HomeTHE ARTERIASEQUEL 98ലക്ഷ്മിയാനയും ഗുലാം അലിയും

ലക്ഷ്മിയാനയും ഗുലാം അലിയും

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

പൂരത്തിനും ഉത്സവപറമ്പുകളിലെ എഴുന്നള്ളത്തിനും ആനച്ചന്തം കാണുന്നതിനു മുന്നേ നമ്മുടെ നാട്ടിടവഴികളിൽ കൂറ്റൻ തടികളോട് മല്ലിടുന്ന ആനകളെ കണ്ട ഓർമ്മയുണ്ട്. വാഴകൂമ്പിതൾ മാതിരി ഇത്തിരിപ്പോന്ന ചുണ്ടിലെ ശക്തമായ ദന്ത നിരകളാൽ കടിച്ചുപിടിച്ച വടത്താൽ തടി പിടിക്കുന്ന ആന ! “കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി ” എന്ന ചൊല്ലോ, അതിൻ്റെ അകപൊരുളോ അന്ന് എനിക്ക് വശമില്ല. നാടൻ മരങ്ങൾ ഉരുപ്പടികളാക്കാനോ വിൽപ്പനയ്ക്കോ മര ചാപ്പയിലേക്ക് കയറ്റി അയക്കാറാണ് പതിവ്. നാട്ടിൽ ഈർച്ചപ്പണിക്കാരായ ഈരായിമാർ പഴങ്കഥയായി മാറിയിരുന്നു. രണ്ടാൾ പൊക്കമുള്ള ഇടവഴികളൊന്നും റോഡുകളായി വെട്ടിനിരത്തപ്പെടാത്ത കാലം. വെട്ടിമുറിക്കപ്പെട്ട കൂറ്റൻ മരങ്ങളുടെ തടികൾ ഏലൈസ വായ്ത്താരിയോടൊപ്പം തൊഴിലാളികൾക്ക് വണ്ടിയിലേക്ക് തള്ളികേറ്റാൻ ലോറികൾ ഇറങ്ങി വരാത്ത കാലം.

‘ആനേ മോനെ…
അടക്കാത്തോട്ടിലെ
കള്ളുകുടിയാ… ‘
എന്ന് നീട്ടി ചൊല്ലി ഒച്ചയിട്ട് ആനയെ ദേഷ്യം പിടിപ്പിച്ച്, അതിൻ്റെ ചെറുകണ്ണിറുക്കങ്ങൾ നോക്കി പേടിച്ചു നിന്ന കാലം. പനമ്പട്ട തുമ്പികൈയിൽ എടുത്ത് ഇലത്താള ചെവിയാട്ടിക്കൊണ്ട് ചടുലമായി ചവച്ചരക്കുന്നതിൻ്റെ കാഴ്ച്ച രസിച്ചു നിന്ന കാലം. പുഴക്കടവിൽ ആനയെ കുളിപ്പിക്കുന്നത് നോക്കി നിന്ന് മതിവരാത്ത കാലം. തുമ്പികൈയ്യാൽ വെള്ളം കോരി ചീറ്റിരസിച്ചുള്ള അതിൻ്റെ കുളിക്കളി! വെള്ളത്തിൽ കരിമ്പാറപാറപോലെ പൊങ്ങി നിന്ന ആനപുറമേറി ചകിരി മടലുമായി ഉരച്ചു കുളിപ്പിക്കുന്ന പാപ്പാന്മാരും അവരുടെ ആന ഭാഷയും ആശ്ചര്യമായിരുന്നു!. ഒരു കാരക്കോലിൻ്റെ കരുതലിൽ കരയിലെ ഏറ്റവും വലിയ ജീവിയെ മെരുക്കുന്ന കേമനായ പാപ്പാനാകണമെന്നായിരുന്നു കുരുന്നിലേ മോഹം. ആനവാൽമോതിരം അണിഞ്ഞ് ഒത്തിരി ആശകൾ സഫലമാകാനാഗ്രഹിച്ച് ആനവാൽ മുടിക്കായി കാത്തുനിന്ന കാലം.

