പവലിയൻ ജാസിർ കോട്ടക്കുത്ത്
“No Greg, no, You can’t do that.”
1981 ഫെബ്രുവരി ഒന്ന്. ഓസ്‌ട്രേലിയയും ന്യൂസിലന്റും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരമായിരുന്നു അന്ന്. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ അവസാന മത്സരം ഏറെ പ്രാധാന്യമുള്ളതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പൽ നേടിയ 90 റൺസിന്റെ പിൻബലത്തിൽ 235 റൺസ് നേടി. ഗ്രെഗ് ചാപ്പലിനെ വ്യക്തിഗത സ്കോർ 58 ൽ നിൽക്കെ ലാൻസ് കൈൻസിന്റെ പന്തിൽ മാർട്ടിൻ സ്നെഡൻ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നെങ്കിലും അമ്പയരുടെ സംശയകരമായ തീരുമാനം ചാപ്പലിനൊപ്പം നിന്നു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാന്റിന് വേണ്ടി ജോൺ റൈറ്റും ബ്രൂസ് എഡ്ഗറും മികച്ച തുടക്കം ആണ് നൽകിയത്. പക്ഷെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഓസ്‌ട്രേലിയ ന്യൂസിലാന്റിനെ പ്രതിരോധത്തിലാക്കി. അവസാന ഓവറിൽ 15 റൺസ് ആയിരുന്നു സന്ദർശകർക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവർ എറിയാൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പൽ പന്തേല്പിച്ചത് സഹോദരനായ ട്രെവർ ചാപ്പലിനെയായിരുന്നു. മികച്ച ഓൾ റൗണ്ടർ ആയിരുന്ന റിച്ചാർഡ് ഹാഡ്ലി ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ചു. അടുത്ത പന്ത് പിച്ച് ചെയ്ത് വന്നത് ഹാഡ്ലിയുടെ പാഡിലേക്ക് ആയിരുന്നു. പന്ത് പിച്ച് ചെയ്തത് പുറത്തായിട്ടും അമ്പയർ ഔട്ട് വിധിച്ചു. പിന്നാലെ എത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇയാൻ സ്മിത്ത് അടുത്ത രണ്ട് പന്തുകളിൽ നിന്നായി നാല് റൺസ് നേടി. അഞ്ചാം പന്തിൽ ട്രെവർ ചാപ്പൽ സ്മിത്തിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ അവസാന പന്തിൽ മത്സരം തുല്യമാക്കാൻ ന്യൂസിലാന്റിന് ആറ് റൺസ് നേടണമെന്ന നില വന്നു. സെഞ്ച്വറി നേടി ന്യൂസിലാന്റ് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ച ഓപ്പണർ എഡ്ഗർ അവസാന ഓവറിലെ ഒറ്റ പന്തും നേരിടാൻ ആകാതെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽപുണ്ടായിരുന്നു.
അവസാന പന്ത് സിക്സറടിക്കുമെന്ന ഭയത്താൽ വാലറ്റക്കാരനായ ബ്രയൻ മക്കനിക്കെതിരെ അണ്ടർ ആം ബൗൾ എറിയാൻ ആയിരുന്നു ട്രെവറിനോട് സഹോദരൻ ഗ്രെഗ് ചാപ്പൽ നിർദേശിച്ചത്. ക്രിക്കറ്റ് പ്രോട്ടോകോൾ പ്രകാരം ബൗളിംഗ് രീതി മാറ്റുമ്പോൾ അമ്പയറിനോടും ബാറ്റ്സ്മാനോടും സംസാരിക്കേണ്ടതായുണ്ട്. ഇപ്രകാരം അണ്ടർ ആം പന്താണ് അടുത്തതെന്ന് അമ്പയറിൽ നിന്നറിഞ്ഞ മക്കനി ട്രെവർ തമാശ കാണിക്കുകയാണെന്നാണ് കരുതിയത്. അന്താരാഷ്ട്ര നിയമപ്രകാരം അണ്ടർ ആം ബൗളിംഗ് നിയമ വിധേയമായിരുന്നെങ്കിലും ജൂനിയർ മത്സരങ്ങളിൽ പോലും ആരും ഈ രീതി ഉപയോഗിക്കാറില്ലായിരുന്നു. ഓസീസ് താരം റോഡ് മാർഷ് ക്യാപ്ടനോടും ട്രെവർ ചാപ്പലിനോടും അണ്ടർ ആം രീതി ഉപയോഗിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും ഇരുവരും ഇത് ചെവി കൊണ്ടില്ല. കമന്ററി ബോക്സിൽ ഇരുന്ന ഗ്രെഗ് ചാപ്പലിന്റെ മുതിർന്ന സഹോദരൻ ഇയാൻ ചാപ്പൽ “No Greg, no, You can’t do that.” എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഉരുണ്ട് വന്ന പന്ത് പ്രതിരോധിച്ച ശേഷം മക്കനി രോഷാകുലനായി ബാറ്റ് വീശിയെറിഞ്ഞു. നിറഞ്ഞു കവിഞ്ഞ ഗാലറി ട്രെവറിനെ കൂക്കി വിളിച്ചു. ന്യൂസിലാന്റ് ക്യാപ്റ്റൻ ജെഫ് ഹൊവാർത് മൈതാന മധ്യത്തിലേക്ക് ഓടി വന്നു അമ്പയർമാരോട് കയർത്തെങ്കിലും ഫലമുണ്ടായില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് നിയമങ്ങളിൽ അണ്ടർ ആം ബൗളിംഗ് നിയമ വിരുദ്ധമായിരുന്നെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നിയമം നടപ്പാക്കിയിട്ടില്ല എന്നതായിരുന്നു കാരണം.
ഓസ്‌ട്രേലിയ സ്വീകരിച്ച ഈ രീതി പരക്കെ വിമർശിക്കപ്പെട്ടു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മോശകരമായ സംഭവം എന്നാണ് ഇതിനെ അന്നത്തെ ന്യൂസിലാന്റ് പ്രധാന മന്ത്രി വിശേഷിപ്പിച്ചത്. കുപ്രസിദ്ധിയാർജിച്ച ഈ സംഭവത്തിന് ശേഷം അണ്ടർ ആം ബൗളിംഗ് ഐസിസി നിയമ വിരുദ്ധമാക്കി. ഓസീസ് ക്രിക്കറ്റിന് മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിച്ച ട്രവർ ചാപ്പൽ ഇന്നും അറിയപ്പെടുന്നത് 1981 ലെ ഈ അണ്ടർ ആം പന്തിന്റെ പേരിലാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല