അനാച്ഛാദനം

0
200

കഥ

നിതിൻ മധു

ഒന്‍പതാണ് സമയം പറഞ്ഞത്, പക്ഷെ എട്ടരക്ക് എങ്കിലും അവിടെയെത്തണം. സാധാരണ ദിവസങ്ങളില്‍ എല്ലാം കഴിച്ച്, കൂട്ടുകാരികളെക്കാള്‍ നേരത്തെ ലീല കോളേജില്‍ എത്തുന്നതാണ്. അലമാരയില്‍ മടങ്ങിയിരുന്ന കസവ് സാരി തലേ ദിവസം എടുത്ത് തേച്ച് വയ്ക്കാത്തതിലും, എത്താനുള്ള വെപ്രാളത്തിലും, സമയം കൂടുതല്‍ കൈമോശം വന്നു. എളുപ്പം എത്താനായി റോഡ്‌ മാര്‍ഗം ചുറ്റാതെ, റബര്‍തോട്ടങ്ങള്‍ക്ക് ഇടയിലൂടെ ലീല കോളേജ് പിടിച്ചു. കോളേജ് അന്ന് അവധിയായിരുന്നു, മണപ്പുറത്തെ അനാഥ പശുക്കളെ പോലെ ഹോസ്റ്റലിലെ ഒന്ന് രണ്ട് കുട്ടികള്‍ മാത്രം കോളേജിന് മുന്നില്‍ പകച്ച്‌ നിന്നു. ദൂരെ നിന്ന് തന്നെ കവാടത്തിന് അകത്തായി, കണ്ണിനെ പകപ്പിക്കുന്ന തെളിച്ചത്തോടെ ചെറിയൊരു രൂപവും, അതിന് മുന്നില്‍ ഉള്ള ആള്‍കൂട്ടവും ലീല കണ്ടു. യോഗം എന്ന അണക്കെട്ട് പൊളിഞ്ഞ്, ഒഴുകി പരന്ന ആള്‍കൂട്ടത്തിലേക്ക് ലീല കൂടിചേര്‍ന്ന് നിന്നു. ഗോപുരത്തിന് മുന്നില്‍ കണ്ടാല്‍ അറിയുന്നതും, അറിയാത്തതും ആയ പല പ്രമുഖന്മാരും കൂടിയിരുന്നു. യോഗത്തിലെ മര്‍മ്മപ്രധാനമായ സംഭവം ലീലയെ കാത്തുനിന്നു എന്ന പോലെ, കൃത്യം ഒന്‍പതേ ഇരുപതിന് MLA യും,മറ്റ് പ്രമുഖന്മാരും ചേര്‍ന്ന് സ്വര്‍ണ്ണനിറത്തിലെ പ്രതിമയുടെ മുന്നിലെ തുണി മാറ്റി. മുന്‍പ് കോളേജിലെ ചെയര്‍മാനും, ഇപ്പോഴത്തെ ചെയര്‍മാനും പൗര പ്രമുഖനും നേതാവും ആയ രാമകൃഷ്ണന്‍റെ പിതാശ്രേഷ്ഠന്‍റെ പ്രതിമ എല്ലാവര്‍ക്കും മുന്നില്‍ അനാച്ഛാദനം ചെയ്തുവന്നു. ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലും പോലും കാണാതിരുന്ന ചിരി, മരിച്ച് മണ്ണടിഞ്ഞ് മകന്‍റെ കുറ്റബോധത്തിന്‍റെ കരിങ്കല്‍ കൂണിലൂടെ തെളിഞ്ഞ് വന്നപ്പോള്‍ ലീല അത്ഭുതത്തോടെ നോക്കി നിന്നു. അത്ഭുതം മുഖത്ത് നിന്ന് ഊര്‍ന്ന് ഇറങ്ങുന്നതിന് മുന്നേ തന്നെ സാവിത്രി ശരീരത്ത് വന്ന് തട്ടി, പേപ്പര്‍ ഗ്ലാസില്‍ ഗോതമ്പ് പായസം നീട്ടി. “ചന്തം കണ്ട് തീര്‍ന്നില്ലായിരിക്കും അല്ലെ… ” ലീല ചിരിച്ചു. ആള്‍ക്കൂട്ടം നടന്ന ഒഴുക്കില്‍ ലീലയും, സാവിത്രിയും പുറത്തേക്ക് നടന്നു. സെക്യൂരിറ്റി ജേക്കബിനെ കവാടത്തിന്‍റെ പരിസരത്ത് ഒന്നും കണ്ടില്ല. പതിവ് പടി ആയിരുന്നെങ്കില്‍ ചിരി സമ്മാനിച്ച്‌ കുറുകി നില്‍ക്കുന്ന ജേക്കബ്‌ നേരം പോക്കുകളില്‍ ഒന്നായിരുന്നു.

