പവലിയൻ
ജാസിർ കോട്ടക്കുത്ത്
“Can we have two golds?”
ഒളിമ്പിക്സ് എന്നും ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ വേദിയാണ്. വീറും വാശിയും നിറഞ്ഞ മത്സരവേദികളിൽ അപൂർവമായി ചില സൗഹൃദനിമിഷങ്ങൾ തിളങ്ങി നിൽക്കും. ടോക്കിയോ ഒളിമ്പിക്സിന്റെ പുരുഷ ഹൈജമ്പ് മത്സര വേദി സാക്ഷ്യം വഹിച്ചത് അങ്ങനെയൊരു നിമിഷത്തിനാണ്. ഖത്തറിന്റെ മുതാസ് ഇസ ബർഷിം, ഇറ്റാലിയൻ താരം ജിയാൻ മാർക്കോ ടാമ്പേരി, ബെലാറസ് താരം മാക്സിം നെദാസെകു എന്നിവർ തമ്മിലായിരുന്നു പ്രധാനമായും മത്സരം നടന്നത്. മത്സരം അവസാന ഘട്ടങ്ങളിലേക്ക് കടന്നപ്പോൾ 2.37 മീറ്റർ എന്ന ഉയരം മൂവരും പിന്നിട്ടിരുന്നു. പക്ഷെ മാക്സിം നെദാസെകുവിന്റെ ആദ്യ ശ്രമങ്ങൾ പാഴായതിനാൽ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ടാമ്പേരിയും ബർഷിമും തമ്മിലായി.
2.39 എന്ന ഉയരം കീഴടക്കാൻ ഇരുവർക്കും പറ്റാതായതോടെ ടൈ ബ്രേക്കർ ജമ്പ് ഓഫ് നടത്താമെന്ന് ഒഫീഷ്യൽ ഇരുവരെയും അറിയിച്ചു. തന്റെ ദീർഘകാല സുഹൃത്തായ ടാമ്പേരിയുടെ മുഖത്ത് നോക്കി ബർഷിം ഓഫീഷ്യലിനോട് ചോദിച്ചത് ഇത്ര മാത്രമാണ്. ” can we have two golds? ” അതെ എന്ന മാച്ച് ഓഫിഷ്യലിന്റെ ഉത്തരത്തിന് പിന്നാലെ കെട്ടിപ്പിടിച്ച് ഇരുതാരങ്ങളും ആഹ്‌ളാദം പ്രകടിപ്പിച്ചു. വീറും വാശിയും മാത്രം നിറഞ്ഞുനിൽക്കുന്ന ലോകകായികവേദികളിൽ നിന്ന് വിഭിന്നമായ ഒരു നിമിഷമാണ് അന്ന് കായിക പ്രേമികൾ അനുഭവിച്ചത്. റിയോ ഒളിമ്പിക്സിന് തൊട്ട് മുമ്പ് ഉണ്ടായ, തന്റെ കരിയർ വരെ അപകടത്തിലായേക്കാവുന്ന ഗുരുതര പരിക്കിന് ശേഷമാണ് ടാമ്പേരി ടോക്കിയോ ഒളിമ്പിക്സിന് എത്തിയത്. തന്റെ കാലിൽ ചുറ്റിയിരുന്ന “റോഡ് റ്റു ടോക്കിയോ ” എന്നെഴുതിയ പ്ലാസ്റ്റർ അയാളുടെ ആത്മ വിശ്വാസത്തിന്റെയും അർപ്പണ ബോധത്തിന്റെയും അടയാളമായിരുന്നു. ബർഷിമും പരിക്കുകൾ അതിജീവിച്ചാണ് ടോക്കിയോ ഒളിമ്പിക്സിനായെത്തിയത്. ഒരേ ഇനത്തിൽ പങ്കെടുക്കുന്ന ഇരുവരും ദീർഘ കാലമായി സൗഹൃദ ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ടായിരുന്നു. ” History, my friend” എന്ന് പറഞ്ഞു ടാമ്പേരിയെ ആലിംഗനം ചെയ്ത ബർഷിമിന്റെയും പൊട്ടിക്കരഞ്ഞ ടാമ്പേരിയുടെയും ആഘോഷത്തിൽ എല്ലാമുണ്ടായിരുന്നു. ഒളിമ്പിക്സിലെ സുവർണ നിമിഷങ്ങളിൽ ഒന്നായി ഈ മത്സരം എന്നെന്നും ഓർമ്മിക്കപ്പെടും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല