കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം തുടരുന്നു. സെപ്തംബര്‍ 18 മുതല്‍ 24 വരെയാണ് എക്‌സിബിഷന്‍ നടക്കുന്നത്. തിരുവനന്തപുരം കെഎസ്ഇബി ഓവര്‍സിയറായ ബിജുലാല്‍ എംഡിയുടെ ക്യാമറ കണ്ണില്‍ പതിഞ്ഞ നിമിഷങ്ങളാണ് ആര്‍ട്ട് ഗാലറി ചുമരുകളില്‍ വാചാലമാകുന്നത്. പ്രദര്‍ശിപ്പിച്ച ഫോട്ടോകളൊക്കെയും തന്നെ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. മലബാര്‍ മേഖലയില്‍ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന സ്വീകാര്യത ബോധ്യപ്പെട്ടുകൊണ്ടാണ് തിരുവനന്തപുരം സ്വദേശിയായ താന്‍ ഇവിടെയെത്തിയതെന്ന് ബിജുലാല്‍ ‘ആത്മ’യോട് പറഞ്ഞു. താന്‍ വിചാരിച്ചതിനേക്കാള്‍ സ്വീകാര്യതയാണ് കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യനാളുകളില്‍ ഉപജീവനത്തിനായിരുന്നു ക്യാമറ കൈയ്യിലേന്തിയത്. പിന്നീട് സന്തത സഹചാരിയാവുകയായിരുന്നു. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം സാക്ഷാത്കരിച്ചെങ്കിലും ക്യാമറ കൈവിടാന്‍ ബിജുലാല്‍ തയ്യാറായിരുന്നില്ല.
ഫോട്ടോമ്യൂസ് അക്കാദമി ഡയറക്ടര്‍ നന്ദകുമാര്‍ മൂടാടിയാണ് പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചത്. സെപ്തംബര്‍ 18ന് ആരംഭിച്ച എക്‌സിബിഷന്‍ 24ന് വൈകിട്ടോടെ സമാപിക്കും. രാവിലെ 11മുതല്‍ വൈകിട്ട് 7 മണിവരെയാണ് ഗ്യാലറി സമയം.