ജോലി ഇല്ലാത്ത സമയത്ത് കോളേജിലേക്ക് വരുന്നത് തന്നെ അപൂര്‍വ്വമായിരുന്നു. നടന്ന ആള്‍ക്കൂട്ടം പലവഴിക്ക് പിരിഞ്ഞപ്പോള്‍ അവര്‍ ഇരുവരും മാത്രമായി. “ഇപ്പൊ ഇതിന്‍റെ വല്ല ആവശ്യം ഇവിടുണ്ടോ ? വെറുതെ പൈസ കളയാന്‍ ” സാര്‍വലൗകികമായ പ്രതിഷേധം എല്ലാത്തിനോടും എന്ന പോലെ ഇതിനോടും സാവിത്രി കാട്ടി. ലീല തിരിച്ച് ഒന്നും മിണ്ടിയില്ല. “ഞാന്‍ ഒക്കെ മരിച്ചാല്‍ എന്‍റെ മക്കള്‍ പൈസ കൊടുത്ത് ഒരു പടം പോലും ചില്ലിടില്ല, അപ്പോഴാ വേറെ ഒരു മോന്‍… അതും കോളേജ് പൈസയില്‍ ഒരു പ്രതിമ, യോഗം അല്ലാതെ എന്താ…. ” അവര്‍ രണ്ട് പേരും കുടിച്ച് തീര്‍ന്ന പായസത്തിന്‍റെ ഗ്ലാസ്സുമായി, വീണ്ടും സ്വര്‍ണ്ണ നിറമുള്ള പ്രതിമയുടെ മുന്നില്‍ എത്തി. ലീല പ്രതിമയെ ഒന്ന് കൂടി നന്നായി നോക്കി. സാവിത്രി ആ പറഞ്ഞതില്‍ കാര്യം ഉണ്ടെന്ന് ലീലക്ക് തോന്നി. ഞാന്‍ മരിച്ചാല്‍ എന്‍റെ വീടിനപ്പുറം ആരും എന്നെ ഓര്‍ത്തിരിക്കില്ല, മരണം എല്ലാവരെയും മഹാന്മാരാക്കും. പക്ഷെ പ്രശസ്തി മഹത്വത്തിന്‍റെ തോത് നിര്‍ണയിക്കുന്നതിന് ഒത്ത ഘടകമായിരിക്കും.

