കവിത
ഷിനോദ് എൻ.കെ
ആറ്റൂരു മരിച്ചുപോയ്
പതുക്കെപ്പറഞ്ഞു ഞാൻ
ആരുമേ ഗൗനിച്ചീല.
ആരെന്നുപചാരംകേട്ടു കൂട്ടത്തിലൊരാൾ, പിന്നെ
വർത്താനവഴിയിലേക്കെല്ലാരും മടങ്ങിപ്പോയ്.
വേറൂരിലാണ്
ചുറ്റും പലഭാഷക്കാർ
അവർക്കാറ്റൂരെന്താകാൻ
ഞാൻ ഒച്ചയിൽ തനിച്ചായി.
തനിച്ചായവർക്കൂറ്റമോർമ്മകളതിലൂരു-
ചുവയ്ക്കും വാക്കിൻ പച്ചപടർപ്പ്,
കവിയെന്ന സ്വകാര്യ,മാറ്റൂർ1
പകർത്തെഴുത്തിൽത്തെളിയാത്ത
വ്യഥതന്നാകാരം.
പലഭാഷയിൽ നിന്നും നാടുവിട്ടവർ
വീടും ചുമന്നു നടക്കുവോർ
പിരിയാനുതകുന്ന പാതയിൽ സന്ധിക്കുമ്പോൾ
അർത്ഥമൂർന്നുപോം വാക്കിൻകോർമ്പല മാത്രം ബാക്കി.
ആ വാക്കിന്നതിരിന്മേലാറ്റൂരെക്കവിയുണ്ടാം.
തെറ്റിയവാക്കു നിത്യമുരുട്ടുന്നൊരാളുടെ2
ഓർമ്മയിൽ, ഒച്ചപ്പാടിൻ നടുക്കു നിന്നുംകൊണ്ട്
പതുക്കെപ്പറഞ്ഞു ഞാൻ, ആറ്റൂരു മരിച്ചുപോയ്;
ആരുണ്ടു ഗൗനിക്കുന്നു?
1. “ഇപ്പോൾ വളരെ കഴിഞ്ഞു/സ്വകാര്യമായി അറിയുന്നു/ഞാനൊരു കവിയായിരുന്നു”-(ആറ്റൂർ. ‘കവി’ )
2. “തെറ്റി പ്രയോഗിച്ച വാക്കുകൾ/…എന്നെ ഉരുട്ടിക്കൊണ്ടിരിക്കുന്നു”-(ആറ്റൂർ. ‘കിടപ്പ്)’
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.