HomeTHE ARTERIASEQUEL 1032001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

Published on

spot_img

പവലിയന്‍

ജാസിര്‍ കോട്ടക്കുത്ത്

“Not many know that at the end of day 3 we had packed our suitcases, they were to be taken straight to airport and the team were to go straight to the airport from ground. And then these two batted like magicians without losing a wicket the entire day. “- Hemang Badani.

ഇന്ത്യയും ഓസ്‌ട്രെലിയയും ഇഗ്ലണ്ടിലെ ഓവലിൽ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റ് മുട്ടുകയാണ്. ഇരു ടീമുകളും ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോർമാറ്റിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴെല്ലാം മികച്ച നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 2021 ലെ ഗാബ ടെസ്റ്റ്‌, 2003 ലെ അഡ്ലേയ്ഡ് ടെസ്റ്റ്‌ തുടങ്ങി ഇന്ത്യക്ക് എന്നെന്നും അഭിമാനിക്കാൻ ഉതകുന്ന വിജയങ്ങൾ ഓസ്‌ട്രേലിയയുമായി ഏറ്റ് മുട്ടിയപ്പോൾ ഉണ്ടായിട്ടുണ്ട്. ഈ ശ്രേണിയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന വിജയമാണ് 2001 ലെ കൊൽക്കത്ത ടെസ്റ്റ്‌ വിജയം.

വാംഖഡെയിൽ വെച്ച് നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്ത ആത്മവിശ്വാസത്തിലാണ് രണ്ടാം മത്സരത്തിനായി ഓസ്‌ട്രേലിയ കൊൽക്കത്തയിൽ എത്തിയത്. വാംഖഡെയിലെ വിജയം സ്റ്റീവ് വോ യുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയ നേടിയ തുടർച്ചയായ പതിനാറാം ടെസ്റ്റ്‌ വിജയമായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ തുടക്കം മുതൽ തന്നെ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തി. ഓപ്പണിംഗ് ജോഡിയായി ബാറ്റിംഗിന് ഇറങ്ങിയ മാത്യു ഹെയ്ഡനും സ്ലേറ്ററും മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് നൽകിയത്. സ്ലേറ്ററിനെ സഹീർ ഖാൻ അധികം വൈകാതെ പവലിയനിലേക്ക് മടക്കി അയച്ചെങ്കിലും പിന്നീടെത്തിയ ജസ്റ്റിൻ ലാംഗറെ കൂട്ട് പിടിച്ചു ഹെയ്ഡൻ സ്കോർ ബോർഡ് ഉയർത്തി. 97 റൺസിൽ നിൽക്കെ ഹെയ്ഡനെ ഹർഭജൻ സിംഗ് പുറത്താക്കിയതിനു പിന്നാലെ ഓസ്‌ട്രേലിയയെ കാത്തിരുന്നത് വലിയ തകർച്ചയായിരുന്നു. ലാംഗറെ സഹീർ ഖാനും മാർക് വോ യെ ഹർഭജനും പുറത്താക്കി. ഹർഭജൻ സിംഗിന്റെ മാസ്മരികമായ ഹാട്രിക് നേട്ടം പിന്നാലെയെത്തി. പോണ്ടിങ്, ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ എന്നിവരെയാണ് ഹർഭജൻ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയത്. ഒരു ഇന്ത്യൻ ബൗളറുടെ ആദ്യ ടെസ്റ്റ്‌ ഹാട്രിക് നേട്ടമായിരുന്നു ഇത്. എന്നാൽ ഗില്ലസ്പിയെ കൂട്ട് പിടിച്ചു ക്യാപ്റ്റൻ സ്റ്റീവ് വോ റൺസ് ഉയർത്തി. 445 റൺസ് എന്ന വലിയ ഒന്നാം ഇന്നിംഗ്സ് സ്കോർ ആണ് ഈ കൂട്ട് കെട്ടിന്റെ ബലത്തിൽ ഓസ്‌ട്രേലിയ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. മഗ്രാത്തിന്റെയും ഗില്ലസ്പിയുടെയും ബൗളിംഗ് മികവിന് മുന്നിൽ ഇന്ത്യൻ ബാറ്റിങ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നു. ആറാമതായി ബാറ്റ് ചെയ്യാനെത്തിയ വി.വി.എസ് ലക്ഷ്മണ് മാത്രമാണ് ഓസീസ് ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനായത്. 59 റൺസ് നേടിയ താരത്തിന്റെ ചെറുത്ത് നിൽപിനും ഇന്ത്യൻ ഇന്നിങ്സിനെ അധിക ദൂരം കൊണ്ട് പോകാൻ ആയില്ല. പക്ഷെ 129/9 എന്ന നിലയിൽ നിന്ന് വെങ്കടേഷ് പ്രസാദിനെ കൂട്ട് പിടിച്ചു ലക്ഷ്മൺ ഇന്ത്യയെ 171 ലേക്ക് എത്തിച്ചു. ഇന്ത്യയെ ഫോളോ ഓൺ ചെയ്യിപ്പിക്കാൻ ആയിരുന്നു സ്റ്റീവ് വോ യുടെ തീരുമാനം. ഇന്നിംഗ്സ് വിജയം പ്രതീക്ഷിച്ചു ഇന്ത്യയെ ഫോളോ ഓൺ ചെയ്യിപ്പിക്കുമ്പോൾ മറിച്ചൊരു ഫലം ഒരാൾ പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

