HomeTHE ARTERIAവരണ്ടഭൂമിയിലെ കാലൊച്ചകള്‍

വരണ്ടഭൂമിയിലെ കാലൊച്ചകള്‍

Published on

spot_imgspot_img

സിനിമ
വി.വിജയകുമാര്‍

2022ലെ ഓസ്കാര്‍ പുരസ്കാരത്തിനു ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ‘കൂഴങ്കൾ’ എന്ന തമിഴ് ചലച്ചിത്രത്തെ കുറിച്ച് ..

കാഴ്ചയുടെ കാലമാണിത്. ഈ കാലത്തിന്‍റെ ഇന്ദ്രിയം കണ്ണാണ്. നേരിട്ടുള്ള കാഴ്ചകള്‍ മാത്രമല്ല. കാഴ്ചകളുടെ യാന്ത്രികപുനരുല്‍പ്പാദനത്തിന്‍റെ കാലം. എത്രയോ വര്‍ണ്ണചിത്രങ്ങള്‍, ക്യാമറക്കാഴ്ചകള്‍… അവ സ്ഥലകാലങ്ങളെ ഭേദിച്ച് എത്തേണ്ടവരുടെ മുന്നിലെത്തുന്നു. കേള്‍വിയുടേയും രുചിയുടേയും സ്പര്‍ശത്തിന്‍റേയും ഗന്ധത്തിന്‍റേയും അനുഭവങ്ങളെ കാഴ്ച നിസ്സാരമാക്കിയിരിക്കുന്നു. പാടുന്നവരെ കാണുന്നില്ലെങ്കില്‍, അവരുടെ ചുവടുകളില്‍ മുഴുകുന്നില്ലെങ്കില്‍ സംഗീതാസ്വാദനം അപൂര്‍ണ്ണമാണെന്നു തോന്നുന്നവരുടെ കാലം. രതിസുഖം കൂടിയും കാഴ്ചയുടെ സുഖമായി അനുഭവിക്കുന്നവരുടെ കാലം. ഭക്ഷണത്തിന്‍റെ രുചിയേക്കാളേറെ കണ്ണിനു പ്രിയങ്കരമാകുന്ന അതിന്‍റെ അലങ്കാരം പ്രധാനമാകുന്ന കാലം. കണ്ണ് പലപ്പോഴും ഏകജ്ഞാനേന്ദ്രിയമായി പരിണമിച്ച കാലം. ആറാം ഇന്ദ്രിയം നഷ്ടപ്പെട്ട കാലം. ഇതര ഇന്ദ്രിയാനുഭവങ്ങളെ അപ്രസക്തമാക്കുന്ന രീതിയില്‍ കാഴ്ചയുടെ അനുഭവം അധികാരമായി മാറിയിരിക്കുന്ന കാലം. നയനേന്ദ്രിയത്തിലൂടെ അറിയുന്നതെല്ലാം വ്യവസ്ഥാപിതമാകുന്ന കാലം. ഇത് കാര്യത്തിന്‍റെ ഒരു വശം മാത്രമാണ്.

മറുവശത്തെ കൂടി പറയേണ്ടതുണ്ട്. എല്ലാ കാഴ്ചകളുടേയും കാലമല്ല ഇത്. ഇപ്പോഴും കാഴ്ച പൂര്‍ണ്ണമല്ല. അത് പരിമിതവും അപൂര്‍ണ്ണവുമായി തുടരുന്നു. വലിയ കാഴ്ചകളുടെ ഈ കാലത്തും നയനേന്ദ്രിയം എല്ലാ കാഴ്ചകളിലേക്കും തുറന്നിരിക്കുന്നില്ല. കാഴ്ചയില്‍ അധികാരം പ്രവര്‍ത്തിക്കുന്നുണ്ട്. കാഴ്ചയില്‍ പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അവ കാഴ്ചയുടെ മേല്‍ നിയന്ത്രണങ്ങളും സ്വയം നിയന്ത്രണങ്ങളും ചുമത്തുന്നുണ്ട്. അതുകൊണ്ട് കാഴ്ചയുടെ ഇന്ദ്രിയവും ഉപകരണങ്ങളും എല്ലാം കാണുന്നതിന്നായി തുറന്നുവയ്ക്കപ്പെടുന്നില്ല. എല്ലാം കാണാത്തതിനാല്‍ അത് ഭാഗികവും വിഭാഗീയവുമായ കാഴ്ചയായി മാറുന്നുണ്ട്. കാഴ്ചയുടെ അപാരസാദ്ധ്യതകളെയും അത് തുറന്നുതരുന്ന സ്വാതന്ത്ര്യത്തേയും തടയുന്നുണ്ട്. കാഴ്ചയെ കൂടുതല്‍ വിപുലമാക്കുന്ന ഏതു പ്രവര്‍ത്തനവും വലിയ വിപ്ലവപ്രവര്‍ത്തനമാണ്. ഇനിയും കാണാത്തിടങ്ങളിലേക്കു കണ്ണോടിക്കുന്നതും ക്യാമറയെ തിരിച്ചുവയ്ക്കുന്നതും വിപ്ലവകരമായ പ്രവര്‍ത്തനമാണ്.

നല്ല ദൃശ്യകലാകാരന്‍ കാഴ്ചയുടെ മഹത്തായ സാദ്ധ്യതകളെ വര്‍ദ്ധമാനമാക്കുന്നവനാണ്. ഒരു നല്ല ചലച്ചിത്രകാരന്‍ പ്രേക്ഷകന്‍ അനുഭവിക്കാത്ത ദൃശ്യാനുഭവങ്ങളിലേക്കു അവരെ കൂട്ടിക്കൊണ്ടുപോകുന്നു. ഇനിയും കാണാത്തതും അറിയാത്തതുമായ വസ്തുക്കളിലേക്കും അനുഭവങ്ങളിലേക്കും വികാരങ്ങളിലേക്കും നയിക്കുക മാത്രമല്ല, പുതിയ ദൃശ്യപ്രഭാവങ്ങളിലൂടെ അതിന്‍റെ തീക്ഷ്ണതയെ കൂടുതല്‍ സമര്‍ത്ഥമായി പകരുന്നു. ക്യാമറ ഇതിന്നു മുന്നേ ചലിക്കാത്ത രീതിയില്‍ ചലിക്കുന്നു. നേര്‍കണ്ണുകൊണ്ട് പലവട്ടം കണ്ടിട്ടും ഉള്ളില്‍ കൊള്ളാതിരുന്നതിനെ ക്യാമറയുടെ ഈ പുതിയ ചലനങ്ങള്‍ ആവാഹിച്ചെടുക്കുന്നു. വിനോദ് രാജ് എന്ന തമിഴ് ചലച്ചിത്രകാരന്‍ ഒരുക്കിയ കൂഴങ്ങള്‍ (ജലയയഹലെ ഉണ്ടക്കല്ലുകള്‍) എന്ന ചലച്ചിത്രം നല്‍കുന്ന ദൃശ്യാനുഭവം നവീനമായ ഒരു ചലച്ചിത്രഭാവുകത്വത്തെ സൃഷ്ടിക്കുന്നു. തമിഴ് ചലച്ചിത്രലോകം; ഇന്ത്യന്‍ ചലച്ചിത്രലോകം തന്നെ, എത്തിനോക്കുകയോ കണ്ടെത്തുകയോ ചെയ്യാത്ത പ്രാന്തവല്‍ക്കൃതരായ കുറേ മനുഷ്യരിലേക്കും അവരുടെ ആവാസസ്ഥലങ്ങളിലേക്കും കണ്ണയച്ചു കൊണ്ട് മനുഷ്യന്‍റേയും പ്രകൃതിയുടേയും സഹനത്തിന്‍റേയും യാതനയുടേയും ഇതുവരെ രേഖപ്പെടാത്ത ദൃശ്യങ്ങളെ പിടിച്ചെടുക്കുന്നു.

ക്യാമറ ഇതിന്നു മുന്നേ ചലിക്കാത്ത രീതിയില്‍ ചലിക്കുന്നു. നേര്‍കണ്ണുകൊണ്ട് പലവട്ടം കണ്ടിട്ടും ഉള്ളില്‍ കൊള്ളാതിരുന്നതിനെ ക്യാമറയുടെ ഈ പുതിയ ചലനങ്ങള്‍ ആവാഹിച്ചെടുക്കുന്നു.

വരണ്ട ഭൂമിയുടെ ചൂടിലും പൊടിയിലും ഏതോ വേപഥുവിലും ഭ്രമാവസ്ഥയിലും പെട്ട് അതിവേഗം ചലിക്കുന്ന കറുത്ത മനുഷ്യപാദങ്ങളാണ് ഈ ചലച്ചിത്രത്തിന്‍റെ പ്രധാന ദൃശ്യം. എത്രമാത്രം അശ്രദ്ധമായിരുന്നാലും എത്രമാത്രം ഒഴിവാക്കാന്‍ ശ്രമിച്ചാലും കലിയും സങ്കടവും ദുരിതവും ബാധിച്ച ആ കാല്‍പ്പാദങ്ങളുടെ ദൃശ്യങ്ങളും ആ കാലൊച്ചകളും പെട്ടെന്നു തന്നെ നിങ്ങളെ കീഴ്പ്പെടുത്തുന്നു. മുഖഭാവങ്ങളിലൂടെ ലോകത്തോടുള്ള പകയും വിദ്വേഷവും അതികഠിനമായ ശൗര്യവും പുറത്തേക്കു പ്രകടമാക്കുന്ന ഒരു പുരുഷന്‍റെ കാല്‍പ്പാദങ്ങളാണത്. അയാളുടെ പാദങ്ങളെ ഏറെ ഭയത്തോടെയും അതിലേറെ അനിഷ്ടത്തോടെയും പിന്തുടരേണ്ടി വരുന്ന ഒരു ബാലന്‍റെ പാദങ്ങളേയും നാം കാണുന്നു, കേള്‍ക്കുന്നു, അനുഭവിക്കുന്നു.

തെരുവിന്നരികിലെ വീടിനു മുന്നില്‍, വളരെ സൂക്ഷിച്ച് ഒരു കുടത്തില്‍ നിന്നും മറ്റൊരു പാത്രത്തിലേക്കു വെള്ളം പകരുന്ന ഒരു സ്ത്രീയുടെ ചിത്രത്തിലേക്കാണ് നാം ആദ്യം പ്രവേശിക്കുന്നത്. ആ ദൃശ്യത്തിലേക്ക് ഗണപതിയുടെ കാലൊച്ചകള്‍ കടന്നുവരുന്നു. അയാള്‍ അതിശീഘ്രം നടക്കുകയാണ്. കാലൊച്ചകള്‍. ഒന്നിനേയും കൂസാത്തവന്‍റെ ശരീരഭാഷയാണ് അയാളുടേത്. മുഖഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലോകത്തോടുള്ള വെറുപ്പും വിദ്വേഷവും പൂര്‍ണ്ണമായി നാം കാണാനിരിക്കുന്നതേയുള്ളൂ. ചെറിയ കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളിലേക്കു അയാള്‍ കടക്കുന്നു. പല ക്ലാസുകളിലും അയാള്‍ തിരയുന്നു. അയാള്‍ ക്ലാസ് മുറികളിലേക്കു കടന്നുകയറി എത്തിനോക്കുന്നതു കാണുന്ന ഒരു അദ്ധ്യാപിക പ്രതികരിക്കുന്നുണ്ട്. ഗണപതിയെ കാണുന്ന അയാളുടെ മകന്‍ വേലു എഴുന്നേറ്റു നില്‍ക്കുന്നു. ഈ ദൃശ്യം മുറിയുന്നത് പിന്നെയും വേഗത്തില്‍ നടക്കുന്ന ഗണപതിയുടെ പിന്‍ഭാഗദൃശ്യങ്ങളിലേക്കാണ്. അയാള്‍ പെട്ടെന്നു തിരിഞ്ഞു നിന്നു ചോദിക്കുന്നു. ڇനിനക്ക് എന്നെയാണോ അമ്മയെയാണോ പിടിക്കുന്നത്?ڈ അയാള്‍ ചോദ്യം ആവര്‍ത്തിക്കുന്നു. ദയനീയവും നിസ്സഹായവും എന്നാല്‍ ബഹുമാനരഹിതവുമായ ഒരു മുഖഭാവത്തോടെ നില്‍ക്കുന്ന വേലു മറുപടി പറയുന്നില്ല. കുറേ നേരം നോക്കിനിന്നതിനു ശേഷം ഗണപതി വീണ്ടും വേഗത്തില്‍ നടന്നു തുടങ്ങുന്നു. മുതുകില്‍ തൂങ്ങിയ പുസ്തകസഞ്ചിയുമായി വേലു പിന്തുടരുന്നു. സ്ത്രീകള്‍ വിവിധ പണികള്‍ ചെയ്യുന്നതിന്‍റേയും പുരുഷന്മാര്‍ ഉറങ്ങുകയോ അലസരായിരിക്കുകയോ ചീട്ടുകളിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നതിന്‍റേയും നാട്ടുകാഴ്ചകള്‍ക്കിടയിലൂടെയാണ് ഗണപതിയും വേലുവും നടക്കുന്നത്.

ഈ ക്യാമറക്കാഴ്ചകള്‍ നിസ്സംഗമല്ല. കാണേണ്ടതിനെ കാണിച്ചു തരികയാണെന്ന ആത്മവിശ്വാസത്തോടെയാണ് ഗണപതിയേയും വേലുവിനേയും ക്യാമറ പിന്തുടരുന്നത്. ഗണപതി നടക്കുമ്പോള്‍ ക്യാമറ അനുഗമിക്കുന്നു. അയാള്‍ തിരിഞ്ഞുനില്‍ക്കുമ്പോള്‍ ക്യാമറ നിശ്ചലമായി നിന്ന് അയാളെ നോക്കുന്നു. ഗണപതിയേയും വേലുവിനേയും പിന്തുടരുന്ന ദൃശ്യങ്ങളെന്ന പോലെ വിസ്തൃതകോണുകളിലൂടെ കാണുന്ന ദൃശ്യങ്ങളും ഈ ക്യാമറ പകര്‍ത്തിയിരിക്കുന്നു. അനുഗമിക്കുകയും സ്ഥിതാവസ്ഥയില്‍ നില്‍ക്കുകയും ചെയ്യുക മാത്രമല്ല ക്യാമറയുടെ ഇരുവശങ്ങളിലേക്കുമുള്ള ദോലനത്തിലൂടെ കാഴ്ചയുടെ വ്യത്യസ്ത വിതാനങ്ങളേയും അര്‍ത്ഥങ്ങളേയും വിനോദ് രാജ് നിര്‍മ്മിച്ചെടുക്കുന്നു. ചെറിയ ദൃശ്യകാലങ്ങളെന്നപോലെ പത്തും പന്ത്രണ്ടും മിനുട്ടുകള്‍ നീളമുള്ള ദീര്‍ഘദൃശ്യകാലങ്ങളും ഇയാളുടെ ഛായാഗ്രാഹി സൃഷ്ടിക്കുന്നു. നീണ്ട ദൃശ്യങ്ങളില്‍, സമയസഞ്ചാരത്തിന്നനുസരിച്ച് തുടക്കം മുതല്‍ പതുക്കെ പതുക്കെ വളര്‍ന്നു പൂര്‍ത്തിയിലെത്തുന്ന വലിയ വൈകാരികലോകങ്ങളെ വിനോദ് രാജ് പ്രേക്ഷകരിലേക്കു സംക്രമിപ്പിക്കുന്നു. ചലച്ചിത്രകാരന്‍ ചെയ്യുന്ന പ്രവൃത്തിയിലുള്ള ആത്മവിശ്വാസം ഈ ചലച്ചിത്രത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളിലും കാണുന്നുണ്ട്. ചലച്ചിത്രകാരന്‍ കൂട്ടിച്ചേര്‍ക്കുന്ന ശബ്ദങ്ങളില്‍ അതു കേള്‍ക്കുകയും ചെയ്യാം. ഈ ദൃശ്യങ്ങളും ശബ്ദങ്ങളും അനുഭവിക്കാന്‍ നിര്‍മ്മിക്കപ്പെട്ടവരായി നാം മാറിത്തീരുന്നു.

വിനോദ് രാജ് എന്ന സംവിധായകന്‍ ചലച്ചിത്രത്തിന്‍റെ രൂപത്തെ കുറിച്ച് തന്‍റേതായ ഉറച്ച ധാരണയുള്ളയാളാണ്. ചലച്ചിത്രത്തിനുള്ളില്‍ കഥയെ പറഞ്ഞു കേള്‍പ്പിക്കുന്ന സംവിധായകരില്‍ നിന്നും വ്യത്യസ്തമായി കാഴ്ചയുടേയും ദൃശ്യത്തിന്‍റേയും ശക്തിസൗന്ദര്യങ്ങളിലാണ് അയാള്‍ വിശ്വാസമര്‍പ്പിക്കുന്നത്.

ഗണപതിയും വേലുവും പോകുന്നത് വേലുവിന്‍റെ അമ്മയുടെ വീട്ടിലേക്കാണ്. അവന്‍റെ അമ്മ അവിടെയാണ്. തന്‍റെ വീട്ടിലേക്കു വന്നില്ലെങ്കില്‍ ഞാന്‍ വേറെ കല്യാണം കഴിക്കുമെന്നു പറയാന്‍ മകനോടു പറഞ്ഞു വിടുന്ന ഗണപതിയെ നാം കാണാനിരിക്കുന്നതേയുള്ളൂ. അവര്‍ ബസു കാത്തുനില്‍ക്കുന്ന ദൃശ്യത്തില്‍ വെള്ളത്തെ പ്രതീക്ഷിച്ചിരിക്കുന്ന കുറേ പ്ലാസ്റ്റിക്ക് കുടങ്ങളെ നാം കാണുന്നുണ്ട്. ചീട്ടുകളിക്കാരായ സുഹൃത്തുക്കളോട് കടം വാങ്ങിയ പണം കൊണ്ട് ഗണപതി മദ്യവും ബീഡിയും വാങ്ങിക്കുന്നു. കടയുടെ പിന്നില്‍ പോയി കുപ്പിയില്‍ നിന്നും കുറേ മദ്യം മോന്തുന്നു. ബീഡി പുകച്ചു തള്ളുന്നു. ബസു കാത്തുനില്‍ക്കുന്ന അച്ഛനും മകനും ഇടയില്‍ രൂപപ്പെട്ടിരിക്കുന്ന സ്ഥലദൂരം അവര്‍ക്കിടയിലെ മാനസിക അകലമായി നമ്മളില്‍ രേഖപ്പെടുന്നുണ്ട്. ബസിനുള്ളില്‍ തന്‍റെ അടുത്തു വന്നിരിക്കുന്ന അച്ഛനെ ഉപേക്ഷിച്ച് വേലു മറുവശത്തേക്കു മാറിയിരിക്കുന്നു. വളരെ ദൂരങ്ങളില്‍ നില്‍ക്കുന്ന ഈ അച്ഛന്‍റേയും മകന്‍റേയും ദൃശ്യങ്ങളില്‍ നിന്നാണ് വരണ്ട ഭൂമിയുടെ ദൃശ്യങ്ങളിലേക്കു ക്യാമറ തിരിയുന്നത്. ശൂന്യതയുടെ രണ്ടു കാഴ്ചകളാണവ. ബസ് സഞ്ചരിക്കുന്ന വഴിയുടെ ഇരുവശങ്ങളും വരണ്ട, തരിശുഭൂമിയാണ്. ഈര്‍പ്പത്തിന്‍റെ കണിക പോലുമില്ലാത്ത മണ്ണ്. അവിടെയും ഇവിടെയും വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍. അവ മരുഭൂമികളെ ഓര്‍മ്മിപ്പിക്കുന്നു. വെള്ളം നിറച്ച മൂന്നു കുടങ്ങളുമായി ബസിലേക്കു കയറുന്ന സ്ത്രീ. ബസിലെ കണ്ടക്ടര്‍ അവരില്‍ നിന്നും ഭാരം കയറ്റിയതിനുള്ള കൂലി കൂടി ഈടാക്കുന്നുണ്ട്. ആര്‍ദ്രതയില്ലാത്ത മണ്ണില്‍ കരുണയും വിളയുന്നില്ല. പുറത്തെ ശൂന്യതയേയും ചൂടിനേയും ഗൗനിക്കാതെ പുക വലിച്ചു തുപ്പുന്ന ഗണപതിയെ ഇതോടൊപ്പമാണ് കാണിക്കുന്നത്. അയാളുടെ ബസിനുള്ളിലെ പുകവലി ബഹളത്തിലേക്കും കൈയ്യാങ്കളിയിലേക്കും നീങ്ങുന്നുണ്ട്. അതീവ ക്ഷീണിതയും പരിക്ഷീണയുമായ ഒരു സ്ത്രീയുടെ മടിയില്‍ തളര്‍ന്നുറങ്ങിക്കിടന്നിരുന്ന ഒരു കഞ്ഞ് ആ ബഹളത്തിന്നിടയില്‍ ഉണര്‍ന്ന് പേടിച്ചു കരയുന്നു. കീലിട്ട റോഡില്‍ നിന്നും മണ്‍പാതയിലേക്കു പ്രവേശിച്ച ബസ് നില്‍ക്കുന്നതിന്‍റേയും ആ സ്ത്രീയും കുഞ്ഞും വെയിലിലേക്ക് ഇറങ്ങുന്നതിന്‍റേയും വിദൂരദൃശ്യങ്ങള്‍ ചലച്ചിത്രകാരന്‍ കാണിക്കുന്നു. പിന്നെ, ക്യാമറ കുറേ സമയം അവരെ അനുഗമിക്കുന്നു. എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ കുറേ നേരം അവള്‍ അവിടെത്തന്നെ നില്‍ക്കുന്നു. വെയിലിലൂടെ നടന്ന് അകലെയുള്ള ഒരു വൃക്ഷത്തിന്‍റെ തണലിലേക്കു പോകുന്നു. കുഞ്ഞിന്‍റെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കുന്നു. കുഞ്ഞിനെ മുലയൂട്ടുന്നവളെ കാണിക്കുന്നു.

