കവിത
പ്രതീഷ് നാരായണൻ
വഴുക്കുന്ന
വരാലിനെ
ഓർമിപ്പിക്കുന്നു
അവൾ വരുന്ന
പകലുകൾ.
ബൈക്കിനു പിന്നിൽ
മീൻകൊട്ടയുംവച്ച്
പടിക്കലെത്തി
ഹോണടിച്ചപ്പോൾ
തിടുക്കത്തിൽ
തിണ്ണവിട്ടിറങ്ങീ
ഞാൻ.
ഐസുരുകിയ
വെള്ളത്തിനൊപ്പം
ചോരയും ചിതമ്പലും
ഒഴുകി നീളുന്ന ചാലിന്റെ
മണംപിടിച്ച്
എനിക്കുമുന്നേ
പൂച്ച.
നോക്കുമ്പോൾ
ഇടവഴിയിൽ നിന്ന്
അവളൊരു
സെൽഫിയെടുക്കുന്നു.
അരിച്ചിറങ്ങുന്ന
വെയിൽ ചീളുകളിൽ
ഉടലു മിന്നിക്കുന്ന
പള്ളത്തിയെപ്പോലെ
നോട്ടത്തിന്റെ
മിന്നായമെറിയുന്നു.
തൊട്ടു തൊട്ടില്ലെന്ന
മട്ടിലപ്പോൾ
എനിക്കുള്ളിൽ
പാഞ്ഞുപോകുന്നൊരു
കൊള്ളിമീൻ.
സെൽഫിയിലെ പൂച്ച
സ്വർണ്ണനാരുകൾ കൊണ്ട് ഉടുപ്പിട്ട
ഒരു വിചിത്രകല്പനപോലെയും
മീനുകൾ
കൊട്ടനിറഞ്ഞ ആകാശത്ത്
മിന്നിത്തെളിയുന്ന
നക്ഷത്രങ്ങളായും
ബൈക്ക്
കിതപ്പടങ്ങാത്ത
ശ്വാസകോശങ്ങളെ
വായുവിൽ
ഉയർത്തിപ്പിടിച്ചൊരു
ജീവിയെപ്പോലെയും
കാണപ്പെട്ടു.
മുകളിൽ
ചുവന്ന
ഹൃദയമൊട്ടിച്ച്
അവൾ അതുടനെ
എഫ് ബി യിൽ
പോസ്റ്റിടുന്നു.
വെറുതേ
ഒരിടവഴി
ഇളവെയിൽ
പൂച്ച
പച്ചമീൻ
ബൈക്ക്
ഇങ്ങനെ
പലവകകൾ
കോർത്തൊരു
ചിത്രം കിടന്നു
എന്റെ പേജിലും.
നെറ്റിൽ
കോരിയെടുക്കുമ്പോൾ
രണ്ടിൽ
ഏതു പടം
കുരുങ്ങിയാലും
നിങ്ങൾക്കതിൽ
കണാം
വെയിലത്ത്
തീ പോലെ
തിളയ്ക്കുന്ന
പെണ്ണൊരുത്തിയെ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
തിളയ്ക്കുന്ന ഒരു തീയെ
നന്ദി ????