ചുവർ ചിത്രം

0
236
yahya muhammed sequel 89

കവിത

യഹിയാ മുഹമ്മദ്

ഞാനൊരു ചിത്രകാരനാവണമെന്ന്
എന്നേക്കാളും ശാഠ്യം
അവൾക്കായിരുന്നു.

കോളേജ് വരാന്തയിൽ
ആളൊഴിഞ്ഞ
ഗോവണിക്ക് ചുവട്ടിൽ
നിന്ന് ചുണ്ടുകൾ കൊണ്ട്
ഞാനൊന്നവളെ വരയ്ക്കാൻ ശ്രമിച്ചു.
നിനക്ക് ചിത്രമെഴുതാൻ
ഞാൻ തന്നെ ഒരു പ്രതലമാവാമെന്ന്
അവൾ കുണുങ്ങിച്ചിരിച്ചു.

ഞാൻ ചിത്രകാരനായി
അവൾ ചുവരും
പൂക്കളെ വണ്ടുകൾ
എന്ന പോലെ
ഏതു ചിത്രകാരനെയാണ്
ചുവരുകൾ ഭ്രമിപ്പിക്കാത്തത്

ആദ്യം ഞാനവളിൽ
നാണത്തെ വരച്ചു.
പിന്നെ കാമത്തെയും.
പുറത്തുചാടിയ നഗ്നതയെ
വസ്ത്രം കൊണ്ട്
പുതപ്പിച്ചു.
ഒപ്പം ഏദൻ തോട്ടവും.

വിലക്കപ്പെട്ട കനിയിൽ
ചുറ്റിപ്പിടിച്ച സർപ്പം
അവളുടെ
അരക്കെട്ടിലേക്ക് നീളുന്നത് കണ്ടു.

ഭയം കൊണ്ടാവണം
അവൾ ചിത്രത്തിൽ നിന്നും
പുറത്തേക്ക് ചാടി.
അടർന്നുവീണ മഷിക്കൂട്ടിൽ നിന്നും
പുനർജനിച്ച
അതേ സർപ്പം
കിടപ്പുമുറിയിലേക്ക്
ഇഴഞ്ഞു നീങ്ങി.

ഇപ്പോൾ
വീടിനെ വരയ്ക്കാനുള്ള
ശ്രമത്തിലാണു ഞാൻ.
അവൾ കറുപ്പ് ചായം പുരട്ടിയ
ചുവരായി മാറിയിട്ടുണ്ട്
കരിമേഘമായിരിക്കും
പെയ്തൊഴിയാൻ
തുളുമ്പി നിൽക്കുന്നത് പോലെ.

മുറ്റവും മുറ്റത്തൊരു പൂന്തോട്ടവും
അതിനു ചുറ്റും മതിലും വരച്ചു.
അവളുടെ ഉദരത്തിൽ
എന്നോ വരച്ചിട്ട രണ്ടു പൂക്കൾ
കാറ്റിനോടൊപ്പം മുറ്റത്ത് കളം വരച്ചുകളിക്കുന്നു.
ചിത്രമെഴുത്ത് പൂർത്തിയാക്കും മുമ്പേ
ഇഴഞ്ഞു വരുന്നു ഒരു പാമ്പ്
മതിലിൽ, മുറ്റത്ത്, വരാന്തയിൽ, അടുക്കളയിൽ, ബെഡ്റൂമിൽ…
അത് പെരുകുന്നു.
എൻ്റെ വിരിപ്പിൽ
പാമ്പിൻ തോല്, പാമ്പിൻ മുട്ട

ഭയം കൊണ്ടാവണം
പൊടുന്നനെ ഞാൻ ചിത്രത്തിൽ നിന്നും പുറത്തേക്ക് ചാടി
അടർന്നുവീണ മഷിക്കൂട്ടിൽ നിന്നും ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നു.
അതിന് നിൻ്റെ ഉടൽ


 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here