കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു

0
187

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. രാവിലെ 6.20ന് തിരുവനന്തപുരത്ത്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2019ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. കൊല്ലം പെരിനാട് പഴവിളയില്‍ എന്‍.എ വേലായുധന്റെയും ഭാനുക്കുട്ടി അമ്മയുടെയും മകനാണ് രമേശന്‍. അഞ്ചാലുംമൂട്, കരീക്കോട്, ശിവറാം സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എസ് എന്‍ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. കൗമുദി വീക്കിലിയില്‍ ആയിരുന്നു ആദ്യം ജോലി. തുടര്‍ന്ന് 1968ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയായി. 1993 വരെ ഇവിടെ തുടര്‍ന്നു. പതിനാലാമത്തെ വയസില്‍ നാടകങ്ങള്‍ക്ക് പാട്ടെഴുതിക്കൊണ്ട് ഗാനരംഗത്തെത്തി. രമേശന്‍ പാട്ടെഴുതി റിലീസായ ആദ്യ ചിത്രം ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി’യാണ്‌. “അഗ്നിയാവണമെനിക്കാളിക്കത്തണം” എന്നതാണ് ആദ്യഗാനം. ആശംസകളോടെ, അങ്കിള്‍ ബണ്‍, മാളൂട്ടി, വസുധ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here