കവിത
വിനോദ് വിയാർ
കുറച്ചപ്പുറത്ത്
മെലിഞ്ഞുകിടന്ന നദിയോട്
ഞാൻ ചങ്ങാത്തം കൂടി
വീട്ടിൽ നിന്നും ഓടിച്ചെന്ന്
കഥകൾ പറയാൻ തുടങ്ങി
നദി തിളങ്ങിച്ചിരിക്കും
നാൾക്കുനാൾ
എന്നേക്കാൾ മെലിഞ്ഞുവരുന്നു
പാവം!
നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു
നദി പറഞ്ഞത് ചരിത്രവും
ഞങ്ങൾക്കിടയിലെ ദൂരം
ഒറ്റയോട്ടത്തിൻ്റെ കിതപ്പായിരുന്നു.
ഒരുനാൾ കനത്ത മഴയത്ത്
കുടയില്ലാതെ നദി എന്നെത്തേടിയെത്തി
എൻ്റെ മുറിയിൽ
എൻ്റെ കസേരയിൽ
എൻ്റെ പുസ്തകവും വായിച്ച്
എന്നേക്കാൾ അധികാരത്തിൽ ഇരുന്നു
എനിക്ക് നദിയോട് കടുത്ത ദേഷ്യം തോന്നി
ശരിക്കും,
ഒറ്റയോട്ടത്തിൻ്റെ കിതപ്പായിരുന്നു
എനിക്ക് നദിയോടുള്ള സ്നേഹം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല