പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
റാഫി നീലങ്കാവില്‍
സംസ്കൃതം ഒരു ആത്മീയ ഭാഷയാണെന്നാണ് ഇന്ത്യന്‍ ജനത ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ബൗദ്ധിക ജനവിഭാഗങ്ങളുമായി ആശയവിനിമയം നടത്താന്‍ സംസ്കൃതം അനുയോജ്യമായ മാധ്യമമാകുമെന്ന ബോധ്യം ക്രൈസ്തവ മിഷണറിമാര്‍ക്കുണ്ടായിരുന്നു. മിഷണറിമാര്‍ ഇന്ത്യയിലെത്തി സംസ്കൃതം പഠിക്കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ഈ ശ്രമത്തില്‍ ഇന്ത്യന്‍ സംസ്കൃതപണ്ഡിതന്മാര്‍ മിഷണറിമാരെ വളരെയധികം സഹായിച്ചു.
ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലും ബൈബിള്‍ ലഭ്യമാണെങ്കിലും സംസ്കൃതത്തില്‍ അതിന്‍റെ ഒരു പകര്‍പ്പ് അപൂര്‍വമാണ്. ക്രിസ്ത്യന്‍ മിഷനറിമാരാണ് ബൈബിള്‍ സംസ്കൃത ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുള്ള അവരുടെ സമര്‍പ്പണത്തെക്കുറിച്ച് ഈ ഉദ്യമത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ, സംസ്കൃതം ബുദ്ധിജീവികള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു ക്ലാസിക്കല്‍ ഭാഷയുടെ പദവിയിലേക്ക് ചുരുങ്ങി. ഒരുപക്ഷേ ഇന്ത്യയിലെ ബുദ്ധിജീവികള്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ മിഷനറിമാര്‍ ഇവിടെ വിശുദ്ധ ഭാഷയായി കരുതുന്ന സംസ്കൃതത്തിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുകയായിരുന്നു. ഗ്രീക്ക്, എബ്രായ പാഠങ്ങളില്‍ നിന്ന്, ബൈബിള്‍ ആദ്യം എഴുതിയ ഗ്രന്ഥങ്ങളില്‍ നിന്ന് ഈ ഗ്രന്ഥങ്ങള്‍ സംസ്കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. സംസ്കൃതത്തിലെ പഴയ നിയമം നാല് വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് ബംഗാളിലെ കൊല്‍ക്കത്ത ബാപ്റ്റിസ്റ്റ് മിഷനറിമാരാണ്. പഴയനിയമത്തിന്‍റെ സംസ്കൃത പതിപ്പ് 1848 ല്‍ നാല് ഭാഗങ്ങളിലും പുതിയ നിയമം 1886 ല്‍ കൊല്‍ക്കത്തയിലും അച്ചടിച്ചു. ഈ രണ്ട് വിവര്‍ത്തനങ്ങള്‍ക്കും ഇംഗ്ലീഷ് വിവര്‍ത്തനങ്ങളില്ല. കാരണം ഈ വിവര്‍ത്തനങ്ങള്‍ സംസ്കൃത പണ്ഡിതന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. മിഷനറിയായി ഇന്ത്യയിലെത്തിയ ശ്രീ. വില്യം കാരിയാണ് സംസ്കൃത ഭാഷയില്‍ ബൈബിളിന്‍റെ വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് തുടര്‍ന്നുളള പ്രാദേശിക ഭാഷകളിലേക്കുളള ബൈബിള്‍ വിവര്‍ത്തനവും പ്രസിദ്ധീകരണവും തുടര്‍ന്നത്. ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന അതികായന്മാരുടെ സഹായമാണ് മിഷണറിമാര്‍ തേടിയത്. ഇന്ത്യന്‍ ബൈബിള്‍ സൊസൈറ്റി, ബൈബിള്‍ സംസ്കൃത പ്രസിദ്ധീകരണങ്ങൾക്കായി വിവര്‍ത്തനത്തിന് സംസ്കൃത പ്രണയഭാജനം പി.ടി.കുര്യാക്കോസ് മാസ്റ്റര്‍ സ്ഥാപിച്ച പ്രശസ്ത മഹാപാഠശാലയായ പാവറട്ടിയിലെ സാഹിത്യ ദീപികയിലെ അദ്ധ്യാപകരുടെ സഹായവും തേടിയിരുന്നു. പലഭാഗങ്ങളായി തിരിഞ്ഞ് സംസ്കൃത ബൈബിളിന്‍റെ പല രചനകള്‍ക്കും നേതൃത്വം നല്‍കിയത് സാഹിത്യ ദീപിക സംസ്കൃത കോളേജിലെ പ്രിന്‍സിപ്പാള്‍ ആയിരുന്ന c(ശിരോമണി ഫ്രാന്‍സീസ്) ആയിരുന്നു.
