കവിത
അനന്ദു കൃഷ്‌ണ
ഞാൻ അവളെ സ്നേഹിക്കുന്നു
പക്ഷെ അവളുടെ നായക്കുട്ടിയുടെ
പേരെനിക്ക് അറിയില്ല
അവൾക്കെന്നേക്കാൾ ഉയരമുണ്ടോ
ഇല്ലയോ എന്ന് ഉറപ്പില്ല
കണ്ണിനു ചെറിയ കാപ്പി നിറമാണോ
കറുപ്പാണോ എന്ന് ഓർമ്മയിലില്ല
കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ
മുടി നീണ്ടുവോ വണ്ണം വെച്ചുവോ
എന്ന് തിരിച്ചറിയാനും അറിയില്ല,
ഞാൻ കഴിച്ചോ ഉറങ്ങിയോ
എന്നൊന്നും അവൾ അന്വേഷിക്കാറില്ല.
എന്റെ താടി ചീകി വയ്ക്കാനോ,
മുടി മുറിക്കാനോ അവൾ പറയാറില്ല.
ഇതിനിടയിൽ,
കഴുത്തിൽ കയറ് കെട്ടി വച്ച്
സ്റ്റൂളിൽ നിൽക്കുന്ന സമയത്തും
ഞങ്ങൾ പരസ്പരം
വിളിച്ച് കാണില്ല.
ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോയിട്ടില്ല,
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല,
ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടില്ല,
രണ്ട് പേരും ഒരേ തീവ്രതയിൽ
ഉമ്മ വെച്ചിട്ടുണ്ടോ എന്നതും സംശയമാണ്.
ഞാൻ മദ്യപിച്ചിരിക്കുമ്പോൾ
അവൾ കുടിച്ചിട്ടുണ്ടാവില്ല,
അവൾക്ക് ബോധമില്ലാത്തപ്പോൾ
ഞാനവളുടെ മടിയിൽ കിടക്കുക
മാത്രമാവും.
പ്രണയഭംഗത്തിന് ശേഷം ഞാനും
ഡിവോഴ്സിന് ശേഷം അവളും
ഇങ്ങനെയാണ്.
അല്ലെങ്കിലും,
രണ്ട് പ്രേതങ്ങൾ പ്രണയിക്കുമ്പോൾ
ഇങ്ങനെയാണ്.
മരിച്ച് പോയവരാണെന്ന
വർഗ്ഗബോധമല്ലാതെ
കോമ്പല്ലുകളോ നഖങ്ങളോ
പരസ്പരം ഭയപ്പെടുത്തുകയില്ല,
അതിശയിപ്പിക്കുന്ന ഒന്നും
തന്നെയുണ്ടാവില്ല.
പക്ഷെ ആ സ്റ്റൂള് തട്ടാതിരിക്കാൻ
പാകത്തിൽ എന്തോ ഒന്ന്
ഞങ്ങൾക്കിടയിലുണ്ട്.
ചില ബംഗാളി പാട്ടുകൾക്ക്
ഞങ്ങൾ നടന്ന ഇടവഴികളുടെ ആഴമുണ്ട്.
ബ്ലാക്ക് & വൈറ്റ് സിനിമകൾക്കും,
ചെൽപാർക്ക് മഷിയിലെ
കവിതകൾക്കും ഞങ്ങളുടെ
മുഖമുണ്ട്.
ഓർമ്മക്കുറവിന്റെ കാലത്താണ്
ഞാനവളെ കണ്ട് മുട്ടിയത്,
കണ്ണ് കുഴിഞ്ഞ കാലത്താണ്
അവൾ എന്നെയും.
ശോഷിച്ച, വിളറിയ
പ്രേമത്തിന്
പരസ്പരം പിളരാതെ
പിടിച്ച് നിർത്തുക എന്ന
പക്വതയുണ്ട്,
ശ്വസിക്കാൻ സഹായിക്കേണ്ട
ബാധ്യതയുണ്ട്.
കൂടുതലും ഞങ്ങൾ
കടല് കാണാറാണ് പതിവ്,
മുഖത്ത് നോക്കുന്നതിലുമധികം
കൈകൾ ദുർബലമായി കോർത്ത് വച്ച്
തിരകൾ നോക്കിയിരിക്കും,
മിക്കപ്പോഴും ഒന്നും മിണ്ടാതെ.
ഏറ്റവും ആത്മബന്ധമുള്ള ഭാഷ
മൗനമല്ലെ!
അതിൽ പറഞ്ഞ് തീരാത്ത
പരിഭവങ്ങളില്ല,
ആറാത്ത നീറ്റുകക്കയില്ല.
ഞങ്ങൾ എന്ന് കണ്ടാലും
മഴ പെയ്യുന്നതൊഴിച്ചാൽ,
ചിരിക്കുമ്പോഴെല്ലാം
കാറ്റ് വീശുന്നതൊഴിച്ചാൽ
മറ്റ് മാജിക്കുകളൊന്നും ഇതിലില്ല.
താനേ വന്ന സ്‌നേഹം
കണ്ണുള്ള പോലെ
കരളുള്ള പോലെ
സ്വാഭാവികമാണ്.
എന്റെയും നിന്റെയും ഭൂമി
രണ്ടാണെങ്കിലും,
ഒന്നിൽ തീയും
മറ്റൊന്നിൽ കൊടും
തണുപ്പുമാണെങ്കിലും,
നിനക്ക് വിശക്കുമ്പോൾ
ഞാനുറങ്ങുകയും,
ഞാൻ കരയുമ്പോൾ
നീ തിരക്കുകളിലുമാണെങ്കിലും
ഒരു നേർത്ത
നൂല് നമ്മുടെ നിലനിൽപ്പിനെ
കോർത്ത് പിടിക്കുന്നു,
അതു മാത്രം നമ്മളെ കൊല്ലാതിരിക്കുന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല