കവിത
ജാബിർ നൗഷാദ്
തോളെല്ലിനടിയിലെ വറ്റിയ
പൊയ്കയിലൂടെ ഒരുറുമ്പെന്റെ
പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ്
ആലിംഗനങ്ങളാഗ്രഹിക്കുന്ന
നേരമാണിതെന്നതിനാൽ
തടുക്കുവതെങ്ങനെ
ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ്
ജനാലയ്ക്കിപ്പുറം ശൈത്യവും.
രണ്ട് ഋതുക്കൾ ഇണചേരുന്നത്
ജനാലചില്ലിലിരുന്നാണ്,
എന്റെ തൊലിപുറത്തിരുന്നാണ്.
ഈ മനോഹര നിമിഷത്തിൽ
രണ്ടുവരിയെഴുതാതെയെങ്ങനെ.
അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ
അരികുകൾ കയ്യേറി.
ആദ്യം കുന്നിക്കുരുവോളം പോന്നൊരു
അക്ഷരതെറ്റാണ് പെറ്റുവീണത്.
വെട്ടിയും തിരുത്തിയുമത്
ചെറുതല്ലാത്തൊരു മേഘമായ്.
അതിനുള്ളിലൊരാകാശമുണ്ട്.
മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ
പാടുകൾ കണക്കെ കുറെ
ചിതറിയ മേഘങ്ങളുണ്ട്.
അവയെ ഉന്തി നീക്കുന്ന കാറ്റുണ്ട്.
കാറ്റത്ത് കുണുങ്ങി വീണ പ്ലാവിലയുണ്ട്.
ഇലയ്ക്ക് മുങ്ങി നിവരാൻ അമ്മ
വെച്ച കഞ്ഞിയുണ്ട്.
അതിൽ മറ്റൊരാകാശമുണ്ട്
അനേകായിരം മേഘങ്ങളുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല