ചരിത്രവഴിയില്‍ വെളിച്ചമായ് ഒരാള്‍

0
354
athmaonline-panampilly-le-harikumar-wp

‘പനമ്പിള്ളി ഗോവിന്ദമേനോന്‍-ചരിത്രവഴിയിലെ ദീപശിഖ’എന്ന ജീവചരിത്രഗ്രന്ഥത്തിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ എല്‍.വി . ഹരികുമാര്‍ പനമ്പിള്ളിയെ അനുസ്മരിക്കുന്നു. മെയ് 23 -പനമ്പിള്ളി അനുസ്മരണദിനം.

പൊതുപ്രവർത്തകൻ, അഭിഭാഷകൻ സ്വാതന്ത്ര്യ സമര സേനാനി, ഭരണതന്ത്രജ്ഞൻ, ഉജ്വല വാഗ്മി, സാഹിത്യാസ്വാദകൻ, സാംസ്കാരിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, പത്രാധിപർ, ഭരണഘടനാ വിദഗ്ദ്ധൻ തുടങ്ങി സമസ്ത മേഖലകളിലും വിരാജിച്ച വിസ്മയ വ്യക്തിത്വത്തിന്റെ ഉടമയായ പനമ്പിള്ളി ഗോവിന്ദമേനോന്റെ ചരമദിനമാണ് മെയ് 23.

lv-harikumar
എൽ വി ഹരികുമാർ

1906 ഒക്ടോബർ 1 ന് ചാലക്കുടിയ്ക്കടുത്ത് കല്ലൂർ വടക്കും മുറിവില്ലേജിൽ കക്കാട് ഗ്രാമത്തിൽ ‘കളത്തിൽ പനമ്പിള്ളി ‘എന്ന കർഷക കുടുംബത്തിൽ മാധവിയമ്മയുടെയും കുമ്മരപ്പിള്ളി കൃഷ്ണ മേനോൻറെയും മകനായാണ് ഗോവിന്ദമേനോൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഗാന്ധിജിയുടെ വിദേശവസ്ത്ര ബഹിഷ്ക്കരണാഹ്വാനങ്ങളിൽ ആകൃഷ്ടനായി സഹപാഠികളേയും കൂട്ടി സ്കൂളിന് മുന്നിലുള്ള റോഡിൽ വിദേശവസ്ത്രങ്ങൾ കൂടിയിട്ട് കത്തിച്ചു. ചാലക്കുടി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മഹാകവി രവീന്ദ്രനാഥ ടാഗോർ ആലുവയിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ചാലക്കുടി വഴി വരുന്നതായി അറിഞ്ഞ് ചാലക്കുടി റയിൽവേ സ്റ്റേഷ നിൽ സുഹൃത്തുക്കളേയും കൂട്ടി ടാഗോറിനെ കാണാൻ പോയതിനെ തുടർന്ന് സ്കൂളിൽ നിന്ന് പുറത്ത് നിൽക്കേണ്ടി വരികയും ചെയ്തത് പനമ്പിള്ളിയുടെ സ്കൂൾ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളാണ്. തൃശൂർ സെൻറ് തോമസ് കോളേജ്, തൃശ്ശിനാപ്പിള്ളി സെൻറ് ജോസഫ്സ് കോളേജ് മദിരാശി ലോ കോളേജ് എന്നിവിടങ്ങളിലെ പഠനം പൂർത്തിയാക്കിയതിന് ശേഷം 1931 ൽ പനമ്പിള്ളി ഇരിങ്ങാലക്കുടയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1935, 1938 വർഷങ്ങളിൽ കൊച്ചി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗോവിന്ദമേനോൻ 1935 നായർ റഗുലേഷൻ ആക്ടിന് ഭേദഗതി അവതരിപ്പിച്ച് ശ്രദ്ധ നേടി. 1942 ൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് പോലീസ് ക്രൂരമായി മർദ്ദിച്ചു. സർക്കാറിന്റെ മർദ്ദനമുറകളിൽ പ്രതിഷേധിച്ച് പനസിള്ളി നിയമസഭാംഗത്വം രാജിവെച്ചു. തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പത്തു മാസക്കാലം ജയിലിലാക്കി. 1945 ൽ എറണാകുളത്ത് നിന്ന് വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1946 ൽ കൊച്ചിയിലെ ഭക്ഷ്യ – വിദ്യാഭ്യാസ മത്രിയായ ഗോവിന്ദമേനോൻ തന്റെ വകുപ്പിൽ നടത്തിയ ജനോപകാരപ്രദമായ പരിഷ്ക്കരണങ്ങളിലൂടെ ശ്രദ്ധ നേടി. 1947 ൽ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭാംഗമാവുകയും അതേ വർഷം സെപ്റ്റംബർ 1 ന് കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രിയായി നിയമിതനാവുകയും ചെയ്തു.

athmaonline-panampilly-le-harikumar-002

1948ലെ കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കണ്ടവാര്യര്‍ മന്ത്രിസഭയില്‍ നിയമ-ധനകാര്യമന്ത്രിയായി. 1949 ൽ തിരു-കൊച്ചി സംസ്ഥാനത്ത് രൂപം കൊണ്ട പറവൂർ ടി.കെ.നാരായണപിളള മന്ത്രിസഭയിൽ വിദ്യാഭ്യാസവും തൊഴിൽ വകുപ്പുകളുടെയും ചുമതല വഹിച്ച മേനോൻ, വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയും തൊഴിൽ മേഖലയിൽ നിരവധി ഇടപെടലുകൾ നടത്തി തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിച്ചു. 1952ല്‍ ചാലക്കുടിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പനമ്പിള്ളി, എ.ജെ ജോണ്‍ മന്ത്രിസഭയില്‍ ധനകാര്യ-ഭക്ഷ്യ മന്ത്രിയായി. 1953ല്‍ ഐ.എല്‍.ഒ സമ്മേളനത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ സംഘത്തെ നയിച്ചു. 1954ല്‍ ചാലക്കുടിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.1955 ല്‍ അദ്ദേഹം തിരു-കൊച്ചി സംസ്ഥാന ത്തിന്റെ മുഖ്യമന്ത്രിയായി. പ്രഥമ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച പനമ്പിള്ളി ചാലക്കുടിയിൽ പരാജയപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടപ്പിലാക്കിയ ശ്രദ്ധേയമായ പരിഷ്കാരങ്ങൾ നിമിത്തം ശത്രുക്കളായ സ്ക്കൂൾ മാനേജ്മെന്റുകളും ടി.എം. വറുഗീസ് തുടങ്ങിയ രാഷ്ട്രീയപ്രതിയോഗികളും പനമ്പിള്ളിക്കെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. കേരളം മുഴുവൻ തന്റെ പാർട്ടി സ്ഥാനാത്ഥികൾക്കു വേണ്ടി പ്രചരണപര്യടനം നടത്തിയ പനമ്പിള്ളിക്ക് ചാലക്കുടിയിലെ അടിയൊഴുക്കുകൾ കാണാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ചാലക്കുടിയിൽ പനമ്പിള്ളി പരാജയപ്പെട്ടു. 1962ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര മന്ത്രിസഭയില്‍ സഹമന്ത്രിയായി. 1967-ൽ നിയമവകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്തിയായി. 1968ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ലോക സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തിലും പങ്കെടുത്തു.

