കവിത
വർഷ മുരളീധരൻ
ഇവിടം പ്രതിസന്ധിയിലാണ്.
ഇരുകാലുകളിൽ സമാന്തരമായി
സമരജാഥ മുന്നേറുന്നു.
ലാത്തിയാൽ തിണർത്ത പാടും വരൾച്ചയും
അവരെ തളർത്തുന്നതേയില്ല.
ഇനിയും ശ്വസിക്കും എന്ന മുദ്രാവാക്യം
ഉറക്കെ വിളിച്ച് അവർ നടക്കുകയാണ്.
മുട്ടിനു സമീപം സമരത്തിന്നാളു കൂടി.
വിലക്കയറ്റവും ജാതിക്കൊലയും മറ്റുമായിരുന്നു കാരണം.
ജലപീരങ്കികൾക്കും കണ്ണീർവാതകത്തിനും അവരെ തളർത്താനായില്ല.
അതവരെ കൂടുതൽ ശക്തരുമാക്കി.
മുകളിലേക്ക് പോകുന്തോറും സമരത്തിനേഴുനിറമായി.
കൂട്ടം രണ്ടായി പിളരാതെ ഏഴായൊത്തു.
ബ്ലാക്കും വൈറ്റുമല്ലാതെ പിന്നെയും നിറങ്ങളുണ്ടെന്ന് അവർ ആർത്തു.
അവിടുന്നങ്ങോട്ട് ചൂഷിതരായ ഒരു പറ്റം സ്ത്രീകളുടെ കൂട്ടമാണ്.
പെൺകുഞ്ഞുങ്ങൾ മുതൽ വടിയൂന്നിയ വൃദ്ധകൾ വരെ.
അതിന്റെ അങ്ങേയറ്റത്ത് അതിജീവിച്ച ചിലരും.
ചെറിയ രണ്ട് കുന്നുകൾക്കിടയിലൂടെ വീണ്ടും നടക്കുന്നു.
ദാരിദ്രത്താൽ വലഞ്ഞ വലിയൊരുപറ്റം ഉറുമ്പുകൾ.
ഇറച്ചി സൂക്ഷിച്ചതിന് ചത്ത ചോണനുറുമ്പ് വഴിയിൽ കിടക്കുന്നു.
ഇരുവശത്തുള്ള കാടുകളിൽ നിന്ന് മൃഗങ്ങൾ വിശന്ന് കാടിറങ്ങുകയാണ്.
നികുതിയടക്കാത്തതിന് തൂക്കിലേറ്റിയ മനുഷ്യരെ നോക്കി അവ നടന്നകലുന്നു.
മുകളിൽ വട്ടത്തിലുള്ള പൂഴി നിറഞ്ഞയിടത്ത് നിറയെ കുഴികളാണ്.
കാലു പുതയുന്ന, വീണുപോകുന്ന കുഴികൾ.
അകാലത്തിൽ കൊല്ലപ്പെട്ടവരുടെ കണ്ണും മൂക്കും ചുണ്ടുകളുമായി
അത് മാറികൊണ്ടേയിരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
ദി ഇന്ത്യ സ്റ്റോറി ❤️