പെരുങ്കളിയാട്ടങ്ങൾ സമൂഹത്തിന് പുതു ചൈതന്യം നൽകുന്നു: ഡോ.ദിനേശൻ വടക്കിനിയിൽ

0
286

നീലേശ്വരം: ആഗോളവൽക്കരണത്തെത്തുടർന്ന് ഭരണകൂടങ്ങൾ ദുർബലമായതിനാൽ നിരാശ്രയരായ ഗ്രാമീണജനതയ്ക്ക് കൂട്ടായ്മയിലൂടെ നവചൈതന്യം പകരാൻ പെരുങ്കളിയാട്ടങ്ങളിലൂടെ സാധ്യമാവുമെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ.ദിനേശൻ വടക്കിനിയിൽ പറഞ്ഞു. നീലേശ്വരം തട്ടാച്ചേരി പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ഒക്ടോബർ 12 ,13 തിയ്യതികളിൽ നടന്ന വടയന്തൂർ: സമൂഹം, ചരിത്രം, സംസ്കാരം എന്ന വിഷയത്തിൽ ദേശീയ സെമിനാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ജീവിതത്തിന്റെ അടിത്തറയായാണ് അനുഷ്ഠാനങ്ങൾ പ്രവർത്തിക്കുന്നത്. കേവലമായ യുക്തിവാദം കൊണ്ട് അനുഷ്ഠാനങ്ങളെ നിരാകരിക്കേണ്ടതില്ല.സമത്വം, സാഹോദര്യം എന്നീ മാനവിക ദർശനങ്ങൾ സമൂഹത്തിൽ സന്നിവേശിപ്പിക്കുന്നതിൽ കാവുകളും കഴകങ്ങളും പങ്കുവഹിക്കുന്നുണ്ട്. ആഗോളവൽക്കരണത്താൽ തകർക്കപ്പെട്ട പരമ്പരാഗത തൊഴിൽ സമൂഹങ്ങൾക്ക് ജീവിത പ്രതീക്ഷകൾ നൽകാൻ കളിയാട്ടങ്ങളിലൂടെ സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സതീശൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഡോ.എ.എം.ശ്രീധരൻ സെമിനാർ അവലോകനം ചെയ്ത് സംസാരിച്ചു. ഇ.വി.ചന്തു, തോട്ടത്തിൽ അമ്പാടിക്കുഞ്ഞി എന്നിവരെ ആദരിച്ചു. കെ.സുരേശൻ, എം.രാഘവൻ, ഹിത മോഹൻ, പ്രജുൽ പ്രഭാകരൻ എന്നിവർ സംസാരിച്ചു. പി.വി.ശൈലേഷ് ബാബു സ്വാഗതവും വിനോദ് അരമന നന്ദിയും പറഞ്ഞു.

വിവിധ വിഷയങ്ങളിൽ വി.കെ.അനിൽകുമാർ, നന്ദകുമാർ കോറോത്ത്, വി.വി.പ്രഭാകരൻ,പി.കെ.ജയരാജൻ, എം.ബിനോയ്, പി.മഞ്ജുള, ജയൻ നീലേശ്വരം എന്നിവർ വിഷയം അവതരിപ്പിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here