HomeTHE ARTERIASEQUEL 56മരത്തില്‍ നിന്ന് അതിന്റെ നിഴല്‍ താഴേക്ക് വീഴുമ്പോള്‍ (ലതീഷ് മോഹൻറെ കവിതകളുടെ വായന)

മരത്തില്‍ നിന്ന് അതിന്റെ നിഴല്‍ താഴേക്ക് വീഴുമ്പോള്‍ (ലതീഷ് മോഹൻറെ കവിതകളുടെ വായന)

Published on

spot_imgspot_img

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ

ഡോ. രോഷ്‌നി സ്വപ്ന

I remember
those are pearls
that were his eyes.
Are you alive or not?
Is there nothing in your head?

T.s. Eliot.

സ്വന്തം കവിതകൊണ്ട് പ്രസക്തമാക്കുക എന്നാൽ ജീവിതവും ഭാഷയും കവിതയും എന്ന ചങ്ങലയെ
കോർത്തെടുക്കുക എന്നുകൂടി ആണ് എന്ന് ജയന്ത മഹാപത്ര ഒരിക്കൽ എഴുതി.

“നിൻറെ
ശരീരമാകുന്ന
തിരമാലകളിൽ
ആരോ
ഒരു വഞ്ചി
ഒരു സ്പർശം
ഒഴുക്കിവിടുന്നു
അത് ഇവിടെ
കവിത എന്ന് വിളിക്കപ്പെടുന്നു

ഭാഷയുടെ ശ്വാസം ഞരങ്ങുന്ന ഒച്ചകളാണ് ലതീഷ് മോഹന്റെ കവിതകൾ. ഓടിയോടി തളരുന്ന ഒരാൾ തന്നിൽ തന്നെ ചാരി ഇരിക്കുകയും തണുത്ത ഒരു വാക്കിനുവേണ്ടി തന്നിൽ തന്നെ തിരയുകയും ചെയ്യുക എന്നതാണ് ലതീഷ് മോഹന്റെ കവിതകളുടെ രീതി.

സ്വന്തമായ ചില ഭാഷാ പദ്ധതികളെ കാവ്യരീതി കവിതയിലൂടെ നിർമ്മിച്ചെടുക്കുകയാണ് ലതീഷ് മോഹൻ. മലയാളകവിതയിൽ അപരിചിതമായ ഒട്ടേറെ ഭാഷാ സ്ഥല ഭൂപടങ്ങൾ ആണ് ലതീഷ് മോഹൻ കവിതയിൽ തീർക്കുന്നത്.

എല്ലാ ദിവസവും രാവിലെ ആനയെ കാണാൻ പോകുമായിരുന്ന കുട്ടി വളരെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വീണുകിട്ടിയ ആനവാലുമായി തിരിച്ചു പോകുന്നുണ്ട് ലതീഷിന്റെ കവിതയിൽ. ഈ പരിണാമം തന്നെയാണ് മലയാള കവിതയില്‍ ലതീഷിന്‍റെ കവിതയ്ക്കും വരുത്താൻ ഉള്ളത്. കാണുമ്പോൾ ഇരട്ടിയാകുന്ന ഭാഷയുടെ ദു:സ്വാദ് ലതീഷിന്റെ കവിതയുടെ ആസ്വാദ്യത വർധിപ്പിക്കുന്നു.

‘’ഞാവൽമരം ഞാൻ
നീല രാത്രികൾ നീ
കടിച്ചു കറുപ്പിച്ച
വയലറ്റ് ചുണ്ടുകൾ
നമ്മുടെ വിത്തുകൾ’’

എന്ന് കവിത പടരുന്നു.

മരങ്ങളെ കൂടാതെ എങ്ങനെ കവിത എഴുതാം എന്ന ബ്രെഹ്തിന്റെ ചിന്ത പോലെയോ , പ്രകാശവലയത്തിൽ തൂങ്ങി മരിക്കണമെന്ന ഹെർമൻ മെൽവില്ലിന്റെ  ആഗ്രഹം പോലെയോ അടർന്നുവീഴുന്ന നക്ഷത്രത്തെ പിടിച്ചെടുക്കണമെന്ന ജോൺ ഡോണിന്റെ അഭിലാഷം പോലെയോ ലതീഷ് മോഹൻ ഭാഷയെ കവിതയിൽ കൊരുത്തിടുന്നു. ആനവാൽ മോതിരം എന്നതിന് പകരം അരണവാൽ മോതിരം എന്നെഴുതുന്നു അയാൾ.

കാണാം, ചെറുതായി, അകലെ നിന്നാൽ എന്ന് രണ്ട് അർത്ഥത്തിൽ പറഞ്ഞുവയ്ക്കുന്നു. അതിനിടയിൽ ഏകാന്തതയുടെ തുരുത്തിൽ കവിതയിൽ ഒറ്റക്കാവുന്നു.

ഇടയിൽ
ഒറ്റയ്ക്കൊരു മരം
മരത്തിൽ
അസംഖ്യം കിളികൾ
കിളികൾക്കിടയിൽ രാത്രി ഉറക്കത്തിൽ
സ്വപ്നങ്ങൾ
ഒരേ ഉറക്കം
ഒരേ ഉണർച്ച
ഒരേ രോഗങ്ങൾ
ആരും
മറുപടി പറയാൻ
ഇല്ലാത്ത
അലർച്ചകൾ

എന്നിങ്ങനെ ഏകാന്തതയുടെ പാളങ്ങൾ പരസ്പരം പിണയുന്നു, വാക്കുകൾ കൂട്ടിമുട്ടുന്നു. അവിടെ ലതീഷ് മോഹന് മാത്രമായി പറയാനുള്ളത് എല്ലാം കവിതയായി വായിച്ചെടുക്കുന്നു.

നമ്മൾ അറുനൂർ പേർ
നമ്മുടെ ദൈവം ലിംഗം
നമ്മുടെ തെരുവ്
കണക്കില്ലാത്ത
ആളുകൾ
ആമയുടെ തെരുവിലും
നമ്മൾ അറുനൂറു പേർ
അറുപതാം വയസ്സിൽ
നമ്മളിൽ നിന്ന്
ഇല്ലാതാവുന്നു
നമ്മുടെ ദൈവം
600 ആം വയസ്സിൽ
ആമയിൽ നിന്നും
പോകുന്നു.
നമ്മുടെ ദൈവം
ഒരിക്കലും പോകാതെ
നമ്മളിൽ അപ്പോഴും
ആമയുടെ
ദൈവം

ആമയുടെ സഞ്ചാര ഗതിയെ ജീവിതവുമായി ചേർത്തുവായിക്കുമ്പോൾ ലതീഷ് മോഹനിൽ ഇരുട്ടത്ത് നല്ല തെളി വെളിച്ചം തെളിയുന്നു. ഒരിടത്ത് അനങ്ങാതെ നിൽക്കുന്ന കവിതയെ ഭാഷയുടെ വണ്ടിയിൽ കെട്ടി വലിക്കുന്നു.

” പൂച്ച ഒരു ഉപകരണമല്ല”” എന്ന് വിളിച്ചുപറയുന്നു.
രാജാവ് നഗ്നനാണ് എന്ന അതേ സ്ഥൈര്യത്തോടെ.!

നാക്കിന്റെ
തുഞ്ചത്ത്
നീ കിടക്കുന്നു
നാക്കു മടക്കുമ്പോൾ
മൂളുന്നു.

എന്നാണ് ആ ഭാഷയുടെ വ്യാവഹാരിക നിയമം. രാത്രി പൊട്ടുകയും മരിച്ചവരുടെ സ്വപ്നങ്ങളിൽ ചുവന്ന തൂവലുകൾ തൂക്കുകയും ചെയ്യുന്നു..

നീറുകൾ പണിത
കൊട്ടാരത്തിനുള്ളിലൂടെ
വീശി വരുമ്പോൾ
ഉപ്പനെ പോലെ നീണ്ട കോഴികൾ ‘ക്ഷ ‘വലിക്കുന്ന കുതിരകൾ കിടക്കുന്നത് കാണുന്നു.

എത്ര കാലം കഴിഞ്ഞാണെങ്കിലും എവിടെ നിന്നാണെങ്കിലും ഉണർന്നു വരുമ്പോൾ സമൃദ്ധമായ കുറ്റബോധങ്ങളെ തനിക്കായി കാത്തു നിൽക്കുന്നവരെ ഒന്നുകൂടി നോക്കി ചിരിക്കാൻ കവി ശ്രമിക്കുന്നുണ്ട്.

നീല,നീല, നീല,
നീലയാകും നീ
ഇന്ന് തീരും നിൻറെ ജീവിതം

എന്ന് കണ്ണടച്ചിരിക്കുന്നതിൽ കാര്യമില്ല എന്നറിയാം.
എങ്കിലും തൻറെ ദൈവത്തെ ആമയിലും അരണയിലും കോഴിയിലും കുതിരകളിലും അയാൾ തിരയുന്നത് എന്തിന്?

ഓർത്തെടുക്കൽ അയാളുടെ പ്രവൃത്തിയിൽ ഒരു ഘടകം മാത്രമാണ്. ഓർത്തെടുക്കുക എന്നാൽ ഭാഷയിലെ മാളത്തിലേക്ക് വലതു കൈപ്പത്തി വീണ്ടും തിരികെ കേറ്റുക എന്നാണ് അർത്ഥമെന്ന് കവി പറയുന്നു.

“മറ്റെല്ലാ
അപരിചിതർക്കും അതിനുമുമ്പ് തന്നെയും ഇഷ്ടമായിരുന്നു
എന്ന രണ്ടുവരി തെളിവുകളുടെ അടിസ്ഥാനമില്ലാതെ
എഴുതാൻ
കഴിയുന്നത്
കവിതയിൽ മാത്രമാണെന്നും കണ്ട കള്ളനും കൊലപാതകിക്കും
എന്ന ന്യായത്തിൽ നിന്നയാൾ തന്നെ ദൈവം തന്ന ഭാഷയിൽ നിന്ന് ഒരാളെ തിരഞ്ഞുപോകുന്നു

“അവനെ
പ്രതീക്ഷിച്ച്
നമ്മൾ ഭാഷയിൽനിന്ന് പുറത്തുകടക്കുന്നു
ഇപ്പോൾ ആരും ഇല്ലാത്ത ഈ വിശാലമായ പാടത്ത് സൂര്യനെപ്പോലെ ഒറ്റയ്ക്ക് കാത്തുനിൽക്കുന്നു”

അർത്ഥത്തെ തിരഞ്ഞെടുക്കുന്ന രീതി ചില കവിതകളിലുണ്ട്.
കാറ്റിലുലഞ്ഞു നിൽക്കുന്ന  കൊറ്റികളും
ഒച്ചകളും അസാധുവാകാൻ ഇടയുള്ള
ഒരു ആലോചനയും.

അസാധ്യതയുടെ ബൈബിൾ എല്ലാത്തിനെയും ഉൾക്കൊള്ളുo. ഏത് വേണം ഏത് വേണ്ട എന്ന തർക്കത്തെ പോലും (സാധ്യതയുടെ ബൈബിൾ) എന്നെഴുതുമ്പോൾ പുതിയ ഭാഷയുടെ പുതിയതരം പറച്ചിലുകളുടെ പുതിയ ലോകങ്ങൾ വെളിപ്പെടുകയാണ്.

“കാറ്റിനെ തിരക്കി നടക്കുകയാണ്
കാറ്റ് ഇവിടെ എത്തിയോ
എന്ന് ചോദിച്ച്
കാറ്റ് എത്താനിടയുള്ള  ഇടങ്ങളിൽ നിന്നിടങ്ങളിലേക്ക് കാറ്റിനെ തിരക്കി കാറ്റാടികൾ നമ്മൾ പറഞ്ഞു

(കുതന്ത്രങ്ങളിൽ കാറ്റ്/കാറ്റാടികൾ )

നമ്മൾ പറഞ്ഞു
വരുത്തിയ
ഈ രാത്രിയിൽ
നമ്മൾ
എന്ന പ്രയോഗത്തിൽ
നീയും ഞാനും
തനിച്ച്
നമുക്കുചുറ്റും
ചെത്തിത്തേക്കാത്ത ഇഷ്ടികകൾ
പൂവില്ലാത്ത പൂന്തോട്ടം
നീന്താനറിയാത്തവരുടെ
കുളങ്ങൾ

(നമ്മൾ പറഞ്ഞു വന്ന രാത്രികൾ.)

