HomeTHE ARTERIASEQUEL 100കാലത്തിന്റെ നദിക്കര

കാലത്തിന്റെ നദിക്കര

Published on

spot_img

ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം )
ഭാഗം 18

ഡോ രോഷ്നി സ്വപ്ന

“നാളെ എന്നത്
എന്താണ്?
അനശ്വരതയും
ഒരു ദിവസവും”

-തിയോ ആഞ്ചലോ പൗലോ

തിയോ ആഞ്ചലോ പൗലോ എന്ന ചലച്ചിത്രകാരനിൽ ഒരു ബുദ്ധനുണ്ട്. ചരിത്രത്തെയും കാലത്തെയും ആത്മാവിലറിഞ്ഞ ഒരന്വേഷിയുടെയും നിശബ്ദതകളെയും സംഗീതത്തെയും ആവാഹിച്ച് അഭ്രപാളിയിലേക്ക് പകർത്തുന്ന ഒരു കവിയുടെയും തൻറെ ചുറ്റുമുള്ള യാതനകളുടെ കാരണങ്ങൾ അന്വേഷിക്കുന്ന ഒരു സന്ദേഹിയുടെയും മനസാണ് അദ്ദേഹത്തിന്. വർത്തമാനകാലത്തെ ഭൂതാവിഷ്ടമായ ചരിത്രബോധത്തിൽ നിന്ന് സ്വതന്ത്രമാക്കുകയാണ് തിയോയുടെ ചലച്ചിത്രങ്ങൾ. അതും തീർത്തും ധ്യാനാത്മകമായ ഒരു കവിക്കു മാത്രം സാധ്യമാകുന്ന ഭാഷയിൽ !. സംഗീതാത്മകം എന്ന് അനുഭവിക്കാനാവുന്ന ഭാഷയിലാണ് തിയോ തന്റെ സിനിമകൾ മുഴുവൻ പറഞ്ഞത്. ഗ്രീസിലെ കഥാഖ്യാനപാരമ്പര്യത്തിൽ നിന്ന് തിരസ്കരിക്കപ്പെട്ട ചരിത്രാവശിഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം
അന്വേഷിച്ചു.ആകുലമായ മനുഷ്യസ്ഥലികളുടെ ഭൂപ്രദേശങ്ങൾ നീല കലർന്ന ഇളം ചാരനിറം പാകി അദ്ദേഹം ക്യാമറയിലേക്ക് പകർത്തി. നേർത്ത പച്ചയിൽ നേർത്ത തവിട്ടു ചേർത്ത് ആകുലതകളിൽ പ്രത്യാശ പടർത്തി.

വിശാലപ്രകൃതിയുടെ നിശബ്ദതയാണ് തിയോയുടെ ദൃശ്യസവിശേഷത. തിയോയുടെ ചിത്രങ്ങളിൽ ഏറ്റവും വിശേഷമായതെന്ന പ്രശംസ ലഭിച്ച “ദി വീപ്പിങ് മെഡോ (The weeping medow) ക്യാമറയുടെയും രംഗ സന്നിവേശത്തിന്റെയും സന്ദേശത്തെ തീർത്തും വ്യത്യസ്തതയോടെ സമീപിച്ച ചിത്രമാണ്. ആഖ്യാനത്തിന്റെ സൂക്ഷ്മതകൾ ഛായാഗ്രഹണം മുതൽ കഥാപാത്രവികസനം വരെ ഈ ചലച്ചിത്രത്തിൽ കാണാൻ കഴിയുന്നു.
ഫെല്ലിനിയുടെയും ടെറൻസ് മാലികിന്റെയും മൈക്കലാഞ്ചലോയുടെയും കലയുടെ സൂക്ഷ്മാംശങ്ങൾ
സ്വാoശീകരിക്കപ്പെട്ട ആഖ്യാനമാണ് ദി വീപ്പിങ് മെഡോയുടേതെന്ന് ഗൗരവപൂർവ്വം തിയോയുടെ ചലച്ചിത്രങ്ങളെ സമീപിക്കുന്ന കാഴ്ചക്കാർക്ക് തിരിച്ചറിയാനാവും.