പിന്നീട് തുടര്‍ച്ചയായ ആറുദിവസവും ലീല ആ കയറ്റം കയറുമ്പോള്‍ ആ പ്രതിമയെ നോക്കി. കാലത്തും വൈകീട്ടും തെറ്റാത്ത ഒരു വ്യായാമമുറയായി കണ്ണിന് ആ നോട്ടം മാറി. ഓരോ നോട്ടത്തിലും മോണാലിസ്സാ ചിത്രം പോലെ പ്രതിമ തന്നെയും ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് ലീലക്ക് തോന്നിത്തുടങ്ങി. നടത്തം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോഴേക്കും അനാച്ഛാദനസമയത്തെ ശോഭ പതിയെ മങ്ങിയിരുന്നു. കൂടാതെ, നിരന്തരം തിരക്കും, ആളും, വണ്ടികളും, പ്രതിമയുടെ വാസം പൊടിയിലും, ചൂട് കാറ്റിലും കുടുക്കിയിരുന്നു. എന്നാല്‍ ഒന്നിലും പതറാതെ മങ്ങലേൽക്കാതെ പ്രേമഭാജനം പോലെ, പ്രതിമയെ ലീല നോക്കി. പിറ്റേദിവസം താന്‍ മാത്രം അല്ല, പ്രതിമയെ നോക്കുന്നത് എന്ന് ചെയര്‍മാന്‍ രാമകൃഷ്ണന്‍ റൂമിലേക്ക് വിളിച്ചപ്പോഴാണ് ലീലക്ക് മനസിലായത്. പണിക്കിടയില്‍ ഉച്ചക്ക് പത്ത് മിനിറ്റ് വിശ്രമിക്കുമ്പോഴാണ് ലീലക്ക് റൂമിലേക്ക് ചെല്ലേണ്ടി വരുന്നത്. ഉച്ചച്ചൂടില്‍ നിന്നും വിയര്‍ത്ത് ഒട്ടിയ ഷര്‍ട്ടില്‍ നിന്നും ഒരു ആശ്വാസം രാമകൃഷ്ണന്‍ സാറിന്‍റെ എസിയില്‍ നിന്ന് ലഭിച്ചു. അകത്തേക്ക് കയറി വാതില്‍ യാന്ത്രികമായി അടഞ്ഞതോടെ ചൂടിനെ മൊത്തത്തില്‍ ആട്ടി പായിക്കുന്ന അവസ്ഥ മൊത്തത്തില്‍ വന്ന് ചേര്‍ന്നു. അയാള്‍ അടിമുടി ലീലയെ നോക്കി, ലീല തിരിച്ചും. ജീവനുള്ള മറ്റൊരു പ്രതിമ. അതിനപ്പുറം വലിയ വ്യത്യാസം ഒന്നും രണ്ട് മുഖങ്ങള്‍ക്ക് തമ്മില്‍ ലീല കണ്ടിരുന്നില്ലാ. “സര്‍ വിളിച്ചിരുന്നു” രാമകൃഷ്ണന്‍ മൂളി, പിന്നെ പതിയെ പറഞ്ഞ് തുടങ്ങി “ഞാന്‍ ലീലയെ വിളിപ്പിച്ചത് തന്ത്രപ്രധാനമായ ഒരു കാര്യം പറയാനാണ് ” അസ്വാഭാവികമായി ഒന്ന് കേട്ട പോലെ ലീല ചെവി കൂര്‍പ്പിച്ചു .“ലീല എന്‍റെ അച്ഛന്‍റെ പ്രതിമ നമ്മുടെ കോളേജിന്‍റെ മുന്നില്‍ കണ്ടതല്ലേ ” ലീല തലയാട്ടി. “ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് മഹാനായ എന്‍റെ അച്ഛന്‍റെ പ്രതിമയൊന്ന് ഇവിടെ വരുത്താൻ, പലരും ഉടക്കിട്ടു തർക്കിച്ചു. വാക്കുകൊണ്ട് കത്തിക്കുത്ത് വരെ നടത്തി. എന്നിട്ടും ഞാൻ ഈ നാട്ടിലെ മഹാന്മാരായ പല തന്തമാരെയും മാറ്റിക്കൊണ്ടാണ് എന്‍റെ അച്ഛനുവേണ്ടി അത് പണിതത്.” പ്രതിമ ഉണ്ടായതിന്‍റെ പിന്നിലെ ചെറുകഥ ലീലക്ക് മുന്നിൽ പൊട്ടിവീണു. “അല്ലെങ്കിൽ ലീല പറയൂ ഈ നാട്ടിലും കോളേജിലും പ്രതിമയായി വരാൻ ഇത്രയും യോഗ്യനായ ഒരാൾ വേറെ ആരുണ്ട്?” ലീല പേടിച്ചാണ് അതെ എന്ന മട്ടിൽ വീണ്ടും തലകുലുക്കിയത്. തിരിച്ച് പണിക്ക് കയറേണ്ട സമയം തീര്‍ന്ന് തുടങ്ങിയപ്പോള്‍ പകുതി ലീവ് മാർക്ക് ചെയ്യുമോ എന്ന അവധി എന്ന കടലിനും ചെകുത്താനായ ചെയർമാനും നടുക്ക്‌ ലീല പെട്ടു. സർവതും സമ്മതിച്ച അനുസരണ ശീലം ഉള്ള പ്രജയുടെ മുന്നിൽ എത്തിയ രാജാവ് എന്ന പോലെ ചെയര്‍മാന്‍ ദീർഘ ശ്വാസം വലിച്ച് ശാന്തനായി, വീണ്ടും പറഞ്ഞു തുടങ്ങി. “അതായത് ഞാൻ പറഞ്ഞു വരുന്നത് ഇത്രയും വലിയൊരു മഹാന്‍റെ പ്രതിമ പൊടിക്കും, കാക്കക്കാഷ്ഠത്തിനും അസൂയക്കും പാത്രമാകാതെ ലീല എന്നും നോക്കണം, ദിവസവും കഴുകിയും, ചപ്പ് ചവറുകള്‍ മാറ്റിയും പരിപാലിക്കണം. അത്രയും ലീല എനിക്ക് ചെയ്ത് തരണം”. ലീല തലയാട്ടി. ഇത്തവണ ചെറിയ ചിരി കൂടി മുഖത്ത് ഉണ്ടായിരുന്നു. “ മാസം 200 രൂപ കൂടുതൽ തരും.” അത് കേട്ടപ്പോൾ ലീലയുടെ ചിരി കൂടുതൽ വിടർന്നു. മനസ്സിൽ എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ ചെയർമാൻ പറഞ്ഞു “രാത്രി കുഴപ്പമില്ല, സുദേവൻ നോക്കിക്കോളും പകലാണ് പ്രശ്നം.” ലീല തണുപ്പിന്‍റെ അടഞ്ഞ പാത്രം വിട്ട് ചൂടിന്‍റെ കൊഴുത്ത കാറ്റിന്‍റെ പിടിയിൽ എത്തിയപ്പോഴേക്കും രാമകൃഷ്ണനകത്ത് ഗാഢമായ ആലോചനയിലായിരുന്നു. പിന്നെയുള്ള ഓരോ കയറ്റത്തിലും ഓരോ ഇറക്കത്തിലും ഇടയിലുള്ള നോട്ടങ്ങൾക്ക് പുറമേ ചെയർമാൻ തന്നെ ഒരുക്കി തന്നിട്ടുള്ള അരമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള നിർബന്ധിത പരിപാലന കൂടിക്കാഴ്ച കൂടി ലീലയും പ്രതിമ മഹാനും തമ്മിൽ ഉണ്ടായി. മീഡിയം പവറിൽ ഓസിൽ മിതമായ വെള്ള പ്രയോഗം, കുറ്റി ചൂലുകൊണ്ട് പരിസരം അഴുക്ക് തോന്നാത്ത വിധം വൃത്തിയാക്കുക, പക്ഷികളുടെ കാഷ്ടം പറ്റിയിട്ടുണ്ടെങ്കിൽ ഉരച്ചു നീക്കുക കൂടാതെ പണിയെടുക്കുന്നതിന് ഇടയ്ക്ക് ഒന്ന് കണ്ണ് എത്തിക്കുക. ഇത്രയും ചെയ്താൽ മാസം ഇരുനൂറ് രൂപം അധികം. ലീലക്ക് മറ്റ് പണികളെക്കാള്‍ താല്പര്യം ഉള്ളതായി ഇത് മാറി.

