പ്രവാചകൻ – 9

0
604
പ്രവാചകൻ – ഖലീൽ ജിബ്രാൻ

വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം  : സംഗീത്

ഭാഗം ഒന്‍പത്

വീട്…

ഒരു കല്‍പ്പണിക്കാരന്‍
മുന്നോട്ടുവന്ന് പറഞ്ഞു:
വീടുകളെകുറിച്ച്
ഞങ്ങളോട് സംസാരിക്കുക.

അവന്‍ പറഞ്ഞു:
നഗരത്തില്‍ വീടുവയ്ക്കുന്നതിനുമുമ്പ്
നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക്
വിജനതയില്‍
ഒരു പുല്‍ക്കുടില്‍ പണിയുക.

വൈകുന്നേരമാകുമ്പോള്‍
വീടണയുന്നതുപോലെ
നിങ്ങളിലെ ഏകാകിയും
നിത്യവിദൂരസ്ഥനുമായ
അലഞ്ഞുതിരിയുന്നവനും
വീടണയേണ്ടതുണ്ട്.

നിന്റെ ഈ വലിയ ശരീരംതന്നെ ഭവനം.
സൂര്യനില്‍ അത് വളരുകയും
രാത്രിയുടെ നിശ്ചലതയില്‍
ഉറങ്ങുകയും ചെയ്യുന്നു.
എങ്കിലോ അത് സ്വപ്നശൂന്യമല്ലതാനും.

നിങ്ങളുടെ ഭവനം സ്വപ്നം കാണാറില്ലേ?
നഗരംവിട്ട് മലനിരകളിലും
കാട്ടുപൊന്തകളിലും
അത് സ്വപ്നസഞ്ചാരം
നടത്താറില്ലേ?

നിങ്ങളുടെ ഭവനങ്ങളെയെല്ലാം എന്നിലേക്കാവാഹിച്ച്
ഒരു കര്‍ഷകനെപ്പോലെ
കാട്ടിലും മേട്ടിലുമെല്ലാം
വിതയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
താഴ് വരകളെ തെരുവീഥികളാക്കിയും
ഹരിതാഭയാര്‍ന്ന വഴിത്താരകളെ
ഇടനാഴികളാക്കിയും ഞാന്‍ മാറ്റിയേനെ.
മുന്തിരിത്തോട്ടങ്ങളില്‍ നിങ്ങൾ
പരസ്പരം അന്വേഷിച്ചലയുകയും
അവസാനം ഉടയാടയില്‍
മണ്ണിന്‍ സുഗന്ധവുംപേറി
തിരിച്ചെത്തുകയും ചെയ്തേനെ.
എന്നാല്‍ അങ്ങനയൊന്നും സംഭവിക്കുന്നില്ല.

ഭയംമൂലം, പൂര്‍വ്വികര്‍ നിങ്ങളെ
കൂട്ടംചേര്‍ന്നു ജീവിക്കാന്‍ ചേര്‍ത്തുപിടിച്ചു.
കുറച്ചുനാള്‍കൂടി ആ ഭീതി നിങ്ങളില്‍ തുടരും.
അതുവരെ നഗരഭിത്തികള്‍
നിങ്ങളുടെ ഹൃദയങ്ങളെ
വയലുകളില്‍നിന്ന് അകറ്റിനിറുത്തും.

അല്ലയോ ഓര്‍ഫലീസിലെ ജനങ്ങളേ,
എന്നോടു പറയുക!
എന്താണ് നിങ്ങളുടെ
വീടുകളില്‍ക്കുള്ളിലുള്ളത്?
ഭദ്രമായി അടച്ചിട്ട മുറികള്‍ക്കുള്ളില്‍
എന്താണു നിങ്ങള്‍ സൂക്ഷിക്കുന്നത്?

അവിടെ സമാധാനമുണ്ടോ?
നിങ്ങളുടെ ശക്തിയെ ഉണര്‍ത്തുന്ന
മൗനപ്രചോദനങ്ങള്‍ അവിടെയുണ്ടോ?
ഓര്‍മ്മകളുണ്ടോ?
മനസ്സിന്റെ ഗിരിശൃംഖങ്ങളെ സ്മരിപ്പിക്കുന്ന
മിന്നുന്ന കമാനങ്ങള്‍?!

മരത്തടിയിലും ശിലയിലുംതീര്‍ത്ത
ശില്പചാതുരിയില്‍നിന്നും
ഹൃദയത്തെ,
വിശുദ്ധശൃംഗങ്ങളിലേക്കു നയിക്കുന്ന
സൗന്ദര്യാനുഭൂതിയുണ്ടോ?