എലെനിയെന്ന പെൺകുട്ടിയുടെ കഥ പറയുന്നു ഈ ചിത്രം. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനുശേഷം തിരിച്ചുവരുന്ന എലെനിയുടെ ഗർഭാവസ്ഥ, ഇരട്ടക്കുട്ടികളുടെ ജനനം എന്നീ ദൃശ്യങ്ങളിൽ ആരംഭിക്കുന്ന ചിത്രം, അസ്തിത്വത്തെയും അതിജീവനത്തെയും കുറിച്ച് സംസാരിക്കുന്നു. രാഷ്ട്രീയ അസന്തുലിതാവസ്ഥ, വിട്ടുപോക്ക്‌, പലായനം, ആഭ്യന്തരവും ആഗോളീകൃതവുമായ യുദ്ധങ്ങൾ, ബലാത്സംഗം, നഷ്ടം, ഓർമ്മ, ദത്തെടുക്കൽ, മരണം തുടങ്ങി 163 മിനിറ്റിൽ തിയോ ഇതിഹാസതുല്യമായ ആഖ്യാനമാണ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്.

ശബ്ദമോ ദൃശ്യമോ ആകട്ടെ, തിയോയുടെ ആഖ്യാനങ്ങൾ ജലസമൃദ്ധമാണ്. അദൃശ്യതകളിൽ നിന്ന് പുറപ്പെടും പോലെ അവ അദ്ദേഹത്തിൻറെ സിനിമകളെ നയിക്കുന്നു. വിദൂരദൃശ്യങ്ങളുടെ സമൃദ്ധിയാണ് വീപിങ് മെഡോയുടെ മറ്റൊരു സവിശേഷത. അതിൽ ഉപയോഗിച്ച നിറസങ്കലനം കഥാപാത്രങ്ങളുടെ ആന്തരിക വൈകാരികതയെ ഒന്നുകൂടി ഉറപ്പിക്കുന്നു. രൂപത്തിനും ഉള്ളടക്കത്തിനും പ്രമേയത്തിനും ഇടയിൽ തികഞ്ഞ സമ്മേളനം സൃഷ്ടിക്കാനുള്ള കഴിവ് ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹം തെളിയിച്ചു. സിനിമയിൽ, ഒരാൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തുക പ്രധാനമാണ്, അത് എങ്ങനെ പ്രകടമാക്കണമെന്ന് തിരിച്ചറിയുന്നിടത്താണ് ഒരു ചലച്ചിത്രകാരന്റെ വിജയം. ഈ അർത്ഥത്തിൽ, തിയോ പൂർണ്ണനായ ഒരു കലാകാരനാണ്, സംവിധായകനാണ്,. തന്റെ കലയിലൂടെ എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും അദ്ദേഹത്തിനറിയാം.

ഈ സിനിമയിൽ നാം അറിയാത്ത മറ്റൊരു ഗ്രീസിനെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. വിനോദസഞ്ചാരത്തിനായുള്ള ഒരു സ്വർഗം മാത്രമല്ല ഇവിടെ ഗ്രീസ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രങ്ങളിലൊന്നായ അനപരസ്തസ്സിയിൽ , ഒരു കൊലപാതക ഗൂഢാലോചനയുടെ കഥയിലൂടെ ഗ്രീസിന്റെ ആന്തരിക സത്യത്തിലേക്ക് എത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. മഴയും ഇരുണ്ട അന്തരീക്ഷവും വിജനതയുടെ വൈകാരികതയും ഇരുണ്ടതും മഴയുള്ളതും വിജനമായതുമായ രംഗങ്ങളും കലർന്നു കാണുന്ന തിയോയുടെ സിനിമകൾ ചലച്ചിത്ര ഭാഷയെത്തന്നെ ചില പുന:സന്ദർശനങ്ങൾക്ക് പ്രേരിപ്പിക്കുന്നു. ആദ്യ സിനിമ മുതൽ അവസാനം വരെയുള്ള ,തിയോയുടെ എല്ലാ സിനിമകളിലും ചരിത്രപരമായ പരാമർശങ്ങൾക്ക് ഒരു പ്രധാനസ്ഥാനമുണ്ട്. “ദി ഹിസ്റ്ററി ട്രൈലോജി” എന്ന് വിളിക്കപ്പെടുന്ന ‘ഡേയ്‌സ് ഓഫ് 36, ‘ദി ഹണ്ടർസ്’ (1977), ‘മെഗാലക്സാന്തോർസ്’ (1980) എന്നീ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഗ്രീസിന്റെ ചരിത്രം കഴിഞ്ഞ നൂറ്റാണ്ടിന്റെ അടയാളങ്ങൾ ഉള്ളിൽ വഹിക്കുന്നു എന്നാണ്.