സദഗോപൻ രമേശും ശിവ് സുന്ദർ ദാസും ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം നൽകി. ഒന്നാം ഇന്നിങ്സിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ സ്ഥാനക്കയറ്റം കിട്ടിയ ലക്ഷ്മൺ മൂന്നാമതായി ബാറ്റ് ചെയ്യാനെത്തി. മികച്ച ടച്ചിൽ ഉള്ള ലക്ഷ്മണിന്റെ ബാറ്റ് വീണ്ടും ശബ്ദിച്ചു തുടങ്ങി. സച്ചിൻ വീണ്ടും ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റൻ ഗാംഗുലിയുമായി ചേർന്ന് ലക്ഷ്മൺ സ്കോർ ബോർഡ് ചലിപ്പിച്ചു. 48 റൺസ് നേടി നാലാം വിക്കറ്റ് ആയി ഗാംഗുലി പുറത്താകുമ്പോൾ ഇന്ത്യ 232 റൺസ് എന്ന നിലയിൽ ആയിരുന്നു ഉള്ളത്. പിന്നീടെത്തിയത് മോശം ഫോമിൽ ബാറ്റ് ചെയ്ത് കൊണ്ടിരുന്ന രാഹുൽ ദ്രാവിഡ്‌ ആയിരുന്നു. പക്ഷെ പിന്നീട് ഈഡൻ ഗാർഡൻസിൽ നടന്നതെല്ലാം ചരിത്രമാണ്. 109 റൺസ് നേടിയ ലക്ഷ്മണിന്റെ മികവിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 251/4 എന്ന നിലയിൽ ആയിരുന്നു ഇന്ത്യ. അപ്പോഴും ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് 20 റൺസ് പിന്നിലായിരുന്നു അവർ.
പെർഫെക്ഷനിസ്റ്റുകളായ രണ്ട് ബാറ്റ്സ്മാന്മാർ കാണികൾക്ക് നൽകിയ വിരുന്നായിരുന്നു ടെസ്റ്റിന്റെ നാലാം ദിനം. ലക്ഷ്മൺ തന്റെ സ്വാഭാവിക ശൈലിയിൽ സ്ട്രോക്കുകൾ ഉതിർത്തപ്പോൾ ഫോം ഇല്ലെന്ന വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകുന്ന തിരക്കിലായിരുന്നു ദ്രാവിഡ്‌. ഇരുവരും റണ്ണുകൾ കണ്ടെത്താൻ തുടങ്ങിയപ്പോൾ ഈഡൻ ഗാർഡൻസിലേക്ക് കാണികൾ ഒഴുകി വരാൻ തുടങ്ങി. നാലാം ദിനം മുഴുവൻ ഇരുവരും ബാറ്റ് ചെയ്തു. ഫീൽഡിങ് തന്ത്രങ്ങൾ മാറി മാറി പരീക്ഷിച്ചിട്ടും റൺസ് ഒഴുകുന്നത് തടയാൻ സ്റ്റീവ് വോക്കായില്ല. ആർത്ത് വിളിക്കുന്ന പതിനായിരക്കണക്കിന് എതിർ ആരാധകരുടെ നടുവിൽ പന്തിന് പിന്നാലെ ഓടുന്ന ഓസീസ് ഫീൽഡർമാരുടെ കാഴ്ച ക്രിക്കറ്റ് ലോകത്തിന് ഒരു പുതിയ അനുഭവമായിരുന്നു. കളിയിലെ മേധാവിത്വം നഷ്ടപ്പെടുന്നതറിഞ്ഞ സ്റ്റീവ് വോ ഒമ്പതു പേരെ കൊണ്ട് പന്തെറിയിപ്പിച്ചുവെങ്കിലും നിരാശ ആയിരുന്നു ഫലം. 589/4 എന്ന നിലയിൽ ആണ് ഇന്ത്യ നാലാം ദിനം അവസാനിപ്പിച്ചത്. 376 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് ആണ് ഇരുവരും അന്ന് പടുത്തുയർത്തിയത്. ലക്ഷ്മൺ 281 ഉം ദ്രാവിഡ്‌ 180 റൺസുമാണ് ഈ ഇന്നിങ്സിൽ നേടിയത്. 657 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ അവസാന ദിവസം ഓസ്‌ട്രേലിയക്ക് ആയി വെച്ച് നീട്ടിയത് 384 എന്ന ലക്ഷ്യം ആയിരുന്നു.