എന്നെല്ലാം എഴുതുമ്പോൾ ചില വ്യതിരിക്തതകൾ ലതീഷിൽ കാണുന്നു. വാക്കിന്റെ ഭാഷയുടെ പറച്ചിലിന്റെ ശില്പ രൂപത്തിലേക്ക് പകർന്ന് ഈ പരിണാമങ്ങൾക്ക് അപൂർവ്വത കൈവരുന്നു.

അങ്ങനെയാണ് മനുഷ്യരിൽ നിന്ന് ആരെയും എടുക്കാൻ അവധൂതൻ തയ്യാറാവുന്നില്ലെന്നും,
വളരെ പഴക്കം തോന്നിക്കുന്ന മനുഷ്യരുമായി കുന്നിറങ്ങുന്ന ചെമ്മരിയാടുകളുടെ വേഗമില്ലായ്മയിൽ ഉറങ്ങിക്കിടക്കുന്ന നിനക്ക് ബുദ്ധനെയെങ്കിലും എടുക്കാവുന്നതാണ് എന്നും തീർപ്പിൽ എത്താൻ കവിക്ക് കഴിയുന്നത്. തണുത്തുവിറച്ച പച്ചിലകളിലൂടെ ഒച്ചുകൾ അനന്തതയിലേക്ക് വലിഞ്ഞുണ്ടായ വഴികളിൽ നിന്നും ഒന്നും എടുക്കുന്നില്ല കവി.
(പ്രചാര മാതൃകകളിൽ രഹസ്യാന്വേഷകർ )

എന്ത് കൊണ്ടു വീടുകളെക്കാൾ വലിപ്പമുള്ള കുളിമുറികൾ എന്ന ആശയത്തോളം തന്നെ എണ്ണത്തിൽ കുറഞ്ഞു കാണപ്പെടുന്നു എന്ന് തർക്കിക്കുന്നു. അപൂർവ്വമാണ് ഈ കാവ്യ കർത്തൃത്വങ്ങൾ.

ജലാശയ ഭൂതകാലത്തിൽ ആസക്തൻ
എന്തോ വീശുന്നു കാറ്റ്
ജനനേന്ദ്രിയത്തിൽ
പറ്റിപ്പിടിച്ച
തുപ്പലുമായി
മരിച്ചവനെ കാണാനുള്ള
പോക്ക്.
വഴിയരികിൽ  നിന്ന്
പരസ്പരം ഉമ്മകളെ
പറത്തൽ

എന്തോ എഴുതി അയച്ചതിന്റെ ശബ്ദത്തിൽ കുരുങ്ങിനിൽക്കുന്ന വൃദ്ധൻ,
തലയണക്കവറിൽ പൂമ്പാറ്റയുടെ ജഡം എന്നൊക്കെ
എഴുതുമ്പോൾ
കാഴ്ചയിലും നിരീക്ഷണത്തിലും പ്രകടിപ്പിക്കുന്ന ദാർശനികതയുടെ ഗൗരവത്തിന് ആഴമേറുന്നു. തന്നിൽ തന്നെ കുഴിച്ചെടുക്കുന്ന എഴുത്തുരീതി തുടരുമ്പോഴും ലതീഷ് മോഹൻറെ കവിതയിൽ അദൃശ്യമായ ചില രാഷ്ട്രീയ പാഠങ്ങൾ കൂടി തെളിയുന്നുണ്ട്

ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി താങ്കൾ എന്നെ തേടി വരിക

എന്നാണ് അപരിചിതനോട് കവിക്ക് പറയാനുള്ളത്.

”തോക്കോ
കവണയോ
പോക്കറ്റിൽ തിരുകാഞ്ഞതിനാൽ
പരാക്രമിയിപ്പോൾ
കഠിനമായി ഖേദിക്കുന്നു
( അറിയുവാനുള്ള ആഗ്രഹം: കവിത നാടകം)

അനുതാപo
എന്ന വാക്ക്
എന്നെ വന്നു
തൊട്ടു
എനിക്കും വിശക്കുന്നു
( ആൻറണി)

വലംകയ്യിൽ ഒരു മുദ്രാവാക്യവും
ഇടംകയ്യിൽ
ഊരിപ്പിടിച്ച
നീളൻ പിച്ചാത്തിയും അയാളിലൂടെ മുന്നോട്ടു നടക്കുന്നു

(അടി അപൂർണം )

ഇത്തരം പ്രതിനിധാനങ്ങൾ പല കവിതകളിലും ഉണ്ട്. യാദൃശ്ചികമല്ല ഇത്. കവിതയുടെ ശരീരത്തിൽ സ്വാഭാവികമായി കലർന്നു കിടക്കുന്നതാണ്.

