പ്രദീഷ് കുഞ്ചു
‘ആത്മ’ യുടെ ആർട്ടേരിയയുടെ ഒന്നാം പതിപ്പ്, എന്റെ എഴുത്ത് പ്രകാശം കണ്ട ആദ്യ പതിപ്പുകൂടിയായിരുന്നു.
ഓൺലൈൻ വായനയിൽ, ആത്മയുടെ മനോഹരമായ പേജുകളിലൂടെ ഇടക്കിടെ കടന്നു പോവുക പതിവായിരുന്നു. മികച്ച എഴുത്തുകാർക്ക്, പ്രത്യേകിച്ച് യുവ എഴുത്തുകാർക്ക് ആത്മ നൽകുന്ന ഒരു വലിയ ക്യാൻവാസ് ഒരിക്കൽ എന്നെയും തേടിവരുമെന്ന് ആഗ്രഹിച്ചിരുന്ന കാലം. സൃഷ്ടികൾ അയക്കുവാൻ തുടങ്ങി. എല്ലാ മാഗസിനിലേക്കും അയച്ചെങ്കിലും ‘തിരഞ്ഞെടുക്കപ്പെട്ടില്ല’ എന്ന സമാധാന മറുപടികൾ ആത്മയിൽ നിന്നുമാണ് കിട്ടിയിരുന്നത്. മറ്റുള്ളവരിൽ നിന്ന് അതുപോലും ലഭിച്ചില്ല എന്നതാണ് നിരാശാകരമായ വസ്തുത.
എഴുത്തിലും വായനയിലും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയ സമയത്താണ് എന്റെ ആദ്യകഥ ഭാഗ്യലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ച് പ്രിയപ്പെട്ട സുഹൃത്ത് ആത്മയിൽ നിന്ന് ‘സൂര്യ’ യുടെ വിളിവന്നത്. അതും ആത്മയുടെ ആദ്യ ഓൺലൈൻ വീക്ക്ലി പതിപ്പ് ‘ആർട്ടേരിയ’ പുറത്തിറക്കുന്നതിൽ എന്റെ കഥയും! എന്ന സന്ദേശത്തോടെ. പ്രോത്സാഹനം തന്നെയായിരുന്നു അത്. തുടർന്ന് കഥകളും കവിതകളുമായി കുറച്ച് സൃഷ്ടികൾ ആർട്ടേരിയയിലൂടെ വെളിച്ചം കണ്ടു.
ഏറെ ഉറപ്പുള്ള കാര്യം എന്താണെന്നു വെച്ചാൽ, ഇന്ന് മലയാളത്തിലുള്ള ഏതൊരു മാഗസിനേക്കാളും എത്രയോ മനോഹരമാണ് ആത്മയും ആർട്ടേരിയയും. ലിങ്ക് തുറന്നാൽ തന്നെ കെട്ടിലും മട്ടിലും മനോഹരമാണ് മാഗസിൻ. ഓരോ സൃഷ്ടികളോടൊപ്പവും തെളിയുന്ന ചിത്രങ്ങളുടെ ശോഭ മാഗസിന് മുതൽകൂട്ടാണ്. എന്റെ കഥകൾക്കും കവിതകൾക്കും ചിത്രങ്ങൾ വരച്ചത് സുബേഷേട്ടനാണ്. മനസ്സിൽ അറിഞ്ഞും കൊണ്ടും ചിത്രം വരച്ച അയാളോട് സ്നേഹം മാത്രം.
കഥകളും കവിതകളും ഓർമകളും കൊണ്ട് സജീവത നിലനിർത്തുന്ന മാഗസിന് എന്നും ഹരിതഭംഗി നിലനിർത്താൻ സാധിക്കുന്നത് ഏറെ മേന്മയുള്ള പൈനാനിപെട്ടിയും, ഗോത്രഭാഷക്ക് ഇന്നുവരെ ഏതൊരു മാഗസിനും നല്കാത്ത പ്രാധാന്യം നല്കി, ആർട്ടേരിയ പ്രസിദ്ധീകരിക്കുന്ന ഗ്രോതാ ഭാഷാ സൃഷ്ടികളും ഏറെ മിഴിവാർന്ന ഫോട്ടോഗ്രാഫി സെഷനും തന്നെയാണ്.
ഒരു പാട് നല്ല എഴുത്തുകാർക്കുള്ള ഇടമാവാൻ ആത്മക്കും ആർട്ടേരിയക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായ ആശംസ.
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.