പറയുക!
ഇതെല്ലാം നിങ്ങളുടെ ഭവനങ്ങളിലുണ്ടോ?
അതോ വെറും സുരക്ഷിതത്വമെന്ന
മിഥ്യ മാത്രമോ?

ഒരു കള്ളനെപ്പോലെ
അതിഥിയായി പ്രവേശിച്ച്,
പിന്നെ ആതിഥേയനായി,
അവസാനം യജമാനനായി മാറുന്ന
സുഖത്തിനായുള്ള കാമന മാത്രമോ?

അതൊരു പരിശീലകനായി,
കൊളുത്തും ചാട്ടയുംകൊണ്ട്
നിങ്ങളുടെ വലിയ മോഹങ്ങളെ
കളിപ്പാവകളാക്കിമാറ്റും.
പട്ടുപോലെ മിനുമിനുത്ത കൈകളെങ്കിലും
അതിന്റെ ഹൃദയം ഉരുക്കുപോലെ കഠിനമാണ്.

ശയ്യയ്ക്കകരികെ നില്ക്കുവാനും
ശരീരത്തിന്റെ ശ്രേഷ്ഠതയെ അപഹസിക്കുവാനും
അതു നിങ്ങളെ താരാട്ടുപാടിയുറക്കും.

നിങ്ങളുടെ ഇന്ദ്രിയാവബോധത്തെ പരിഹസിച്ച്
ദുര്‍ബലമായ പാത്രത്തെയെന്നോണം
തിസില്‍പൂപ്പഞ്ഞിയില്‍ കിടത്തും.

സുഖതൃഷ്ണ ആത്മദാഹത്തെ
ഹനിക്കുകതന്നെ ചെയ്യും.
എന്നിട്ടോ, ശവഘോഷയാത്രയില്‍
പുഞ്ചിരിച്ച് ഒപ്പം നടക്കുകയും ചെയ്യും.

എന്നാല്‍ ആകാശചാരികളായ കുഞ്ഞുങ്ങളേ,
വിശ്രാന്തിയില്‍ അസ്വസ്ഥരാകുന്നവരേ,
നിങ്ങള്‍ കെണിയിലാകുകയോ
മെരുക്കപ്പെടുകയോ ഇല്ല.

നിങ്ങളുടെ ഭവനം നങ്കൂരമാകാതെ
അതൊരു പായ്മരമാകും.
അത് മുറിവിനെ മറയ്ക്കുന്ന
തിളങ്ങുന്ന ആവരണമാകില്ല.
മറിച്ച്, കണ്ണിനെ സംരക്ഷിക്കുന്ന
കണ്‍പോളയാകും.

വാതിലുകളിലൂടെ കടന്നുപോകാനായി
ചിറകുകളെ ഒതുക്കേണ്ടതില്ല.
മച്ചില്‍ മുട്ടുമെന്നു കരുതി
തല കുനിക്കുയും വേണ്ട.
ചുമരുകള്‍ വിണ്ടുകീറുമെന്നു ഭയന്ന്
ശ്വസിക്കാതിരിക്കുകയും വേണ്ട.
മരിച്ചവര്‍ ജീവിച്ചിരിക്കുന്നവര്‍ക്കായി
നിര്‍മ്മിച്ച ശവകുടീരങ്ങളില്‍
നിങ്ങള്‍ പാര്‍ക്കേണ്ടതില്ല.

നിങ്ങളുടെ ഭവനം ഉജ്ജ്വലവും
ആകര്‍ഷണീയവുമാണെങ്കിലും
അത് നിങ്ങളുടെ രഹസ്യങ്ങളെ സൂക്ഷിക്കുകയോ
അഭിലാഷങ്ങള്‍ക്ക് അഭയമരുളുകയോ ചെയ്യുന്നില്ല.

നിങ്ങളിലെ അനശ്വരമായത് വസിക്കുന്നത്
ആകാശമന്ദിരത്തിലാണ്.
പ്രഭാതത്തിലെ മൂടല്‍മഞ്ഞ് വാതായനവും
ജാലകങ്ങള്‍, രാത്രിയുടെ നിശ്ശബ്ദതയും
സംഗീതവുമായ ആകാശസൗധത്തില്‍…

(തുടരും….)

LEAVE A REPLY

Please enter your comment!
Please enter your name here