനം നടത്തിക്കൊണ്ടുപോന്നത്. പിന്നീട് വാര്‍ഷികഗ്രാന്‍റായി ലഭിച്ചു തുടങ്ങിയ ചെറിയ തുകയാകട്ടെ ഒന്നിനും തികയുമായിരുന്നില്ല.
പി. സി. വാസുദേവനിളയത്, കെ. പി. നാരായണ പിഷാരടി, ശ്രീകൃഷ്ണ ശര്‍മ്മ, പരമേശ്വരനുണ്ണി, വ്യാകരണ ശിരോമണി അയ്യര്‍, ശങ്കരശാസ്ത്രികള്‍, ചെറുകാട് തുടങ്ങിയ മഹാപണ്ഡിതന്മാരായിരുന്നു അദ്ധ്യാപകര്‍.
പത്താം തരം കഴിഞ്ഞ് മലയാളമോ സംസ്കൃതമോ ഒരു വര്‍ഷം പഠിച്ച് വിദ്വാന്‍ പരീക്ഷ പാസായാല്‍ അധ്യാപകനാവാനുളള യോഗ്യതയായി. അങ്ങനെ സാഹിത്യദീപിക സംസ്കൃത കോളേജില്‍ പഠിച്ചിറങ്ങിയവരാണ് മലബാറിലെ ഭൂരിഭാഗം അദ്ധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും.
തനിക്കു ശേഷവും ഈ സ്ഥാപനം അഭിവൃദ്ധിപ്പെടണമെന്ന ലക്ഷ്യത്തോടെ, വാര്‍ദ്ധക്യത്തിന്‍റെ ആധിക്യത്തില്‍, അദ്ദേഹം ഈ സ്ഥാപനവും സ്ഥാപനമുള്‍ക്കൊളളുന്ന സ്ഥലവും രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍റെ വിദ്യാപ്രവര്‍ത്തനങ്ങള്‍ക്കായി, സ്ഥാപന നടത്തിപ്പിനായി രൂപീകരിച്ച ‘വിദ്യാപീഠ കമ്മറ്റി’ക്കു ദാനം രജിസ്റ്റര്‍ ചെയ്തു. സംസ്കൃത വിദ്യാപീഠമായി മാറിയ ആ സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറനാട്ടുകരയിലേക്കു മാറ്റി സ്ഥാപിച്ചു. ഇന്നിവിടെ പി.ടി.കുര്യാക്കോസ് സ്മൃതിഭവനമെന്ന പേരില്‍ വിദൂരവിദ്യാകേന്ദ്രമായി സ്ഥാപനം എളിയ രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.
സംസ്കൃത ഭാഷാചരിത്രത്തില്‍ സ്വന്തം ഹ്യദയരക്തം കൊണ്ട് പുതിയ അദ്ധ്യായങ്ങള്‍ എഴുതിചേര്‍ത്ത ശ്രീ. പി.ടി.കുര്യാക്കോസ് മാസ്റ്ററുടെ സ്മരണനിലനിര്‍ത്തുന്നതിനായി പി.ടി.കുര്യാക്കോസ് സ്മൃതിഭവനത്തെ സംസ്കൃത ഗവേഷണകേന്ദ്രമാക്കുകയും പൈതൃക സാംസ്കാരികകേന്ദ്രമായി ഈ പാഠശാലയെ സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.