ദി ട്രാവലിംഗ് പ്ലെയേഴ്‌സ് എന്ന സിനിമയിലെ മനുഷ്യരുടെ ബന്ധങ്ങൾ “Atreus” ന്റെ ഒരു ഉപമയാണ്. അദ്ദേഹത്തിന്റെ വോയേജ് ടു സൈതേറ എന്ന സിനിമയിൽ ഒഡീസിയസിനെക്കുറിച്ചുള്ള പുരാണ പരാമർശങ്ങൾ ഉണ്ട്. കൂടാതെ, ഈ ചിത്രം “ദ സൈലൻസ് ട്രൈലോജി” എന്ന ട്രൈലോജിയിലെ ആദ്യ ചിത്രവുമാണ്. The Beekeeper (1986) ലാൻഡ്‌സ്‌കേപ്പ് ഇൻ ദി മിസ്റ്റ് ( 1988) എന്നിവയാണ് ഈ കണ്ണിയിലെ മറ്റ് രണ്ട് ചിത്രങ്ങൾ. ഗബ്രിയേൽ ഷൂൾസുമായുള്ള ഒരു അഭിമുഖത്തിൽ, ആഞ്ചലോ പൗലോ സൈതേറയിലേക്കുള്ള യാത്രയെ (voyage to Cythera )”ചരിത്രത്തിന്റെ നിശബ്ദത” എന്നും The Beekeeper നെ “സ്നേഹത്തിന്റെ നിശബ്ദത” എന്നും “ലാൻഡ്സ്കേപ്പ് ഇൻ ദി മിസ്റ്റ് “നെ ദൈവത്തിന്റെ നിശബ്ദത” എന്നും വിശേഷിപ്പിക്കുന്നുണ്ട്. പ്രത്യക്ഷമായ യാഥാർത്ഥ്യവും ആത്മീയ യാഥാർത്ഥ്യവും തമ്മിലുള്ള പിരിമുറുക്കം, അല്ലെങ്കിൽ ബൗദ്ധികവും കാവ്യാത്മകതയും തമ്മിലുള്ള പിരിമുറുക്കം, എന്നിവ തിയോയുടെ സിനിമകളിലെ ദൃശ്യങ്ങളുടെ ബഹുമുഖങ്ങളാണ്. അദൃശ്യ സാന്നിധ്യങ്ങളായി അവ വെളിപ്പെടുന്നു. ഈ അർത്ഥത്തിൽ, ആഞ്ചെലോ പൗലോയെ, തർക്കോവ്സ്കി തന്റെ ആത്മകഥയായ സ്‌കൾപ്റ്റിംഗ് ഇൻ ടൈമിൽ പറഞ്ഞതു പോലെ “സമയത്തിലൂടെ യാത്ര ചെയ്യുന്നവൻ’ എന്ന് വിളിക്കാവുന്നതാണ്.

തിയോയുടെ സിനിമകളിൽ ഉപയോഗിക്കുന്ന കാവ്യാത്മക ഉപകരണം സമയമാണ്. ചലച്ചിത്ര ഭാഷയിൽ അദ്ദേഹം സൃഷ്ടിക്കുന്ന അതുല്യമായ ഇമേജുകൾ ഉപയോഗിച്ച്, തന്റെ ആന്തരിക യാത്രയിൽ കാഴ്ചക്കാരനെ തന്നോടൊപ്പം കൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിക്കുന്നു. വീപ്പിങ് മെഡോയിലെ പാൻഷോട്ടുകൾ ഉദാഹരണം. കലയുമായുള്ള ആത്മഭാഷണങ്ങളെ ആഴത്തിലുള്ള അനുഭവമാക്കി മാറ്റുന്നു തിയോ.
കുടിയേറ്റം, പര്യവേഷണം, അതിർത്തികൾ എന്ന ആശയങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന പ്രമേയങ്ങളാണ് ആഞ്ചലോ പൗലോ തന്റെ സിനിമകളിൽ പ്രധാനമായി ഉപയോഗിക്കുന്നത്. ലാൻഡ്‌സ്‌കേപ് എന്ന സിനിമയിലെ മൂത്ത സഹോദരിയോട് കൊച്ചുകുട്ടി ചോദിക്കുന്ന ചോദ്യം,

“അതിർത്തികൾ’ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?” എന്നാണ്.

കീസ്ലോവ്സ്കിയുടെ ഡെകലോഗിൽ ഒരു കുട്ടി മരണത്തെക്കുറിച്ച് ഇതേ ആശങ്ക പങ്കു വാക്കുന്നുണ്ടല്ലോ.