“നിന്നെ ചങ്ങലയിട്ട് മെരുക്കി
കൊമ്പും കുഴലും ചെണ്ടയുമുള്ളൊരു
കോവിലിലേക്ക് നടത്താൻ പോരും
ഞാനാണധികം കേമൻ!
ഭൂമിയിലാരുണ്ടെന്നേ
പോലൊരു കേമൻ!”

ഒൻപതാം തരത്തിൽ ഒളപ്പമണ്ണയുടെ ‘ഒറ്റയാൻ ‘എന്ന പദ്യം ചൊല്ലിയപ്പോൾ എൻ്റെ കനവിലെ പാപ്പാന് വീണ്ടും പെരുത്ത് അഹങ്കാരം അങ്കുരിച്ചു. ഹൃദിസ്ഥമാക്കുക എന്ന വ്യാജേന ആത്മഹർഷത്തോടെ വീട്ടിൽ നിന്നും എത്രയോ വട്ടം ഉച്ചത്തിൽ ഒളപ്പമണ്ണയുടെ വരികൾ ഞാൻ ഉരുവിട്ടിരിക്കും ! പിന്നീട്, തടികളും ഭാരവും കയറ്റിയ ലോറി ഓടിച്ചു പോകുന്ന ഡ്രൈവറാകണമെന്നായി ബാല്യകാലത്തെ മറ്റൊരു മോഹം. വലിയവെളിച്ചത്തെ പാറപ്പരപ്പിൽ ഹോളണ്ടിൽ പോയി വന്ന സ്വാമി സദാനന്ദ സരസ്വതി ‘ഭഗവദ് പാദപുരി’ എന്ന പേരിൽ 1981ൽ ആശ്രമം പണിയുന്ന കാലം. കുന്നുകയറിപോകുന്ന കുണ്ടനിടവഴി ഇടിച്ചു നിരത്തി മണ്ണ് കടത്താൻ വന്ന ലോറിയുടെ പെയിൻറിൻ്റെയും ഇന്ധനത്തിൻ്റെ മണ്ണിൽ പൂണ്ട് തിരിയുന്ന ചക്രങ്ങളുടെയും അവാച്യമായ ഗന്ധം ഇപ്പൊഴും മൂക്കിൻ തുമ്പിലുണ്ട്!

ആളും ആരവവും പല രൂപത്തിലും വലുപ്പത്തിലുമുള്ള വർണ്ണ ബലൂണുകളും ദീപപ്രഭയും വഴിവാണിഭക്കാരും നിരന്ന തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാറുള്ള കുട്ടിക്കാലം. ആകാശതൊട്ടിലാട്ടവും മനംപിരട്ടലും അനുഭവിച്ച് മരണക്കിണറിലെ മോട്ടോർ സൈക്കിളഭ്യാസം കണ്ട് കണ്ണ് തള്ളി. പൂഴിമണൽ തൂവിയ തിരുമുറ്റത്ത് നെറ്റിപ്പട്ടം കെട്ടിയ തിടമ്പേറ്റിയ ആനകളുടെ നിര. ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടകളുമായി ആനപ്പുറമേറിയ ആളുകൾ. താളത്തിനൊത്ത് മുറം പോലുള്ള ചെവികൾ വീശി വീശി അമ്പലം വലം വെക്കുന്ന ഗജകേസരികൾ. മേള കൊഴുപ്പേകാൻ ചെണ്ടയും ചേങ്ങിലയും കുഴലും ഇലത്താളവും. ആനപ്പിണ്ടത്തിൻ്റെ ചൂരും ആകാംക്ഷ പെരുത്ത അമ്പലമുറ്റവും ആൽത്തറയും.മാനത്ത് വർണ്ണമലരുകൾ വിരിയിക്കുന്ന പുഷ്പവെടിയും ശബ്ദഘോഷങ്ങളും കോലൈസും തണ്ണിമത്തൻ ചോപ്പും ഹൽവയുടെ രുചി പെരുമയും നിറഞ്ഞ ഉത്സവ ലഹരിയുടെ ബാല്യകൗമാരക്കാലം മാറോട് ചേർത്ത് എല്ലാ മോഹങ്ങളും അടിയറ വെച്ച് മറുനാട്ടിലേക്ക് ചേക്കേറി.