സംഭവം നടന്ന അന്ന് പ്രതിമ മഹാൻ ആളുകളുടെ കണ്ണിൽ വെളിവായിട്ട് ഒരു മാസവും പതിനൊന്ന് ദിവസവും പിന്നിട്ടിരുന്നു. രാവിലത്തെ ഒരു നെടിനോട്ടത്തിനുള്ളിൽ തന്നെ ലീലക്ക് പ്രതിമ മഹാന്‍റെ മുഖത്ത് എന്തോ പന്തിക്കേട് തോന്നിയിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ ഈ സംശയം ബലപ്പെട്ടു. ഈ കാലയളവിൽ ഇത് വരെ കാണാത്ത ഒന്ന്. ലീല കണ്ണ് കൂർപ്പിച്ചു, സംശയിച്ചു, തലയിൽ കെട്ടിയിരുന്ന തോർത്തിനുള്ളിൽ കൂടി വിരൽ നീട്ടി ചൊറിഞ്ഞു. സംശയം ബലപ്പെടുന്നതിന് മുന്നേ തന്നെ ലീലക്ക് നോട്ടം മാറ്റേണ്ടി വന്നു. ഓസിൽ പതിവ് സ്പീഡിൽ വെള്ളം നിറച്ചു പ്രതിമ മഹാനെ നനയ്ക്കുന്നതിനു മുന്നേ തന്നെ കലണ്ടർ നോക്കാതെ വഴിതെറ്റി എത്തിയ ബലിക്കാക്ക മഹാന്‍റെ തലയിൽ നിലയുറപ്പിച്ചു. കണ്ടപാടെ ലീലയ്ക്ക് അരിശം വന്നു. പക്ഷെ ലീല ബലികാക്കയെ ഓടിക്കാൻ ശങ്കിച്ചു നിന്നു. ഇനി ഒരുപക്ഷേ അത് പ്രതിമ മഹാൻ തന്നെയാണെങ്കിലോ? സംശയം ബലപ്പെടുത്താന്‍ തെളിവുകള്‍ക്ക് കാത്ത് നിന്ന ലീലയെ, താന്‍ കോടിക്കണക്കിന് കാക്ക പ്രജകളില്‍ ഒന്ന് മാത്രമാണെന്ന് പറഞ്ഞറിയിച്ചു കൊണ്ട് പ്രതിമ മഹാന്‍റെ നെറുകയിൽ കാഷ്ഠിച്ചു കൊണ്ട് പറന്നകന്നു. ലീല ബലികാക്കയെ ശപിച്ചു. ഓസിൽ പതിവിൽ കൂടുതൽ വെള്ളം ഫോഴ്സിൽ നിറച്ചു നെറുകയിലേക്ക് അടിച്ചു. കാക്കക്കാഷ്ടം പെട്ടെന്ന് ഇളകി, ഒപ്പം മഹാന്‍റെ സ്വർണ പ്രതിമയുടെ മഞ്ഞ നിറവും, നിറമിളകിയത് കണ്ണിൽപ്പെട്ടപ്പോഴേക്കും പ്രതിമ മഹാന്‍റെ മുഖത്ത് പാതി വികൃതമായി ചെത്തിമാറ്റി എന്ന പോലെ വെള്ളത്തോടൊപ്പം ഒഴുകി നിലത്തേക്ക് എത്തി. ലീല വിറച്ചു, ഓസ് കയ്യിൽ നിന്ന് വിറയലോടെ തന്നെ താഴെ വീണു. മുഖമില്ലാത്ത പ്രതിമ മഹാനെ കണ്ടു സെമിത്തേരിയില്‍ പാതിരി ആത്മാവിനെ കണ്ടു എന്ന പോലെ ലീല പേടിച്ചു. പേടിച്ചു വിറച്ച ലീലയ്ക്ക് ഇളകി വീണത് സ്വന്തം മുഖമാണോ എന്ന് വരെ സംശയം തോന്നി. പിന്നീട് ഇതുവരെയുള്ള സംസാരത്തിൽ നിലത്ത് വീണ മുഖം തിരികെ കിട്ടിയതായി ലീലക്ക് തോന്നിയില്ല. പൂർണമായും എഴുതപ്പെട്ടത് എന്ന് വിശ്വസിക്കുന്ന ജീവിതത്തിൽ ജീവിക്കുന്ന ആളുകൾക്ക്, ആ സംഭവം ദ്രുതഗതിയിൽ എത്തപ്പെട്ട അവസാനമായി മാറി.