എന്താണ് അതിർത്തി എന്ന ചോദ്യത്തിനുള്ള ഉത്തരം തന്റെ മറ്റു മൂന്ന് സിനിമകളിലൂടെ തിയോ തേടുന്നുണ്ട്.
രാജ്യങ്ങളെയും ആളുകളെയും വേർതിരിക്കുന്ന ഭൂമിശാസ്ത്രപരമായ അതിർത്തികളെക്കുറിച്ചാണ് Ulysses’s Gaze സംസാരിക്കുന്നത്. അതിരുകളെക്കുറിച്ച് ആളുകൾ മെനഞ്ഞു വച്ചിരിക്കുന്ന ദർശനങ്ങളുടെ അതിരുകളും പരിമിതികളും കൈകാര്യം ചെയ്യുന്നുണ്ട് ഈ സിനിമ. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അതിരുകൾ ചർച്ച ചെയ്യുന്നു Eternity and a day. “ജീവിതം ഒരു യാത്രയാണ്.” എന്ന് തിയോ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്.

ദി സസ്പെൻഡഡ് സ്റ്റെപ്പ് ഓഫ് ദ സ്റ്റോർക്ക് എന്ന സിനിമയിൽ ഒരു രാഷ്ട്രീയക്കാരനായി സ്വന്തം രാജ്യത്തേക്ക് കുടിയേറുന്ന മാസ്ട്രോയാനി എന്ന കഥാപാത്രം നിർമ്മിച്ചത് പോലെ, ഒരു വ്യക്തിയുടെ ആന്തരിക ലോകത്തേക്കുള്ള യാത്രയാണ്‌ തിയോയുടെ ചലച്ചിത്രയാത്രകൾ. അഭയാർഥികളുടെ യാത്രകളാണ് തിയോയുടെ മറ്റൊരു ഇഷ്ടവിഷയം. മനുഷ്യർ അവനവനിൽ നടത്തുന്ന അലച്ചിലുകളാകുന്നു ചിലപ്പോൾ ഈ അവസ്ഥ. ഇവയെല്ലാം നിരന്തരം നവീകരിച്ചു കൊണ്ടേയിരുന്ന ഒരു ആന്തരികത തിയോയുടെ സവിശേഷതയാണ്‌. വീപ്പിങ് മെഡോയിലാണ് അത് ഏറെക്കുറെ പ്രകടമാകുന്നത്. ഒഡിസിയയിൽ നിന്ന് വരുന്ന ഒരു കൂട്ടം അഭയാർഥികളുടെ ദൃശ്യത്തോടെയാണ്‌ വീപ്പിങ് മെഡോ ആരംഭിക്കുന്നത്. എലെനി കാരായിൻഡ്രോയുടെ സംഗീതം വൈകാരികതയുടെ ഏറ്റവും സൂക്ഷ്മമായ തലങ്ങളിലേക്കാണ് നമ്മെ കൊണ്ട് പോകുക.

തേസലോനിക്കി എന്ന പ്രദേശത്തിനടുത്തുള്ള മഞ്ഞ് മൂടിയ ഒരു ഗ്രാമമാണ് അഭയാർത്ഥികളുടെ ലക്ഷ്യം.
നദിയുടെ അങ്ങേക്കരയിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നു.

ആരാണ് നിങ്ങൾ?
ഞങ്ങൾ ഗ്രീക്കുകാരാണ്
അവർ മറുപടി പറയുന്നു.

