കവിത
റെജില ഷെറിൻ
ഇരിഞ്ഞാലക്കുടയുടെ
ഭൂതകാലവേരുകളിൽ
നിന്നുയർന്ന് അയാളുടെ
തട്ടകമായിരുന്ന ഒരിടമിതാ
പുനരാവിഷ്ക്കാരം തേടി അയാളിലേക്ക് തന്നെ
തിരിച്ചെത്തുന്നു
ഠാണാവ് മുതലുള്ള
തന്റെ പ്രിയപ്പെട്ട ദൂരം
ഓർമ്മകളുടെ
റോഡോമീറ്ററിൽ
അളന്ന് വീണ്ടുമാ
ബോർഡവിടെ
അയാൾ പുതുക്കിവെച്ചു
‘റാവുത്തറങ്ങാടി’
അയാളൊരു
ഇൻസ്റ്റലേഷനായി
മാറിയതങ്ങനെയാണ്
പലപലവീടുകളും
നാടുനീങ്ങിപ്പോയ ഇടം
പുതിയ വലിയ
കെട്ടിടങ്ങളുടെ
ചോട്ടിലുറക്കത്തിൽ
ആണ്ട് പോയ
പഴയതെരുവോരം.
അതിൻ മനസ്സ്
മാന്തിയെടുക്കുന്ന
യന്ത്രമായ് അയാൾ
മാറിയതങ്ങനെയാണ്
അങ്ങാടിയുടെ
വരണ്ടുണങ്ങിപ്പോയ
സംസ്കൃതിയിൽനിന്നും
പഴയ യുവത്വമയാൾ
സൃഷ്ടിച്ച് തുടങ്ങി
പച്ചപ്പ് പരന്ന്തുടങ്ങി
കെളവികളുടെ
വെത്തലപാക്ക്പോലെ
പിന്നാമ്പുറങ്ങളിലേക്ക്
ഒരിക്കൽ ചവച്ച് തുപ്പിയിട്ട
തമിഴ്പേച്ചുകളപ്പോൾ
ചുറ്റിലും മുഴങ്ങി
അറുക്കാൻ കൊണ്ട് വന്ന
ആട്ടിൻകൂട്ടങ്ങൾക്കതാ
മുത്തുറാവുത്തർ വീണ്ടും
ഭക്ഷണം കൊടുക്കുന്നു
കാസിം സായ് വിന്റെ
പലചരക്ക്
കടക്കുമുമ്പിൽ
പതിവ്പോലെ
കടംപറയാനുള്ളവരുടെ
നീണ്ട ക്യൂ
യൂസഫണ്ണന്റെ
ചായക്കട നിറയെ
നിറംപിടിപ്പിച്ച
നാട്ടുവിശേഷങ്ങൾ
ഹാജ്റാബീടെ വീട്ടിലെ
ബോറംബിൽനിന്നും
വെണ്ണബിസ്ക്കറ്റിന്റെ
ഗന്ധമുയർന്ന് അങ്ങാടിയിലേക്കൊഴുകുന്നു
കസൂറയും ഭൂരിയാനും
എണ്ണയിൽ
മൊരിഞ്ഞുപൊങ്ങുന്നു
അയാൾ
പറഞ്ഞുകൊണ്ടേയിരുന്നു
“അത്താ എനക്ക്കൊഞ്ചം
ജാസ്തി വേണം”
പിന്നെ ,റാന്തല് തിരഞ്ഞ
അത്താഴംമുട്ടികൾക്ക്
അയാൾ
വഴികാണിക്കാനിറങ്ങി
പൂതംകുളമെത്തിയപ്പോൾ
‘പ്രേത’മെന്നലറിയോടി
ചെറിയ പെരുന്നാളാഘോഷിക്കാൻ പോയ നെയ്‌ച്ചോറും
പാച്ചോറും കിടന്ന് തിളച്ച
ചെമ്പിലേക്ക്
വലിയ പെരുന്നാള് വരുന്നതും നോക്കി
കുട്ടികളിരിപ്പും തുടങ്ങി
ഏതോ കല്യാണവീട്ടിൽ
ഉഴിഞ്ഞൊടുങ്ങാൻ
തയ്യാറായ പൂക്കൾ
‘ആലാത്തി’താലങ്ങളിൽ
നിറഞ്ഞ്നിന്നു
ചന്ദനക്കുടത്തിന്
പോകാൻ ആനയും
കൊട്ടുമിറങ്ങിയിട്ടും
തുകലെടുക്കാൻപ്പോയ
സമദണ്ണന്റെ സൈക്കിൾ
തിരിച്ച്
വന്നിട്ടുണ്ടായിരുന്നില്ല
മൂവന്തിനേരത്ത് ഇരുട്ടിലേക്ക്
പടരുന്ന ചോപ്പുപോൽ
അയാളുടെ മുറിയിൽ
പുനർജ്ജനിയുടെ
നിശ്ശബ്ദ മന്ത്രങ്ങൾ
നിറഞ്ഞുനിന്നു
കാട്ടുങ്ങച്ചിറ പള്ളിയിലെ
വടിയും വിളക്കും
തൊട്ട്മുത്തി തന്റെ
ത്രിമാനകലയിലേക്കയാ-
ളുറ്റുനോക്കുമ്പോൾ
അങ്ങാടിയുടെ അറ്റത്ത്
മറ്റൊരാൾനിന്ന്
ചിരിക്കുന്നുണ്ടായിരുന്നു
പണ്ട് തമിഴകംതാണ്ടിയാ
തെരുവിലെത്തിയ
പാളയംകോട്ട്കാരൻ
ബാവറാവുത്തർ
മങ്ങിയ
ഇളംമഞ്ഞനിറമുള്ള
ചിരികൂടിചേർത്ത്
അയാൾ പ്രതിഷ്ഠാപന
കലയും കടന്ന്
അങ്ങാടിയുടെ
ആത്മാവിലേക്ക്
എന്നന്നേക്കുമായി
ഊർന്നിറങ്ങിപ്പോയി
(1.റാവുത്തറങ്ങാടി
ഇരിഞ്ഞാലക്കുടയിൽ പണ്ട് ഠാണാവ് മുതൽ കാട്ടുങ്ങച്ചിറവരെയുള്ള
സ്ഥലം അറിയപ്പെട്ടിരുന്ന പേര്
2.റാവുത്തർ-തമിഴ് മുസ്ലീം വിഭാഗം
3.വെത്തല -വെറ്റില
4.കസൂറ,ഭൂരിയാൻ
പ്രത്യേക പലഹാരങ്ങൾ
5.ആലാത്തി-താലത്തിൽ തയ്യാറാക്കുന്ന പൂക്കളും,ഗുരുതിയും
6.ചന്ദനക്കുടം-നേർച്ച ഉത്സവം)