വിനോദ് രാജ് എന്ന സംവിധായകന്‍ ചലച്ചിത്രത്തിന്‍റെ രൂപത്തെ കുറിച്ച് തന്‍റേതായ ഉറച്ച ധാരണയുള്ളയാളാണ്. ചലച്ചിത്രത്തിനുള്ളില്‍ കഥയെ പറഞ്ഞു കേള്‍പ്പിക്കുന്ന സംവിധായകരില്‍ നിന്നും വ്യത്യസ്തമായി കാഴ്ചയുടേയും ദൃശ്യത്തിന്‍റേയും ശക്തിസൗന്ദര്യങ്ങളിലാണ് അയാള്‍ വിശ്വാസമര്‍പ്പിക്കുന്നത്. പറയുകയല്ല, കാണിച്ചു തരികയാണ് അയാളുടെ രീതി. എലികളെ പിടിക്കുകയും അവയെ ചുട്ടുതിന്നുകയും ചെയ്യുന്ന കുടുംബത്തിന്‍റെ ചിത്രണം ചലച്ചിത്രകലയുടെ അപാരസാദ്ധ്യതകളേയും അതു നിര്‍മ്മിച്ചെടുക്കുന്ന ഉന്നതമായ ഭാവുകത്വത്തേയും ബോദ്ധ്യപ്പെടുത്തി തരുന്നതാണ്. ചലച്ചിത്രത്തിന്‍റെ മുഖ്യപ്രമേയത്തിനോടൊപ്പം ഇടകലര്‍ത്തിയാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. ഈ ചിത്രണരീതി സ്ഥലത്തേയും കാലത്തേയും കുറിച്ചുള്ള ഒരു അത്ഭുതാവബോധം പ്രേക്ഷകനു നല്‍കുന്നു. എലിയെ തിന്നുന്നവരുടെ കുടുംബത്തിലേതായി പ്രത്യക്ഷപ്പെടുന്ന ഏക പുരുഷന്‍ ഏറെ വാര്‍ദ്ധക്യം ബാധിച്ചയാളാണ്. അതുകൊണ്ടാകണം, പുരുഷാധികാരത്തിന്‍റെ ഇടപെടലുകള്‍ അവര്‍ക്കിടയില്‍ ദൃശ്യമാകുന്നില്ല. ആപേക്ഷികമായി സ്വതന്ത്രമായിട്ടാണ് ഓരോരുത്തരും പെരുമാറുന്നത്. എല്ലാ യാതനകള്‍ക്കിടയിലും ഉത്സാഹവതിയായിരിക്കുന്ന ഒരു പെണ്‍കുട്ടി ആ കുടുംബത്തിലുണ്ട്. അവള്‍ സ്വയം സൃഷ്ടിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സൗന്ദര്യത്തിന്‍റെ ഒരു ലോകത്തെ ചലച്ചിത്രകാരന്‍ നമുക്കു കാണിച്ചു തരുന്നുമുണ്ട്. തന്‍റെ പാവാടയുടെ മടക്കില്‍ പെറുക്കികൂട്ടിയ ഏതോ മരത്തിന്‍റെ പൂവിന്‍റെ പുറന്തോടുകള്‍ മുകളിലേക്കെറിഞ്ഞ് അവള്‍ സൃഷ്ടിക്കുന്ന സൗന്ദര്യപൂരം ആരെയും പുഞ്ചിരിപ്പിക്കുന്നു. ഗണപതിയ്ക്കു പിന്നില്‍ നായയെ പോലെ നടക്കുന്ന വേലുവിന്‍റേയും ഈ പെണ്‍കുട്ടിയുടേയും മാനസികഭാവങ്ങള്‍ക്കിടയില്‍ വലിയ അന്തരമുണ്ട്. എങ്കിലും കാണുന്ന മാത്രയില്‍ തന്നെ മൊട്ടിടുന്ന ആ കുഞ്ഞുമനസ്സുകളുടെ സൗഹൃദത്തെയും ചലച്ചിത്രകാരന്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. ആ പെണ്‍കുട്ടി വേലുവിന്‍റെ നേരെ എന്തോ നീട്ടുന്നുണ്ട്.

വേലു ആ വീട്ടിലെത്തുമ്പോഴേക്കും അമ്മ തിരിച്ചു പോയിരിക്കുന്നു. വേലുവിനെ ഒരു ദിവസം പോലും കാണാതിരിക്കാന്‍ അവള്‍ക്കു പറ്റില്ലെന്നു അമ്മമ്മ പറയുന്നുണ്ട്. തന്‍റെ വീട്ടിലേക്കു ഭാര്യ തിരിച്ചുപോയതായി അറിഞ്ഞിട്ടും ഗണപതി അവിടെയും തല്ലും ബഹളവുമുണ്ടാക്കുന്നുണ്ട്. വിദ്വേഷം മാത്രം പുറത്തേക്കു വമിക്കുന്ന ആ പിതൃഅധികാരത്തിനു പിന്നാലെയാണ് വേലുവിനു ഇനിയും നടക്കേണ്ടിയിരുന്നത്. പിന്നെ, മടക്കയാത്രയില്‍ ബസ് എത്തിച്ചേരാറുകുമ്പോഴേക്കും അച്ഛന്‍ നല്‍കിയ നോട്ടുകള്‍ കീറി നിലത്തിട്ട് എതിരെയുള്ള വഴിയേ അവന്‍ ഓടിപ്പോകുന്നു. കലി മൂത്ത ഗണപതി അവന്‍റെ പിന്നാലെ കുതിക്കുന്നു. ആ വഴിയിലൂടെ വീട്ടിലേക്കുള്ള ഓട്ടവും നടത്തവുമാണ് ചലച്ചിത്രത്തിന്‍റെ ശേഷഭാഗത്തുള്ളത്. ഇപ്പോള്‍, ചലച്ചിത്രകാരന്‍റെ ക്യാമറ ഭൂഭാഗങ്ങളിലേക്കു നന്നായി തുറന്നുവച്ചിരിക്കുന്നു. മുകളില്‍ നിന്നുള്ള വിസ്തൃതമായ ഒരു ദൃശ്യം തരിശായ ആ ഭൂഭാഗത്തെ ബാധിച്ചിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയെ കാണിക്കുന്നു. സൂര്യന്‍, ചൂടുള്ള വികിരണങ്ങള്‍ ഉത്സര്‍ജ്ജിക്കുന്ന പാറക്കൂട്ടങ്ങള്‍, ഉണങ്ങിയ മരങ്ങള്‍, പൊടി നിറഞ്ഞ നടപ്പാതകള്‍, വെള്ളമൊഴിഞ്ഞ കനാലുകള്‍ …എല്ലാം ഇതു തന്നെ കാണിക്കുന്നു. ദീര്‍ഘമായ ഈ നടത്തത്തിന്നിടയില്‍ രണ്ടു പ്രാവശ്യം അച്ഛന്‍റെ പക്കല്‍ നിന്നും വേലുവിനു മര്‍ദ്ദനമേല്‍ക്കുന്നുണ്ട്.