പിന്നീട് ആഖ്യാതാവിനെ കൊണ്ടാണ് കഥ പറയിപ്പിക്കുന്നത്. ട്രാജഡിയുടെ പ്രധാന ഘടകമാണല്ലോ നറേറ്റർ. സിനിമയുടെ ആദ്യം മുതൽക്ക്‌ നദിയുടെ സാന്നിധ്യം നമുക്കൊപ്പമുണ്ട്. നദിയുടെ അങ്ങേക്കര മറ്റൊരാൾ ആയി അനുഭവപ്പെടുന്നു. ചരിത്രവും പുറപ്പെട്ടുപോക്കും യുദ്ധവും മരണവും പ്രത്യാശയും കലർന്ന കഥകൾ നദിയുടെ അങ്ങേക്കരയിൽ ചരിത്രവുമായി കലർന്നു കിടക്കുന്നതിന്റ നേരിയ വെളിച്ചങ്ങളും നിഴലുകളും നമുക്ക് കാണാം. ദി വീപ്പിംഗ് മെഡോയിൽ ആഞ്ചെലോ പൗലോ ഉപയോഗിക്കുന്ന സ്പൈറോസ്, എലെനി, അലക്സി എന്നീ പേരുകൾ തന്റെ മുൻ സിനിമകളിലും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.
വോയേജ് ടു സൈതേറയും ഒഡീസിയസിനെ പരാമർശിക്കുന്നു, പ്രധാന കഥാപാത്രത്തിന്റെ പേര് സ്പൈറോസ് എന്നാണ്. ചിത്രത്തിലെ പിതാവിന്റെ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ മൈക്കൽ ഗ്രോഡന്റിനോട് ആഞ്ചലോ പൗലോ പറഞ്ഞത് ഇതാണ് തന്റെ പിതാവിന്റെ പേരെന്നാണ്. തന്റെ പിതാവുമായി അദ്ദേഹം ഉണ്ടാക്കിയ ഈ ബന്ധത്തിന് സിനിമയുമായി യാതൊരു പ്രസക്തിയുമില്ലെങ്കിലും, പേര് തന്റെ പിതാവിന്റെ തലമുറയെ പ്രതിനിധീകരിക്കുന്നു എന്ന അർത്ഥത്തിൽ അത് പ്രധാനമാണ്.

അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ അനപരസ്തസസിൽ എലെനി എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. പേരുകൾ ചിലപ്പോൾ ആഖ്യാനത്തിന്റെ ചങ്ങലകൊളുത്തുകളുടെ സൂചകങ്ങളായി വർത്തിക്കുന്നുണ്ട്. ഒരു സിംഫണിയുടെ നോട്ടേഷനുകൾ പോലെ പരസ്പരം കലരുന്ന ഒരുൾപ്പൊരുത്തം തിയോയുടെ സിനിമകൾക്കുണ്ട്. വീപ്പിങ് മെഡോയിൽ ആൻഡ്രിയാസ് സിനാനോസിന്റെ ക്യാമറ ചലിക്കുന്നത് നമ്മുടെ കൃഷ്ണമണികളിൽ നിന്നാണ്. കഥാപാത്രങ്ങളുടെ ആത്മാവുകളിലൂടെ അത് കയറിയിറങ്ങുന്നു. നിശബ്ദതയിൽ ആരംഭിക്കുന്ന ചിത്രം മിക്കപ്പോഴും ഇരുണ്ട ഊത നിറത്തിലാണ്(sepia ) കലർത്തുന്നത്. ഒപ്പം ചാരത്തിന്റെ നേർത്ത അടരുകളും. പതിയെപ്പതിയെ കടുത്ത പച്ചപ്പുകളും പ്രെഷ്യസ് നീലയും തവിട്ടിന്റെ തണുത്ത നിഴലുകളും ദൃശ്യങ്ങളിലേക്ക് പടരുന്നു. വെളുത്ത പ്രതലത്തിൽ മരിച്ചുകിടക്കുന്ന ഒരുവന്റെ ദൃശ്യം ഒരേ സമയം ഭീതിതവും മനോഹരവുമാണ്. ജലത്തെ സുതാര്യതയുടെ മറ്റൊരു നിറമായി ഉപയോഗിക്കുക എന്നതും തിയോക്ക് മാത്രം സാധിക്കുന്ന ആഖ്യാന പാടവം. കുതിച്ചൊഴുകുന്ന വെള്ളവും പെരുമഴയും ആദ്യ രംഗം മുതൽ അവസാന രംഗം വരെയുള്ള ആസ്വാദനത്തിന്റെ പ്രധാന പാലമാണ്. വിശാലമായ ഭൂപ്രദേശങ്ങളിൽ നിഴൽ പരന്ന വെളിച്ചം പോലെ കാണപ്പെടുന്ന ഉടലുകളുടെ മങ്ങിയ ദൃശ്യങ്ങൾ. പലായനങ്ങളുടെ വിഭ്രമങ്ങൾ…. ഒറ്റപ്പെട്ടവരുടെ നിലവിളികൾ….

തിയോയുടെ സിനിമകളും കവിതകളും പരസ്പരം കലർന്നു കിടക്കുന്നു. എന്നെ കടലിൽ ഉപേക്ഷിക്കുക
എന്ന കവിത നോക്കൂ

“നിങ്ങൾ പൂർണ്ണ ആരോഗ്യത്തോടെയും
ആനന്ദത്തോടെയുമിരിക്കുക
പക്ഷെ,
നിങ്ങളുടെ യാത്രയിൽ
പങ്കുചേരാൻ
എനിക്കാവില്ല
ഞാനിവിടെ ഒരു അതിഥി മാത്രം
ഞാൻ സ്പർശിച്ചവയെല്ലാം
എന്നെ മുറിവേൽപ്പിച്ചിരിക്കുന്നു.
ഒന്നുമിനി അവശേഷിക്കുന്നില്ല.
എന്നിൽ
എല്ലാവരും
“എന്റേത്‌…എന്റേത്‌”
എന്നു ഉരുവിട്ടുകൊണ്ടേയിരിക്കുന്നു
ഞാൻ
ഒന്നും അവകാശപ്പെടുന്നില്ല
ഒരിക്കൽ ഞാനത്‌ പറഞ്ഞു കഴിഞ്ഞതാണ്
യാഥാർത്ഥ്യം എന്നത്
ഒന്നുമല്ലെന്ന്
ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.
എനിക്കൊരു പേരുപോലുമില്ല.
അതിനു വേണ്ടിയുള്ള തിരച്ചിലാണിനി.
എനിക്ക്‌ ഒരു തുണ്ട്‌ മണ്ണു അനുവദിക്കുക
എന്നെ കടലിൽ
ഉപേക്ഷിക്കുക.
ഞാൻ
നിങ്ങൾക്ക്‌
ആയുരാരോഗ്യവും
ആനന്ദവും
ആശംസിക്കുന്നു.”

തിയോയുടെ സിനിമകൾ എന്നെ മറ്റൊരു ലോകത്തേക്ക്, ചിന്തയിലേക്ക് കൊണ്ടു പോകാറുണ്ട്. പ്രത്യേകിച്ച് യുലീസസ് ഗൈസ് പോലുള്ള സിനിമകൾ. 1995ൽ ആണ് ഈ സിനിമ പുറത്തു വന്നത്. തിയോയുടെ
പല ചിത്രങ്ങൾക്കും വിഷാദത്തിൽ ചാലിച്ച സൗന്ദര്യമുണ്ട്, ഒരു നിമിഷത്തിൽ, ആ നിമിഷത്തിൽ കൂടുതൽ നിൽക്കുന്നുണ്ട് അദ്ദേഹത്തിന്റെ ദൃശ്യാഖ്യാനങ്ങൾ. അന്യവൽക്കരണത്തിന്റെ സാർവത്രികത, ശുദ്ധമായ കലയുടെ അസാധ്യത, കലർപ്പുകളുടെ സൗന്ദര്യം..എന്നിവ ആഞ്ചലോ പൗലോസിന്റെ സംവിധാന ശൈലിയുടെ വ്യത്യസ്തതക്ക് അടിവരയിടുന്ന ആശയങ്ങളായി. കണക്കാക്കപ്പെടുന്നുണ്ട്. 1968നു ശേഷം ഗ്രീക്ക് കണ്ട ഏറ്റവും പ്രമുഖനായ സംവിധായകൻ, കവി, കലാകാരൻ എന്ന നിലയിൽ തിയോ ആഞ്ചലോ പൗലോവിന് ഏറെ പ്രസക്തിയുണ്ട്.

1935 ൽ ജനിച്ചു 2012ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ ചലചിത്രങ്ങളിൽ ഗ്രീക്ക് ചരിത്രവും രാഷ്ട്രീയവും, ഫാസിസവും ചെറുത്തുനിൽപ്പും, ആത്മീയ വിദ്വേഷവും വൈകാരിക നഷ്ടവും ഉണ്ട്. തിയോയുടെ ചലച്ചിത്ര യാത്രകൾ അന്വേഷണങ്ങൾ അദ്ദേഹത്തെ തർക്കോവ്സ്കി, ബെർട്ടോലൂച്ചി, വെൻഡേഴ്‌സ് തുടങ്ങിയ ചലച്ചിത്രകാരന്മാർക്ക് തുല്യനിലയിലാക്കി. ആഞ്ചലോ പൗലോസിന്റെ മാതൃരാജ്യത്തോടുള്ള പ്രതിബദ്ധത എടുത്തു പറയേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ ആദ്യ മാസ്റ്റർപീസായ ദി ട്രാവലിംഗ് പ്ലെയേഴ്‌സിന് ശേഷം സിനിമാ രംഗം അദ്ദേഹത്തെ പാർശ്വവൽക്കരിച്ചു. ആഞ്ചലോ പൗലോയുടെ പ്രധാന സിനിമകൾ യുഎസിൽ അവരുടെ ആദ്യകാലങ്ങളിൽ പ്രദർശിപ്പിച്ചില്ല. 1990 കളിൽ , അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ മാത്രമാണ് ആഞ്ചലോ പൗലോയുടെ സൃഷ്ടികൾ അമേരിക്കൻ സ്‌ക്രീനുകളിലേക്ക് കടന്നുവരാൻ തുടങ്ങിയത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകസിനിമയിലെ ഒരു ടെർമിനൽ പോയിന്റായി അപ്പോഴേക്കും അദ്ദേഹം മാറിയിരുന്നു.