athmaonline-panampilly-lndiragandhie-harikumar-

”ജീവിച്ചിരുന്ന കാലത്ത് പനമ്പിള്ളി ഗോവിന്ദമേനോന്റെ പേരിനോടു ചേർത്തു പറഞ്ഞിരുന്ന വിശേഷണങ്ങൾ ഇന്ന് ചേർത്ത് പറയാവുന്ന ഏതെങ്കിലും ഒരു നേതാവ് അദ്ദേഹം പ്രവർത്തിച്ചു വന്നിരുന്ന രാഷ്ട്രീയ കക്ഷിയടക്കം ഏതെങ്കിലും കക്ഷിയിൽ ഉണ്ടെന്നു തോന്നുന്നില്ല. വർത്തമാന രാഷ്ട്രീയം നേരിട്ടു കൊണ്ടിരിക്കുന്ന കടുത്തൊരു ദുരന്തത്തിന്റെ നേരെ ഗോവിന്ദമേനോന്റെ ഓർമ്മ ചൂണ്ടുവിരലായി ഉയർന്നുനിൽക്കുന്നു”. 2006 ൽ സുകുമാർ അഴീക്കോട് പറഞ്ഞതാണീ വാക്കുകൾ. രാജ്യതന്ത്രമടക്കം ഏത് വിഷയത്തിലും അവഗാഹമുള്ള പണ്ഡിതൻ, സ്വാതന്ത്ര്യ സമരസേനാനി, പ്രഗൽഭനായ പാർലമെന്റെറിയൻ, ഭരണഘടനാവിദഗ്ദൻ, ഫലിതപ്രയോഗത്തിലും സാഹിത്യത്തിലും അദ്വിതീയൻ, അതുല്യനായ പ്രഭാഷകൻ, അവശജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും ആത്മമിത്രം, ദീർഘദർശന പടുവായ പൊതുപ്രവർത്തകനും ഭരണാധികാരിയും തുടങ്ങി അദ്ദേഹത്തിന്റെ പേരിനൊപ്പം എന്ത് ചാർത്തികൊടുത്താലും മതിയാവില്ല. സമസ്ത മേഖലകളിലും വിരാജിച്ച വിസ്മയ വ്യക്തിത്വമായിരുന്നു പനമ്പിള്ളിയുടേത്. 1906 ഒക്ടോബർ ഒന്നിന് ജനിച്ച് 1970 മെയ് 23 ന് അന്തരിക്കുമ്പോൾ, കൊച്ചിയിലും, തിരു-കൊച്ചി സംസ്ഥാനത്തും ഭാരതത്തിലും ഭരണരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം വിപ്ലവകരമായ നിരവധി പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

athmaonline-panampilly-le-harikumar-001

ഭാരതചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു 1969ലെ ബാങ്ക് ദേശസാൽക്കരണം. പാർലമെന്റിൽ വിജയകരമായി ബിൽ പൈലറ്റു ചെയ്തത് പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു. പ്രിവിപാഴ്സ് നിറുത്തലാക്കൽ ഉൾപ്പെടെയുള്ള നിരവധി ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് താങ്ങും തണലുമായി അദ്ദേഹം പ്രവർത്തിച്ചു. ലോകം ശ്രദ്ധിച്ച നിയമമന്ത്രിയായിരുന്നു പനമ്പിള്ളി. ദേശീയ തലത്തിൽ പ്രവർത്തിക്കുമ്പോഴും കേരളത്തോടും മലയാളികളോടും സവിശേഷമായ സ്നേഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രിയായിരിക്കെ ലാ മിനിസ്ട്രിയിൽ വന്ന ബഹുഭൂരിപക്ഷം ഒഴിവുകളിൽ മലയാളികളെ നിയമിച്ചത് ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയിട്ടും അദ്ദേഹം കാര്യമാക്കിയില്ല. മൂന്നു മാസക്കാലം റെയിൽവേ വകുപ്പിന്റെ ചുമതല പനമ്പിള്ളിവഹിച്ച അവസരത്തിലാണ് ബോബെ, ഡൽഹി, കൽക്കത്ത എന്നീ വൻ നഗരങ്ങളിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് തീവണ്ടി സർവ്വീസ് തുടങ്ങിയത്. ‘ വ്യവസായങ്ങളുടെ പാർലമെൻററി കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച അവസരത്തിൽ കേരളത്തിൽ ഇന്ന് തലയെടുപ്പോലെ നിൽക്കുന്ന പല വ്യവസായ സംരംഭങ്ങളും കൊണ്ടുവരാൻ അദ്ദേഹം പ്രവർത്തിച്ചു. മൂന്നാം ധനകാര്യ കമ്മീഷനിൽ അംഗമായിരിക്കെ, കേരളത്തിന്റെ കേന്ദ്രവിഹിതം ഒന്നരയിരട്ടി വർദ്ധിപ്പിച്ചത്‌ രാഷ്ട്രീയത്തിൽ പനമ്പിള്ളിയുടെ ബദ്ധവൈരിയായ ഇ.എം.എസ്.നമ്പൂതിരിപ്പാട് നന്ദിയോടെ അനുസ്മരിച്ചിട്ടുണ്ട്. 1952-60 ൽ ഗ്രന്ഥശാല സംഘം പ്രസിഡൻറായിരുന്നു പനമ്പിള്ളി. സംഘത്തിന്റെ സുവർണ കാലഘട്ടമായിരുന്നു ഇക്കാലമെന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് തൊഴിൽ രംഗ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നു.

പനമ്പിള്ളിയുടെ ജീവചരിത്രമെഴുതാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയൊരു സൗഭാഗ്യമാണ്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here