ഫാസിസ്റ്റുകാലത്തെ വർത്തമാനം

0
262
rabeeh m t

റബീഹ് എം.ടി

ചുരുട്ടി പിടിച്ച മുഷ്ടികളെ
അവർ അടിച്ചൊതുക്കും.
ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങളെ
അവർ തല്ലിക്കെടുത്തും.
മഷിത്തുള്ളി കിനിയുന്ന പേനത്തുമ്പുകളെ
അവർ ഒടിച്ചുകളയും.
ഒപ്പിയെടുക്കുന്ന കാമറ ചില്ലുകൾ
അവർ തെരുവിൽ ചിതറിക്കും.
എതിരിൽ വരുന്ന ചോദ്യങ്ങളിൽ
അവർ ചോദ്യചിഹ്നം നിരോധിക്കും.
തെരുവുകളിൽ പുക വിതച്ച്
അവർ രക്തം കൊയ്യും.
അധികാരങ്ങളെ കൈയ്ക്കു പിടിച്ച്
അവർ ഇരുമ്പു മറക്കുള്ളിലാക്കും.
നുണകളും, വിഢിത്തങ്ങളും അധികാര കുപ്പായമിട്ട്
ഔദ്യോഗികമായി വാ പൊളിക്കും.
വലയിടീലിനു പകരം അവർ ഓരം ചേർന്ന്
ഒറ്റതിരിഞ്ഞ് ചൂണ്ടയിടും ഓരോരുത്തരെ.
ചരിത്രത്തെ തടങ്കലിൽ പാർപ്പിച്ച്
നൂറ്റാണ്ടുകളെ പൊളിച്ച്
അവർ അപനിർമ്മിക്കും.
ഊർജ്ജം കെടരുത് !
ശബ്ദം തളരരുത് !
മുഷ്ടികൾ താഴ്ത്തരുത് !
എഴുത്തുകൾ കനമുള്ള വിമർശനങ്ങളായി
പെയ്തിറങ്ങണം.
ശബ്ദങ്ങൾ അവരുടെ കാതുകൾക്ക്
അരോചകമാവണം.
വിയോജിപ്പുകൾക്കിടയിലെ
യോജിപ്പുകളാണ് വിപ്ലവം.
ഭിന്നിച്ചു പാറിയ കൊടികൾ
ഒരു നാരു കൊണ്ട് കൂട്ടിക്കെട്ടണം.
ഫാഷിസം ! ഞാനെന്നോ, നീയെന്നോ,
അവനെന്നോ നോട്ടമില്ല.
സംസാരമല്ല, സംഹാരമാണവർക്കു പഥ്യം.
നീ…. കെടരുത്, പൊള്ളിക്കണം,
തൊടുന്നവനെ.
ഉയിര് കെടും വരേക്ക്
ഉയരത്തിൽ മുഴക്കണം വിപ്ലവം.
നിന്റെ ചാരത്തിലെ പുഴുക്കൾ പോലും
അവർക്ക് ഉറക്കം കെടുത്തലുകളാവണം.
പഠിക്കണം, പഠിപ്പിക്കണം നീ ചരിത്രം
നിന്റെ മക്കളെ, അവർ അപനിർമ്മിക്കും മുമ്പ്.
വിദ്യാർത്ഥികളേ…..
ബുജികളും, പുസ്തക പുഴുക്കളുമല്ല
നമുക്കാവശ്യം-
ആദ്യം നമുക്കൊരു ചുമരു വേണം
എന്നിട്ട് ചിത്രം വരക്കാം.
നിങ്ങൾ തെരുവുകളെ
ക്ലാസ് മുറികളാക്കണം.
മുദ്രാവാക്യങ്ങളെ പാഠഭാഗങ്ങളാക്കണം.
പെൺമകളേ, നീ മുഷ്ടി ചുരുട്ടി
വാനം വിറപ്പിക്കുന്നതിനിടക്ക്
നിന്റെ കുപ്പിവളകൾ ചിതറണം.
പോരാട്ടം നിലനിൽക്കട്ടെ നിലനിൽപ്പിനായ്…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827


ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here