ഒരു നിയമപാലകനായി മാറാൻ ആഗ്രഹിച്ച തിയോ പിന്നീട് നിയമപഠനം ഉപേക്ഷിച്ച് പാരീസിലെ ഐഡിഎച്ച്ഇസിയിൽ സിനിമ പഠിക്കാൻ ചേർന്നു. എത്‌നോഗ്രാഫിക് ഡോക്യുമെന്ററി ഫിലിം മേക്കറായ ജീൻ റൂച്ചിനോടൊപ്പം ആദ്യകാലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. അത് അദ്ദേഹത്തിന്റെ ചലച്ചിത്ര പരിപ്രേക്ഷ്യങ്ങളുടെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കാലമായിരുന്നു. പ്രമുഖ സംവിധായകരായ വെല്ലസിന്റെയും മിസോഗുച്ചിയുടെയും സിനിമകളുടെ സ്വാധീനത്തിലാണ് അദ്ദേഹം തന്റെ സിനിമാ പഠനം പൂർത്തിയാക്കിയത്. 1950 കളിലെ നിശബ്ദ സിനിമകൾക്കും ഹോളിവുഡ് സംഗീതത്തിനും ഒപ്പം, പ്രതിബദ്ധതയുള്ള ഇടതുപക്ഷക്കാരനും ചലച്ചിത്ര നിരൂപകനും കവിയും ചലച്ചിത്ര മോഹിയുമായി അദ്ദേഹം പഠനം പൂർത്തിയാക്കി. ഗ്രീസിൽ തന്റെ കരിയർ ആരംഭിച്ച കാലം ഏറെ പ്രക്ഷുബ്ദമായിരുന്നു എന്ന് ഒരിക്കൽ അദ്ദേഹം ഓർക്കുന്നുണ്ട്. അധികാര ദുരയുടെയും.അടിച്ചമർത്തലിന്റെയും കാലഘട്ടത്തെ അദ്ദേഹം ഓർമയിലേക്ക് രേഖപ്പെടുത്തി. ഗ്രീക്ക് സിനിമയെ രാഷ്ട്രീയമായി ഇടപഴകുന്ന പുതിയ തലമുറയിലെ പ്രേക്ഷകരുടെ കാഴ്ച്ചാ ഭൂപടത്തിൽ എത്തിക്കുക എന്നത് തിയോയുടെ മനസ്സിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും.

ദി ട്രാവലിംഗ് പ്ലെയേഴ്‌സിലൂടെ ആഞ്ചലോപൗലോയുടെ ചലച്ചിത്ര ശൈലി ഏറെ പ്രസിദ്ധമായി. ഗ്രീക്ക് ചരിത്രത്തിന്റെയും മിത്തിന്റെയും ഗ്രീക്ക് പരമ്പരാഗത ആഖ്യാനങ്ങളുടെയും നേർചിത്രമായ ചലച്ചിത്ര സാന്നിധ്യങ്ങൾ കൊണ്ട് ഈ സിനിമ വാഴ്ത്തപ്പെട്ടു. അതിനു ശേഷം അദ്ദേഹം രണ്ട് ചലച്ചിത്രങ്ങൾ കൂടി തയ്യാറാക്കി. trilogy of silence” “trilogy of borders.”എന്നറിയപ്പെട്ട ആ സിനിമകൾക്കിടയിൽ അദ്ദേഹത്തിന് ഒരു അപകടം സംഭവിക്കുകയുo തന്റെ സ്വപ്ന സിനിമാത്രയം പൂർത്തിയാക്കാതെ മരണത്തിലേക്ക് യാത്ര പോകുകയും ചെയ്തു.

