കവിത
നിമ. ആർ. നാഥ്
നിരന്തര നിരാസങ്ങൾക്കൊടുക്കം
നിങ്ങൾ മുള്ളുകളാൽ പൊതിയപ്പെടും.
പാകമാകാ കുപ്പായമെന്ന മട്ടിൽ
നിങ്ങളത് കീറിപ്പറിക്കും.
അടിമുടി തിണർപ്പുകൾ പൊന്തും.
കുതറിയോടും.
കയ്പ്പിന്നടരുകൾ ഉറയും.
തിരക്കുകൾ പെറ്റിടും തെരുവുകൾ
നിശ്ശബ്ദതയാൽ കുതിരുന്നത് പോൽ
നിങ്ങൾ സമരസപ്പെടും.
ചെറുവിരലനക്കം കൊണ്ട് പോലും
നിങ്ങളതിനെ ഭേദിക്കുകയില്ല.
ആഴങ്ങളിൽ മൗനപ്പെടും.
സ്വയം രാകി മൂർച്ചപ്പെടും.
അതിൽ പിന്നെ സ്നേഹമെന്നത്
മൃദുലമാകുന്നതേയില്ല.
കാഠിന്യമുള്ളത്.
ചിതറി തെറിക്കുന്നത്.
ചില നേരങ്ങളിലെങ്കിലും തീർത്തും
ശുഷ്‌കമായത്.
കാണുന്നുണ്ടോ?
അവസാനമെന്ന പേരോടെ
കുരുങ്ങിപ്പിടഞ്ഞ് തിണർക്കുമാ
കാൽപ്പാട്?
അവിടെ വെച്ച് നിങ്ങൾ രണ്ടായി
പിളർക്കപ്പെടും.
വേരറ്റതെന്നും പച്ചയാൽ കനത്തതെന്നും
നെടുകെ പകുക്കപ്പെടും.
അവനവനോടു കലഹിച്ചു കൊണ്ടേ
പുറം വാതിലുകൾ പണിയും.
അന്നേരം നിങ്ങൾ അതിരുകളില്ലാ-
ഭൂമിയെന്ന് പരിഭാഷപ്പെടും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.