കവിതയുടെ ഉടലിൽ മനുഷ്യരുടെ ചരിത്രം കൂടി കലർന്നു കിടക്കുന്നുണ്ട്.

ഇതിന് മുമ്പ് ജീവിച്ചിരുന്നവരെക്കുറിച്ച് ഇപ്പോൾ ഇവിടെ ജീവിക്കുന്നവർ ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ ഓർക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള കുഴപ്പം ഉണ്ടായിട്ടില്ല എന്നും,അതിൽ സമയം ഒരു പ്രധാന പ്രതിസന്ധി ആയിരുന്നു എന്നും കവി പറയുന്നുണ്ട്. പ്രതിസന്ധി എന്ന നിലയിൽ കവിതയിലെ സമയം കവിതയുമായി തന്നെ ഇടയുന്നു. സമയം തന്നെയാണ് “വട്ടത്തിൽ കറങ്ങി തലകിറുങ്ങി “എന്ന കവിതാപരമ്പരയിലെ പ്രധാന പ്രശ്നം.
ജീവിത വാഹിനിയാണ് സമയം എന്ന ചിന്തയിൽ നിന്ന് കീർക്കെഗാർ കണ്ടെത്തിയ ചില അടരുകളിൽ
“”നമുക്ക് സമയം ഉണ്ട് എന്നതാണ് മനുഷ്യൻറെ ഏറ്റവും വലിയ സാധ്യത എന്നും അത് എങ്ങനെ ചെലവഴിക്കുന്നു എന്നതും.’’
എന്ന ചിന്തക്ക് ഏറെ പ്രസക്തി ഉണ്ട്. ഇത് പോലെ
ലതീഷിലുമുണ്ട് ചില സമയ സാധ്യതകൾ.

“”സമയത്തിലൂടെ
തെന്നിത്തെന്നി
പോകുന്നത്
വൻ ഏർപ്പാടാണ്
ഒരിടത്തുനിന്നും
മറ്റൊരിടത്തേക്ക്
അങ്ങോട്ടുമിങ്ങോട്ടും
ഓടിക്കൊണ്ടിരിക്കുകയാണ്
ഇപ്പോൾ
എന്ന് കരുതുക
പരിസരങ്ങളിലുമുള്ള
കനം
കണ്ടു കണ്ടു
നഷ്ടപ്പെട്ടതിനാൽ
രണ്ടു പോസ്റ്റുകൾക്കിടക്ക്
ഒരു പന്തുപോലെ
അങ്ങോട്ടുമിങ്ങോട്ടും
അത്ര ലളിതമായല്ലെങ്കിലും…..

എന്നിങ്ങനെ പോകുന്നു ആ സമയ രേഖകളുടെ അടയാളങ്ങൾ!

പേരുകളിൽ നിന്ന്
ഇരട്ടപ്പേരുകളിലേക്കും പൂക്കളിൽ നിന്നു പൂവുകളിലേക്കും
എത്ര എളുപ്പം ഈ വണ്ടി”!

എന്ന് വേഗത്തെ സമയ സങ്കൽപവുമായി കാവ്യാത്മകമായി ചേർത്തുവയ്ക്കുന്നു കവി.

ആധുനികതയുടെ ഭൂമികയിൽ നിരാകരിക്കപ്പെട്ട സാമ്പ്രദായികതകളെ  സ്വതന്ത്രമാക്കി വിടുകയും, സ്വന്തം ഭാഷയെ അതില്‍ നിന്നു പുറത്ത് ചാടിക്കുകയും ചെയ്യുകയുമാണ് ലതീഷ് മോഹന്‍.
കരയുന്നതിനു പകരം
കൂട്ടിക്കെട്ടിയ പെരുവിരല്‍
തുടിക്കുന്നുണ്ടോ
എന്ന്
നോക്കുന്നുണ്ട് അയാള്‍
വഴിയരികില്‍ ഒരു ചെറിയ പാലത്തിന്റെ കൈവരിയില്‍ ആരോടെന്നില്ലാതെ പരിഭവിച്ച് പെരുമഴയത്ത് പതഞ്ഞൊഴുകുന്ന വെള്ളത്തിലേക്ക് നോക്കി തന്നോട് തന്നെ ചാടണോ വേണ്ടയോ എന്ന് ചോദിച്ചിരിക്കുമ്പോള്‍ വെള്ളത്തിനു മീതെ ഒരില മേല്‍ കൂസലില്ലാതെ പോകുന്ന ചെറിയ ഉറുമ്പുകള്‍ ആണ് അയാളുടെ കാവ്യപ്രശ്നം.

‘’എന്റെ രാഷ്ട്രീയം ഭൗമികമാണ്
ഭൂമിയിലെ അവസാന പുഴുവിന് വേണ്ടിയും അത് നിലനില്‍ക്കുമെന്ന ഓട്ടോ റെനെ കസ്റ്ലെയുടെ ചിന്തകളോട് ലതീഷിന്റെ ഈ വരികള്‍ ചേര്‍ത്ത് വായിക്കാം.

ഭാഷയെ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു മുള പോലെയാണ് ലതീഷ് മോഹന്‍ സൂക്ഷിക്കുന്നത്. ഓരോ വരിയും ആയാസപ്പെട്ട്‌ യാത്ര ചെയ്തു കുഴച്ചെടുക്കുകയാണ്. അതിന്റെ ആഴങ്ങളില്‍ അയാള്‍ ഈ മുള സൂക്ഷിക്കുന്നു .പറയുമ്പോള്‍ ,കാണുമ്പോള്‍ ,എഴുതുമ്പോള്‍,
പ്രയോഗിക്കുമ്പോൾ, അടര്‍ത്തി മാറ്റുമ്പോള്‍..സൂക്ഷ്മമായ കയ്യൊതുക്കം അയാള്‍ സൂക്ഷിക്കുന്നു. കവിയായും മനുഷ്യനായും ഒരാള്‍ ആര്‍ജ്ജിച്ച കൈമുതലാണ് അത്. അതിനാലാണ്

ഉത്തരം
വില്‍ക്കുന്നവരുടെയും
ചോദ്യം
വാങ്ങുന്നവരുടെയും
ചന്തയില്‍
എന്റെ
ചിലന്തികള്‍ …
വന്നു വാങ്ങുക
വീട്ടിലേക്ക്
കൂട്ടുക
അശരീരികളെ അവഗണിച്ചാല്‍
പാട്ട് കേട്ട് മരിക്കാം ‘’

എന്ന് ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും തീര്‍ച്ചയായും നിലനില്‍പ്പിനെക്കുറിച്ചും ഇത്ര അനായാസമായി പറയാന്‍ അയാള്‍ക്കാവുന്നത്
അപരിചിതമായ ഊടുവഴികളിലേക്ക് കവിതയുമായി അയാള്‍ ഓടിക്കയറുന്നത് കൊണ്ടാണ്. ഒരാളില്‍ പലരുണ്ട് എന്ന തിരിച്ചറിവാണ് മനുഷ്യരെ അളക്കാന്‍ അയാളുടെ കയ്യിലുള്ള താക്കോല്‍. ജീവിതത്തിന്റെ ഒരരുകില്‍ നിന്ന് മറ്റേ അരികിലേക്ക് പോകുമ്പോഴും

എല്ലാവരും
എല്ലാവരുടെയും
പിന്നാലെ പായുമ്പോള്‍
യഥാര്‍ത്ഥ നമ്മള്‍ വീണ്ടും വരും
അത് വരെ നീ തിരിച്ചു പൊയ്‌ക്കൊണ്ടേ ഇരിക്കുക

എന്നും പറയുമ്പോഴും ,

വേട്ട മൃഗങ്ങളോടുമ്പോള്‍ ,
ചിറകുകള്‍ ഇളകുന്നതും
ഉരസിപ്പറന്നു പോകുന്നതും

കവി അറിയുന്നുണ്ട് .

