വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം പത്ത്
വസ്ത്രങ്ങൾ
അപ്പോള്‍ നെയ്ത്തുകാരന്‍ പറഞ്ഞു:
വസ്ത്രങ്ങളെക്കുറിച്ച് ഞങ്ങളോട് സംസാരിക്കുക.
അവന്‍ പറഞ്ഞു:
നിങ്ങളുടെ വസ്ത്രങ്ങള്‍
നിങ്ങളുടെ സൗന്ദര്യത്തെ
ഏറെയും മറച്ചുകളയുന്നു.
വൈരൂപ്യത്തെയോ മറയ്ക്കുന്നുമില്ല.
സ്വകാര്യസ്വാതന്ത്ര്യമാണ്
നിങ്ങള്‍ വസ്ത്രങ്ങളില്‍ തേടുന്നതെങ്കിലും
ചങ്ങലയിലും പടച്ചട്ടയിലുമാണ്
നിങ്ങള്‍ കുരുങ്ങുന്നത്.
അല്പവസ്ത്രത്താല്‍ നിങ്ങളുടെ ശരീരം
സൂര്യനേയും കാറ്റിനെയും
അനുഭവിച്ചിരുന്നെങ്കില്‍!
ജീവശ്വാസം സൂര്യപ്രകാശത്തിലും
ജീവിതഹസ്തം കാറ്റിലുമാണല്ലോ
അധിവസിക്കുന്നത്.
നിങ്ങളില്‍ ചിലര്‍ പറഞ്ഞേക്കും;
ഞങ്ങളുടെ വസ്ത്രങ്ങള്‍ നെയ്തത്
വടക്കന്‍ കാറ്റാണെന്ന്.
എന്നാല്‍ ഞാന്‍ പറയുന്നു;
വടക്കന്‍കാറ്റുതന്നെയായിരുന്നു അത്.
എങ്കിലോ നാണമായിരുന്നു അവന്റെ തറി.
മാംസപേശികളുടെ മാര്‍ദ്ദവത്വമായിരുന്നു അവന്റെ നൂല്‍.
ജോലികഴിഞ്ഞ് പിന്‍വാങ്ങിയതിനുശേഷം
വനാന്തരങ്ങളില്‍ അവന്‍ പൊട്ടിച്ചിരിക്കും.
അശ്ലീലമനസ്സുകള്‍ക്കുനേരെയുള്ള
പ്രതിരോധമാണ് ചാരിത്ര്യമെന്നു മറക്കരുത്.
അശ്ലീലതപേറുന്നവര്‍ ഇല്ലാതെയാകുമ്പോള്‍
ചാരിത്ര്യമെന്നത് ചങ്ങലയും
മനസ്സിന്റെ കാലുഷ്യവുമല്ലാതെ മറ്റെന്താണ്?
നഗ്നപാദങ്ങളുടെ സ്പര്‍ശം
ഭൂമിയെ ആഹ്ലാദിപ്പിക്കുന്നുണ്ടെന്നും
മുടിയിഴകളില്‍ നൃത്തംചെയ്യാന്‍
കാറ്റ് വെമ്പുന്നുണ്ടെന്നും
നിങ്ങള്‍ മറക്കാതിരിക്കുക.