കവിത
ആർ. ശ്രീജിത്ത് വർമ്മ
ചിത്രീകരണം : ഹരിത
ലോകത്തിന്റെ ത്രിമാനം
നഷ്ടപ്പെട്ടതറിഞ്ഞ് പകച്ചിരിപ്പാണ്
ഓൺലൈൻ ക്ലാസ്സിലിരിക്കുന്ന കുട്ടി.
ബലമില്ലാത്ത ആഗോളവല
ഇടയ്ക്ക് മുറിയുന്നുണ്ടെങ്കിലും
ബാറ്ററി മുഴുവൻ നിറയ്ക്കും മുമ്പേ
വൈദ്യുതി നിലയ്ക്കുന്നുണ്ടെങ്കിലും
മൊബൈലിൽ എന്നുമെത്തുന്നുണ്ട്
ചൂട് കൂടി വരുന്ന ഭൂമിശാസ്ത്രം.
ഭൂതകാലപ്രകാശം സംശ്ലേഷിക്കുന്ന ചരിത്രം.
സൂത്രവാക്യങ്ങളുടെ വവ്വാൽച്ചിറകിൽ
സംഖ്യകളെ പരാഗണം ചെയ്യുന്ന ഗണിതം.
വ്യാകരണത്തിൻറെ ജിംനാസ്റ്റിക്സിൽ
ലോകത്തെ വിവർത്തിക്കുന്ന ഭാഷ.
സ്ക്രീൻ നോക്കി
കുട്ടിയിരിക്കുമ്പോൾ
ലോക്ഡൗൺ തെറ്റിച്ച്
കേറി വരുന്ന അതിഥികളെപ്പോലെ
നിരുത്തരവാദികളായ ഓർമ്മകൾ.
ഉയർന്ന ഭൂമിയിൽ ചാടിയിരുപ്പായ
സ്‌കൂൾ എന്ന ഗോലിയാത്ത് തവള
നൂൽവേരുകൾ ഒഴുക്കിക്കളയുന്ന പേരാൽ
മഴ പെയ്യുകയോ, ആകാശത്ത്
കറുത്തവിമാനങ്ങൾ പോലെ
മേഘങ്ങൾ തൂങ്ങി നിൽക്കുകയോ ചെയ്ത
ഉച്ചയൊഴിവിൽ പകുത്തുണ്ട
സമത്വത്തിൻ ഊൺമണം.
ജനാലയോരത്തെ പെൺകുട്ടി
ചുഴറ്റിയെറിഞ്ഞ ചിരിക്കടങ്കഥയ്ക്ക്
പറയാത്ത ഉത്തരത്തിന്റെ
ദുഃഖം; ആദ്യ കവിതയുടെ രഹസ്യം. . .
എപ്പോഴുമുയരുന്ന
കടൽവെള്ളം പോലെ
ഓർമ്മകൾ പെരുകി
മുറിയാകെ മുങ്ങുമ്പോൾ
കുട്ടി പിടഞ്ഞെണീക്കുന്നു
മൊബൈലണച്ച്
സഞ്ചിയിൽ പുസ്തകം തിരുകുന്നു.
അഴുക്ക് പൂക്കൾ വിരിഞ്ഞ യൂണിഫോം
ധൃതിയിലണിഞ്ഞ് ഉമ്മറമിറങ്ങുന്നു.
വെയിൽ തിന്ന് മയങ്ങുന്ന വീടിന്റെ
ആശ്ചര്യചിഹ്നത്തെ വളച്ച്
അഞ്ചോ പത്തോ വട്ടം
ഓടിച്ചുറ്റി ഓർമകളെ
ഭാവിയുടെ ചോദ്യചിഹ്നത്തിലേക്ക്
ഉച്ചാടനം ചെയ്തയക്കുന്നു.
അന്നേരം തന്നെ
പുതിയ സാധാരണത്വത്തിന്റെ
പരുന്തിൻ ചുണ്ടുകൾ താണ് വന്ന്
കുട്ടിയെ ഒറ്റക്കൊത്തിന്
വിഴുങ്ങുന്നു.
…
ആർ. ശ്രീജിത്ത് വർമ്മ
ഐ ഐ ടി മദ്രാസിൽ നിന്നും 2018ൽ പിഎച്ച്ഡി നേടി. ഇപ്പോൾ തമിഴ് നാട്ടിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്റിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ഇംഗ്ലീഷിലുള്ള കവിതകൾ ന്യൂ റൈറ്റിങ്, പോസ്റ്റ് കൊളോണിയൽ ടെക്സ്റ്റ്, കൃത്യ എന്നീ ജേർണലുകളിൽ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.