ഈ ചലച്ചിത്രത്തിന്‍റെ പ്രധാന പ്രമേയങ്ങളിലൊന്ന് വെള്ളമാണ്. കുടിവെള്ളമില്ലാത്തതു കൊണ്ട് ഏറെ നരകിക്കുന്നത് സ്ത്രീകളാണ്. ദൂരസ്ഥലങ്ങളിലെ ഓലികളില്‍ നിന്നും ഇറ്റിറ്റായി വീഴുന്ന വെള്ളം തെറ്റിയെടുത്തു വീടുകളിലേക്കു കൊണ്ടുവരികയെന്നത് മാത്രം ജീവിതമായിരിക്കുന്നു, അവര്‍ക്ക്. എന്നാല്‍, വീട്ടിലെത്തിയ ഗണപതി വെള്ളം കുടിക്കുന്നത് ധാരാളിത്തത്തോടെയാണ്. ചലച്ചിത്രത്തിന്‍റെ ആദ്യദൃശ്യം മുതല്‍ അവസാനദൃശ്യം വരെ വെള്ളത്തെ കുറിച്ചുള്ള വിചാരങ്ങളിലേക്കു നാം നയിക്കപ്പെടുമ്പോളും കുടിവെള്ളമില്ലാത്ത സ്ഥിതി പുരുഷന് വലിയ പ്രശ്നമാകുന്നതായി ചിത്രണം ചെയ്യപ്പെടുന്നില്ല. ഗണപതി നടന്നു തീര്‍ക്കുന്ന ദൂരത്തിന്നിടയില്‍ വെള്ളമൊഴുകി പോകുന്നതിനോ വെള്ളമെത്തിക്കുന്നതിനോ ആയി നിര്‍മ്മിച്ച വീതിയുള്ള കോണ്‍ക്രീറ്റ് കനാലിനെ അയാള്‍ മുറിച്ചു കടക്കുന്നുണ്ട്. വരണ്ട കനാലിന്‍റെ നടുവില്‍ വെള്ളം നിറച്ചു വില്‍ക്കുന്ന ഒരു പ്ലാസ്റ്റിക്ക് കുപ്പി ചതഞ്ഞു കിടക്കുന്നതിലേക്ക് ക്യാമറക്കണ്ണുകള്‍ വീഴുന്നു. ഒരു നായക്കുട്ടി ആ കുപ്പിയുടെ അടപ്പ് കടിച്ചു തുറക്കാന്‍ ശ്രമിക്കുന്നു. ആര്‍ദ്രത വറ്റിയ ഭൂമിയെ പോലെ ആര്‍ദ്രതയില്ലാത്ത മനുഷ്യരെ കുറിച്ചും ഈ ചലച്ചിത്രം പറയുന്നു. ആര്‍ദ്രതയില്ലാത്ത പുരുഷസ്വരൂപമായി ഗണപതി പ്രത്യക്ഷപ്പെടുന്നു.

