നീലശലഭങ്ങളുടെ പറുദീസ

0
323
prabha siva

വായന
അഡ്വ.സീമാ പ്രമോദ്
പ്രഭ ശിവയുടെ നീലശലഭങ്ങളുടെ പറുദീസ എന്ന കവിതാ സമാഹാരത്തിന് ആശംസാക്കുറിപ്പ്

പ്രണയത്തിൻ്റെ ഒറ്റമരക്കാട്ടിലേയ്ക്ക് വഴിതെറ്റി വന്നൊരു നീലശലഭം, കാത്തിരിപ്പിൻ്റെ കനൽതുണ്ടുകളെ മൗനത്തിൻ്റെ ഇലയിൽ പൊതിഞ്ഞുകെട്ടി,മഞ്ഞുപൂക്കളായ് മരച്ചില്ലയിൽ ചേർത്തുവയ്ക്കുകയാണിവിടെ.
അകപ്പെട്ടുപോയ ഇഷ്ടങ്ങളുടെ പിന്നാമ്പുറത്ത് നിന്നുകൊണ്ട്, സ്നേഹത്തിൻ്റെ ഒറ്റമുറി വാതിൽ വഴിതെറ്റി വരുന്നവർക്കായി
തുറന്നിടരുതെന്നവൾ ശഠിക്കുന്നു.
ആ ഒറ്റമുറിലോകത്ത് ചിലപ്പോൾ പരിചിതർ അപരിചിതരായേക്കാം.
കാത്തിരിപ്പിൻ്റെ പ്രസക്തി നഷ്ടപ്പെട്ട് ഓർമ്മകൾ നരച്ചു തുടങ്ങിയേക്കാം.
നിന്നെ അരികത്തുവേണമെന്ന് പറയാനൊരാളില്ലാതാകുന്ന ശൂന്യത,ഒരു വറുതിയുടെ ആരംഭമാണ്. ഹൃദയത്തിൽ കാരണമില്ലാതെ മുറിവുകൾ ഉടലെടുക്കുന്നു.
കൽവിളക്കുകളിൽ കരിന്തിരി കത്തുന്ന, നിശ്വാസങ്ങൾ നിദ്രയെ ആട്ടിയകറ്റുന്ന, തിരക്കുകൾ സമയമില്ലായ്മയ്ക്കും, മറന്നുവയ്ക്കലിനും മാർഗ്ഗം തെളിയിക്കുന്ന, വരണ്ട മനസ്സിൻ്റെ ജല്പനങ്ങളിൽ ശലഭച്ചിറകുകൾ കൊഴിയുന്നു.
പ്രണയത്തിൻ്റെ നീലശലഭങ്ങൾ ഒറ്റമുറിത്തടവറയിൽ ബന്ധനസ്തയാകുന്നു.
സ്വയം മുറിവുകളുണ്ടാക്കി, ഹൃദയത്തിൽ നിന്നും ഇറങ്ങിപ്പോയവർക്ക് മൗനാനുമതി നൽകാനും മടിക്കുന്നില്ല  ശലഭമനസ്സ്.
ഒരിക്കലും മടുക്കാത്ത ഒരാളെയും തിരയുന്നുണ്ട് ഇവിടെ നീലശലഭങ്ങൾ.
ഇഷ്ടങ്ങളുടെ മഞ്ചാടിക്കാടുകളിൽ പുലർച്ചെ വീശുന്ന ഇളംകാറ്റുപോലൊരാൾ.
തോന്നുമ്പോഴൊക്കെ സ്നേഹിക്കുവാനും,
പിണക്കങ്ങളുടെ താഴ്‌വരയിൽ നിന്നും കൈപിടിച്ചു കയറ്റുവാനും, ഒറ്റമഴപെയ്ത്തിൽ കുളിരുകോരിത്തരുവാനും, സ്വാർത്ഥത തീണ്ടാതെ, വ്യവസ്ഥകളോ, അവകാശങ്ങളോ ഇല്ലാതെ ഒപ്പമുണ്ടെന്ന ഒരുവാക്കിൽ ചേർത്തുനിർത്തുവാനും ഒരാൾ!
മാറ്റങ്ങളുടെ അച്ചുതണ്ടിൽ പ്രണയ ഭൂമിക പുനർജ്ജനി തേടുമ്പോൾ നീലശലഭം ജാലകവിരിപ്പുമാറ്റി പ്രതീക്ഷയുടെ തുറന്ന ഗഗനം സ്വപ്നം കാണുന്നു.
“നിങ്ങളുടെ ഹൃദയത്തിലേക്ക്, അത്രമേൽ സ്നേഹാർദ്രമായി ക്ഷമയോടെ ഒരാൾ കടന്നുവരികയാണെങ്കിൽ മനസ്സിൻ്റെ വാതിലുകളും ജനലുകളും അവനായി തുറന്നിടുക, എന്നവൾ മൊഴിയുന്നു.
സ്നേഹമൂറുന്ന വാക്കുകളെ മിഴികളിൽ കൊരുക്കുവാനും, ഇഷ്ടമെന്ന ഒരൊറ്റ വാക്കിൻ്റെ വെട്ടത്തിലിരുന്ന് ഒരു കപ്പ് കാപ്പി കുടിക്കാനും, സ്നേഹപാതയിൽ ഋതുക്കളെയറിഞ്ഞു യാത്രപോകാനും
അവൾ ആഗ്രഹിക്കുന്നു.
അലസമായി ഒഴുകിയ ഒരു പകലിൻ്റെ അവസാനം അവൾ ഇങ്ങനെ എഴുതി,
പ്രിയപ്പെട്ടവനേ,
പ്രണയിക്കാനും ഒറ്റപ്പെടാനുമുള്ള
എൻ്റെ സ്വാതന്ത്ര്യത്തെ നീ
ചോദ്യം ചെയ്യില്ല എന്ന വിശ്വാസത്തോടെ,
ഓർമ്മകളുടെ ഇരുണ്ട ഇടനാഴിയിൽ
വീണ്ടും ഞാനിതാ നിൻ്റെ പേരെഴുതി വയ്ക്കുന്നു.
നീ എന്നെ എന്നാണോർക്കുക?
തുറന്നിട്ട ജാലകത്തിലൂടെ ഒരു
കുഞ്ഞുകാറ്റ് വന്ന് തഴുകുമ്പോഴോ?
നിറഞ്ഞു പെയ്യുന്ന മഴയിൽ
നനയാതെ നീ നടന്ന് നീങ്ങുമ്പോഴോ?
അതുമല്ലെങ്കിൽ,
ഞെട്ടറ്റു വീഴുന്ന ഒരു ചെമ്പകപ്പൂവിൻ്റെ
കണ്ണിൽ നോക്കുമ്പോഴോ?
“എന്തായാലും ഞാനിതാ കനവ് കണ്ട് കവിത എഴുതാൻ തുടങ്ങിയിരിക്കുന്നു.”
അതേ യാന്ത്രിക നഗരത്തിൻ്റെ ഉദ്യാനനഗരമെന്നത് പഴങ്കഥയായിത്തീർന്നിരിക്കുന്ന ബാംഗ്ലൂർ നഗരത്തിൻ്റെ ഒരു കോണിലിരുന്ന് കവിയത്രി എഴുതുകയാണ്, നീലശലഭങ്ങളിലൂടെ തൻ്റെ ഹൃദയത്തിൻ്റെ അറകൾ തുറക്കുകയാണ്.
നമുക്കിതിൽ പ്രണയവും , വിരഹവും, കാത്തിരിപ്പും എല്ലാമെല്ലാം കാണാം.
ഒരോ താളിലും ചെമ്പകപ്പൂമണം തുളുമ്പി നിൽക്കുന്ന നീലശലഭങ്ങൾ നൃത്തം ചെയ്യുന്ന
ഈ കൊച്ചു പറുദീസ നിങ്ങളെ സന്തോഷിപ്പിക്കും എന്നതിൽ തർക്കമില്ല.
പ്രഭ ശിവയുടെ നീലശലഭങ്ങളുടെ പറുദീസ എന്ന ഹൃദൃമായ കവിതാ സമാഹാരത്തിന് ഹൃദയത്തിൻ്റെ ഭാഷയിൽ ആശംസകൾ അർപ്പിച്ചു കൊള്ളുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here