കവിത
ജാബിർ നൗഷാദ്
1
ഉപ്പുപ്പ
ഉമ്മുമ്മ
വിക്ക് വിട്ട വാക്ക്
കേൾവി മങ്ങിയ
ചെവിയിൽ തൊട്ടു.
ഊഹിച്ചെടുത്തു
സ്നേഹം വിളമ്പി
ഊട്ടികൊടുത്തു.
കൈകഴുകി
മുഖം കഴുകി
ബീഡി കത്തിച്ച്
പറമ്പിലേക്ക് നടന്ന്
ഉപ്പൂപ്പ പാട്ടുമൂളി.
വിക്ക് വിട്ട പാട്ട്
വടക്കു നിന്നെത്തിയ
മേഘത്തിന്റെ
അതിരിൽ തട്ടി.
ചിലതുണ്ട് ചെവികൾ.
ചെമ്പരത്തി മഞ്ഞ
ചാമ്പക്കാ ചോപ്പ്
മുരിയിലപ്പച്ച.
മഴ പാകിയ
തെങ്ങിൻ തടത്തിൽ
കൊച്ചുമോന്റെ
കടത്തുവഞ്ചി.
കായാമ്പൂ…
ഓർമകളിൽ നിന്നും
ആലിപഴങ്ങൾ
പൊഴിഞ്ഞു.
കൈയ്യാലപ്പുറത്തെ
കൈതച്ചെടിമുള്ളിൽ
കൈതട്ടി നേരം
നൊന്തു പഴുക്കുന്നു.
പാട്ട് തീർന്നു.
കുറ്റി ബീഡി കാട്ടിൽ
പുതിയൊരു
വിത്ത് മുളച്ചു.
2
നേരമായ നേരങ്ങൾക്ക്
പിന്നിലെ പറമ്പിൽ
ഇതാ ഒരു കുഞ്ഞു വീട്.
ഇവിടെ മോഹങ്ങൾ
മണ്ണണ്ണ വിളക്കിൽ നിന്നും
തീ കട്ട് തിന്ന് ചത്തിട്ടുണ്ട്.
ഇരുട്ട് പരക്കുമ്പോ
എന്റെ ഓർമയിലേക്കവർ
പ്രേതപ്പാട്ടുണർത്തും.
ഒറ്റനോട്ടത്തിൽ
വേരുകളില്ലാത്ത മരത്തെ
പോലെ ഞാനിളകും.
അടുക്കളയ്ക്ക് പിന്നിലിരിക്കണ
കാടിയിലെ പഴത്തൊലി
പോലെ ഞാൻ പൊന്തി കിടക്കും.
കമ്മ്യൂണിസ്റ്റ് പച്ച
ഉരച്ചുചതച്ചു വരച്ചത്
ചുവരിലായിരുന്നെങ്കിലും
ചോന്ന വര വീണതെന്റെ
ചന്തിയിലായിരുന്നു.
മഴക്കാലത്ത്,
മെടഞ്ഞിട്ട ഓലയിൽ നിന്നും
ഉമ്മുമ്മാന്റെ കട്ടിയുള്ള
നഖം അടർന്നു വീഴും,
അടരുന്ന ചുവരിനിടയിൽ
തണുത്തു മരവിച്ച്
പാറ്റകൾ പറക്കാതെയാകും.
കൈതച്ചെടിയുടെ
മുള്ളുകൾക്കിടയിൽ
മഞ്ഞ നിറത്തിൽ
വീണ്ടും കാലം പഴുക്കുന്നു.
പൂവ് നട്ട്, ചെടി നുള്ളി,
കഴുത്തിലൂടിഴഞ്ഞ പുഴുവിനെ
ഊഞ്ഞാലാട്ടിയാട്ടിയൊരു
കാറ്റങ്ങനെ കളിച്ചു നടക്കുന്നു.
വേനലവധിയിൽ,
ഒരോലയില കൊണ്ടൊരു പമ്പരം.
രണ്ടോലയില കൊണ്ടൊരു തത്ത.
മൂന്നോലയില കൊണ്ടൊരു പന്ത്.
നാലോലയില കൊണ്ടൊരു പാത്രം.
ഉണ്ണാതെയൊന്നുമേ ഓർക്കാതെ
പറമ്പിലൂടോടി കളിക്കുമ്പോൾ
കുഞ്ഞുടുപ്പ് വിയർത്തു പറക്കും,
തലയില്ലാ പ്രേതം പോലെ
ഇരുട്ട് വേട്ടയ്‌ക്കെത്തും വരെ.
ഉപ്പൂപ്പാന്റെ അടുത്ത
ബീഡിക്കുള്ളിലിരുന്നു
കാലം വീണ്ടും എരിയും.
3
കുരുന്നുകൾക്കും
വൃദ്ധർക്കും വേണ്ടി
ക്ഷമയില്ലാത്ത മനുഷ്യരുടെ
കാലത്തിരുന്നു ഞാൻ
കവിതയെഴുതുന്നു.
പുതുതായ് പൂത്ത
പൂവിനെ നോക്കി,
പുതുതായലഞ്ഞെത്തിയ
പൂച്ചയെ നോക്കി,
വീണ്ടും വീണ്ടും
തെറ്റിച്ചെഴുതുന്ന
കൊച്ചുമകനെ നോക്കി,
കേൾവി മങ്ങിയ
ചെവിയെ നോവിക്കാതെ
ഒന്നുകൂടി വിക്കി ചൊല്ലി,
ഉപ്പൂപ്പ പറയാതെ
പറഞ്ഞത് വെച്ചു ഞാൻ
കവിത നിർത്തുന്നു.
‘പതിയെ പതിയെ
ക്ഷമയോടെ
വലിച്ചു നീട്ടിയെഴുതിയ
കവിതയാവട്ടെ ജീവിതം’
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല