കവിത
സൗമ്യ. സി
അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത്
എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം
അവരിൽ ചിലർ അന്ധാളിക്കുകയും
പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു.
അവരുടെ വരിയൊത്ത യാത്രക്കു
ഇളക്കം സംഭവിച്ചിരിക്കുന്നു.
അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ
അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം
അവസാനത്തെ പുഴുവും
ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു.
ഇപ്പോൾ ഞാനും അവരും തമ്മിൽ
വ്യത്യാസം അനുഭവപ്പെടുന്നു
നേരിയ വളവുള്ള എന്റെ നട്ടെല്ല്
പ്രകാശനം ചെയ്യപ്പെട്ടിട്ടില്ല.
പുഴുക്കൾ പുളഞ്ഞു തുടങ്ങിയിട്ടേയുള്ളൂ
നഗ്നയാവാൻ ഇനിയും സമയമെടുക്കും.
അവരുടേത് പോലെ, നിറം ദ്രവിച്ചു തീരണം
ഞാനിപ്പോഴും എനിക്ക് മുകളിലെ
സാന്ധ്യാകാശം നോക്കി നടക്കുകയാണ്
എന്റെ നോട്ടമെത്തുന്ന സുഷിരങ്ങളിലെല്ലാം
പുൽനാമ്പുകൾ മുളയ്ക്കും
പുലർച്ചകളിൽ മഞ്ഞുതുള്ളികൾക്ക്
തങ്ങി നിൽക്കാൻ ഒരിടം വേണമല്ലോ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല