കവിത
പ്രതീഷ് നാരായണൻ
ചിത്രീകരണം : അശ്വര ശിവൻ
വീടുമാറിപ്പോവുന്ന
നിന്റെ പിന്നാലെ
കണ്ണാടിയലമാരയൊന്ന്
പെട്ടിയോട്ടോയിൽ
നാടുതാണ്ടാനിറങ്ങുന്നു.
നിന്റെ മുറിയിൽനിന്നും
ചുവടിളക്കിപ്പോരുമ്പോൾ
വീടതിനെ ഉമ്മവച്ചതിന്റെ
കണ്ണുനീരുണക്കുവാൻ
വെയിലിത്രയൊന്നും
മതിയാവുന്നേയില്ല.
ഞാനിരിക്കാറുള്ള
പകലിടങ്ങളെല്ലാം
നിന്റെ കണ്ണുകൾ
വലംവച്ചുപോകുമ്പോൾ
പെട്ടിയോട്ടോയിൽ ചില്ലലമാര
കവലയും കള്ളുഷാപ്പുമെന്ന്
കെട്ടുകൂടി കിടക്കുന്നു.
വഴിയിൽവച്ചു ഞാൻ
കണ്ണാടി കാണുമ്പോൾ,
നീയതിൽ ഒട്ടിച്ചൊരു പൊട്ട്
പകൽവെളിച്ചത്തിലെന്നെ
പ്രദക്ഷിണംചെയ്യുന്നു.
എന്റെ പ്രപഞ്ചത്തിന്റെ
കറുപ്പിൽ, ശ്യൂന്യതയിൽ
വീടുമാറിപ്പോകുന്ന
നിന്റെ പ്രണയത്തെ
എനിക്കീ പകലിന്റെ
സൂര്യനായിതോന്നുന്നു.
അങ്ങുദൂരത്ത് കണ്ണാടിയിൽ
അതിനെ ഞാനൊരു
പൊട്ടുപോലെ കാണുന്നു
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മനോഹരം ????