തൊണ്ണൂറുകളിലെ ബംഗളുരുവിൽ വാഹനത്തിരക്കുള്ള നഗരവീഥികളിൽ പോലും ഒറ്റപ്പെട്ട കാളവണ്ടികളും കുതിരവണ്ടികളും ഉണ്ടായിരുന്നു. പക്ഷെ, ആനയെ എങ്ങാനും കണ്ടിരുന്നില്ല. നഗരത്തിൻ്റെ മുക്കിലും മൂലയിലുമുള്ള കൊച്ചു ക്ഷേത്രങ്ങളിൽ (ദേവസ്ഥാന ) ആനകളും അമ്പാരിയും വെഞ്ചാമരവുമില്ലാത്ത ആഘോഷങ്ങളാണ് നടക്കാറ്. നവരാത്രി ഉത്സവമായ മൈസൂരുദസറയാണ് ഇതിനൊരപവാദം. പന്ത്രണ്ടാനകളുടെ ജംബോ സവാരി, പീരങ്കി വെടിവഴിപാട്. ആലക്തിക അലങ്കാര ദീപങ്ങളുടെ പ്രഭാപൂരം. ജനസാഗരം മൈസൂരുവിനെ മറ്റൊരു പൂരനഗരിയാക്കാറുണ്ട്. വർഷങ്ങൾക്ക് ശേഷം ജീവിതത്തിൻ്റെ ചാക്രികതയിൽ കർണ്ണാടകയിലെ തുമുക്കുരുവിൽ അഭയം തേടിയിരുന്നു. പൂനെ – ബാംഗ്ലൂർ ഹൈവേയിൽ തുംകൂർലേക്കിനെതിരെയുള്ള മയൂര ബേക്കറി ഇടത്താവളമായിരുന്ന കാലം. തടാകത്തിനരികിലെ പുരാതന ഗണപതി ക്ഷേത്രം. കാറ്റിൻ്റെ ദലമർമ്മരങ്ങളിൽ ഓളം വെട്ടുന്ന കുഞ്ഞലകൾ. സാല വൃക്ഷത്തിൻ്റെ ശീതളഛായയിൽ, സായംസന്ധ്യയിൽ, ക്ഷേത്ര വിളക്കിൽ അന്തിതിരി തെളിയുന്ന അഭൗമകാന്തി. മീട്ടുന്ന അമ്പലമണിനാദങ്ങൾ ! ഏതാനും ഭക്തജനങ്ങൾ വിഘ്നേശ്വരനേ തൊഴുതുവണങ്ങുന്നു. ജീവിതപ്രാരാബ്ദങ്ങളുമായി പ്രണവസ്വരൂപനായ ഗണപതിയുടെ തിരുമുന്നിൽ സങ്കടങ്ങളുടെ കെട്ടഴിച്ച് ശാന്തരായി മടങ്ങുന്നു.

അമ്പലത്തിലെ ആഷാഢ പൗർണ്ണമിജാത്രയിലാണ് അന്യനാട്ടിൽ വെച്ച് ആനയുടെ എഴുന്നെള്ളിപ്പ് ആദ്യമായി കാണുന്നത്. രണ്ട് ദിവസം മുന്നേ ദൂരദേശത്തുനിന്ന് ലോറിയിൽ സവാരി ചെയ്തു വന്ന ലക്ഷ്മി എന്ന കുറുമ്പി പിടിയാന ഏവരുടെയും കണ്ണിലുണ്ണിയായി മാറിക്കഴിഞ്ഞിരുന്നു. വിശ്വാസികൾ വാഴക്കുലയും തണ്ണിമത്തനും കൈതച്ചക്കയും ശർക്കരയും പനമ്പട്ടയും തരം പോലെ ലക്ഷ്മിക്ക് പ്രസാദഊട്ട് നടത്താറുണ്ട്. ഉത്സവം കഴിഞ്ഞ് ആളും ആരവവും അകന്ന് അമ്പല പറമ്പ് ശൂന്യമായി. ലക്ഷ്മി ആനയും ഗുലാംഅലി എന്ന പാപ്പാനും അമ്പലപ്പറമ്പിൽ മുതലാളിയേ പ്രതീക്ഷിച്ച് ലോറിയുടെ വരവും കാത്തു കിടന്നു. ആനയെ തളച്ച മരച്ചുവട്ടിൽ അമ്പലവാസികളാരും തിരിഞ്ഞു നോക്കിയില്ല. ഗുലാം അലിയും ലക്ഷ്മിയും അതിജീവനത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചു. പിറ്റേന്ന് കാലത്ത് മസ്തകത്തിൽ ചന്ദനലേപനത്താൽ ഓംകാരമുദ്ര ചാർത്തി മാലയും കുടമണിയും കാൽ ചങ്ങലയും അണിയിച്ച്‌ വർണ്ണാഭമായ മേലങ്കി പുതച്ച് പാപ്പാൻ ഗുലാം അലി ലക്ഷ്മി ആനയെ ആനയിക്കുന്നു. കാരക്കോലിനും പാപ്പാനുമൊപ്പം ഊരുചുറ്റൽ നാട്യത്തിലുള്ള ഭിക്ഷാടനം. കടകൾക്ക് മുന്നിലും പച്ചക്കറി ചന്തയിലും തുമ്പികൈ ഉയർത്തി കുടമണി നാദം കേൾപ്പിച്ചു കൊണ്ടുള്ള ആശിർവാദം.. ഭക്തി മൂത്ത ജനങ്ങൾ നാണയത്തുട്ടുകളും നോട്ടും കാണിക്കയായി തുമ്പിക്കൈയിൽ വെച്ച് ആദരപൂർവ്വം തൊട്ടു വന്ദിക്കുന്നു. കൈതച്ചക്കയും പഴവും ഉത്സാഹപൂർവ്വം സ്വീകരിച്ച് കണ്ണിറുക്കി കുറുമ്പുകാട്ടി വായ്ക്കകത്തേക്ക് തളിർ വെറ്റില താമ്പൂലമാക്കുന്നു. തുമ്പികൈയിൽ വെച്ച് കൊടുക്കുന്ന നാണയത്തുട്ടും നോട്ടും അലിക്കുള്ളതാണ്. ഒരു കൈമടക്കിൻ്റെ മിടുക്കോടെയുള്ള കൊടുക്കൽ വാങ്ങൽ ലക്ഷ്മിയാനയും അലിയും കണിശമായി പാലിച്ചു പോന്നു.

ഉച്ചിയിൽ ഉച്ചവെയിൽ കനക്കുന്നതിന് മുന്നേ ലക്ഷ്മിയുടെ വയറും അലിയുടെ മനസ്സും നിറയും. ജനങ്ങളുടെ കാണിക്കപ്പണത്തിൻ്റെ കിലുക്കത്തിൽ ചാരായം മോന്താൻ ഗുലാം അലി തിടുക്കപ്പെടും. വരുന്ന വഴിക്കാണ് മയൂരബേക്കറിയുടെ ഉപഹാരം .ആന വായിൽ അമ്പഴങ്ങയെന്ന പോലെ ഒരു പൗണ്ട് ബ്രഡ്. അലി കൈമാറിയ ചില്ലറ നാണയത്തിന് പ്രത്യുപകാരമായി ലക്ഷ്മിക്കും അവളുടെ പാപ്പാനും കൂടി all in one കൈമടക്ക്.! ആനച്ചോറ് കൊലച്ചോറെന്ന് പറഞ്ഞു കേൾക്കാറുണ്ട്. പക്ഷെ, പാരസ്പര്യത്തിൻ്റെ സ്നേഹത്തിൻ്റെ കരുതലിൻ്റെ പത്തരമാറ്റ് തിളക്കത്തോടെ ഗുലാം അലിയും ലക്ഷ്മിയും പുതിയ പാഠങ്ങൾ അടയാളപ്പെടുത്തുന്നു ! മതിഭ്രമം പൂണ്ട മതസ്പർദ്ദയുള്ള മനുഷ്യരിൽ നിന്നും വ്യത്യസ്തരായി രാഗവിദ്വേഷമില്ലാത്ത സുന്ദരകാവ്യം രചിക്കുന്നു!. ആനച്ചൂര് മണക്കുന്ന നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തവേ, നടക്കാതെ പോയ മനോഹരമായ ബാല്യകാലസ്വപ്നങ്ങളെ കുറിച്ച് ഞാൻ ദീർഘനിശ്വാസം വിട്ടു കൊണ്ട് വെറുതെ ഓർത്തു…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...