look beyond what is apparent എന്ന് ഉറച്ചു വിശ്വസിച്ചു ഈ സംവിധായകൻ. നൂറ്റാണ്ട് സാക്ഷ്യം വഹിച്ച രാഷ്ട്രീയ സംഭവങ്ങൾക്ക് മുന്നിൽ ഒരിക്കലും അദ്ദേഹം കണ്ണടച്ചിട്ടില്ല. പ്രത്യക്ഷരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതിനേക്കാൾ താൻ മനുഷ്യനിൽ വിശ്വസിക്കുന്നു എന്ന് ദി സസ്പെൻഡഡ് സ്റ്റെപ്പ് ഓഫ് ദി സ്റ്റോർക്കിൽ അദ്ദേഹം പ്രഖ്യാപിച്ചു. യുദ്ധാനന്തരം ജനങ്ങൾ കടന്നുപോയ പ്രവാസികളെയും കുടിയേറ്റങ്ങളെയും അഭയാർത്ഥികളെയും അദ്ദേഹം വസ്തുതാപരമായി ചോദ്യം ചെയ്തിട്ടുണ്ട്.

“ഞങ്ങൾ അതിർത്തികൾ കടന്നു, പക്ഷേ ഞങ്ങൾ ഇപ്പോഴും അവിടെയുണ്ട്. ഇനിയെത്ര അതിർത്തികൾ കടന്ന് വീട്ടിലെത്തണം?

എന്നദ്ദേഹത്തിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട് (The suspended step of the stork).

വ്യക്തിയുടെ ആന്തരിക യാത്രയിൽ അതിർത്തികൾ അവ്യക്തമാകുന്നത് എങ്ങനെയെന്ന് ചലച്ചിത്രാഖ്യാനഭാഷയിലൂടെ വിവരിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. തീർത്തും പ്രതീകാത്മകമായ ആവിഷ്കാരമാണ് അദ്ദേഹത്തിന്റെ സിനിമകളിൽ. ആഞ്ചലോ പൗലോയുടെ അവസാന ചിത്രമായ ദി വീപ്പിംഗ് മെഡോ,ഒരു പ്രതീകാത്മകവായനക്ക്‌ ഒതുങ്ങുന്നതല്ല. ചരിത്രവും മിത്തുകളും ഭാവനയും സ്വപ്നവും ജീവിതവും മരണവും പോരാട്ടാവും പാലായനവും ഇഴകലർന്ന ഈ ദൃശ്യവിസ്മയങ്ങൾ സംഗീതത്തിന്റെ ഏറ്റവും അവസാനസ്വരത്തിൽ നിന്ന് ഉയിർത്തെണീക്കുകയാണ്. ഓരോ ഫ്രെയിമിനെയും ശ്വാസമുള്ള ഒരു ജീവിയായി പരിചരിക്കുന്ന ശീലം ആഞ്ചലോ പൗലോ ഉപേക്ഷിക്കുന്നില്ല. തന്റെ സംവിധാനശൈലിയാൽ വീപ്പിംഗ് മെഡോയിൽ അദ്ദേഹം തന്റെ സമ്പൂർണ്ണതയിലേക്ക് എത്തുകയായിരുന്നു എന്ന് അദേഹത്തിന്റെ ചിത്രങ്ങളുടെ ആവർത്തിച്ചുള്ള കാഴ്ച പറയുന്നു. ജീവിതം കൂടുതൽ കൂടുതൽ മനുഷ്യനുമായിച്ചേർന്ന് നിലനിൽക്കാൻ ആഗ്രഹിച്ച, നമ്മുടെ ജീവിതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് തോന്നുന്ന ഇടങ്ങളിലേക്ക് വീണ്ടും വീണ്ടും മടങ്ങിച്ചെല്ലാൻ ആഗ്രഹിച്ച ഒരു മനുഷ്യൻ! തിയോ ആഞ്ചലോ പൗലോ എന്ന ചലച്ചിത്രകാരന്റെ കലയുടെ സ്പർശങ്ങൾ ജീവിതത്തിന്റെ തന്നെ നൈരന്തര്യമാകുന്നു. കാലത്തിൻ ഓർമ്മയിൽ കുറിച്ച കവിതകൾ! അത് ബുദ്ധൻറെ മൗനമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...

മോഹം ഗർഭം ധരിച്ചു, പാപത്തെ പ്രസവിക്കുന്നു

കവിത സാറാ ജെസിൻ വർഗീസ്  നീ ജീവവൃക്ഷത്തിൻ്റെ ഫലം തിന്നുന്നു. ഞാൻ അടികൊണ്ട വേദനയിൽ ചുരുണ്ടുകിടക്കുന്നു. നിനക്ക് കണ്ണുകൾ തുറക്കുകയും നന്മതിന്മകളെ അറിയുകയും ചെയ്യുന്നു. എനിക്ക് മനുഷ്യനെ...

More like this

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...