ബൈബിള്‍ സൊസൈറ്റിയുമായുളള അദ്ദേഹത്തിന് അടുത്ത ബന്ധം ഉളളതായി പല രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. പി.കെ. ഫ്രാന്‍സീസ് വിവര്‍ത്തനം നിര്‍വ്വഹിച്ച ജോസഫസ്യ കഥ (ദ ജോസഫ് സ്റ്റോറി) ബൈബിള്‍ സൊസൈറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ട്രാന്‍സ്ലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉന്നതസ്ഥാനീയനായ സി.അറങ്ങാടന്‍ 1976 ല്‍ എഴുതിയ കത്തില്‍ ദ ജോസഫ് സ്റ്റോറി എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ഭാഗത്തെ (ബ്ളെസ്സിംങ്ങ് ഓഫ് മോസസ്) പരാമര്‍ശിച്ചുളള വിവരങ്ങള്‍.
ബ്രസീലിയന്‍ ഗവേഷകനായ വാന്‍ഡവാലെ 1890ല്‍ ‘ബൈബിള്‍ ഇന്‍ ഇന്ത്യന്‍ ലാംഗ്വേജസി’ല്‍ ഭാരതത്തിലെ വിവിധങ്ങളായ ഭാഷകളില്‍ എഴുതിയ ബൈബിള്‍ വിവര്‍ത്തനങ്ങളെക്കുറിച്ച് സമ്പൂര്‍ണ്ണമായി വിവരിച്ചിട്ടുണ്ട്. സ്റ്റോറീസ് ഓഫ് ജോസഫ് & അബ്രഹാം എഴുതിയത് ശിരോമണി ഫ്രാന്‍സീസ് ആണെന്ന് ആ പഠന റിപ്പോര്‍ട്ടില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ചരിത്രകാരനായ പ്രൊഫ.ജോര്‍ജജ് മേനാച്ചേരിയുടെ ക്രിസ്റ്റ്യന്‍ എന്‍സൈക്ലോപീഡിയയിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിന് പി.കെ. ഫ്രാന്‍സീസിന്‍റെ മറ്റൊരു പ്രധാന സംഭാവനയാണ് മഹാകവി കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളത്തിന്‍റെ ഗദ്യാനുവാദസഹിതമുളള തര്‍ജജമ. സംസ്കൃത കോളേജിന്‍റെ വൈസ് പ്രിന്‍സിപ്പാളായിരിക്കെ 1954ല്‍ പുസ്തകമായി പ്രസിദ്ധീകരിച്ച പ്രസ്തുത രചനയെക്കുറിച്ച് കുട്ടികൃഷ്ണമാരാര്‍ മാതൃഭൂമിയില്‍ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. ” പേടിക്കേണ്ട, പേടിക്കേണ്ട! ഇത് അപ്പോകുന്ന ശാകുന്തള പരിഭാഷാജാഥയിലെ ഒരംഗമല്ല! സാക്ഷാല്‍ സംസ്കൃത ശാകുന്ദളം തന്നെ മലയാളലിപിയില്‍ ഒരു ഗദ്യതര്‍ജജമയോടുകൂടി പ്രസിദ്ധീകരിച്ചതാണ്. ഒടുവില്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കുതകുമാറ് ഇതിവൃത്ത- പാത്ര- സന്ധി-രസ- നിരൂപണാത്മകമായ ഒരനുബന്ധവും ചേര്‍ത്തിട്ടുണ്ട്.”
“ഈ പ്രസിദ്ധീകരണം മുഖ്യമായി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണെങ്കിലും സംസ്കൃതഭാഷാ പരിചയം ചുരുങ്ങിയ മലയാളികള്‍ക്ക് കാളിദാസന്‍റെ ആ വിശ്വവിഖ്യാതമായ കൃതി എങ്ങനെയിരിക്കുന്നുവെന്ന് രുചിച്ചറിയുന്നതിനുതകുന്നതാണ്. തര്‍ജ്ജമ പൊതുവെ ഹൃദ്യമായിട്ടുണ്ട്….”
ഈ വാക്കുകളില്‍ നിന്നു തന്നെ ആ വിദ്യാദാനതല്‍പ്പരന്‍റെ തൂലികാ വിലാസം ഉള്‍ക്കൊളളാന്‍ കഴിയും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.