സാംസ്കാരികം
പ്രസാദ് കാക്കശ്ശേരി
‘വെളിച്ചത്തിന് എന്തൊരു വെളിച്ച’മെന്ന് ഏറ്റവും തെളിച്ചമുള്ള ദർശനം ആവിഷ്ക്കരിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. അജ്ഞതയുടെ മത-ജാതി ധാർഷ്ട്യത്തിൻ്റെ അല്പത്തത്തിൻ്റെ ഇരുളിടങ്ങളിലേക്ക് വെളിച്ചം എത്തിക്കാൻ കൊട്ടിയടച്ച ജാലകങ്ങൾ തള്ളിത്തുറക്കകയാണ് നവോത്ഥാനം ചെയ്തത്. നട്ടുച്ചയ്ക്ക് റാന്തലുമേന്തി തെരുവിലൂടെ മനുഷ്യനെ തേടി നടന്ന ഡയോജനിസിനേയും ഓർക്കാവുന്നതാണ്.”വെളിച്ചം തൂകിടുന്നോളം പൂജാർഹം താനൊരാശയം”എന്ന് മാത്രമല്ല, അത് ”ഇരുണ്ട് അഴൽ ചാറുമ്പോൾ പൊട്ടിയാട്ടുകതാൻ വരം !” (ഇടശ്ശേരി)എന്ന കാവ്യാദർശം കൂടി ചരിത്രത്തിലെ നിർണായകമായ ഇടപെടലാണ്. വെളിച്ചമാണ്, അറിവാണ് ദൈവമെന്ന ബോധ്യം പ്രതീകാത്മകമായി നിർവഹിച്ചു ശ്രീനാരായണ ഗുരു.
തൃശൂർ ജില്ലയിൽ മണലൂരിനടുത്തുള്ള കാരമുക്ക് ചിദംബര ക്ഷേത്രത്തിൽ ഗുരു നിർവ്വഹിച്ച ഭദ്രദീപപ്രതിഷ്ഠ യുടെ നൂറാം വർഷമാണിത് .ആത്മബോധത്തിന്റെ, മാനവിക ഔന്നത്യത്തിന്റെ, പ്രപഞ്ചോർജത്തിന്റെ ഉജ്ജ്വല സാക്ഷാത്കാരമായിരുന്നു അത്. 1920 മെയ് 15 (1095 എടവം 2) നാണ് ക്ഷേത്രത്തിൽ നിലവിളക്ക് കൊളുത്തി പ്രതിഷ്ഠ നടത്തിയത്. അറിവിന്റെ പ്രതീകാത്മക സാന്നിധ്യമാണ് വെളിച്ചം.‘അറിവിലനാദിയതായ് നടന്നിടും തൻ തിരുവിളയാടലിതെന്നറിഞ്ഞിടേണം” എന്ന് ഗുരുവരുൾ. സവർണ നിർണീതമായ പ്രതിഷ്ഠ, ദൈവം എന്നീ പരികല്പനകളെ ദാർശനികമായി മാറ്റിയെഴുതുക കൂടിയാണ് ഗുരു. കണ്ണാടി, ദീപം എന്നിവ മലയാളിയുടെ ആത്മബോധത്തിന്റെ നിർവ്വചനവും ഉൾ സാരവുമാകുന്നു. വർക്കല ശിവഗിരിയിലെ ശാരദാമoത്തിൽ അറിവിന്റെ ദേവതയായ ശാരദയാണ് പ്രതിഷ്ഠ. ഇനി ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് വേണ്ടത് എന്ന് ഗുരു പറയുകയുണ്ടായി.
ശ്രീ നാരായണഗുരുവിന്റെ ശിഷ്യനായ കുമാരനാശാനും അറിവിനെ കൂരിരുൾ നീക്കുന്ന തേജസ്സായി അവതരിപ്പിക്കുന്നുണ്ട്. ആശാൻ പഠിച്ച ചക്കൻ വിളാകം സ്കൂളില്‍ അധ്യാപകനായിരുന്ന മടവൂർ നാരായണ പിളള പെൻഷനായപ്പോൾ സമർപ്പിച്ച ശ്ലോകങ്ങളിൽ ഒന്ന്- ”ഗുരുവരണരാശേ, കൂരിരുട്ടൊക്കെ നീക്കി –
ചിരതരമഹ ഞങ്ങൾക്കങ്ങു തേജസ്സുമേകി സ്വരുചി സദൃശമിന്നീ വിശ്രമസ്ഥാനമാർന്നു ചരമ ജലധി പാരം ചാരു താരം കണക്കെ ” അജ്ഞതയാകുന്ന കൂരിരുള്‍ നീക്കുന്ന പ്രകാശമാണ് അധ്യാപകന്‍ എന്ന് കുമാരനാശാന്‍. ഗുരുവിന്റെ പ്രധാന ശിഷ്യനായിരുന്ന സഹോദരൻ അയ്യപ്പൻ അറിവിന്റെ, ശാസ്ത്ര ബോധത്തിൻ്റെ മഹത്വം ‘സയൻസ് ദശക’മായി എഴുതി. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉദ് ബോധിപ്പിച്ച ഗുരുവിന്റെ ദൈവസങ്കല്പ പ്രസരണത്തിന്റെ ചൈതന്യമാണ് കാരമുക്ക് ചിദംബര ക്ഷേത്രത്തിൽ നടത്തിയ ഭദ്രദീപ പ്രതിഷ്ഠ. ‘മലയാളിയുടെ അകക്കോവിലിൽ ഗുരു കൊളുത്തിയ ദീപം കെടാതെ കാക്കലാണ് പ്രധാന ഉത്തരവാദിത്വം എന്ന് ചരിത്രപരമായി ഓർക്കേണ്ട സന്ദർഭം കൂടിയാണ് ഇത്.
മണലൂർ മേഖല പുരോഗമന കലാസാഹിത്യ സംഘം ഒരുവർഷം നീണ്ട് നിൽക്കുന്ന ജ്ഞാന സംവാദമായി കാരമുക്കിലെ ജ്ഞാനോദയ ശതാബ്ദി ഭാവിയിലേക്കുള്ള നിറ വെളിച്ചമായി പകരുന്നു. ലോക് ഡൗൺ കാലമായതു കൊണ്ട് നവമാധ്യമങ്ങളിലൂടെ സംവാദങ്ങൾ പ്രകാശിപ്പിക്കുന്നു.
( ഈ കുറിപ്പെഴുതാൻ വിവരങ്ങൾ നൽകി, ചിത്രങ്ങൾ സമാഹരിച്ച് സഹായിച്ചത് പു ക സ മ ണലൂർ മേഖലാ സെക്രട്ടറി വി.എസ് അജയകുമാറാണ് )
പ്രസാദ് കാക്കശ്ശേരിയുടെ ‘അകക്കോവിൽ നിറതിരി ‘ എന്ന കുറിപ്പ് വായിച്ചു.നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിൻ്റെ ശതാബ്ദി കൊണ്ടാടുന്ന ഈ അവസരത്തിൽ ഇത്തരം ലേഖനങ്ങൾ ചിന്തോദ്ദീപങ്ങളാണ്. ആത്മയ്ക്കും പ്രസാദിനും അഭിനന്ദനങ്ങൾ.
ഉൾനാടുകളിലെ ഗുരുവിന്റെ ഇടപെടലുകൾ ഇന്നത്തെ ജനമറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ പലതും മറവിയിൽ പോകും. ഇതുപോലെ പല സ്ഥലങ്ങളിലും ഉണ്ടാകും. പ്രസാദ് മാഷ് ചെയ്തത് ഇത് പോലെയുള്ള അന്വേഷണങ്ങൾക്ക് തുടക്കമാകാൻ വഴിവെക്കെട്ടെ
. അഭിനന്ദനങ്ങൾ!