വിജയം ലക്ഷ്യമാക്കി ബാറ്റ് വീശിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് കിട്ടിയത്. പക്ഷെ ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ വീണ്ടും ഇന്ത്യയുടെ രക്ഷക്കെത്തി. 43 റൺസ് നേടിയ സ്ലേറ്ററേയും പിന്നാലെയെത്തിയ ജസ്റ്റിൻ ലാംഗറേയും ഹർഭജൻ ഫീൽഡർമാരുടെ കൈകളിൽ എത്തിച്ചു. തൊട്ട് പിന്നാലെ മാർക് വോ യെ വെങ്കടപതി രാജു പൂജ്യത്തിന് പുറത്താക്കി. സ്റ്റീവ് വോ യെ കൂട്ട് പിടിച്ചു ഹെയ്ഡൻ സ്കോർ ബോർഡ് ചലിപ്പിച്ചു. കളി സമനിലയിലേക്ക് എന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ഹർഭജൻ ഒരേ ഓവറിൽ സ്റ്റീവ് വോയെയും റിക്കി പോണ്ടിങ്ങിനെയും പുറത്താക്കി ഇന്ത്യക്കാവശ്യമായ ബ്രേക്ക് ത്രൂ നൽകി. പിന്നീട് സച്ചിന്റെ ഊഴമായിരുന്നു. ഒരറ്റത്ത് ആത്മ വിശ്വാസത്തോടെ ബാറ്റ് വീശിയ ഹെയ്ഡൻ, ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി സച്ചിൻ ക്യാപ്റ്റൻ തന്നിലർപ്പിച്ച വിശ്വാസം കാത്തു. പിന്നീടെല്ലാം ചടങ്ങായിരുന്നു. പ്രതിരോധിച്ചു നിന്ന ഗില്ലസ്പിയെയും പിന്നാലെ മഗ്രാത്തിനെയും ഹർഭജൻ പുറത്താക്കിയപ്പോൾ ഇന്ത്യ ഒന്നടങ്കം തങ്ങളുടെ ചരിത്ര വിജയം ആഘോഷിക്കുകയായിരുന്നു. ഫോളോ ഓൺ വഴങ്ങിയ ശേഷം ടെസ്റ്റ്‌ മത്സരം വിചാരിക്കുന്ന മൂന്നാമത്തെ മാത്രം ടീം ആയി മാറുകയായിരുന്നു ഇന്ത്യ.

ലക്ഷ്മൺ, ദ്രാവിഡ്‌ എന്നിവരുടെ ബാറ്റിങ്, ഹർഭജൻ, സച്ചിൻ എന്നിവരുടെ ബൗളിംഗ് മികവ് എന്നിവക്കൊപ്പം സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ഇന്ത്യൻ ആരാധകരും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഇന്ത്യയെ ഫോളോ ഓണിന് അയക്കുന്നതിൽ സ്പിന്നാർ ഷെയ്ൻ വോണിന് എതിരഭിപ്രായം ഉണ്ടായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത് വലിയൊരു സ്കോർ ഉയർത്തി ഇന്ത്യക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തുന്നതിന് പകരം ഫോളോ ഓണിന് അയക്കുന്നത് ഇന്ത്യക്ക് ജയിക്കാനുള്ള ചെറിയ സാധ്യത എങ്കിലും തുറന്ന് കൊടുക്കുന്നതാണ് എന്നതായിരുന്നു വോണിന്റെ നിലപാട്. വോൺ ഭയപ്പെട്ടത് തന്നെ ഈ മത്സരത്തിൽ സംഭവിച്ചു. മികച്ച ഫോമിൽ ബാറ്റ് വീശിയിരുന്ന ലക്ഷ്മൺ രണ്ടാം ഇന്നിങ്സിലും അത് തുടർന്നു. ഒപ്പം ദ്രാവിഡും മികച്ച രീതിയിൽ കളിച്ചു തുടങ്ങിയതിലൂടെ ആദ്യമേ ക്ഷീണിച്ച ഓസീസ് കളിക്കാരുടെ ആത്മ വിശ്വാസം ചോർന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടെസ്റ്റ്‌ മത്സരങ്ങളിൽ ഒന്നായാണ് കൊൽക്കത്ത ടെസ്റ്റ്‌ കണക്കാക്കപ്പെടുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....