ഭൂതകാലം

0
178

കവിത

സ്നേഹ മാണിക്കത്ത്

ജടപിടിച്ച യോഗിയെ
പോലെ മൈതാനത്തിൽ
പടർന്നു കിടന്ന ഇരുട്ട്.
ചിതറിയ നിഴലുകളായി
പ്രാവുകൾ കാഷ്ടിച്ച
അടയാളങ്ങൾ
ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും
അത്രയ്ക്ക് അഭംഗിയോടെയാണ്
സ്നേഹിച്ച മനുഷ്യർ
ഓർമ്മകളിൽ
പ്രത്യക്ഷപ്പെടുക
അവർക്ക് എത്ര
നാളുകൾക്കിപ്പുറവും
ചിറകു വിടർത്തി
നമ്മുടെ തലച്ചോറിൽ
കൂടുകെട്ടി രാപാർക്കാൻ
സാധിക്കും.
മറ്റേതൊക്കെയോ
മനുഷ്യർക്കൊപ്പം
അപരിചിത
ഭൂഖണ്ഡത്തിലെ
കടലിൽ അവർ
കാൽ നനയ്ക്കുമ്പോൾ
ഉടലിലെ ഒരു ഞരമ്പ്
മറ്റൊരാൾ മോഷ്ടിച്ചു
കൊണ്ട് പോയെന്നു തോന്നും
അവരുടെ ഭാവങ്ങൾ
ഏതോ നാടോടി കഥയിലെ
മന്ത്രവാദിയുടേതായി തോന്നും
ഉടലിലൂടെ ഒലിച്ചിറങ്ങുന്ന
ഷവറിലെ വെള്ളത്തിൽ
സോപ്പ് പതക്കൊപ്പം
കണ്ണീർ മാഞ്ഞില്ലാതാകും
മുറിവുകൾ തുന്നികൂട്ടിയ
ആത്മാവിലേക്ക്
ഇഴഞ്ഞു വരുന്ന
കടലാമകൾ ആയി
അവർ ഒളിയുദ്ധം ചെയ്യും
ഒരു വാക്കും സംസാരിക്കാതെ,
ഒരിക്കലും കാണാതെ
ഒരു വരിയും മൂളികേൾക്കാതെ
നിങ്ങളവരുടെ സാന്നിധ്യം
ഓരോ നക്ഷത്രത്തിലും
പ്രതിഫലനമായി
തിരിച്ചറിയും..
ഏതൊക്കെയോ
മനുഷ്യരുടേതായിട്ടും
നിങ്ങൾ പോലും അറിയാതെ
അവർ നിങ്ങളുടെ
കിടക്കയിൽ കിടന്നു
പാതിയുറക്കത്തിലെക്ക്
ചാഞ്ഞു വീഴും..
മൈതാനവും
പ്രാവുകളും ഇരുട്ടും
നിഴലും ഭൂതകാലത്തേക്ക്
ഉള്ള തീവണ്ടിയാകും


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here