രണ്ടുപൈങ്കിളിക്കവിതകൾ

0
393

കവിത

സുരേഷ് നാരായണൻ

ഉത്തരാധുനികതയുടെ
ഉടുപ്പുകൾ എല്ലാമൂർന്നുപോയ ഒരു നിമിഷത്തിൽ എഴുതിയ കവിതകൾ !
ബിംബാധിക്യങ്ങളിൽ നിന്നുള്ള
ഒരു താൽക്കാലിക വിടുതൽ!

പൈങ്കിളിക്കവിത 1

1
നിനക്ക്?
എന്റെ വിരൽ കുടിച്ചുറങ്ങണം.

എനിക്ക് ?
നിന്റെ മുടിയിഴകളിലൂടെ
മേഞ്ഞു നടക്കണം.

2
നിനക്ക് ?
എന്റെ മണമുള്ള സോപ്പാൽ കുളിക്കണം.

എനിക്ക് ?
നിന്റെ ഗോതമ്പുപാടങ്ങളിലെ
കിണറാകണം.

3
നിനക്ക് ?

എന്റെ നെഞ്ചിലേക്ക്
പ്രാവായ് പറന്നിറങ്ങണം.

എനിക്ക് ?
നിന്റെ ചിലങ്കകൾക്കുള്ളിലെ
നൃത്തത്തെ തൊട്ടുണർത്തണം.

4
നിനക്ക് ?
എന്റെ ചില്ലകളെ കൊത്തിക്കൊത്തി കൂടുറപ്പ് തേടണം.

എനിക്ക് ?
നിന്റെ ദാഹങ്ങൾക്ക് മുകളിലൂടെ പറക്കുമ്പോൾ നിലതെറ്റുന്ന
മേഘമാവണം.

5
നിനക്ക്?
എന്റെ ചുണ്ടുകളിലൊളിപ്പിച്ചുവെച്ച സീൽക്കാരങ്ങളെ പുറത്തെടുക്കണം.

എനിക്ക്?
നിന്റെ കാടുകൾ പൂക്കുന്ന നേരത്തെ ഏകാന്ത സഞ്ചാരിയാവണം.

പൈങ്കിളിക്കവിത 2 (ഒന്നും
ഒന്നും ഒന്നും !)

‘ഒഴുകി വരുന്നുണ്ടു ഞാൻ.
പിടിച്ചു നിർത്തിക്കോളൂ;
എന്നിട്ടു മടിയിൽകിടന്നോളൂ’ എന്നു വീട്.

‘തുഴഞ്ഞുകൊണ്ടിരിക്കേ,
നീയെന്റെ നെറ്റിയിൽ തലോടുവതെങ്ങനെ’ എന്നു ഞാൻ.

‘നീയടുത്തിരിക്കുമ്പോൾ
എനിക്കു രണ്ടു കൈകൾ മതിയാവുകയില്ല’ എന്നു വീട്.

‘കൈകൾ മാത്രമോ’ എന്നു ഞാൻ.

‘അല്ലേയല്ല!
എനിക്കൊന്നും മതിയാവുകയില്ല.
കണ്ണുകളും
കാതുകളും
ചുണ്ടുകളും
വിരലുകളും
ഒന്നും
ഒന്നും
ഒന്നും!’
—-

LEAVE A REPLY

Please enter your comment!
Please enter your name here