പക്ഷേ, അയാളോടും പാവത്തം തോന്നുന്ന ചില സന്ദര്‍ഭങ്ങളെ ചലച്ചിത്രകാരന്‍ നിര്‍മ്മിക്കുന്നുണ്ട്. അയാളുടെ നടപ്പാതയ്ക്കു കുറുകെ പെട്ടെന്ന് ഒരു പാമ്പ് ഇഴഞ്ഞു പോകുമ്പോള്‍ ഗണപതി ഭയപ്പെടുന്നുണ്ട്. നടക്കുന്നതിന്നിടയില്‍ ഏതോ സ്ത്രീയെ കണ്ട് തിരിഞ്ഞു നോക്കുന്ന അയാളുടെ കാല്‍ കല്ലില്‍ തട്ടുകയും പെരുവിരലിന്‍റെ നഖം മുറിഞ്ഞ് ചോരയൊലിക്കുകയും ചെയ്യുന്നുണ്ട്. തന്‍റെ പ്രവൃത്തികള്‍ മൂലമാണെങ്കിലും അയാള്‍ അത്യധികമായി സ്നേഹരാഹിത്യം അനുഭവിക്കുന്നുണ്ട്. അത് ഏറിയ വിദ്വേഷമായി അയാളില്‍ നിന്നും പിന്നെയും ബഹിര്‍ഗമിക്കുന്നുണ്ട്. പുരുഷാധികാരത്തിന്‍റെ ലോകം സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മാത്രമല്ല പുരുഷനു കൂടിയും ആപത്ക്കരമായി മാറിത്തീരുന്നതായി നമുക്കു തോന്നുന്നു. പുരുഷാധിപത്യവും വരള്‍ച്ചയും പരസ്പരം പോഷിപ്പിക്കുന്ന കാര്യങ്ങളെന്നോണം ഈ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. പുരുഷാധിപത്യത്തിന്‍റെ പര്യായമാണോ വരള്‍ച്ചയെന്നു സന്ദേഹിക്കാവുന്നിടത്തോളം അവ ഒന്നുചേര്‍ന്നു നില്‍ക്കുന്നു.

ഗണപതിയുടെ കടുത്ത വിദ്വേഷത്തിനും വെറുപ്പിനുമിടയില്‍ വളരുന്ന വേലുവിന്‍റെ കുഞ്ഞുമനസ്സില്‍ സ്നേഹവും സൗന്ദര്യവും കുടികൊള്ളുന്നതായി കാണിക്കുന്ന ദൃശ്യങ്ങളെ കൂടി ചലച്ചിത്രകാരന്‍ ഒരുക്കുന്നുണ്ട്. വൈരുദ്ധ്യാത്മകതയുടെ ഏതോ തീവ്രപ്രവര്‍ത്തനത്താലായിരിക്കാം, അത്. ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടാത്ത അവന്‍റെ അമ്മയുടെ സാമിപ്യത്തില്‍ നിന്നും കിട്ടിയതുമാകാം. (ഓലിയ്ക്കു മുന്നില്‍ വെള്ളം തെറ്റുന്നതിനുള്ള ഊഴം കാത്തിരിക്കുന്ന സ്ത്രീകളില്‍ അവന്‍റെ അമ്മയും ഉണ്ടാകും.) അനിയത്തിക്കു നല്‍കാനായി പാവയെ കരുതുകയും വഴിവക്കിലെ പാറയില്‍ തന്‍റെ വീട്ടിലെ എല്ലാവരുടേയും പേര് എഴുതിവയ്ക്കുകയും ചെയ്യുന്നുണ്ട്, അവന്‍. വഴിയില്‍ നിന്നും ഉണ്ടക്കല്ലിനെ കണ്ടെടുത്തു വായിലിട്ടു മിനുക്കിയെടുത്തു സൂക്ഷിക്കുന്നവനില്‍ ഏതോ സൗന്ദര്യവിചാരവുമുണ്ടായിരിക്കണം.

തമിഴ് സിനിമയില്‍ ക്യാമറയുടെ സാദ്ധ്യതകള്‍ ഇത്രമേല്‍ ഉപയോഗിച്ചിട്ടുള്ള ചലച്ചിത്രകാരന്മാര്‍ ഉണ്ടാകില്ലെന്നു പറയണം. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നവാഗതരുടെ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ വിനോദ് രാജിന്‍റെ ചലച്ചിത്രം 2022ലെ ഓസ്കാര്‍ പുരസ്കാരത്തിനു ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

വി. വിജയകുമാർ

കേരള സർക്കാർ കൃഷി വകുപ്പ്, ക്ഷീരവികസന വകുപ്പ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിൽ പ്രവൃത്തിച്ചിട്ടുണ്ട്. 2000 മുതൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ അദ്ധ്യാപകനായിരുന്നു. 2019 ൽ വിരമിച്ചു . തൃശ്ശൂരിൽ താമസിക്കുന്നു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യത്തിനുള്ള 2007-ലെ എൻ.വി. കൃഷ്ണവാരിയർ സാഹിത്യപുരസ്ക്കാരം നേടി. ഏറ്റവും നല്ല ചലച്ചിത്രലേഖനത്തിനുള്ള കേരള സംസ്ഥാന സർക്കാരിന്റെ 2013ലെ അവാർഡ് അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളെ ആസ്പദമാക്കി എഴുതിയ ലേഖനത്തിനു ലഭിച്ചു. കേരള സാഹിത്യ അക്കാഡമിയുടെ 2020 ലെ ജി എൻ പിള്ള അവാർഡ് “ശാസ്ത്രവും തത്വചിന്തയും” എന്ന പുസ്തകത്തിനു ലഭിച്ചു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...