ചെയർമാന്‍റെ തണുത്ത ക്യാബിനിൽ വീണ്ടും കൂടുതൽ വിറച്ചു നിൽക്കുമ്പോൾ ലീലക്ക് ദൂരദേശത്തേക്ക് വലിച്ചെറിയപ്പെട്ട ഒരു പ്രതീതി ആയിരുന്നു. ചുറ്റും കൂടെ നിന്ന ആളുകൾ എല്ലാം ഒരേ ഭാവം കണ്ണാടിയിൽ എന്ന പോലെ പ്രതിഫലിപ്പിച്ചു. അവർക്കിടയിൽ ലീല പതുങ്ങി. ചെയർമാന്‍റെ മേശയിൽ അടർന്നു വീണ തലയുടെ കഷണങ്ങൾ ഒരു പേപ്പറിൽ കൂട്ടി വച്ചിരുന്നു. അതിലേക്ക് ഒരു നോക്കു പോലും നോക്കാതെ ചെയർമാൻ കസേരയിൽ ഇരുന്ന് എങ്ങികരഞ്ഞു. കരച്ചിൽ കണ്ട് ലീലയുടെ കണ്ണ് കൂടി നിറഞ്ഞു. ചെയ്ത തെറ്റിന്‍റെ ആഴം ലീല തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ മറ്റൊരാളുടെ കണ്ണീരിന് മുന്നിൽ പിടിച്ചുനിൽക്കാൻ പോകുന്ന തടയണ ഒന്നും ലീലയുടെ കയ്യിൽ ഉണ്ടായില്ല. മുറിയിലെ മറ്റും മൂകശരീരങ്ങൾക്ക് മുന്നിൽ ചെയർമാനും ലീലയും മുഖാമുഖം ഇരുന്നു കരഞ്ഞു. കരച്ചിൽ നിശബ്ദമാക്കി പെട്ടന്ന് റൂം തുറന്ന് പ്രിൻസിപ്പൽ ലീലയുടെ അടുത്തു വന്നിരുന്നു. പ്രിൻസിപ്പൽ ലീലയുടെ തോളിൽ തട്ടി. പതിയെ സ്വയം തിരിച്ചറിഞ്ഞ് ലീല കരച്ചിൽ ഒതുക്കി “എന്താ ഉണ്ടായേ ? ” പ്രിൻസിപ്പളിന്‍റെ ശബ്ദം കേട്ട് ചെയര്‍മാന്‍ പാതി വിതുമ്പലില്‍ നിന്ന് ചോദ്യത്തിലേക്ക് തല നീട്ടി. ലീല ചുറ്റും നോക്കി റൂമിൽ സന്നിഹിധരായവർ എല്ലാവരും ലീലയെ തുറിച്ചു നോക്കി തന്നെ നിന്നു. ലീല പറയാൻ ഒരുങ്ങിയപ്പോഴേക്കും കോളേജിലെ അധ്യാപകരിൽ ഒരാൾ ഓടി വന്ന് ചെയർമാന്‍റെ മേശയില്‍ നിന്നൊരു പേനയും പേപ്പറും കയ്യിലെടുത്തു, ആണവായുധം സൃഷ്ട്ടിച്ച ശാസ്ത്രജ്ഞന്‍റെ കൈയിൽനിന്ന് ഫോർമുലകൾ എഴുതിയെടുക്കാൻ എന്ന വണ്ണം അധ്യാപിക ലീലയോട് ചേർന്ന് നിന്നു. ലീല പതിയെ പറഞ്ഞു തുടങ്ങി.”പതിവുപോലെ ഒരു ഏഴര ഏഴേ മുക്കാലിന് ഞാൻ കോളേജിലെ മുട്ടൻ കയറ്റം കയറി, പണി ഡ്രസ്സും ചോറും പൊതിഞ്ഞ കവർ കയ്യില്‍ ഒതുക്കി പ്രതിമ മഹാന്‍റെ മുന്നിൽ എത്തി മുഖത്തേക്ക് ഒരു നോട്ടം നോക്കി. ആ നോട്ടത്തിൽ ഒരു പന്തികേടും ഒരു സുഖക്കുറവും എനിക്ക് തോന്നി. “എന്തു പന്തികേട് ? ” “അങ്ങനെ ചോദിച്ചാ അറിയില്ല സാറേ പ്രതിമയാണെങ്കിലും മനുഷ്യനാണേലും സ്ഥിരം കാണുന്ന ഒരാളുടെ മുഖത്ത് എന്തേലും മാറ്റം തോന്നിയ നമുക്ക് അറിയാൻ പറ്റും” “എന്നിട്ട് ?” “പിന്നെ ഒരു എട്ടര ആയപ്പോഴാണ്, പ്രതിമ മഹാന്‍റെ മുന്നിലുണ്ടായിരുന്ന മഞ്ഞക്കളർ ഓസ് എടുത്ത്, ചെറിയ സ്പീഡിൽ വെള്ളമെടുത്ത് വിരൽ കൊണ്ട് മറച്ചുപിടിച്ച് പ്രതിമയുടെ നേരെ നീട്ടി, അതേ സമയം ഒരു കാക്ക പ്രതിമ മഹാന്‍റെ തലയിൽ വന്നിരുന്നു” എല്ലാവരുടെയും മുഖം ഒരേപോലെ ജാഗ്രത കൊണ്ട് നിറഞ്ഞു. എല്ലാം കുറിച്ചുകൊണ്ടിരുന്ന അധ്യാപിക പെട്ടന്ന് ചോദിച്ചു “കാക്ക ഏത് കളർ ആയിരുന്നു ?” “കറുപ്പ്” ലീല വീണ്ടും പറഞ്ഞ് തുടങ്ങി. “ഞാൻ കാക്കയെ ഓടിക്കാൻ തുനിഞ്ഞപ്പോഴേക്കും അത് പ്രതിമ മഹാന്‍റെ തലയില്‍ തൂറിയ ശേഷം പറന്നു പോയി, അതുകൊണ്ട് പതിവിൽ കൂടുതൽ വെള്ളം എടുത്തുകൊണ്ട് ഞാൻ പ്രതിമ മഹാന്‍റെ തലയിലേക്ക് വെള്ളം അടിച്ചു… ടിം ” അവിടെയുള്ള എല്ലാവരും പെട്ടന്ന് ഒന്ന് ഞെട്ടി. “പിന്നെ തല വെള്ളത്തോടൊപ്പം നിലത്തേക്ക് ഊർന്ന് പോന്നു. കഥയ്ക്കുശേഷം ലീല നിശബ്ദയായി, പ്രിൻസിപ്പൽ എല്ലാം മനസ്സിലാക്കിയ പോലെ മൂളി. “ഒരു തൂറൽ കൊണ്ട് പ്രതിമയുടെ തല പൊളിക്കാൻ പറ്റണമെങ്കിൽ അത് വെറും കാക്കയാവില്ല, ആഫ്രിക്കൻ വനാന്തരത്തിൽ നിന്ന് വന്ന ഏതെങ്കിലും ഇനം ആവാനാണ് വഴി. ഞാനൊരു കാര്യം ചെയ്യാം, പക്ഷി സങ്കവിദഗ്ധരെ വിളിക്കാം. കാക്കയെ പിടിക്കാൻ പറ്റുമോ എന്നറിയാമല്ലോ, WHAT DO YOU SAY ? ” പ്രിന്‍സിപ്പല്‍ ചെയര്‍മാനെ നോക്കി.“അതെ അതുമാത്രമല്ല ഗവൺമെന്‍റ് വാട്ടർ കണക്ഷനാണ്. വാട്ടർ അതോറിറ്റിയെയും ജലസേചന വകുപ്പ് മന്ത്രിയും അറിയിക്കാം വെള്ളത്തിൽ മായം ഉണ്ടോ എന്ന് അറിയണമല്ലോ, കൂടാതെ എംഎൽഎയും എസ് ഐയെയും വിളിച്ചിട്ടുണ്ട് ഒരു പ്രാഥമിക ചർച്ച നടത്തി, പ്രതിമയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ച ഗൂഢാലോചനയില്‍ ആളുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ”. “അത് നന്നായിരിക്കും, പ്രതിമ പണിയാന്‍ കോണ്ട്രാക്റ്റ് എടുത്ത ആളെ കൂടി അറസ്റ്റ് ചെയ്യട്ടെ..”പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു. “ടീച്ചര്‍ ലീല പറഞ്ഞ മൊഴിയുടെ ഡീറ്റെയിൽസ് തയ്യാറാക്ക്, അത് പോലീസിന് ഉപകാരപ്പെടും, ലീലാ ഓസിന്‍റെ പേരെന്താ പറഞ്ഞേ ? അതുകൂടി നോട്ട് ചെയ്തോ, ഓവർ ഫ്ലോക്ക് എതിരെ അവർക്ക് പരാതി കൊടുക്കാം .” തീരുമാനങ്ങൾക്കിടയിൽ ലീല ശരിക്കും ഒതുങ്ങി കൂടി. തന്നെ കാത്ത് എന്ത് വിധിയാണ് കാത്തിരിക്കുന്നത് എന്ന് ചിന്തിച്ചപ്പോഴേക്കും, ചെയർമാന്‍റെ ശബ്ദമുയർന്നു. “ലീല ഇപ്പൊ പൊക്കോളൂ, നാളെ 10 മണിക്ക് എത്തണം. ലീല വീണ്ടും പുറത്ത് ചൂടിന്‍റെ കൈകളിൽ ഞെരിഞ്ഞമര്‍ന്നു.

അന്ന് രാത്രി ലീല വീട്ടിൽ നേരത്തെ കിടന്നു. ഭക്ഷണം നാളത്തേക്കുള്ള കൂടിക്കാഴ്ചയുടെ ആധിക്ക് വേണ്ടി വേണ്ട എന്ന് വെച്ചു. പാതി ഉറക്കത്തിൽ ലീല വീണ് പോയ തല കയ്യില്‍ പിടിച്ച് കൊണ്ട് നില്‍ക്കുന്ന പ്രതിമ മഹാനെ കണ്ട് ഞെട്ടി ഉണർന്നു. അടുത്ത് ഉറങ്ങാതെ കിടന്ന ലീലയുടെ പേരക്കുട്ടി അമ്മൂമ്മ ഞെട്ടുന്നത് കണ്ട് പേടിച്ചു ലീല കൊച്ചുമകളോട് ചോദിച്ചു “ഉറങ്ങിയില്ലേ ? ”“ഇല്ലാ” “എന്തെ ? ” “നാളെ സ്കൂളിൽ വലുതാകുമ്പോൾ ആരാണെന്ന് എഴുതി കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുണ്ട്, എനിക്ക് ഒന്നും കിട്ടുന്നില്ലാ.. അമ്മയ്ക്ക് ഞാൻ ഡോക്ടർ ആവണം,പക്ഷേ എനിക്ക് ടീച്ചർ ആവണം എന്നാ ആഗ്രഹം, അപ്പൊ പിള്ളേരൊക്കെ തല്ലാല്ലോ” ലീല മറുപടി പറയാനുള്ള അവസ്ഥയിൽ ആയിരുന്നില്ല. “അമ്മുമ്മയ്ക്ക് ഞാൻ ആരാവണം ?” “മഹാന്‍” കൊച്ചുമകൾക്ക് മനസ്സിലായില്ല. ലീല വീണ്ടും പതിയെ തൂങ്ങി ഉറങ്ങി. ലീല പിറ്റേ ദിവസം ചർച്ചയ്ക്ക് പോയി, വീണ്ടും ലീലയെ ഉൾപ്പെടുത്തി പല പല ചർച്ചകൾ നടന്നു. എങ്ങും എത്താത്ത അഭിപ്രായ വടംവലിയിൽ തീരുമാനങ്ങൾ മാറിമറിഞ്ഞു. വീണ്ടും മഹാന്‍റെ തല പണിയാനും അതിനുമുന്നിൽ ഗാർഡിനെ നടത്തുവാനും തീരുമാനം ഉണ്ടായി. ലീല വീണ്ടും വീണ്ടും പല കയറ്റങ്ങള്‍, അതിന്‍റെ മുന്നിലൂടെ കയറി. പതിവ് കാഴ്ചയിൽ മുഖം മാറ്റിക്കൊണ്ട് വീണ്ടും പ്രതിമ മഹാൻ ഉയർന്നു തന്നെ നിന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here