“ദാമോദരൻ പാപ്പന്റെ പുട്ട് കട”

0
796

ഡോ.കെ.എസ്.കൃഷ്ണകുമാർ

അങ്ങനെയും ഒരു പേരില്ല ഈ ചായക്കടയ്ക്ക്. അരനൂറ്റാണ്ടായി പുലർച്ച നാലുമണി മുതൽ രാത്രി എട്ടുവരേക്കുംനാടൻ അരിപുട്ടും കുറുമയും കടല റോസ്റ്റും കൊളളിയും കിട്ടുന്ന ഈ ചെറുപുരയെ ഭക്ഷണപ്രിയർ വിളിക്കുന്നത് “ദാമോദരൻ പാപ്പന്റെ കട” എന്നാണ്. ചായക്കടയുടെ അരച്ചുമരിൽ ചില കച്ചവട സ്ഥാപനങ്ങളുടെ വാണിജ്യ പരസ്യമെഴുത്തുകളുണ്ടെങ്കിലും പേരുപലകകൾ ഒന്നുമില്ലാത്ത ഷീറ്റുമേഞ്ഞ ഒരു ഷെഡ് മാത്രമാണ് ഇത്. കൊടുങ്ങല്ലൂർ ശൃംഗപുരം കവലയിൽ നിന്ന് കിഴക്ക് ഭാഗത്തേക്കുളള കനാൽ റോഡിനരികിലാണ് ദാമോദരൻ പാപ്പൻറെ പുട്ട് കട. ചിരട്ടപ്പുട്ടും മുട്ട റോസ്റ്റുമാണ് ഇവിടുത്തെ മാസ്റ്റർ പീസ്. എങ്കിലും ദാമോദരൻ പാപ്പന്റെ നാടൻ ദോശയും ഊണും കഴിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്ന് ധാരാളം ഭക്ഷണപ്രേമികൾ ഇന്ന് ഇവിടെ എത്തുന്നു. Tasty Spots എന്ന മൊബൈൽ ആപ്പിൽ വൻകിട ഹോട്ടലുകൾക്കിടയിൽ ദാമോദരൻ പാപ്പന്റെ കട സ്ഥാനം നേടിയിട്ടുണ്ട്.

 

കൊടുങ്ങല്ലൂരിന്റെ ചരിത്രം ഉറങ്ങുന്ന പഴയകാല വഞ്ചിക്കവിടനടുത്ത് ഒരു ഇടം കൂടിയാണിത് . ഒന്നു കണ്ണടച്ചു നിന്നാൽ പണ്ട് ജലമാർഗ്ഗം വ്യാപാരാവശ്യങ്ങൾക്കായി എത്തിയിരുന്നവരുടെ തിക്കും തിരക്കും ശബ്ദങ്ങളും കേൾക്കാം. ദാമോദരൻ പാപ്പൻ ഇന്നില്ല. മകൻ പ്രേമനാണ് ചായക്കട നടത്തുന്നത് . അച്ഛൻടെ കാലത്തേ അതേ നാടൻ രുചികളിൽ ശുചിത്വത്തോടെ പലവിധ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കാൻ പ്രേമനെ സഹായിക്കാൻ പരമേശ്വരൻ ചേട്ടനടക്കം കുറച്ചു പേർ കൂടെയുണ്ട്. പുതുകാല സ്വാദുകളുടെ കുത്തുവരവിൽ ഇക്കാലത്ത് വേരറുത്തുപോകുന്ന ഇത്തരം തദ്ദേശീയമായ സ്വാദിടങ്ങൾ പലതും ഭൗതികമായ രൂപാന്തരങ്ങൾ തേടുന്നതായി കാണാം. കേരളത്തിൽ ഇത്തരം നാടൻ ഭക്ഷണാലയങ്ങൾ ധാരാളമുണ്ടെങ്കിലും ദാമോദര പാപ്പന്റെ പുട്ട് കട അവയ്ക്കിടയിൽ വേറിട്ട രുചിയും കാഴ്ചയുമാകുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here