കവിത
ഇൽനെയാസ്
മൊഴിമാറ്റം: പ്രിയ രവിനാഥ്
ഒരു വേള ഞാൻ നിന്റെ മനസ്സിന്റെ ഗ്രന്ഥശാലയിൽ ഉണ്ടെങ്കിൽ
കാപ്പിയുടെ സുഗന്ധത്തിനു തൊട്ടരികെ
നീ സൈക്കിൾ ചവിട്ടുവാൻ പഠിച്ച ഓർമ്മയെ ഞാൻ പ്രതിഷ്ഠിക്കും
അത് നീ ഓർത്തെടുക്കുവാനാണ്
തുടങ്ങിയാലേ ഏതിനും
താളം കണ്ടെത്തുവാനാകൂ എന്ന്
നിന്നെ സൂര്യൻ തഴുകുന്ന സുഖാനുഭവത്തെ ഞാൻ പൂർണമായി മായ്ച്ചു കളയും
നീ അത് വീണ്ടും ആദ്യമായി ആസ്വദിക്കാനാണത്
നീ നിന്നിൽ അടിച്ചേൽപ്പിച്ച കുറവുകളുടെ ഛായാചിത്രങ്ങളെ മെല്ലെ മെല്ലെ തുടച്ചു കളയാൻ
ഞാൻ സഹായിക്കാം
എനിക്ക് കുറവുകൾ ഇല്ല
എന്ന അനുഭൂതി വലിയൊരു തീരുമാനമാണ്
നിന്നോട് വെറുതെ
മുഷിയുവാൻ ഒരു വേള
നിന്റെ പേരിലെ
ചില അക്ഷരങ്ങളെ
ഞാൻ മാറ്റിമറിച്ചു കളിക്കും ഞാൻ മനസ്സിലാക്കുന്നു നമ്മുടെ നിലനിൽപ്പിന്റെ തെളിവുകൾ മറ്റുള്ളവരുടെ മനസ്സിൽ മാത്രമാണെന്ന്
എന്റെ അസ്തിത്വത്തിന്റെ ഏറ്റവും സുന്ദരമായ പ്രതിഫലനം
നിന്നിലായിരുന്നു
അതിനാൽ എന്നെക്കുറിച്ചുള്ള നിന്റെ ഓർമ്മകളിൽ
ഞാൻ തൊടുകപോലുമില്ല പക്ഷേ ഞാനൊരൽല്പം സ്വാർത്ഥതയോടെ
നിന്റെ ഇഷ്ട ഗാനങ്ങളിൽ എന്റെ ചെറുപുഞ്ചിരി
ഒളിപ്പിച്ചു വയ്ക്കും
അത് നീ എന്റെ മണ്ടൻ തമാശകളെ ഓർമിക്കുവാനാണ്
ഒരുപക്ഷേ ഒറ്റയ്ക്ക് അതോർത്ത്
നിന്റെ വിചിത്ര സ്വഭാവം പോലെ നീ തലതല്ലി ചിരിക്കുവാൻ
നീ നിന്നെക്കുറിച്ച് എന്നോട് പറയാത്ത
കാര്യങ്ങളിലേക്കൊന്നും
ചൂഴ്ന്നുനോക്കില്ലെന്ന്
ഞാൻ ഉറപ്പു തരുന്നു
ഇത് യാത്രാമൊഴിയാണ്
എന്റെ പ്രണയമേ, സൗന്ദര്യനിറവേ
പക്ഷേ ഞാൻ നിന്റെ ചിന്തകളിൽനിന്നും മാഞ്ഞു പോകും മുമ്പ്
നിന്റെ അബോധമനസ്സിന്റെ നിഴലുകളുടെ അടിത്തട്ടിലേക്ക് ഞാൻ താഴ്ന്നിറങ്ങും
എന്നിട്ട് നിന്റെ ദുസ്വപ്നങ്ങളിൽ ഈ വരികൾ ഒളിപ്പിച്ചു വയ്ക്കും കാരണം ഭാവിയിൽ വിധിയുടെ ദുർഭൂതങ്ങളോട് ഏറ്റുമുട്ടുമ്പോൾ
നീ ഒരുപക്ഷേ ഓർത്തെടുത്തേക്കാം
നിന്നെ ഒരാൾ
അത്യഗാധമായി സ്നേഹിച്ചിരുന്നുവെന്ന്
…
പ്രിയ രവിനാഥ്,
കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ, സ്ക്കൂൾ ഓഫ് ലെറ്റേഴ്സിലെ ഗവേഷകയായിരുന്നു. ഇപ്പോൾ തൃപ്രയാർ ശ്രീരാമ സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപിക.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Well written. Beutiful lines