ഇതിനിടയിലും തോന്നലുകളിലും കാഴ്ചകളിലും
വശ്വസിക്കുന്ന ഒരു മനുഷ്യനായി
കവി നിലനില്‍ക്കുന്നുണ്ട്. ഉള്ളിലേക്ക് തുറക്കുന്ന വാതിലാണ് അയാള്‍ക്ക് കവിത ചിലപ്പോള്‍. നിന്ന നില്‍പ്പില്‍ മഷി പോലെ പടരുന്നതാണയാളുടെ ജീവിതം : കവിതയും അത് കൊണ്ടാണ് ഉള്ളില്‍ തുടിക്കുന്ന പാമ്പിലേക്ക് തിരിച്ചു പോകാന്‍ അയാള്‍ വിളിച്ചു പറയുന്നത്. നഷ്ടങ്ങളെ അയാള്‍ ഇങ്ങനെ കാണുന്നു.

വളരെക്കാലം അകലെയേതോ കൊമ്പില്‍
ഏതു വേഷത്തില്‍
ഏതു ലിംഗത്തില്‍
നീയിപ്പോള്‍

എന്ന വേവലാതി അയാള്‍ക്കുണ്ട് .
അങ്ങനെ വേവലാതിപ്പെടുന്ന വളരെ ചെറിയ പക്ഷിയുടെ ജീവിതവും കവിയില്‍ ഉണ്ട്. അയാള്‍ക്ക് ഒരേയൊരു അഭയം കവിതയാണ്. ജീവിതമാണ്. ഈ സംഘർഷത്തെ മറികടക്കാനാണയാൾ കവിത എഴുതുന്നത്.
ഉന്മാദത്തിന്റെയും അനുഭവ തീക്ഷണതയുടെയും തീവ്രതകൾ കൊണ്ട് അതിൻറെ കനം കവിതയിൽ കനക്കുന്നുമുണ്ട്.

മരിക്കുന്നതിനു മുമ്പ് മറന്നു വച്ച മതിഭ്രമത്തെ മറക്കാതിരിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. എലിയറ്റിലാണ് ഇത്ര മേല്‍ ശ്ലഥതവും വിസ്തൃതവുമായ ബിംബങ്ങള്‍ കാണാന്‍ ആകുക.

“And I will show you something different from either
Your shadow at morning striding behind you
Or your shadow at evening rising to meet you
I will show you fear in a handful of dust”

വേസ്റ്റ് ലാന്‍ഡില്‍ എഴുതുമ്പോള്‍ എലിയറ്റ് നു മുന്നില്‍ ചിതറിയ ലോകസ്വത്വമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ലതീഷ് മോഹന്റെ മുന്നില്‍ ഉള്ളില്‍ നിന്ന് ചിതറി ഉള്ളിനെ എരിച്ചു കളയുന്ന തീയുണ്ട്

ആസക്തൻ, ജലാശയ ഭൂതകാലത്തിൽ’’എന്നാ കവിത ഉദാഹരണം .

‘’ആരിലും ആകമാനം
ഉണ്ടായിരിക്കാൻ ഇടയുള്ള
ആസക്തികളെക്കുറിച്ച്,
ആരിലൂടെയും
ആകമാനം നിറയാനുള്ള
ആസക്തികളുടെ
അശക്തതയെക്കുറിച്ചാലോചിച്ച്
നടുവിന് കൈകൊടുത്ത്
ബീഡിവലിച്ച് നിൽക്കുകയായിരുന്നു
വഴിയരികിൽ മറ്റൊരാൾ

തുണിമറന്നുറങ്ങിപ്പോയ
ഏതോ മഴക്കാലരാത്രിയിൽ
ചിത്രങ്ങൾ, പഴയൊരു
സുസ്വപ്നത്തിന്റെ
നാനാർത്ഥങ്ങളിൽ
വഴിപിഴച്ചുപോയ അയാൾ
ഓർത്തുകൊണ്ടേയിരുന്നു
വീടിറങ്ങിപ്പോന്നതാണ്
താനെന്നും ആകാശത്തിന്
താഴെ വീടുകൾക്കു പുറത്ത്
നഗ്നനായൊരാൾ
ബീഡിവലിച്ചു നിൽക്കുന്നതിന്റെ
തെരുവ് ഒരാഴ്ചപ്പതിപ്പാണെങ്കിൽ
അതിലച്ചടിക്കാറില്ലെന്നും
ഭൂമിയിലേക്ക്
തൂങ്ങിക്കിടക്കുന്ന ലിംഗത്തിന്റെ
ഭയാനകമായ കാഴ്ച ഇതാ
ഈ തെരുവിനെ ചിതറിക്കുന്നു

കട്ടിമീശവച്ച ആണുങ്ങൾ
കുട്ടിക്കണ്ണടവെച്ച പെണ്ണുങ്ങൾ
കൗതുകം കച്ചവടമാക്കിയ
ആൺപെൺകുട്ടികൾ
പലതരം മുദ്രാവാക്യങ്ങൾ,
ചിതറിയോടുന്നു

തൊണ്ടും കയറും
കൊണ്ടുപോകുന്ന വള്ളങ്ങളും
ആളുകളെ കൊണ്ടുപോകുന്ന
ബോട്ടുകളും അങ്ങോട്ടുമിങ്ങോട്ടും
പോകുമ്പോൾ
വെള്ളത്തിൽ പൊങ്ങിക്കിടന്ന്
കൈവീശിയ
ജലാശയഭൂതകാലത്തെയോർക്കുന്നു
ആസക്തൻ, അപ്പോൾ

…………………….

അടുത്തെത്തി നോക്കുമ്പോൾ
നൃത്തം ചെയ്യുന്ന നിരവധിപ്പേർക്കിടയിൽ
ഒരാൾ ഓടുന്നു.
ചിതറിച്ചിതറിയോടുന്നു.

ഈ ഓട്ടത്തിന്റെ കാരണം ലതീഷിന്റെ കവിതയിലെ മനുഷ്യര്‍ നേരിട്ട് പറയുന്നു. മരിച്ചു പോയ ഒരാളായും സുഹൃത്തായും സ്വന്തം പ്രേതമായും അവളായും അവളുടെ ഓര്‍മ്മയായും ഏകാന്തതയായും ചലനമായും നിശ്ചലതയായും അത് കവിതയിൽ പടര്‍ന്നു വളരുന്നു. പെട്ടെന്ന് ചില വാക്കുകള്‍ തീര്‍ക്കുന്ന അപരിചിത അര്‍ത്ഥങ്ങളെ കവി പ്രതീക്ഷിക്കുന്നുണ്ട് ,
ക്ഷ വലിക്കുന്ന കുതിരകളില്‍ അവ പ്രകടമാണ്. ഭാഷയുടെ ഈ അപനിര്‍മ്മാണം അര്‍ത്ഥങ്ങളില്‍ നിന്ന് അംഗ ചലനങ്ങളിലേക്ക് എത്ര വേഗം സഞ്ചരിക്കുന്നു എന്ന് കവി തന്നെ അത്ഭുതപ്പെടുന്നു.

ഒച്ചയെക്കുറിച്ചാണ് ശങ്ക എന്നും
ഒളിച്ചിരുന്നാണ് കവിതയെഴുത്ത് എന്നും കവി പറയുന്നു .ഊപം തന്നെ മനുഷ്യരാശിയോട് മുഴുവന്‍ കവി ഇങ്ങനെ ചോദിക്കുന്നു

‘’ ഇത്ര തിരക്കിട്ട്
ഏത് യുദ്ധകാലത്തിലേക്കാണ്
എന്ന ചോദ്യം
എത്ര കാലമായി ചോദിക്കുന്നു ?
തെറ്റെന്തെങ്കിലും ചെയ്തുകൂടെ
എന്ന് ചോദിക്കുന്നു
ഉള്ളിലെ പക്ഷി ചിറകു ചിക്കുന്നു

സ്വാഭാവിക ജീവല്‍ പ്രകൃതിയില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവയെല്ലാമുണ്ട് ലതീഷിന്റെ കവിതയില്‍. മനുഷ്യന്റെ ആധിയും വ്യഥയും അരാഷ്ട്രീയതയും ഹംസയും പ്രണയവും പാപവും കലര്‍ന്ന സത്യത്തില്‍ നിന്നാണ് ഈ കവിതകളുടെ നിലനില്‍പ്പ്‌ എന്നത് ഈ കവിതകളുടെ രാഷ്ട്രീയ വായനയില്‍ തെളിയുന്ന ഉണ്മയാണ്.

ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് തല കുടയുമ്പോള്‍ .
‘’ ഇല്ല ഉണരാതിരിക്കില്ല ‘’ എന്ന പ്രതീക്ഷ മുഴുവന്‍ ലോകത്തിന്റെയും പ്രതീക്ഷയാകുന്നത് അത് കൊണ്ടാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...